കൊളംബിയന്‍ സംവിധായകന് ജോണി ഹാന്റ്റിക്സിന്റെ ക്യൂബന്‍ ജീവിതത്തെ ആസ്പദമാക്കിയുള്ള
സിനിമയാണ് കാന്റലേറിയ. വെനീസ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രദര്‍ശന ശേഷം ഗോവയില്‍ എത്തിയതാണ്.
തൊണ്ണൂറുകളില്‍ ലോകക്രമത്തില്‍ വലിയ മാറ്റമുണ്ടായ നാളുകളില്‍ ഹവാനയിലെ ജീവിതം എങ്ങനെയായിരുന്നുവെന്നാണ് ഈ വര്‍ഷംപുറത്തിറങ്ങിയ സിനിമ പറയുന്നത്. കാന്റലേറിയയും ഭര്‍ത്താവ് വിക്തര്‍ ഹ്യൂഗോയും അറുപതുകളുടെ വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്നു. ഒരു ബീഡിക്കമ്പനിയിലെ (അല്ല, ചുരുട്ടാണ്) തൊഴിലാളിയാണ് ഹ്യൂഗോ. വലിയ ഹോട്ടലിലെ അലക്കുശാലയിലാണ് കാന്റലേറിയയ്ക്കു ജോലി. രണ്ടു പേരും നാലു കോഴിക്കുഞ്ഞുങ്ങളുമേയുള്ളു വീട്ടില്‍. തൊഴിലില്‍ നിന്നുള്ള വരുമാനംകൊണ്ട് അവര്‍ക്കു ജീവിക്കാനാവുന്നില്ല. വല്ലപ്പോഴും ചുരുട്ടു പാക്കറ്റുകള്‍ പുറത്തു കൊണ്ടുവന്ന് വില്‍ക്കേണ്ടി വരുന്നു ഹ്യൂഗോയ്ക്ക്.
ആഡംബരങ്ങളില്ലാതെ വളരെ സാധാരണമായ ജീവിതം, അതിന്റെ സ്വാഭാവികതയില്‍ നീങ്ങുമ്പോള്‍ കാന്റലേറിയയ്ക്ക് ഒരു വീഡിയോ ക്യാമറ അലക്കുതുണികള്ക്കിടയില് നിന്നു കിട്ടുന്നു. അതു വിറ്റാല്‍ അല്‍പ്പം കാശു കിട്ടുമെന്നായിരുന്നു ചിന്ത. തിരിച്ചേല്‍പ്പിക്കണമെന്ന് ആദ്യം ഹ്യൂഗോ ശഠിച്ചതുമാണ്. പതുക്കെ, ക്യാമറയുടെ ഉപയോഗം അവരറിയുന്നു. കൗതുകത്തോടെ കാന്റലേറിയയെ പകര്‍ത്തുകയാണ് ഹ്യൂഗോ. അതവരുടെ മടുപ്പന്‍ ജീവിതത്തില്‍ ആനന്ദം കൊണ്ടുവന്നു. വാര്‍ദ്ധക്യത്തിലും ഉടലുകളില്‍ ആനന്ദം നിറയുമെന്ന് അവരറിഞ്ഞു. നാണത്തോടെ, ആദ്യമെന്നപോലെ അവര്‍ ചുംബിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്തു. ടൂറിസ്റ്റുകളെ ആനന്ദിപ്പിക്കാന്‍ പാട്ടുകള്‍ പാടിയിരുന്ന ദമ്പതികള്‍ ജീവിതത്തിന്റെ സംഗീതം കണ്ടെത്തുന്നു.
ഒരുനാള്‍ കളവുപോയ ക്യാമറ അടുത്ത നാള് തിരിച്ചുകിട്ടുന്നത് വലിയ ഓഫറോടെയാണ്. സ്നേഹലീലകളുടെ ചിത്രങ്ങള്‍ വേണമവര്‍ക്ക്. വലിയ പ്രതിഫലം കിട്ടും. വിദേശത്തേക്ക് വലിയ വില്‍പ്പന സാധ്യതയുമാണ്. മടിച്ചു മടിച്ചേ ഹ്യൂഗോയ്ക്ക് ഭാര്യയോടു പറയാനാവുന്നുള്ളു. ആദ്യമെടുത്ത ദൃശ്യങ്ങളുടെ കൗതുകം അവരെ വിട്ടുപോയിരുന്നില്ല. ജീവിതത്തിന് പുതിയ തുറസ്സുകള്‍ കിട്ടിയതുപോലെ. വല്ലപ്പോഴും നല്ല ഭക്ഷണം കഴിക്കണോ, പണം വേണം. കെണിയിലേക്ക് വഴുതുകയായിരുന്നു അവര്‍. വൃദ്ധരതിയുടെ ചിത്രങ്ങളിലേയ്ക്കുള്ള നിര്‍ബന്ധം അവരെ അസ്വസ്ഥരാക്കി. കാന്റലേറിയയുടെ ചികിത്സയ്ക്കു പണം വേണം. എന്നിട്ടും പുതിയ നിര്‍ബന്ധങ്ങളെ അവര്‍ തട്ടിമാറ്റുന്നു.
ഈ കഥ ഇത്രയും വിവരിച്ചത് അതു നടക്കുന്നത് ക്യൂബയിലായതുകൊണ്ടാണ്. വിപ്ലവം നല്‍കിയത് തൊഴിലെടുക്കുന്നവര്‍ക്ക് ആത്മാഭിമാനമാണ്. അതു സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് ഖേദത്തോടെ പറയുകയാണോ ജോണി ഹാന്റ്റിക്സ്? അങ്ങനെയൊരു സിനിമയെ തടയാന്‍ കത്രിക വെച്ചില്ലല്ലോ ഹവാന. അവിടെ ഉരുക്കുമുഷ്ടികളും ഇരുമ്പുമറകളുമില്ലേ? രാജ്യത്തിന്റെ പരമാധികാരത്തെപ്പറ്റിയും സോഷ്യലിസത്തിന്റെ പ്രാധാന്യത്തെ പറ്റിയും വിപ്ലവത്തിന്റെ അജയ്യതയെപ്പറ്റിയും ക്യൂബന്‍ റേഡിയോ പറഞ്ഞുകൊണ്ടിരിക്കുന്നു. പ്രതിശീര്‍ഷ കണക്കില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ലോകത്തില്‍ ഏറെ മുന്നിലാണ് ക്യൂബ. ഡോക്ടര്മാരുണ്ടാവുന്നതുകൊണ്ട് രോഗം ഇല്ലാതാവില്ലെന്ന് നാമറിയുന്നു. അടിത്തട്ടു ജീവിതങ്ങളില്‍ ആരോഗ്യവും അറിവും ആനന്ദവുമായി അതു മാറാന്‍ ഇനിയും സമയമെടുക്കുമോ? അമേരിക്കന്‍ പ്രതിരോധങ്ങളെ നേരിട്ടു തളര്‍ന്നുപോയ സമ്പദ്ഘടനയെ എങ്ങനെ അതിജീവിക്കുന്നുവെന്നാണോ സിനിമ പറയുന്നത്?
നിറഞ്ഞിരിക്കിലും ദരിദ്രമെന്നാണ് നമ്മുടെ നാടിനെപ്പറ്റി വൈലോപ്പിള്ളി പാടിയത്. ഒഴിഞ്ഞിരിക്കിലും ആനന്ദിക്കാനുണ്ടെന്ന് ക്യൂബയിലെ വൃദ്ധ ദമ്പതികള്‍ പാടുന്നു. അവരുടെ ജീവിതത്തിലെ അസ്വസ്ഥതകളെ ചൂണ്ടി തകര്‍ന്ന ക്യൂബയെപ്പോലെ ഇനിയത് കൂട്ടിയോജിപ്പിക്കാനോ പുതുക്കാനോ ആവില്ലെന്ന് പറയുന്ന കഥാപാത്രങ്ങളുണ്ട്. തകര്‍ന്നുപോയിരിക്കുന്നു ക്യൂബയെന്ന സങ്കടം തൊണ്ണൂറുകള്‍ തുറന്ന ലോകബോധത്തിന്റെ കൂടി പശ്ചാത്തലത്തിലുള്ളതാണ്. ഒന്നും തിളങ്ങിയിട്ടില്ല. വീടുകള്‍, തെരുവുകള്‍, വേഷങ്ങള്‍ ..ഒന്നും. കൊളംബിയക്കാരനായ സംവിധായകന്റെ കാഴ്ച്ചയാവാമിത്.
ആള്‍ഡന്‍ നൈറ്റിന്റെയും വെറോണിക്ക ലിന്നിന്റെയും അഭിനയം നമ്മെ വിസ്മയിപ്പിക്കും. ഈ സിനിമ കെട്ടുകാഴ്ച്ചകളില്നിന്നു വേറിട്ടു നില്ക്കുന്നു.
ആസാദ്
24 നവംബര്‍ 2017