Article POLITICS

മാധ്യമ ഭീതിയില്‍ പതറുന്നവര്‍

മാധ്യമ വിലക്കോ നിയന്ത്രണമോ നടപ്പാക്കുന്നത് ജനങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങളാണ്. ഒരു ഭാഗത്ത് ജനാധിപത്യത്തെ വിശാലവും ദൃഢവും അഗാധവുമാക്കുന്നു എന്നവകാശപ്പെടുന്ന സര്‍ക്കാറുകള്‍ മറുഭാഗത്ത് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്. മുന്‍കാലങ്ങളില്‍ അനുഭവിച്ചുപോന്ന സ്വാതന്ത്ര്യം തന്നെ റദ്ദു ചെയ്യപ്പെടുന്നു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പൗരജീവിതം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുന്നു. സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ സംഭവം ഒറ്റപ്പെട്ടതോ യാദൃച്ഛികമോ അല്ല.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത്തരം വിലക്കുകള്‍ കൂടിവരുന്നത് ഭയപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ സ്തംഭങ്ങളെയാണ് മാധ്യമ ഭീതി പിടികൂടുന്നത്. കോടതിമുറികളില്‍ അറിയാനുള്ള അവകാശത്തിന് വിലക്കു വീഴുന്നത് നാം കണ്ടു. ഒരുവിധ ഉത്തരവിലൂടെയുമല്ല ഹീനമായ ചട്ടമ്പിത്തരത്തിലൂടെയാണ് പത്ര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത്. സാധാരണ ജനങ്ങള്‍ കയറരുതാത്ത ക്ഷേത്രങ്ങള്‍ ജനാധിപത്യത്തില്‍ പെരുകുകയാണ്. മാധ്യമങ്ങളെ കാണുന്നതേ കലിയായ ഭരണാധികാരികളാണ് നമ്മുടേത്. മാധ്യമങ്ങള്‍ക്കു മാത്രമല്ല വിവരാവകാശത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അവര്‍ മടിച്ചില്ല. ഫാഷിസത്തിനെതിരായ സമരത്തില്‍ ജനങ്ങളുടെ വലിയ പ്രതീക്ഷ ഇടതുപക്ഷമാണ്. പലവിധ സെന്‍സര്‍ഷിപ്പുകളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനും സംഘപരിവാരങ്ങള്‍ക്കും എതിരെ ഉയര്‍ന്നുവരുന്ന പ്രതിരോധനിരയെ അവര്‍ നയിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് ഇപ്പോള്‍ തകരുന്നത്. ഒരേതൂവല്‍ പക്ഷികളെന്നു തോന്നിക്കുംവിധമാണ് പ്രവര്‍ത്തനം.

അധികാര വ്യവഹാരങ്ങളാകെ ജനങ്ങളില്‍നിന്നു വേര്‍പെടുത്താനാണ് ശ്രമം. ആരുടെ അധികാരമാണിതെന്ന് ജനങ്ങള്‍ ചോദിക്കണം. കയ്യേറ്റക്കാരെയും കൊള്ളക്കാരെയും നിയമത്തിനു മുന്നിലേയ്ക്കു നീക്കി നിര്‍ത്തുന്നത് ഭരണ- പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളല്ല. മിക്കപ്പോഴും മാധ്യമങ്ങളാണ്. തോമസ്ചാണ്ടി മുതല്‍ പി വി അന്‍വര്‍വരെയുള്ള നിയമസഭാ സാമാജികരായ ധനാഢ്യര്‍ നടത്തിയ തട്ടിപ്പുകള്‍ക്കെതിരെയും മൂന്നാറില്‍ ഉള്‍പ്പെടെയുള്ള പൊതു വിഭവ കയ്യേറ്റങ്ങള്‍ക്കെതിരെയും ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ച്ചയില്ലാത്ത സമരമാണ് മുതലാളിത്ത മാധ്യമങ്ങള്‍ നടത്തുന്നത്. അതവരുടെ താല്‍ക്കാലിക ആഭ്യന്തര വൈരുദ്ധ്യങ്ങളുടെ പ്രകടനമാവാം. ഇത്തരം മുതലാളിത്ത വൈരുദ്ധ്യങ്ങളുടെ സ്ഫോടനം നല്‍കുന്ന വെളിച്ചംപോലും ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്നില്ല എന്നതാണ് ദുരന്തം. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളോടുള്ള അധികാരികളുടെ കലഹം നിഷ്കളങ്കമാവാന്‍ ഇടയില്ല. ഒരു ഇടതുപക്ഷ സര്‍ക്കാറില്‍നിന്ന് പൊതുസമൂഹം ഇങ്ങനെയൊരക്രമം പ്രതീക്ഷിച്ചിരിക്കില്ല.

അറിയാനും നിര്‍ഭയമായി അഭിപ്രായം പറയാനും സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. അതു ഭരണഘടന നല്‍കുന്ന ഉറപ്പാണ്. അതിനുമേല്‍ ഒരനിവാര്യതയില്‍ വിവരാവകാശ നിയമവും പാര്‍ലമെന്റ് പാസാക്കിയതാണ്. അതിന്റെ സത്ത ചോദ്യം ചെയ്യപ്പെടുന്നു. സ്വകാര്യതപോലും നഷ്ടപ്പെടുന്ന പൗരജനതയും ഗൂഢോദ്ദേശങ്ങളുടെ ഇരുണ്ട അകങ്ങളുള്ള ഭരണകൂടവും എന്നു ജനാധിപത്യലോകം പിളരുകയാണ്. അത്യന്തം ഭീതിജനകമാണ് ഇപ്പോഴത്തെ സാഹചര്യം. ഫാഷിസത്തിലേയ്ക്കാണ് കുതിപ്പ്. അതില്‍ പക്ഷെ, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിന്റെ പങ്ക് അവിശുദ്ധമായ കൂട്ടിക്കൊടുപ്പിന്റേതായി മാറുന്നത് അത്ഭുതപ്പെടുത്തുന്നു. ജനങ്ങള്‍ പ്രതിരോധം ശക്തിപ്പെടുത്തിയേ തീരൂ.

ആസാദ്
22 നവംബര്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )