വികസന പദ്ധതികളുടെ അശാസ്ത്രീയവും ജനവിരുദ്ധവുമായ ആസൂത്രണവും പ്രയോഗവും തിരുത്തണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ പെരുകുകയാണ്. ഇത്തരം പ്രക്ഷോഭങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുവെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നുഴഞ്ഞുകയറുന്നു എന്നതു മാറ്റി തീവ്രവാദികളാണ് മുഴുവന്‍ പ്രക്ഷോഭങ്ങള്‍ക്കും തുടക്കം കുറിക്കുന്നതും നേതൃത്വം നല്‍കുന്നതും എന്നായിട്ടുണ്ട്. അതത്ര നിസ്സാരമായ ആരോപണമല്ല.
ഏതു വിഭാഗം തീവ്രവാദികളാണ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത്? നേരത്തേ കേന്ദ്രം മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്ക് വന്‍തോതില്‍ ഫണ്ടും സഹായവും നല്കിയ ഘട്ടത്തില്‍ അതു മാവോയിസ്റ്റുകളായിരുന്നു. അതിപ്പോഴും ചില സന്ദര്‍ഭങ്ങളില്‍ ഉന്നയിച്ചുപോരുന്നുണ്ട്. കേന്ദ്ര ഗവണ്മെന്റ് മുസ്ലീം തീവ്രവാദ സംഘടനകളെ നോട്ടമിടുമ്പോള്‍ അത്തരം സംഘടനകളാണ് സമരങ്ങള്‍ക്കു പിറകിലെന്നു വാദിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഉത്സാഹമേറുന്നു. ഇതിന്റെ പൊരുളെന്താവും?
ഇനി വാസ്തവം കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്ക്ക് ഒരുപോലെ ബോധ്യമാകുന്നതാണ് എന്നു കരുതുക. എടുക്കേണ്ട നിലപാടെന്താണ്? തീവ്രവാദമെന്നുറപ്പുണ്ടെങ്കില് ആ സംഘടനകളെ നിരോധിക്കാം. ജനങ്ങള്‍ക്കിടയില്‍ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ ഇടയാകുന്ന സാഹചര്യം ഇല്ലാതാക്കാം. അത്തരം സംഘടനകളുമായി അവിശുദ്ധ ബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കാം. അതൊന്നുമുണ്ടാവുന്നില്ല എന്നു മാത്രമല്ല, തെരഞ്ഞെടുപ്പുകളില്‍ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്നുമുണ്ട്.
ജനാധിപത്യ മൂല്യങ്ങളുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍നിന്ന് അകലുകയും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ക്കോ അവരെ സ്വീകരിക്കാന്‍ ജനങ്ങള്‍ക്കോ സാധ്യമല്ലാതെ വരികയുമുണ്ടായി എന്നതല്ലേ സത്യം? ആ ഒഴിവുകള്‍ നികത്തുംവിധം പുതിയ സമര പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നുവെന്നു വേണ്ടേ വിചാരിക്കാന്‍? അതു തടയാതെ അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്ക്കാനാവില്ല. വലതുപക്ഷ രാഷ്ട്രീയം ലോകത്തെങ്ങും പരീക്ഷിച്ചു പോന്ന ഉപായമാണിത്. മുമ്പ് കമ്യൂണിസ്റ്റുകാരെ തീവ്രവാദികളായി ചിത്രീകരിച്ച പശ്ചാത്തലമിതാണ്. യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നുവെന്ന അധികാരശക്തികളുടെ ഉദ്ബോധനങ്ങളെ വിമര്‍ശിച്ചും പൊളിച്ചടുക്കിയുമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നതെന്ന് ഓര്‍ക്കണം. രാജ്യത്തു രൂപപ്പെടുന്ന പുതിയ സമര മുന്നേറ്റങ്ങളെ ഒരു രാഷ്ട്രീയ ശക്തിയാകുന്നതില്നിന്നു തടയാനുള്ള വൃഥാവ്യായാമമാണ് ഇവിടത്തെ ഭരണകൂടവും ചെയ്യുന്നത്. ഇതിനര്‍ത്ഥം ശിഥിലീകരണ ശക്തികള്‍ നമ്മുടെ സമൂഹത്തില്‍ പ്രവര്ത്തിക്കുന്നില്ലെന്നല്ല. അവയുടെ പേരില്‍ അധ്യാരോപം നടത്തി ജനകീയ മുന്നേറ്റങ്ങളെ ആക്ഷേപിച്ചുകൂടാ എന്നാണ്.
തീവ്രവാദ പ്രസ്ഥാനങ്ങളുണ്ടെങ്കില്‍ അതു ജനാധിപത്യത്തിന് കോട്ടം വരുത്തും. ഒരു നിലയ്ക്കുള്ള തീവ്രവാദവും ഗുണകരമല്ല. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സമരങ്ങളെ തീവ്രവാദമായി കാണുന്നത് ഭരണകൂടം ജനാധിപത്യത്തിന്റെ സത്ത ഉപേക്ഷിക്കുന്നതുകൊണ്ടാണ്. വികസന തീവ്രവാദവും ദോഷകരമാണ്. അതൊരു ഭീകരവാദമായി വളര്‍ന്നു തിടംവയ്ക്കുകയാണിപ്പോള്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനവിരുദ്ധ വികസന തീവ്രവാദമാണ് നടപ്പാക്കുന്നത്. എതിര്ശത്തെ ജനകീയമുന്നേറ്റങ്ങളെ തീവ്രവാദമെന്ന് കുറ്റപ്പെടുത്തുന്നത് ഒരു മറയായിട്ടാണ്.
വര്‍ഗീയ തീവ്രവാദം ആശങ്കകള്‍ സൃഷ്ടിക്കുന്നത് കാണാതിരുന്നുകൂടാ. അതുപക്ഷെ, സമരങ്ങളെക്കാള്‍ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പൊതു ഇടപെടലുകളിലൂടെയാണ് വളരുന്നത്. അവിടെയൊന്നും അതിന് വിലക്കേര്‍പ്പെടുത്താതെ അഴിച്ചു വിടുന്നത് അധികാരബദ്ധ രാഷ്ട്രീയ കക്ഷികളാണ്. തെരഞ്ഞെടുപ്പുകളില്‍ അവിഹിത സഖ്യങ്ങളുണ്ടാക്കി അവയെ നിലനിര്‍ത്തുന്നവര്‍ അതു പുനപ്പരിശോധനക്കു വിധേയമാക്കണം. തിരുത്തണം.
കേരളത്തില്‍ ഒരു ജനകീയ സമരവും തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നില്ല. പലവിധ ബഹുജനങ്ങള്‍ അണിനിരക്കുന്ന സമരങ്ങളില്‍ ചിലപേരുകള്‍ പെറുക്കിയെടുക്കാന്‍ കഴിഞ്ഞേക്കും. അവര്‍ തീവ്രവാദികളോ രാജ്യദ്രോഹികളോ ആണെന്ന് ഉറപ്പുണ്ടെങ്കില്‍ അക്കാരണംകൊണ്ടുതന്നെ അവരെ പിടികൂടി ശിക്ഷിക്കാമല്ലോ. എന്തിന് സമരത്തെയാകെ ആക്ഷേപിക്കണം?
അപ്പോള്‍ സര്‍ക്കാറിന്റെയും അതു നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം വികസനം ശരിയായി നടത്തുകയല്ല. തങ്ങളുടെയും കോര്‍പറേറ്റുകളുടെയും ലാഭതാല്പ്പര്യങ്ങള്ക്കു നിരക്കുംവിധം നടപ്പാക്കുകയാണ്. അതു ജനതാല്‍പ്പര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്നു തിരിച്ചറിയുമ്പോഴുണ്ടാകുന്ന പ്രതിഷേധങ്ങളെ രണ്ടു രീതിയില്‍ അവര്‍ മറി കടക്കുന്നു. ഒന്ന്, എതിര്‍ക്കുന്നവരാകെ വികസന വിരോധികളാണ് എന്നാരോപിക്കുക. രണ്ട്, സമരങ്ങളെ നയിക്കുന്നത് തീവ്രവാദികളാണെന്ന് കുറ്റപ്പെടുത്തുക. ഇത് പുതിയ കൗശലമാണ്. നിയമം ദുരുപയോഗംചെയ്തു ജനങ്ങളെ മൂലധനക്കൊതിയന്മാര്ക്ക് അടിയറവെയ്ക്കാനുള്ള ഹീനമായ തന്ത്രമാണ്.
മതതീവ്രവാദവും വികസന തീവ്രവാദവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. അത് സംരക്ഷിക്കുന്നത് ഒരേ ചൂഷക വിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെയാണ്. അനുകൂല സാഹചര്യത്തില്‍ ഏറ്റവും ഹിംസാത്മകമാവുന്ന അപകടകാരികളാണവ. രണ്ടിനെയും എതിര്‍ത്തുകൊണ്ടേ ജനാധിപത്യ തല്പ്പരര്ക്ക് മുന്നോട്ടുപോകാനാവൂ.
വികസനം ജനങ്ങളുടെ പുരോഗതിക്കാണെന്ന് ജനങ്ങള്‍ക്കു ബോധ്യമാവണം. അതിനുള്ള ചുവടുവെപ്പുകളാണ് വേണ്ടത്. തീവ്രവാദ ആരോപണങ്ങള്‍കൊണ്ട് മറ സൃഷ്ടിക്കാനാവില്ല. ജനങ്ങളില്‍നിന്ന് കൂടുതല്‍ അകലാനേ അതു സഹായിക്കൂ.
ആസാദ്
3 നവംബര്‍ 2017
സമരങ്ങൾ ജനാധിപത്യത്തിന്റെ പ്രാണവായു ആണെന്നു പഠിപ്പിച്ച വർഗ്ഗരാഷ്ട്രീയ നിലപാട് ഇന്നും ശരി തന്നെയാണ്.
വികസനമെന്നാൽ
വ്യവസായ ഫാക്ടറികൾ പൊതു ഉടമായിലാകണം …
കൃഷിയിടങ്ങൾ കർഷകന്.
നമ്മൾ കൊയ്യും വയലുകൾ നമ്മുടെതാകും.
ഈ സങ്കല്പനങ്ങൾക്ക് പുതിയ ഭാഷ്യം ചമക്കുന്ന കോർപ്പറേറ്റ് ആരാധക രാട്രീയക്കാർ ..
വിഴിഞ്ഞത്തു കപ്പൽ വന്നാൽ അദാനിക്ക് 40 മുതൽ 90 വർഷം വരെ കൊണ്ട് 90000 കോടി ഗുണം ഉണ്ടാകുന്നതാണു വികസനം.?
നാട്ടിലാകെ വിമാന താവളം പണിയലാണു വികസനം ?
ജനങ്ങളുടെ ഉൽകണ്ഠക്കു പുല്ലുവില നൽകലാണു വികസനം എങ്കിൽ അന്ധകൻ മോദിയിൽ നിന്നും സ. വിജയനിലേക്ക് കൂടുതൽ ദൂരമില്ല എന്നർത്ഥം..
അപ്പാേേഴും .. നഷ്ടപ്പെടുവാൻ ഉള്ളത് ആത്മാഭിമാനമുള്ള ജനങ്ങൾക്ക് മാത്രമായിരിക്കും.
LikeLike