Article POLITICS

ഇരകളില്ലാത്ത വികസനം സാധ്യമാണ്

 

വികസനത്തിന് ആരും ഒരിടത്തും എതിരല്ല. എന്നിട്ടും അശാന്തിയും തടസ്സവും ഒടുങ്ങുന്നില്ല. ചില ആളുകള്‍ വികസനത്തെ എതിര്‍ക്കുന്നുവെന്ന് വലിയ പ്രചാരണമുണ്ടാകുന്നു. പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും സംബന്ധിച്ച അഭിപ്രായഭേദങ്ങളോ തര്‍ക്കങ്ങളോ ആണ് നിലനില്‍ക്കുന്നത്. അതു പരിശോധിക്കാനും പരിഹാരം കാണാനുമാണ് ശ്രമിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല.

വികസനമാണെങ്കില്‍ ഇരകളുണ്ടാകും എന്നൊരു വിചാരം ശക്തമാണ്. അതൊരു പൊതുതത്ത്വംപോലെ സ്വീകാര്യത നേടിയിരിക്കുന്നു. വാസ്തവത്തില്‍ വികസനം ഇരകളെയല്ല ഗുണഭോക്താക്കളെയാണ് സൃഷ്ടിക്കേണ്ടത്. എന്നിട്ടും അതു നാം മനസ്സിലാക്കാത്തതെന്ത്? നഷ്ടം സഹിക്കാതെ നേട്ടമുണ്ടാവില്ല എന്നാണ് വാദമെങ്കില്‍ അതൊന്നു ചര്‍ച്ചചെയ്യാം.

ആരുടെ നേട്ടത്തിനാണ് വികസന പദ്ധതികള്‍? ജീവിച്ചിരിക്കുന്നവരും വരാനിരിക്കുന്നവരുമായ മനുഷ്യരുടെ, ഇതര ജീവജാലങ്ങളുള്‍പ്പെട്ട പ്രകൃതിയുടെ പുരോഗതിയാവുമല്ലോ ലക്ഷ്യം. അതു നടപ്പാക്കുന്നത് ആധുനിക രാഷ്ട്രങ്ങളുടെ ഘടനകള്‍ക്കും വ്യവഹാരങ്ങള്‍ക്കും അകത്താണ്. അതായത് കേന്ദ്ര സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ പദ്ധതികള്‍ കൊണ്ടുവരുന്നു. സംസ്ഥാനമാണെന്നിരിക്കട്ടെ. ആ വികസന പദ്ധതിയുടെ നേട്ടം സംസ്ഥാനത്തിനാകെയാവണം. അപ്പോള്‍ അതിനു വേണ്ടി നഷ്ടമോ പാര്‍ശ്വഫലങ്ങളോ അനുഭവിക്കണമെങ്കില്‍ അതു സംസ്ഥാനത്തിന്റെ ആകെ ബാധ്യതയാണ്. കുറച്ചുപേരെ ബലി നല്‍കി വളരെപ്പേര്‍ ഗുണഫലം അനുഭവിക്കുക എന്നത് ശരിയായ വികസനമല്ല.

ഒരു പദ്ധതിയില്‍ ആയിരം പേരെ കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ അവരെ കൂടുതല്‍ സൗകര്യത്തിലേയ്ക്ക് പുനരധിവാസം നല്‍കിയശേഷമേ ഭൂമി ഏറ്റെടുക്കാവൂ. അത് ഉറപ്പാക്കേണ്ടത് പൊതു സമൂഹമാണ്. ആയിരം പേര്‍ മാറിത്താമസിക്കുന്നത് മൂന്നരക്കോടി ജനങ്ങളുടെ പുരോഗതിക്കാണെന്നു തിരിച്ചറിയണം. അംഗീകരിക്കണം. മൂന്നരക്കോടി ജനങ്ങളുടെ ചെലവില്‍ പൊതുപുരോഗതിക്കുള്ള മുന്നൊരുക്കവും കാണണം. അതാണ് ആസൂത്രണത്തിന്റെ മികവ്.

ഇപ്പോള്‍ നമ്മുടെ ചിന്തയാകെ രോഗബാധിതമായിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍, അതു ദേശീയപാതയോ ഗെയിലോ വാതക പ്ലാന്റോ അതിവേഗ തീവണ്ടിപ്പാതയോ മലയോര തീരദേശ പാതകളോ ആവട്ടെ, അവയ്ക്കുവേണ്ടി കുടിയൊഴിയേണ്ടതും നഷ്ടം സഹിക്കേണ്ടതും ദീര്‍ഘകാലം പാര്‍ശ്വഫലങ്ങളില്‍ പിടയേണ്ടതും പദ്ധതി പ്രദേശത്തെ ജനങ്ങള്‍ മാത്രമാണെന്ന ധാരണ ശക്തമാകുന്നു. അവര്‍ക്കാണെങ്കില്‍ പുതിയ പദ്ധതിയുടെ പോകട്ടെ, അനുഭവിച്ചു പോന്ന ജീവിത സാഹചര്യങ്ങളുടെ പോലും സൗകര്യം ലഭ്യമാകുന്നുമില്ല. അവര്‍ക്കു വേണ്ടി സംസാരിക്കാനോ അവരുടെ നഷ്ടത്തില്‍ താങ്ങാവാനോ ശ്രമിക്കാതെ, എന്നെയൊന്നും ബാധിക്കുന്നില്ലല്ലോ എന്ന ആശ്വാസത്തില്‍ വിശ്രമിക്കുകയാണ് ഭൂരിപക്ഷവും. ഇത് വികസനത്തിന്റെ പ്രധാന പരിമിതിയാണ്.

പദ്ധതികളുടെ ആലോചനയിലും നടത്തിപ്പിലും സുതാര്യത ഉറപ്പാക്കാനും ജനാധിപത്യ ഭരണകൂടത്തിനു ബാധ്യതയുണ്ട്. വരുന്ന രണ്ടോ മൂന്നോ ദശകങ്ങളില്‍ വരേണ്ട വികസനം സംബന്ധിച്ച രൂപരേഖ തയ്യാറാക്കാനും അതു പൊതു ചര്‍ച്ചയ്ക്കു വിധേയമാക്കാനും ആസൂത്രണ ബോര്‍ഡിനു കഴിയണം. ജനങ്ങള്‍ക്ക് ബോധ്യപ്പെടാനും മുന്‍ കരുതലെടുക്കാനും അതു സഹായകമാവും. കൂടുതല്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുകൂടെന്നുമില്ല. വരുന്നപോലെ ചന്തം എന്ന മട്ട് ഉപേക്ഷിക്കണം.

ഇതൊന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല തെറ്റായ ധാരണ പരത്താനും ആസൂത്രണത്തിനു ചുമതലപ്പെട്ടവര്‍ ശ്രമിക്കുന്നു. ഗെയില്‍ പൈപ്പുലൈന്‍ സംബന്ധിച്ച പ്രചാരണം ഉദാഹരണമാണ്. വ്യാവസായിക ആവശ്യത്തിനുള്ള ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് കൊച്ചിയില്‍നിന്നു കൂറ്റനാടു വഴി മംഗലാപുരത്തേക്കും കോയമ്പത്തൂരിലേക്കും കൊണ്ടുപോകുന്ന പദ്ധതിയാണത്. അത് പാചക വാതകമാണെന്നും ഇടയിലെസ്റ്റേഷനുകള്‍വഴി അതു വിതരണം ചെയ്യുമെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഹൈ വോള്‍ട്ടേജ് വൈദ്യുതി ലൈനില്‍നിന്നു വീടുകളിലേയ്ക്കു കണക്ഷന്‍ കൊടുക്കാറില്ല എന്നറിയുന്നവര്‍ക്ക് ഇവിടെയും വ്യത്യാസം മനസ്സിലാവും. മാത്രമല്ല ഒരപകടസാധ്യതയാണ് അരികിലുള്ളതെന്ന ഭയം ആളുകള്‍ക്കുണ്ടാവുക സ്വാഭാവികമാണ്. ജനസാന്ദ്രതയുള്ള പ്രദേശം ഒഴിവാക്കണമെന്ന അന്താരാഷ്ട്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതാവും നല്ലത്. പാലിക്കേണ്ടവര്‍ ഉപേക്ഷ വരുത്തുമ്പോഴാണ് ജനങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വരുന്നത്. അതു വികസനത്തിനെതിരായ നീക്കമാണെന്ന് വ്യാഖ്യാനിക്കുന്നത് ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള അനാദരവു മാത്രമാണ്.

പ്രശ്നം ജനങ്ങളുടെ സമീപനമല്ല, ജനങ്ങളോടുള്ള സമീപനമാണ് എന്നു വ്യക്തം. വികസന പദ്ധതികളുടെ സുതാര്യതയില്ലായ്മയും അടിച്ചേല്‍പ്പിക്കല്‍ രീതിയുമാണ് പ്രശ്നമുണ്ടാക്കുന്നത്. പദ്ധതി പ്രദേശത്തെ ജനങ്ങളെ ശത്രുരാജ്യംപോലെ കാണുന്ന ഭരണകൂട സ്വഭാവം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. പുറം തള്ളപ്പെടുന്നവര്‍/ ഗുണഭോക്താക്കള്‍ എന്നിങ്ങനെ ജനതയെ ഭിന്നിപ്പിക്കുകയും ശത്രുക്കളാക്കുകയും ചെയ്യുന്നു. വികസനത്തിന്റെ ജനവിരുദ്ധതയുടെ ആഘോഷമാണത്. ജനങ്ങളുടെയാകെ പുരോഗതിയാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ സമീപനം മാറ്റണം. ഒരൊറ്റ ജനതയായി കണ്ട് എല്ലാവരെയും ഗുണഭോക്താക്കളാക്കുന്ന പദ്ധതികള്‍ അവതരിപ്പിക്കാന്‍ കഴിയണം. ഇരകളില്ലാത്ത വികസനം സാധ്യമാണ്.

ഗുണം പകുക്കാനുള്ള സന്നദ്ധത അതിനുള്ള ത്യാഗത്തിലും കാണണം. ഒരൊറ്റ ജനതയായി അതു പ്രഖ്യാപിക്കണം. ഓരോ പദ്ധതിയും സംസ്ഥാനത്തെ പൊതു പദ്ധതിയാവട്ടെ. അപ്പോള്‍ എത്രത്തോളം നഷ്ടപ്പെടുത്തി ഏതേതു പദ്ധതികളാവാം എന്ന കാര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടും. സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് പൊതുവിഭവങ്ങള്‍ വിട്ടുകൊടുക്കണോ എന്ന പുനര്‍ചിന്തയുണ്ടാവും. എന്തു നഷ്ടപ്പെടുത്തി എന്തു നേടി എന്ന് ഓരോരുത്തരും അറിഞ്ഞു തുടങ്ങും.

ആസാദ്
2 നവംബര്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )