സിപിഎം അനുകൂലം/ സി പി എം വിരുദ്ധം, കോണ്‍ഗ്രസ് അനുകൂലം / കോണ്‍ഗ്രസ് വിരുദ്ധം, ബി ജെ പി അനുകൂലം / ബി ജെ പി വിരുദ്ധം എന്നിങ്ങനെ വിപരീതങ്ങള്‍ സൃഷ്ടിക്കേണ്ടത് സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെ മത്സര താല്‍പ്പര്യമാണ്. അതിനകത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ ഒളിപ്പിക്കുകയോ കുഴിച്ചുമൂടുകയോ ആവാം. ഈ കൗശലത്തില്‍ പെട്ടുപോവാതിരിക്കാനുള്ള ജാഗ്രതയാണ് നമുക്കു വേണ്ടത്. മേല്‍പ്പറഞ്ഞ രീതിയിലുള്ള വിപരീതങ്ങളുടെ ആവിഷ്കാരമോ ആഘോഷമോ അല്ല രാഷ്ട്രീയമെന്നു നാം,ഉറപ്പിക്കണം.
ജനങ്ങള്‍ക്കും പരിസ്ഥിതിക്കുമൊപ്പം അല്ലെങ്കില്‍ എതിര് എന്ന ദ്വന്ദ്വമേ നില നില്ക്കുന്നുള്ളു. ലോക പുരോഗതിക്ക് ഉതകുന്നത് അല്ലാത്തത് എന്നും തിരിക്കാം. മനുഷൃരെയും പ്രകൃതിയെയും പുറംതള്ളിയുള്ള പണപ്രമാണിത്തം പുരോഗതിയോ വികസനമോ അല്ല. ചൂഷകാധികാരികളും ചൂഷിത വിധേയരും എന്ന പിരിവേയുള്ളു. നമ്മുടെ കാലത്തത് കോര്‍പറേറ്റ് മുതലാളിത്തമെന്നോ കോര്‍പറേറ്റ് സാമ്രാജ്യത്വമെന്നോ വിളിക്കാവുന്ന പുതു മുതലാളിത്തവും അദ്ധ്വാനിച്ചു ജീവിക്കുന്ന ജനകോടികളുമായുള്ള വൈരുദ്ധ്യമാണ്. ഇവിടെ ജനങ്ങളുടെ പക്ഷം ചേരാതെ വയ്യ.
ശത്രുതയോ പകയോ അയിത്തമോ നമുക്കില്ല. അതെല്ലാം കെട്ടിയേല്പ്പിക്കപ്പെടുകയാണ്. ഭിന്നിപ്പിച്ചു ഭരണമെന്ന തന്ത്രമാണത്. ജീവിക്കുന്ന കാലത്തെ മുഖ്യപ്രശ്നം ഓരോരുത്തര്‍ക്കും ഓരോന്നാവാം. ഓരോ ജനവിഭാഗത്തിനും വേറെവേറെയാവാം. പക്ഷെ, അവയ്ക്കു പൊതുവിലുള്ള കേന്ദ്രീകരണം സമ്പത്തിന്റെ കേന്ദ്രീകരണവുമായി ബന്ധപ്പെട്ടായിരിക്കും. ഇവിടെ അഭിപ്രായ വ്യത്യാസമുള്ളവര്‍ കാണും. സാമ്പത്തികമല്ല, അതില്‍നിന്നും വിമുക്തമായ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളുണ്ട്. അതു പരിഹരിക്കുന്നതിനാണ് മുഖ്യ ശ്രദ്ധ നല്‍കേണ്ടത് എന്നവര്‍ വാദിക്കും. പക്ഷെ, അതിനിടയാക്കിയ സമ്പദ് കേന്ദ്രീകരണത്തിന്റെയും അധികാര വഴക്കങ്ങളുടെയും ദീര്‍ഘകാല അനുഭവങ്ങളെ അവര്‍ വെറുതെ വിടുന്നു. സമത്വജീവിതം സ്വപ്നം കാണുന്നവര്‍ക്ക് പക്ഷെ,അടിത്തറ പുതുക്കി പണിയാനാവും ധൃതി. പ്രത്യേകിച്ച് ആധുനികരാഷ്ട്രം നിലകൊള്ളുന്നത് സമ്പദ് വിനിമയത്തിന്റെ അടിസ്ഥാന ശിലകളിലാണെന്നു വരുമ്പോള്‍.
പൊതു വിഭവങ്ങള്‍ വെട്ടിപ്പിടിക്കുകയും ഹിംസാത്മകമായ ആര്‍ത്തിയോടെ അതു പെരുപ്പിക്കുകയും ചെയ്യുന്ന മുതലാളിത്തത്തോടു എതിരിടാതെ ഇന്നു ജീവിതം അസാദ്ധ്യമാണ്. അവിടെ സന്ധിചെയ്യുന്നവരെ സംശയത്തോടെ കാണാതെ പറ്റില്ല. അവിടെ ഏതു രാഷ്ട്രീയ പാര്‍ട്ടിയും അവയുടെ നയവും പ്രയോഗവുംകൊണ്ട് അടയാളപ്പെടണം. ജനങ്ങളുടെ താല്‍പ്പര്യമാണോ മുതലാളിത്ത താല്‍പ്പര്യമാണോ എന്ന് ഓരോ അനുഭവവും മാറ്റുരയ്ക്കപ്പെടണം. കോണ്‍ഗ്രസ്സും ബിജെപിയും വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളാണ്. വ്യവസ്ഥയെ അടിമുടി നവീകരിക്കുക അവയുടെ ലക്ഷ്യമല്ല. നിലവിലുള്ള അധികാര ഘടനയെയും വ്യവഹാരങ്ങളെയും പുതുക്കി നിര്‍മിക്കുകയും സൂക്ഷ്മങ്ങളിലേക്ക് വിപുലമാക്കുകയുമാണ് അവയുടെ ദൗത്യം. കോണ്‍ഗ്രസ്സില്‍നിന്നു വ്യത്യസ്തമാണ് ബി ജെ പിയുടെ നില. കോര്‍പറേറ്റാശ്രിത സമ്പദ്ഘടനയെ വളര്‍ത്താന്‍ വര്‍ണവെറിയുടെ ഭൂതാവേശം പുറത്തെടുക്കുന്നുവെന്ന വിപദ്വീര്യമാണവരുടേത്.
ഇടതുപക്ഷ പാര്‍ട്ടികളാവട്ടെ വ്യവസ്ഥയെ പൊളിച്ചു പണിയുമെന്ന് അവകാശപ്പെടുന്നവരാണ്. പുരോഗതിയുടെ ദര്‍ശനമായി അത് നാം സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍ കോര്‍പറേറ്റ് നവലിബറല്‍ നയങ്ങളുടെ മുഖ്യ നടത്തിപ്പുകാരായി അവര്‍ മാറിയിരിക്കുന്നു. അന്ധഭക്തികൊണ്ട് കണ്ണുകാണാത്ത അനുസരണശീലമാണ് അണികളില്‍നിന്നു നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. വര്‍ഗസമരത്തിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചു ജനവിരുദ്ധ വികസനത്തിന്റെ പക്ഷം ചേര്‍ന്ന ഇടതുപക്ഷത്തെ പഴയതുപോലെ വിശ്വാസത്തിലെടുക്കാന്‍ ആര്‍ക്കുമാവില്ല.
ഓരോ അനുഭവത്തെയും ആരുടെ പുരോഗതിക്ക് എന്ന ചോദ്യംകൊണ്ടു നേരിടണമെന്ന് ജനം പഠിച്ചുതുടങ്ങിയിരിക്കുന്നു. അധികാരപക്ഷവും വിധേയപക്ഷവുമായി സമൂഹം പിളരുന്നു. പലകൊടികള്കൊണ്ട് വര്‍ണാഭമാണ് അധികാരപക്ഷം. ജനാധിപത്യ ലീലകളില്‍ വേര്തിരിച്ചറിയണമല്ലോ. അതിനുള്ള ഉപാധിയാണ് ആദ്യം പറഞ്ഞ വിപരീതങ്ങളുടെ സൃഷ്ടി. നയംകൊണ്ടോ രാഷ്ട്രീയംകൊണ്ടോ നില്‍ക്കാനാവാത്തവരുടെ അതിജീവന കൗശലം എന്നതില്‍ക്കവിഞ്ഞ് അതിനൊട്ടും പ്രസക്തിയില്ല. നേരിട്ടറിയുന്ന, അനുഭവിക്കുന്ന ഓരോന്നിനും ഒരു ഗുണഭോക്താവ് ഒളിഞ്ഞിരിക്കുന്നുണ്ടാവും. അതുകണ്ടെത്തി നേരിടാതെ തരമില്ല. അതു മറച്ചുപിടിക്കുന്നതിനാണ് രാഷ്ട്രീയ വ്യവഹാരത്തില്‍ വിപദ് വിപരീതങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ വ്യാജവിലാസങ്ങളെ അവഗണിച്ചു ജീവിതത്തിന്റെ അടിസ്ഥാന വൈരുദ്ധ്യങ്ങളെ കണ്ടെത്തിയേ തീരൂ.
മനുഷ്യര്‍ സങ്കടപ്പെടുന്ന, പ്രതിഷേധിക്കുന്ന, പൊരുതുന്ന ഇടങ്ങളിലെല്ലാം ഈ അടിസ്ഥാന വൈരുദ്ധ്യങ്ങളെയാണ് അഭിസംബോധന ചെയ്യേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ചമയ്ക്കുന്ന താല്‍ക്കാലിക വിപരീതങ്ങളെയല്ല.
ആസാദ്
2 നവംബര്‍ 2017