ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മനാശത്തിന്റെ പടവുകളിലാണ്. ലോകമെങ്ങും ഇടതുപക്ഷ രാഷ്ട്രീയത്തിന് പുതുജീവന്‍ വരുന്ന കാലത്ത് ഇവിടെ അതിന്റെ അടിവേരു വെട്ടുകയാണ് സി പി എം നേതൃത്വം. ഇടതുപക്ഷം, ജനാധിപത്യം എന്നീ രണ്ടു വാക്കുകള്‍ക്കും വിപരീതാര്‍ത്ഥം നല്കുന്ന തിരക്കിലാണവര്‍. അതേസമയം മുമ്പില്ലാത്ത ജാഗ്രതയും ഇടതുസമീപനവും ഉയര്‍ത്തിപ്പിടിക്കാന്‍ സി പി ഐ നടത്തുന്ന ശ്രമം അഭിനന്ദനീയമാണ്. വലതു ചേരിയില്‍ നില്‍ക്കുകയും അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്ത ഭൂതകാലത്തോട് പ്രതിബദ്ധ രാഷ്ട്രീയംകൊണ്ട് അവര്‍ കണക്കു തീര്ക്കുകയാവണം.
സിപിഎമ്മിന് പിഴയ്ക്കുന്നത് ഊന്നേണ്ട സമീപനത്തിലാണ്. അതു ജനപക്ഷ കാഴ്ച്ചപ്പാടില്‍നിന്ന് നവലിബറല്‍ -തീവ്ര കോര്‍പറേറ്റ് വികസന അജണ്ടകളിലേയ്ക്കാണ് മാറിയത്. മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലും പാര്‍ട്ടി പ്രമേയങ്ങളിലും സമരോജ്ജ്വല ഭൂതകാലത്തിലും എന്തുണ്ട് എന്നത് അവരുടെ പ്രശ്നമല്ലാതായിരിക്കുന്നു. മൂലധനവികസനം വര്‍ഗസമരത്തെ എങ്ങനെ തീവ്രമാക്കുന്നുവെന്ന്, അവിടെ എന്തു സമീപനമാണ് മാര്‍ക്സിസ്റ്റുകള്‍ സ്വീകരിക്കേണ്ടത് എന്ന് സി പി എമ്മിന് വ്യക്തതയില്ല. അഥവാ അത്തരം കാര്യങ്ങളില്‍ മാര്‍ക്സിസ്റ്റ് വീക്ഷണം അവരുപേക്ഷിച്ചിരിക്കുന്നു.
പുറന്തള്ളപ്പെടുന്നവരോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും ആഭിമുഖ്യമില്ല. വരുംതലമുറകളെക്കുറിച്ചുള്ള ചിന്തയില്ല. പ്രകൃതി വിഭവങ്ങളുടെ കൊള്ളയും വന്‍ തോതിലെ കൈയേറ്റവും തടയാനാവുന്നില്ല. കൊള്ളക്കാര്‍ക്കും കൈയേറ്റക്കാര്‍ക്കും സംരക്ഷണം നല്കുന്ന ഭരണമായി കേരളത്തിലെ ഇടതുപക്ഷ ഭരണം മാറിയിരിക്കുന്നു. മൂന്നാര്‍ മുതല്‍ കുട്ടനാടുവരെ ഇതിനു തെളിവേകുന്നു. കൈയേറ്റ താല്‍പ്പര്യാര്‍ത്ഥം മന്ത്രിമാരുള്ള കാബിനറ്റായി പിണറായിയുടേതു മാറി.
ഇടതുപക്ഷ മുഖ്യമന്ത്രിമാരുടെ പിന്തുടര്ച്ചക്കാരനാവാനല്ല, വലതുപക്ഷത്തെ ഏറ്റവും നെറികെട്ട ഭരണത്തോടു മത്സരിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഭൂമികയ്യേറ്റം, നീര്‍ത്തടം നികത്തല്‍, അഴിമതിക്കരാറുകള്‍ ഉറപ്പിക്കല്‍, അഴിമതിക്കാരായ മന്ത്രിമാരെയും ജനപ്രതിനിധികളെയും രക്ഷിക്കല്‍, സ്വാശ്രയ കൊള്ളയ്ക്കു കൂട്ടു നില്ക്കല്, ദളിത് ആദിവാസി ജീവിതങ്ങളോടുള്ള അവഗണന എന്നിങ്ങനെ മിക്ക വിഷയങ്ങളിലും ഉമ്മന്‍ ചാണ്ടിയെക്കാള്‍ വലതു നിലപാട് സ്വീകരിക്കാനാണ് വെമ്പല്‍. ജി എസ് ടി പോലുള്ള അക്രമ നികുതി വ്യവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ കൂട്ടുനിന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ ആശ്വാസമില്ലെന്നു മാത്രമല്ല, കേന്ദ്ര വിരുദ്ധ സമരമെന്ന പഴയ ആയുധം പുറത്തെടുക്കുന്നുപോലുമില്ല. മോഡി ഗവണ്മെന്റ് ആവശ്യപ്പെട്ടാല്‍ യോഗദിനം മുതല്‍ ദീന ദയാല്‍ ഉപാധ്യായ ദിനം വരെ ആചരിക്കാന്‍ ഒരുക്കവുമാണ്. ഇത്ര വിനീതമായി കേന്ദ്രാധികാരത്തിനും കോര്‍പറേറ്റ് ധനക്കോയ്മകള്ക്കും മുന്നില്‍ മുട്ടുകുത്തിനിന്ന മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല.
പാര്‍ട്ടി സെക്രട്ടറി നയിക്കുന്ന ജാഥയില്‍ സ്വര്‍ണക്കടത്തുകാരന്റെ വാഹനം വരുന്നതില്‍ അസ്വാഭാവികതയില്ല. കായല്‍ – ഭൂമി കയ്യേറ്റക്കാരനായ പ്രവാസി വ്യവസായി മന്ത്രിയായി വിരാജിക്കുന്ന മുന്നണിയാണ്. ഭൂനിയമം അട്ടിമറിച്ച് ഇരുനൂറിലേറെ ഏക്കര്‍ ഭൂമി കൈവശം വച്ച എം എല്‍ എ യുള്ള മുന്നണിയാണ്. കയ്യേറ്റക്കാര്‍ക്കും സ്വാശ്രയ ലോബിക്കും സ്വര്‍ണ മുതലാളിമാര്‍ക്കും മുന്നില്‍ ജനങ്ങളെയും പരിസ്ഥിതിയെയും അടിയറ വെച്ച മുന്നണിയാണ്. കാരാട്ട് ഫൈസല്‍ അക്കൂട്ടത്തില്‍ ശിശുവാണ്. ഫൈസലിന്റെ കാറില്‍ കയറിയപ്പോഴേക്കും അദ്ദേഹത്തിന്റെ പേരിലുള്ള കേസുകള്‍ ആവിയായി എന്നാണ് കേട്ടത്. വിജയന്റെ തേരു തെളിക്കുന്ന കൃഷ്ണനെയാണല്ലോ പ്രസാദിപ്പിക്കുന്നത്!!
സ്വീകരിച്ചാനയിക്കുന്നിടത്തു കാറിന്റെ ജാതകം നോക്കാനാവുമോ എന്നാണ് ന്യായീകരണ വാദം. മറ്റൊരിടത്ത് അഴിമതിക്കാരന്റെ ജാതകം ജില്ലാ മജിസ്ത്രേട്ടുകൂടിയായ കലക്ടര്‍ എഴുതിക്കൊടുത്തിട്ട് എന്തുണ്ടായി എന്നു നാം കണ്ടതാണ്! പ്രശ്നം അറിവില്ലായ്മയല്ല. എന്തും ആര്‍ക്കും ചെയ്യാനാവും വിധം ഇടതുപക്ഷ പാര്‍ട്ടിയെ അതല്ലാതാക്കി തീര്‍ത്തിരിക്കുന്നു എന്നതാണ്. കൊമ്പുണങ്ങുന്നതിന്റെ ഇല കൊഴിയുന്നതിന്റെ കാരണം ശിഖരങ്ങളിലല്ല തേടേണ്ടത്. തായ് വേരിലാണ്. മാര്‍ക്സിസം പച്ചമരുന്നോ അങ്ങാടി മരുന്നോ എന്നറിയാത്തവര്‍ നായകരാവുന്നു. താല്‍ക്കാലിക താല്‍പ്പര്യങ്ങളുടെ പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
നിയമലംഘനം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കുന്നില്ല എന്നതിലും വലിയ കുറ്റമാണ് ജനാധിപത്യ മൂല്യങ്ങളുടെയും വ്യവഹാരങ്ങളുടെയും തിരസ്ക്കാരം. മൂന്നാര്‍ വിഷയം മുതല്‍ മന്ത്രിയുടെ അഴിമതിവരെയുള്ള കാര്യങ്ങളില്‍ ഭൂപ്രശ്നമാണെങ്കിലും റവന്യൂ മന്ത്രിയെ അവഗണിക്കുകയും അദ്ദേഹത്തിന്റെ സെക്രട്ടറിയെ പരിഗണിക്കുകയും ചെയ്യുന്ന വിചിത്രമായ കീഴ് വഴക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തുടക്കം കുറിച്ചിരിക്കുന്നു. അതു പിന്‍പറ്റി ആലപ്പുഴയില്‍ നഗര സഭാ ചെയര്‍മാനെ തള്ളി സെക്രട്ടറി തീരുമാനമെടുക്കുന്നു! ദൂരവ്യാപകമായ ദുഷ്ഫലങ്ങളുണ്ടാക്കുന്ന പ്രവൃത്തിയാണിത്. ജനാധിപത്യം ഹിംസിക്കപ്പെടുന്നു. നാളെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്മെന്റിനോട് കേന്ദ്രത്തിനും ഇതേ നിലപാട് സ്വീകരിക്കാം. വഴിമരുന്നിടുകയാണ് വിജയനും സി പി എമ്മും.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഇടത്, ജനാധിപത്യം എന്നീ വാക്കുകളുടെ സത്തയാണ് ഉപേക്ഷിക്കപ്പെട്ടത്. ഇനി മുന്നണിയായി എത്രകാലം എന്നേ നോക്കാനുള്ളു. അടിസ്ഥാന കാഴ്ച്ചപ്പാട് നഷ്ടമായാല്‍ അതില്‍ കെട്ടിയുയര്‍ത്തിയ സകലതും തകരും. കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസത്തിനെതിരായ ജനകീയ മുന്നേറ്റം ഉയരേണ്ട കാലത്ത് പ്രതിരോധമുയര്‍ത്തേണ്ട വലിയ പ്രസ്ഥാനങ്ങള്‍ ഇങ്ങനെ ഉള്ളു പൂതലിച്ചു തകരുന്നത് ദൗര്‍ഭാഗ്യകരമാണ്. പുതിയ മുന്നേറ്റങ്ങള്‍ ചരിത്ര നിശ്ചയമാണ്. തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്നവരെ നിര്‍ണായക ഘട്ടത്തില്‍ അടുത്ത ബന്ധുക്കള്‍പോലും കൈവിടും. നമ്മുടെ രാഷ്ട്രീയ ചരിത്രത്തില്‍തന്നെ അതിന് ഒന്നിലേറെ ഉദാഹരണങ്ങളുണ്ട്. ഓര്‍ക്കേണ്ടവര്‍ അതോര്‍ത്താല്‍ നന്ന്.
ആസാദ്
27 ഒക്ടോബര്‍ 2017