Article POLITICS

കാശിധര്‍മ്മത്തിലെ ഇസക്കിമുത്തു തീയിലെഴുതിയത്

TH24TIRUNELVELIjpg

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തില്‍ ജീവിതത്തോടു പൊരുതി ഒരു കുടുംബം അഗ്നിയെ വരിച്ചു എന്നെഴുതണോ അതോ അനീതിയോടു തോല്‍ക്കാന്‍ മനസ്സില്ലാതെ ഒരു കുടുബം തീകൊളുത്തി ആളിയമര്‍ന്നുവെന്നോ?

തിളങ്ങുന്ന, വൃത്തിയുള്ള ഇന്ത്യ സൃഷ്ടിക്കുകയാണ് ഭരണാധികാരികള്‍. തമിഴ് നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ കാശിധര്‍മ്മം എന്ന ഗ്രാമത്തില്‍ പിറന്ന ഇസക്കിമുത്തു എന്ന ദരിദ്ര തൊഴിലാളിയും കുടുംബവും രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ ചിത്രം പ്രാണനും തീയുംവെച്ചു വരച്ചിരിക്കുന്നു. ഇന്ത്യയുടെ ആത്മാവിനെ അതു പൊള്ളിച്ചില്ലെങ്കില്‍, ദേശീയ ബോധത്തെ സകല കാപട്യങ്ങളില്‍നിന്നും അത് വലിച്ചു പുറത്തിട്ടില്ലെങ്കില്‍ മരിച്ചവരുടെ രാജ്യത്തെ പൗരന്മാരെന്ന് നാം നടുങ്ങണം. സ്വയം പഴിച്ചൊടുങ്ങണം.

കാശിധര്‍മ്മം എന്ന ഗ്രാമം!! അവിടെ നിസ്വരായ മനുഷ്യരെ വലിച്ചൂറ്റുന്ന നരഭോജികളായ പലിശപ്പണക്കാര്‍. അവിടെ മാത്രമല്ല, എല്ലായിടത്തുമുണ്ട് അത്തരക്കാര്‍. ആ സംഘര്‍ഷവും കാലുഷ്യവും ജനാധിപത്യ അനുഭവങ്ങളുടെ എട്ടാം ദശകത്തിലേക്കു പ്രവേശിക്കുന്ന ഇന്ത്യന്‍ ജീവിതമാണ്. നാടുവാഴുന്ന സനാതനികളുടെ ഇഷ്ടസംസ്കൃത നാമത്തില്‍ ഒരു ഗ്രാമം അതിന്റെ അകജീവിതത്തെ സ്ഫോടനം കൊണ്ടു വിശുദ്ധപ്പെടുത്തുന്നു. ദാരിദ്ര്യവും ചൂഷണവും വരിഞ്ഞുമുറുക്കിയ നിരാലംബജീവിതങ്ങള്‍ക്ക് പൊട്ടിത്തെറിക്കാതെ വഴിയില്ലാതെയായി. കലക്ടറേറ്റിനുമുന്നില്‍ മണ്ണെണ്ണയൊഴിച്ച് നാലംഗ കുടുംബം അവസാനത്തെ പ്രതിഷേധ പ്രകടനം ജീവത്താക്കി. അസ്ഥിക്കരികൊണ്ടു വരച്ച അവസാന ചിത്രം. ഇനി കടമ്മനിട്ട പാടിയപോലെ അന്തിവിണ്ണിന്റെ ഭിത്തിയില്‍ തൂക്കാം.

ഒരു ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ പലിശക്കു കടമെടുത്ത് ബന്ധുവിനെ സഹായിച്ച സ്നേഹവായ്പിനു ശിക്ഷ കിട്ടി. രണ്ടര ലക്ഷം രൂപ തിരിച്ചടച്ചിട്ടും കടം തീരുന്നില്ല. വീണ്ടും ഒരു രണ്ടു ലക്ഷംകൂടി വേണമെന്ന് ആര്‍ത്തിപ്പണ്ടാരം.!, പരാതികൊടുത്തു, പൊവീസിനും അധികാരികള്‍ക്കും. ആരും തുണച്ചില്ല. കണ്ണില്ലാത്ത നീതി ബോധത്തിനും കപട ജനാധിപത്യ മൂല്യവ്യവഹാരങ്ങള്‍ക്കും മുന്നില്‍ അവര്‍ക്കു മറ്റൊരു വഴിയില്ലായിരുന്നു.

ചരിത്രത്തില്‍ ഇങ്ങനെയും ചില അടയാളങ്ങള്‍ വീഴും. അറിയപ്പെടാത്ത അതീവ സാധാരണക്കാരുടെ പ്രതിഷേധം. പഠിക്കുമോ പക്ഷെ, ഭരണാധികാരികള്‍? അവര്‍ക്കു രാജ്യത്തിന്റെ വികസനത്തില്‍ പുറം തള്ളപ്പെടേണ്ട ജീവിതങ്ങള്‍തന്നെയല്ലേ അവ? അല്ലെങ്കില്‍ അതു കൊലപാതകമല്ലേ? ഭരണകൂടം രാഷ്ട്രത്തിന്റെ മക്കളെ ചുട്ടുതിന്നുന്നു.

ആ പൊള്ളലേല്‍ക്കുന്നുണ്ടെങ്കില്‍ പൊരുതണം. അല്ലെങ്കില്‍ ലജ്ജിച്ചു ലജ്ജിച്ചു തലകുത്തി മരിക്കണം. ഇന്ത്യാ നിന്റെ വയറ്റില്‍ പിറന്നതിന്റെ നാണം മറയ്ക്കാന്‍ ഒരു ദേശീയപതാക പോലുമില്ലല്ലോ എന്നു കവിക്കൊപ്പം നിലവിളിക്കണോ? തിരുനല്‍വേലി കലക്ടറേറ്റിനു മുന്നില്‍ ഭരണകൂടത്തെ താക്കീതുചെയ്ത തീപ്പകയ്ക്കു തുടര്‍ച്ചയുണ്ടാവണം. അതു രാഷ്ട്രീയമായ മുന്നേറ്റമാവണം.

ആസാദ്
24 ഒക്ടോബര്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )