കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളും തെരഞ്ഞെടുക്കപ്പെട്ട ഇതര ഭരണ സംവിധാനങ്ങളും പുതുമുതലാളിത്ത വികസനത്തെക്കുറിച്ചു മാത്രമേ സംസാരിക്കുന്നുള്ളു. അന്ധവും മത്സരോത്സുകവുമായ വികസന സങ്കല്‍പ്പം അടിത്തട്ട് – ഇടത്തട്ട് ജീവിതങ്ങളെയും പരിസ്ഥിതിയെയും പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുന്നു.
ജനങ്ങളുടെ പുരോഗതിയെന്ന ലക്ഷ്യമല്ല, കോര്‍പറേറ്റുകളുടെയും ഇതര ധനാഢ്യ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങളാണ് ഭരണകൂടത്തിന്റെ അജണ്ടയും മുന്‍ഗണനാ ക്രമങ്ങളും നിശ്ചയിക്കുന്നത്. അതിനു ചേര്‍ന്നവിധം സമസ്ത മണ്ഡലങ്ങളും പുനര്‍ നിര്‍ണയിക്കപ്പെടുന്നു. നിയമവും നികുതിവ്യവസ്ഥയും പുതുക്കപ്പെടുന്നു.
വായ്പാധിഷ്ഠിത സമ്പദ് വിനിമയത്തിലൂടെ താല്ക്കോലിക തൃപ്തി നുണയുന്ന ദരിദ്ര ലക്ഷങ്ങള്‍ അതിവേഗം അതിന്റെ കെണികളിലേക്കു മൂക്കു കുത്തുന്നു. വിപണികളെ ചലനാത്മകമാക്കി നിലനിര്‍ത്തിക്കൊണ്ടാണ് ദാരിദ്ര്യത്തിന്റെയും പുറം തള്ളപ്പെടലിന്റെയും ഭീകരമായ മറുപുറം സൃഷ്ടിക്കപ്പെടുന്നത്. ജീവിത ഭാരംകൊണ്ടു തലയുയര്‍ത്താനാവാത്ത അടിത്തട്ടു ജീവിതങ്ങളെ പെരുംകൊള്ളയ്ക്കിരയാക്കി നിര്‍ദ്ദയമായി ചവിട്ടി മെതിക്കുകയാണ് കോര്‍പറേറ്റ് മുതലാളിത്തം. യുദ്ധങ്ങളില്‍ മരിച്ചവരെക്കാള്‍ വരും ആത്മഹത്യ ചെയ്ത ഇന്ത്യന്‍ കര്‍ഷകരുടെ എണ്ണം. ദാരിദ്ര്യത്തിലേയ്ക്കും മരണത്തിലേയ്ക്കും ആട്ടിയിറക്കപ്പെട്ട ഭൂരഹിത കര്‍ഷകരുടെയും ആദിവാസികളുടെയും ദളിതരുടെയും എണ്ണം ഇതിനു പുറത്താണ്.
ആരുടെ വികസനമാണിതെന്ന് ചോദിക്കാന്‍ നാം മറക്കുകയോ മടിക്കുകയോ ആണ്. അതുകൊണ്ടാണ് എണ്ണമറ്റ നികുതികളില്‍നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഏകവും കേന്ദ്രീകൃതവുമായ നികുതിയെന്ന പേരില്‍ ചരക്കു സേവന നികുതി( ജിഎസ് ടി) നമ്മെ പെരുംകൊള്ളയ്ക്ക് ഇരയാക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ ദിനംപ്രതി കുതിച്ചുയരുന്നു. വിലക്കയറ്റത്തിന്റെ സുവര്‍ണകാലമാണ് സൃഷ്ടിക്കപ്പെട്ടത്. അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന കേരളത്തിലെ ഇടത്തരം മനുഷ്യരുടെ വരുമാനത്തിന്റെ വലിയൊരു ശതമാനം തട്ടിയെടുക്കപ്പെടുന്നത് പെട്രോളിയം വില നിര്‍ണയത്തിലൂടെയാണ്. മുപ്പത് രൂപയില്‍ താഴെ മാത്രം വിലവരുന്ന പെട്രോളിന് എഴുപതോ എഴുപത്തഞ്ചോ രൂപയാണ് പിടിച്ചുപറിയ്ക്കുന്നത്. ഈ പണത്തില്‍ അര്‍ഹതപ്പെട്ട വിഹിതം സംസ്ഥാനത്തെ റോഡ് വികസനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ലഭ്യമാകുന്നുമില്ല.
ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതികളെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കുന്നു. പി പി പിയെന്നോ ബി ഒ ടിയെന്നോ ഉള്ള വിലാസത്തില്‍ ആരംഭിക്കുന്ന സകല പദ്ധതികളും പൊതുസമ്പത്തിന്റെ നഗ്നമായ അപഹരണമായി തീരുന്നു. ഇവയുടെ പേരില്‍ പുറംതള്ളപ്പെടുന്നവരുടെ എണ്ണം പെരുകുകയാണ്. വികസനത്തിന് ഭൂമി നല്കാന് നിര്‍ബന്ധിതരാകുന്നവരെ നിക്ഷേപത്തിന്റെ പങ്കുകാരായി കാണാനുള്ള മര്യാദ കോര്‍പറേറ്റുകളോ ഗവണ്മെന്റുകളോ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
നമ്മുടെ മലനിരകള്‍ വനം ക്വാറി മണ്ണ് കൈയേറ്റ തോട്ടം മാഫിയകള്‍ കീഴ്പ്പെടുത്തുന്നു. വയലുകള്‍ വന്‍തോതില്‍ നികത്തപ്പെടുന്നു. കടലും കടലോരവും കടലിന്റെ മക്കള്‍ക്കു നഷ്ടമായിരിക്കുന്നു. സര്‍വ്വ സമ്പത്തും കോര്‍പറേറ്റുകള്‍ വീതം വെയ്ക്കുകയാണ്. അവര്‍ വീതം വയ്ക്കുന്നത് നമ്മുടെ ജീവിതമാണെന്ന് നിലവിളിക്കാന്‍പോലും നമുക്കാവുന്നില്ല. ജനാധിപത്യ സര്‍ക്കാറുകള്‍ കോര്‍പറേറ്റ് സര്ക്കാറുകളായിരിക്കുന്നു. മൂലധനത്തിന്റെ ആര്‍ത്തിയും ക്രൗര്യവും പരിസ്ഥിതിയിലുണ്ടാക്കിയ മുറിവുകള്‍ നമ്മുടെ കാലാവസ്ഥയെ മാറ്റിമറിച്ചു. സന്തുലിതമായ ജീവിതാവസ്ഥയാണ് തകര്‍ക്കപ്പെട്ടത്.
ജനങ്ങള്‍ക്കും പ്രകൃതിക്കും മേലുള്ള ഈ കോര്‍പറേറ്റ് മുതലാളിത്ത യുദ്ധത്തിന്റെ കെടുതികള്‍ അഴിമതികളായി, കൈയേറ്റങ്ങളായി, കലാപങ്ങളായി, സാമൂഹിക നീതിയുടെയും സുരക്ഷയുടെയും നിരാകരണമായി, മനുഷ്യാവകാശ ലംഘനങ്ങളായി, പരിസ്ഥിതിനാശമായി, അക്രമങ്ങളായി അടയാളപ്പെട്ടുകൊണ്ടേയിരീക്കുന്നു. ഈയുദ്ധത്തിനു മറപിടിക്കാനും വേഗമേറ്റാനും ജനങ്ങളെ വിഭജിച്ചു കലഹം വിതയ്ക്കുക എന്ന കൗശലം ഇപ്പോഴും സജീവമാണ്. ബ്രാഹ്മണിക്കല്‍ അധികാര വ്യവസ്ഥയുടെ ജീര്ണാവശിഷ്ടങ്ങളെ ജീവന് വെപ്പിക്കുന്നത് കോര്‍പറേറ്റു വത്ക്കരണത്തിനു വേഗമേറ്റാനാണ്. നാം പക്ഷെ, ബ്രാഹ്മണിക്കല്‍ പുനരുത്ഥാന വാദത്തിന്റെ മാരകമായ വിപത്തുകളെ മാത്രം കാണുകയും നേരിടുകയും ചെയ്യുന്നു. കോര്‍പറേറ്റു മുതലാളിത്തത്തിന്റെ അധിനിവേശാധികാര കൗശലമായി അതിനെ തിരിച്ചറിയാനാവണം. കോര്‍പറേറ്റു മുതലാളിത്തത്തെ എതിര്‍ക്കാതെ റിവൈവലിസത്തെയോ ഫാഷിസത്തെയോ തോല്‍പ്പിക്കാനാവില്ലെന്ന ബോധ്യമുണ്ടാവണം. അല്ലാതെയുള്ള ഫാഷിസ്റ്റു വിരുദ്ധ പ്രകടനങ്ങള്‍ വെറും കെട്ടുകാഴ്ച്ചകളാണ്.
മതവര്ഗീയതകളെ മുതലാളിത്തത്തിനുവേണം. രാഷ്ട്രീയ വേര്‍തിരിവുകളെയും അതു സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുന്നു. നിരന്തരമായി ഏറ്റുമുട്ടലുകളുടെയും രക്തം ചൊരിച്ചിലിന്റെയും വഴികളില്‍ മാത്രം ജനങ്ങള്‍ വിന്യസിക്കപ്പെടുന്നു. മതേതരത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ശബ്ദങ്ങളെയും ധൈഷണികാന്വേഷണങ്ങളെയും വെടിയുണ്ടകളില്‍ അവസാനിപ്പിക്കുന്നതും കോര്‍പറേറ്റ് അധിനിവേശത്തിനു വേഗമേറ്റാനാണ്. ഇന്ത്യന്‍ സംഘപരിവാരം കോര്‍പറേറ്റുകളുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ മാത്രമാണ്. എക്കാലത്തും അവര്‍ ജനങ്ങള്‍ക്കെതിരായ കൊളോണിയല്‍ അധിനിവേശ യുദ്ധങ്ങളുടെ ചാരരോ സൈനികരോ ആയിരുന്നു.
കോര്‍പറേറ്റ് മുതലാളിത്തത്തിന് പൂര്‍ണമായും വിധേയപ്പെടുന്ന അടിമജീവിതമായി നമ്മുടേതു മാറുകയാണ്. കൊളോണിയല്‍ അടിമത്വത്തിന്റെ പഴയ അനുഭവങ്ങളെ ഇതു നിസ്സാരമാക്കുന്നു. അത്രമേല്‍ ഭയാനകമായ ഒരു ഏകപക്ഷീയ യുദ്ധത്തെയാണ് നാം നേരിടുന്നത്. ഇത് ഒറ്റ മുദ്രാവാക്യത്തില്‍ ഐക്യപ്പെടാനും സംഘടിതരാവാനും നമ്മെ നിര്‍ബന്ധിതരാക്കുന്നു. രാജ്യത്തിനുമേല്‍ കോര്‍പറേറ്റ് മുതലാളിത്തം നടത്തുന്ന യുദ്ധത്തിനെതിരെ ജനകീയ മുന്നേറ്റം എന്ന ഒരൊറ്റവരി മാനിഫെസ്റ്റോ യില്‍ നാം സംഘടിതരാവേണ്ടതുണ്ട്. അതിന്റെ സൂക്ഷ്മമോ വിപുലമോ ആയ സകലതും നമ്മുടെ വിഷയമാണ്. പക്ഷെ, കേന്ദ്രശത്രുവിനെ വിട്ടു പ്രാന്തവിഷയങ്ങളില് അഭിരമിക്കാന്‍ നമുക്കാവില്ല.
നവലിബറല്‍ നയങ്ങള്‍ക്കെതിരായ അനവധി സമരങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. ജനകീയമായ ചെറുത്തുനില്‍പ്പുകളെയെല്ലാം നമുക്ക് അഭിവാദ്യം ചെയ്യേണ്ടതുണ്ട്. സമരങ്ങളില്‍ ഐക്യപ്പെടുകയും അധികാരം കോര്‍പറേറ്റു മുതലാളിത്തത്തിനു കീഴ്പ്പെടുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയത്തെ നാം വെറുക്കുന്നു. ജനങ്ങളും പ്രകൃതിയും പരിഗണനയുടെ കേന്ദ്രമാവുന്ന പുതിയ ദര്‍ശനവും മുന്നേറ്റവുമാണ് നാം ലക്ഷ്യമാക്കുന്നത്. തുറന്ന സംവാദങ്ങളും അന്യോന്യാദരവുകളോടെയുള്ള ഐക്യവും ശക്തിപ്പെടുത്തേണ്ടതുണ്ട്. നാളെയുടെ ജീവിതത്തെ സ്വതന്ത്രവും സര്‍ഗാത്മകവുമാക്കാന്‍ മറ്റു വഴികളില്ല.
ഇപ്പോള്‍ ആ സന്ദേഹം തീര്‍ച്ചയായും കാണും. എല്ലാം മാറ്റിമറിക്കാന്‍ ശേഷിയുള്ള നാം ആരാണ്? ആരൊക്കെയാണ്? ഒരു കാര്യമുറപ്പ്. ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അതിനുള്ള ശേഷി കാണില്ല. വലതെന്നോ ഇടതെന്നോ ഉള്ള വിശേഷണമല്ല, പിന്തുടരുന്ന നയങ്ങളാണ് പാര്‍ട്ടികളെ ജനശത്രുക്കളാക്കുന്നത്.
അപ്പോള്‍ തെരഞ്ഞെടുപ്പുകളില്‍ കാണുന്നത് ഒരേ നയത്തിന്റെ നടത്തിപ്പുകാര്‍ തമ്മിലുള്ള മത്സരങ്ങള്‍ മാത്രം. ജനങ്ങളുടെ വോട്ടു നേടാന്‍ അഥവാ അധികാരം നേടാന്‍ എന്തു വാഗ്ദാനവും നല്‍കും. പക്ഷെ, കോര്‍പറേറ്റ് വികസന അജണ്ട മാത്രം മാറ്റുകയില്ല. ജനങ്ങള്‍ക്കെതിരായ യുദ്ധത്തിന് ജനങ്ങളുടെ അംഗീകാരം നേടുന്ന പ്രക്രിയയായി തെരഞ്ഞെടുപ്പു മാറിയിരിക്കുന്നു. ജനാധിപത്യമൂല്യങ്ങള്‍ ചവിട്ടിയരക്കപ്പെടുന്നു.
നില്ക്കുന്നിടം മാറ്റി നിലപാടു പ്രഖ്യാപിക്കുംവരെ ഒരു പ്രസ്ഥാനവും ജനങ്ങളുടെ രക്ഷകവേഷം അണിയേണ്ടതില്ല. അതിനെക്കാള്‍ വിശ്വാസ്യത രാജ്യത്തെ പതിനായിരക്കണക്കിന് സമര പ്രസ്ഥാനങ്ങള്‍ക്കുണ്ട്. അവര്‍ പക്ഷെ ഏകീകൃത സമര ശക്തിയോ ബദല്‍ പ്രസ്ഥാനമോ അല്ല. സ്വാതന്ത്ര്യ സമര കാലത്തെന്നപോലെ ബഹുമുഖവും ബഹുസ്വരവുമായ ഒരു ജനകീയ മുന്നേറ്റം രൂപപ്പെടുത്താനുള്ള സമരോര്‍ജ്ജം പക്ഷെ, അവിടെയുണ്ട്.
ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങളെ അഥവാ അത്തരമൊരു രാഷ്ട്രീയത്തില്‍ ഒന്നിക്കുന്നവരെ പുതിയ ലക്ഷ്യത്തിലേക്കാണ് ഉണര്‍ത്തുകയും ഐക്യപ്പെടുത്തുകയും ചെയ്യേണ്ടത്. അധികാരത്തിന്റെ ഭാരമോ ഉന്മാദമോ തളര്‍ത്തുന്നുവെങ്കില്‍ അക്കൂട്ടരെ ഉപേക്ഷിക്കാതെയും വയ്യ. പിന്‍പറ്റിപ്പോന്ന ജനവിരുദ്ധ കോര്പറേറ്റുനയങ്ങളെ നിരുപാധികം ഉരിഞ്ഞെറിയാനും പുതിയ ഉണര്‍വ്വുകളുടെ ഭാഗമാവാനും ശക്തവും നിരന്തരവുമായ പ്രേരണയുണ്ടാവണം.
ഇതിനെല്ലാം ഒരു തിരുത്തല്‍ശക്തി വേണം. സാധാരണക്കാരായ മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇരട്ടിപ്പിക്കാനല്ല ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അതിനു സമ്മര്‍ദ്ദശക്തിയായി നാം വളരണം.ബദലെന്തെന്നു ചൂണ്ടിക്കാട്ടാന്‍ കഴിയണം. പ്രാഥമിക പരിഗണന ഏറ്റവും പ്രയാസപ്പെടുന്നവര്‍ക്ക് ലഭിക്കണം. ഉപേക്ഷിക്കപ്പെടുന്നവരോ തുടച്ചുനീക്കപ്പെടുന്നവരോ ഉണ്ടായിക്കൂടാ.
അതിന്, കോര്‍പറേറ്റു മുതലാളിത്തം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ ഐക്യനിര ഉയരണം. ആ ഒരൊറ്റ ലക്ഷ്യത്തില്‍ കര്‍മ്മനിരതരാവാന്‍, ആ ഉത്തരവാദിത്തത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരാവാന്‍ നമുക്കു കഴിയണം. ആരുണ്ടാവും? എന്തൊക്കെ ചെയ്യാനാവും? ഒന്നു തുറന്നു ചര്‍ച്ച ചെയ്തുകൂടെ നമുക്ക്?
കളി കണ്ടു കയ്യടിച്ചും വീഴ്ച്ചകളില്‍ വേദനിച്ചും സ്വയം പഴിച്ചും ഒടുങ്ങേണ്ടതില്ല പൗരജീവിതം. കര്മ്മശേഷിയിലേക്ക്, മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയിലേക്ക്, ജനാധിപത്യ ജീവിതത്തിന്റെ വൈവിദ്ധ്യങ്ങളിലേയ്ക്ക് നമ്മെത്തന്നെ നയിക്കേണ്ടതുണ്ട്. പൊരുതണം, വീണ്ടെടുക്കണം നമുക്കു ജീവിതം.
ആസാദ്
15 ഒക്ടോബര്‍ 2017