Article POLITICS

കാമ്പസുകള്‍ ജ്ഞാനോത്പാദനത്തിന്റെ രാഷ്ട്രീയ കേന്ദ്രങ്ങള്‍

 

കോളേജുകളില്‍ പഠനമേ വേണ്ടൂ, സമരം വേണ്ട എന്ന് ഹൈക്കോടതി. കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ചില വിധികള്‍ മുമ്പും ഇതേ കോടതിയില്‍നിന്നു വന്നിട്ടുണ്ട്. അവയിലെല്ലാം കടുത്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നത്തെ ഉത്തരവുകൂടിയാകുമ്പോള്‍ കാമ്പസ് രാഷ്ട്രീയം തികച്ചും അരുതാത്തതെന്തോ എന്നപോലെ അകറ്റിനിര്‍ത്തപ്പെടും.

ഇത്ര ലളിതമായി തീരുമാനിക്കാവുന്ന വിഷയമാണോ ഇത്? കോളേജ് – സര്‍വ്വകലാശാലാ കാമ്പസുകള്‍ വിജ്ഞാന വില്‍പ്പനയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളോ ജ്ഞാനവിതരണ ഏജന്‍സികളോ അല്ല. പകരം ജ്ഞാനോത്പാദനത്തിന്റെയും അവയുടെ വിമര്‍ശനാത്മക സ്വാംശീകരണത്തിന്റെയും കേന്ദ്രങ്ങളാണ്. പാഠപുസ്തകത്തിലെ പരീക്ഷിത ജ്ഞാനത്തെ ലോകാനുഭവങ്ങളിലും ദാര്‍ശനിക യുക്തികളിലും ഉരച്ചു തെളിക്കുന്ന പരീക്ഷണശാലയാണ്. മൃത പാഠങ്ങളല്ല ജ്ഞാനത്തിന്റെ ജ്വാലാമുഖങ്ങളാണ് കാമ്പസുകളെ ദീപ്തമാക്കുന്നത്.

ദാര്‍ശനിക യുക്തികളിലും ലോകാനുഭവത്തിലും ഉരച്ചെടുക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനംകൂടിയാണ്. വരും നേരങ്ങളിലേക്ക് ജീവിതത്തെയും ജ്ഞാനത്തെയും വിപുലപ്പെടുത്തുന്ന പ്രക്രിയ രാഷ്ട്രത്തിന്റെ വര്‍ത്തമാനവും ഭാവിയും മുന്‍ നിര്‍ത്തിയുള്ള അന്വേഷണമാകാതെ തരമില്ല. ഈ പ്രക്രിയയുടെ ജീവസ്പന്ദനമാണ് യാഥാസ്ഥിതിക ചിന്തയോടും അതടിച്ചേല്‍പ്പിക്കുന്ന ഭരണകൂടത്തോടും നിരന്തരം കലഹിക്കുന്നിടമായി കാമ്പസുകളെ മാറ്റുന്നത്. അത് രാഷ്ട്രീയ പ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്?

കാമ്പസിനകത്തും പുറത്തുമെന്ന് ജനാധിപത്യത്തിന്റെ വ്യവഹാര മണ്ഡലത്തെ വിഭജിക്കാനാവില്ല. പുറം ലോകത്തിന്റെ സൂക്ഷ്മ ഘടനയുണ്ടവിടെ. പുറത്തു കാലുഷ്യം നിറയുമ്പോള്‍ കാമ്പസുകള്‍ കലങ്ങും. പുറത്ത് അനീതി പെരുകുമ്പോള്‍ കാമ്പസുകളില്‍ തീയാളും. വിവേചനങ്ങളെ, ഭരണകൂട ഭീകരതകളെ, മനുഷ്യാവകാശ ലംഘനങ്ങളെ ചെറുക്കാനുള്ള കരുത്ത് കാമ്പസുകളിലുണ്ട്. മുപ്പതുകളില്‍ സ്പാനിഷ് ആഭ്യന്തരയുദ്ധവും അറുപതുകളില്‍ ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി കലാപവും എണ്‍പതുകളില്‍ നമ്മുടെ കാമ്പസുകളിലുണ്ടായ സമരോത്സുകതയും ഈ പാഠമാണ് ലോകത്തിനു നല്‍കിയത്.

പുറത്ത് ജീര്‍ണതയും മൂല്യ നിരാസവും നിറയുമ്പോള്‍ തീര്‍ച്ചയായും കാമ്പസിലും അതു പ്രതിഫലിക്കും അപ്പോഴും പക്ഷെ ചെറുത്തുനില്‍പ്പിന് കനലുകളുണ്ടവിടെ. മാനേജ്മെന്റും ഭരണകൂടവും വാണിജ്യോത്സാഹങ്ങളിലേക്കും അതിന്റെ ദയാരഹിതമായ മത്സരങ്ങളിലേക്കും വഴിതെറ്റുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കും. സ്വാതന്ത്ര്യവും ജനാധിപത്യവും നേടാന്‍ ഉപവാസമെന്ന മാര്‍ഗമുണ്ടെന്ന് ഗാന്ധിജിയാണ് ഇന്ത്യന്‍ യൗവ്വനങ്ങളെ പഠിപ്പിച്ചത്. വിദ്യാലയത്തിനു പുറത്താണ് വിദ്യയുടെ പ്രയോഗനിലമെന്നും മണ്ണറിഞ്ഞു പഠിക്കണമെന്നും അവരാര്‍ജ്ജിച്ച പാഠങ്ങളിലുണ്ട്. സംഘടിതരാവാതെ കനലുകള്‍ കാക്കാനാവില്ലെന്ന് ആര്‍ക്കാണറിയാത്തത്? ആ കനലുകള്‍ കെടുത്താന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങളെയാണ് റദ്ദു ചെയ്യുന്നത്.

വിദ്യാര്‍ത്ഥി സമരങ്ങള്‍ അസഹ്യമാണെങ്കില്‍ സമര സാഹചര്യത്തെയാണ് ഒഴിവാക്കേണ്ടത്. കാമ്പസുകളെ ജ്ഞാനോത്പാദനത്തിന്റെയും വിനിമയത്തിന്റെയും സജീവ മണ്ഡലങ്ങളായി നിലനിര്‍ത്തുന്നതിന് എന്താണോ തടസ്സം അതു പരിഹരിക്കണം. വിദ്യാര്‍ത്ഥികളെ ധര്‍ണയിലേക്കും സമരത്തിലേക്കും വലിച്ചിഴയ്ക്കാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിനുണ്ടാവണം.

അതേസമയം, ദര്‍ശനങ്ങളുടെ തെളിച്ചം നഷ്ടപ്പെട്ട അധികാരബദ്ധ രാഷ്ട്രീയ രൂപങ്ങളുടെ പകര്‍പ്പുകളായി വിദ്യാര്‍ത്ഥി സംഘടനകള്‍ മാറുന്നത് ഗുണകരമല്ല. അക്രമവും അഴിമതിയും വിവേചനവും അയിത്തവുമെല്ലാം കാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ കാമ്പസുകളില്‍ പ്രവേശിച്ചുകൂടാ. അത്തരം വാര്‍ത്തകളാണ് പൊതു സമൂഹത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരായ പൊതുബോധം രൂപീകരിച്ചത്. സ്വയം നവീകരണത്തിനും ജനാധിപത്യ മൂല്യ സ്ഥാപനത്തിനും വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെ പ്രാപ്തമാക്കുകയാണു വേണ്ടത്. ആരോഗ്യകരമായ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഉറപ്പു വരുത്താന്‍ നിയമ നിര്‍മാണമോ പെരുമാറ്റച്ചട്ടമോ വേണമെങ്കില്‍ അത് സര്‍ക്കാര്‍ ചെയ്യണം. കോടതികളുടെ ഇടപെടലുകള്‍ കാമ്പസുകളുടെ ആത്മാവിനെ ദരിദ്രമാക്കിക്കൂടാ.

ആസാദ്
13 ഒക്ടോബര്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )