ബി ജെ പിയെയും കോണ്‍ഗ്രസ്സിനെയും രാഷ്ട്രീയ ശത്രുക്കളായി അകറ്റി നിര്‍ത്തുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന വലത്- തീവ്രവലതു നയങ്ങളെ അഥവാ ഹിംസാത്മക സ്വഭാവമുള്ള മുതലാളിത്തത്തെയാണ് എതിര്‍ക്കുന്നത് എന്നാണ് മുമ്പൊക്കെ സി പി എം വിശദീകരിച്ചുപോന്നത്. ഇപ്പോഴാകട്ടെ, മുതലാളിത്ത വികസന പാതയാണ് (ജനപുരോഗതിയല്ല) ശരിയെന്നും അതിനുവേണ്ടി ഏതു നിലപാടും കൈയോഴിയാമെന്നും അധികാരമുള്ളയിടത്തെല്ലാം സി പി എം നയം വ്യക്തമാക്കുന്നു. അപ്പോള്‍ വര്‍ഗസമരത്തിന്റെ രാഷ്ട്രീയമാണ് വിയോജിപ്പിനാധാരം എന്നു പറയുന്നത് യുക്തിസഹമല്ല.
ഞാന്‍/നാം മനസ്സിലാക്കിയത് ബിജെ പിയോടും കോണ്‍ഗ്രസ്സിനോടുമുള്ള എതിര്‍പ്പ് ഒരേ അളവിലും അര്ത്ഥത്തിലുമുള്ളതല്ലെന്നാണ്. ബിജെപി പിന്തുടരുന്ന കോര്‍പറേറ്റ് മുതലാളിത്ത ബ്രാഹ്മണിക്കല്‍ ഫാഷിസത്തിന് ജനാധിപത്യത്തിന്റെ സൗമ്യശീലങ്ങളൊന്നുമില്ല. അതിനാല്‍, മുതലാളിത്തനയം പിന്തുടരുമ്പോഴും അതിനു വേഗം കൂട്ടാന്‍ ബ്രാഹ്മണിക്കല്‍ പുനരുത്ഥാന രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്ന ബിജെ പിയോട് മുതലാളിത്ത നയം പിന്തുടരുന്ന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും രാജിയാവുക വയ്യ. ഫ്യൂഡല്‍ അധികാര ക്രമത്തോടു ശീലബന്ധമുള്ള സംഘടനാരീതി തുടരുമ്പോഴും സിപിഎമ്മിന് അതിനോട് ദര്‍ശനപരമായ അകലം സൂക്ഷിക്കേണ്ടതുണ്ട്. ആ ദര്‍ശനം കൈമോശംവന്നാല്‍ ബി ജെ പിയുടെ പുനരുത്ഥാന രാഷ്ട്രീയത്തിലേക്ക് ഏതു വിപ്ലവകാരിയും മൂക്കുകുത്തി വീഴാം. ഫ്യൂഡല്‍ മാടമ്പി മേധാവിത്തത്തിന്റെ ഏകശാസനാധികാര ക്രമം നല്കുന്ന അച്ചടക്കവും സുരക്ഷിതത്വവും അതിന്റെ സൈനികസ്വഭാവം മാത്രമാണ്. ഇക്കാര്യത്തില്‍ ബിജെപിയില്‍ നിന്നും വളരെ ദൂരെയല്ല സിപി എമ്മിന്റെ നില. അത്തരം ഏറ്റുമുട്ടലുകളില്‍ ദൗര്‍ഭാഗ്യവശാല്‍ അവര്‍ പ്രകടിപ്പിക്കുന്ന വീര്യം സമാനമാണ്. അതേസമയം, സത്തയില്‍ അഥവാ ഉള്ളടക്കത്തില്‍ ബിജെപി പുനരുത്ഥാന രാഷ്ട്രീയവും സി പിഎം പുരോഗമന രാഷ്ട്രീയവുമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ആ ഉള്ളടക്കം ചോര്‍ന്നുപോകാതെ നില്ക്കുമ്പോഴേ ബി ജെ പിക്കു ബദലൊരുക്കാന്‍ സിപി എമ്മിനു കഴിയൂ.
കോണ്‍ഗ്രസ്സില്‍നിന്നും പിരിഞ്ഞുപോന്ന ഇടതുപക്ഷ നിലപാടുകാരാണ് ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്ഥാപകര്‍. മുതലാളിത്തത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നത് തൊഴിലാളി വര്‍ഗ പ്രസ്ഥാനമായ സി പി എമ്മിന് വര്‍ഗ ശത്രുതയുണ്ടാവാന്‍ മതിയായ കാരണമാണ്. കോണ്‍ഗ്രസ് മുതലാളിത്ത രാഷ്ട്രീയത്തിലും സിപിഎം തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിലും ഉറച്ചുനില്ക്കുമ്പോഴേ ഈ ശത്രുതയ്ക്ക് അര്‍ത്ഥമുള്ളു. രണ്ടുകൂട്ടരും സ്വന്തം രാഷ്ട്രീയത്തില്‍ വിട്ടു വീഴ്ച്ച ചെയ്ത സന്ദര്‍ഭങ്ങളുണ്ട്.അപ്പോഴെല്ലാം പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ അവര്‍ സഹകരിച്ചിട്ടുമുണ്ട്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യമാണ് അതെല്ലാം നിശ്ചയിക്കുന്നത്.
എന്നാല്‍, സി പി എം മുതലാളിത്ത വികസത നയത്തിന്റെ നടത്തിപ്പുകാരാവുകയും വര്‍ഗസമരങ്ങള്‍ക്ക് ഇടവേളയോ വിരാമമോ നിശ്ചയിക്കുകയും ചെയ്യുമ്പോള്‍ സ്ഥിതി മാറുകയാണ്.വര്‍ഗ നിലപാടുകളില്‍ ഊന്നിയാണ് കോണ്‍ഗ്രസ്സിനോടുള്ള ശത്രുത എന്നു വിശദീകരിക്കാനാവില്ല. ആത്യന്തികമായ എതിര്‍പ്പ് അടിച്ചമര്‍ത്തലിനോടും ചൂഷണത്തോടുമാവണമല്ലോ. മുതലാളിത്തത്തിന്റെ ആ നയം പുലര്‍ത്തുന്നതുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളിയായത്. ഇടതുപക്ഷവും അതേ നയം സ്വീകരിക്കുമ്പോഴോ? പിന്നെ പാലിച്ചുപോരുന്ന ശത്രുതയ്ക്ക് എന്തടിസ്ഥാനമാണുള്ളത്?
സാധൂകരണങ്ങള്‍ ധാരാളമാണ്. ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ സംസ്ഥാന ഭരണത്തിനെന്തു ചെയ്യാനാവും എന്ന് ഒരു കൂട്ടരും പുതിയ ലോകക്രമത്തിലും സാഹചര്യത്തിലും ആ പരിമിതികള്ക്കകത്തല്ലാതെ ഞങ്ങളെന്തു ചെയ്യും എന്നു മറ്റൊരു കൂട്ടരും കൈമലര്‍ത്തുന്നു. പരിമിതികള്ക്കകത്തുനിന്നേ ഇടതുപക്ഷ സമര പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടിട്ടുള്ളു. ഭരണത്തിലാണെങ്കിലും സാഹസികമായ മുന്നേറ്റങ്ങള്‍ ഇടതുപക്ഷം നടത്തിയിട്ടുണ്ട്. അതെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന തരത്തിലായിരുന്നു. ഇപ്പോഴാവട്ടെ അത്തരം സമഗ്ര നിയമ നിര്‍മാണങ്ങളൊന്നും സാധ്യമല്ലാതായിരിക്കുന്നു. കോര്‍പറേറ്റ് മുതലാളിത്തം അത്രമേല്‍ പിടി മുറുക്കിക്കഴിഞ്ഞു.
ഈ, സാഹചര്യത്തില്‍ വഴങ്ങുകയല്ല എതിര്‍ക്കുകയാണ് വേണ്ടത്. വ്യവസ്ഥാപിത ഇടതുപക്ഷം തല കുനിക്കുകയാണ്. മുതലാളിത്ത വികസനത്തിനു വിധേയപ്പെടുകയും തെരഞ്ഞെടുപ്പു കൗശലങ്ങളില്‍ തര്‍ക്കം തുടരുകയുമാണ്. ഇതവര്‍ക്കും രാജ്യത്തിനും ഗുണകരമല്ല.
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പു മുന്നണിയല്ല, ജനകീയ സമര പ്രസ്ഥാനങ്ങളുടെ ഏകോപിച്ച പോരാട്ടമാണ് വളരേണ്ടത്. ഇന്ത്യന്‍ ഇടതുപക്ഷം വിശ്വാസമാര്‍ജ്ജിച്ചു ശക്തിപ്പെടാനും മറ്റു വഴിയില്ല. അവര്‍ ആ പാത ഉപേക്ഷിക്കുന്നതുകൊണ്ട് ആ സാധ്യത ഇല്ലാതാവുമെന്ന് കരുതേണ്ടതില്ല. ജനകീയ മുന്നേറ്റങ്ങളേ ചരിത്രമെഴുതിയിട്ടുള്ളു.
ആസാദ്
2 ഒക്ടോബര്‍ 2017