ഫാന്‍സ് അസോസിയേഷനുകളാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. നീതിബോധമോ യുക്തിവിചാരമോ ധാര്‍മികതയോ രാഷ്ട്രീയ ദര്‍ശനമോ ആരെയും അലട്ടുന്നില്ല. സര്‍ഗാത്മക നിഷേധങ്ങളുടെ രാഷ്ട്രീയ യൗവ്വനങ്ങളാണ് ജനാധിപത്യത്തിന് ഊര്‍ജ്ജം പകരുന്നത്. ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും സത്ത ഗ്രഹിക്കാനും ഒരു നവലോക സ്വപ്നത്തിന്റെ മൂശയില്‍ അവയെ പുതുക്കിപ്പണിയാനും യുവാക്കള്‍ക്കു കഴിഞ്ഞിരുന്നു. നമ്മുടെ ചുമരുകളില്‍ അതിന്റെ അടയാളങ്ങള്‍ കാണാം.
പഴയ വിപ്ലവകാരികളുടെ പിന്മുറക്കാര് സ്തുതിപാഠക സംഘങ്ങളോ ക്വട്ടേഷന്‍ സംഘങ്ങളോ ആയി തരം താഴുന്നു. അലസതയും ഉദാസീനതയും മാത്രമാണ് കൈമുതല്‍. ദര്ശനനഷ്ടം നാളെയെക്കുറിച്ചുള്ള വിചാരങ്ങളെ തുടച്ചുമാറ്റുന്നു. ഇന്നിന്റെ വ്യാജ സമൃദ്ധിയില്‍ പുളയുന്ന നേതൃരൂപങ്ങള്‍ പെരുകുന്നു.
കര്‍മ്മങ്ങളെല്ലാം കളികളും കാഴ്ച്ചകളെല്ലാം വിനോദങ്ങളും ആവുകയാണ്. കളിനിയമങ്ങളുടെ യുക്തിപോലും നിലനില്‍ക്കുന്നുണ്ടോ? അന്ധഭക്തിയുടെ ആരവങ്ങളേയുള്ളു. പൊതുമണ്ഡലം ഇത്രമേല്‍ ദുഷിപ്പിക്കാന്‍ മുതലാളിത്തത്തിനും ജീര്‍ണമായ പുനരുത്ഥാന പ്രവണതകള്‍ക്കും എങ്ങനെ സാധിച്ചു? ധൃഷ്ടത കൂടും അധര്‍മ്മ ശതങ്ങള്ക്ക് പട്ടടതീര്ക്കും എന്നു കവിയെപ്പോലെ പറയാന്‍ കഴിയാത്തതെന്ത്? കലകളും കളികളും ഒളിയിടങ്ങളല്ലെന്ന് നായകരെ ഓര്‍മ്മിപ്പിക്കാനുള്ള ബാധ്യത നമുക്കുണ്ട്.
കലകളുടെ നിര്‍മാണച്ചെലവ് എങ്ങനെ കണ്ടെത്താം എന്നത്, കലയുണ്ടാക്കുന്ന പ്രതിലോമ പ്രേരണകളുടെ ആഘാതം എങ്ങനെ ഒഴിവാക്കാം എന്നതിലും വലിയ ചോദ്യമല്ല. പണം മുടക്കിപ്പോയി എന്നത് വിഷംചേര്ക്കുന്നതിനുള്ള സാധൂകരണവുമല്ല. ഫാന്‍സ് സംഘങ്ങള്‍ക്ക് അതു മനസ്സിലാവാത്തത് ജീവിതത്തെ സംബന്ധിച്ച ദര്‍ശനം കൈമോശം വന്നതുകൊണ്ടാണ്. അധര്‍മ്മത്തിന്റെ മൂര്‍ത്തികളെ വിശുദ്ധപ്പെടുത്തുന്നത് അതേ പാപത്തില്‍( കുറ്റകൃത്യത്തില്‍) പങ്കുചേരുന്നതിന് തുല്യമാണ്.
അധര്‍മ്മങ്ങളുടെ തമ്പുരാന്മാര്ക്ക് ആരാധക വൃന്ദം ചമയ്ക്കാനല്ല, സമനീതിയുടെ ലോകം പണിയാനാണ് നാം ശ്രമിക്കേണ്ടത്. വഴിതെറ്റുന്ന കാലത്ത് നേര്‍വഴി കാട്ടാനാണ് പ്രസ്ഥാനങ്ങളുണ്ടാവേണ്ടത്. തമ്പുരാന്മാര് തെറ്റുചെയ്യുമ്പോള്‍ പഴുതുണ്ടോ രക്ഷപ്പെടാന്‍ എന്നു കുമാര്‍ഗങ്ങള്‍ തേടുകയല്ല വേണ്ടത്. എല്ലാവര്ക്കും ബാധകമായതേ ഏതു തമ്പുരാനും ആഗ്രഹിക്കാവൂ.
പൊതുപ്രസ്ഥാനങ്ങളെ ജീര്‍ണത വിഴുങ്ങുന്ന കാലത്തെ താല്‍ക്കാലിക ജീര്ണിപ്പും പിറകോട്ടടിയുമായേ ഈ സ്ഥിതിവിശേഷത്തെ കാണേണ്ടതുള്ളു. യാതനകള്‍ക്കെതിരെ തിളയ്ക്കുന്ന നീതിബോധവും സമരോത്സാഹവും അടിത്തട്ടില്‍ പുതിയ ഉണര്‍വ്വുകള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. ഇപ്പോഴവ ദുര്‍ബ്ബലമാവാം. പക്ഷെ, നാളെയുടെ കരുത്ത് പുറംതള്ളപ്പെട്ടവരുടെയും പ്രാന്തവല്‍കൃതരുടെയും ആ മുന്നേറ്റത്തിനാവുമെന്ന് തീര്‍ച്ച. ഫാന്‍സ് അസോസിയേഷനുകളെ തള്ളിക്കൊണ്ടേ സര്‍ഗാത്മക ജീവിതത്തിന് മുന്നേറാന്‍ സാധിക്കുകയുള്ളു. കെട്ടുകാഴ്ച്ചകള്‍ക്ക് ഏറെ ആയുസ്സു കാണില്ല.
ആസാദ്
28 സെപ്തംബര്‍ 2017