(ചലച്ചിത്ര മുതലാളിത്തത്തെ ഓര്‍മ്മിപ്പിക്കുന്നത്)
അനീതിക്കെതിരെ വീറോടെ സംസാരിക്കുമ്പോള്‍ വാക്കും വ്യാകരണവും പിഴയ്ക്കാം. അടിയുടെ ആഘാതമാണ് പ്രതികരണത്തിന്റെ ആയവും ആഴവും നിശ്ചയിക്കുക. ഒരു ജനയയെ നടുക്കിക്കളഞ്ഞ ബലാല്ക്കാരത്തിന്റെ ഇര ഒരു നടിയോ പെണ്‍കുട്ടിയോ മാത്രമായിരുന്നില്ല. മനുഷ്യത്വംതന്നെയായിരുന്നു. അതിനാല്‍ ആരും ക്ഷോഭിക്കും. വ്യാകരണം മറന്ന് അലറി വിളിക്കും. അതൊന്നും ആലോചിച്ചെടുക്കുന്ന തീരുമാനമോ ആസൂത്രിത പ്രതികരണമോ ആവണമെന്നില്ല. പക്ഷെ, അതൊഴിവാക്കാന് ആത്മബോധവും മനുഷ്യ സ്നേഹവുമുള്ള ആര്‍ക്കും സാധ്യമല്ല.
നടിയെ തട്ടിയെടുത്ത് വാഹനത്തില്‍ നടത്തിയ ബലാല്‍ക്കാരത്തെ, അതിനു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയെന്നു നിയമം സംശയിക്കുന്ന ഒരാളുടെ ധനശേഷിയോ പ്രശസ്തിയോകൊണ്ട് നിസ്സാരമാക്കാനാവില്ല. കുറ്റം ചെയ്യാതെ കുറ്റവാളികളെപ്പോല്‍ തടവറയില്‍ തളയ്ക്കപ്പെട്ടവരുണ്ട്. വിചാരണയില്ലാതെ വര്‍ഷങ്ങളോളം കരുതല്‍ തടങ്കലില്‍ കഴിഞ്ഞവരുണ്ട്. ജനകീയ സമരങ്ങള്‍ നയിച്ചതിന് മര്‍ദ്ദനവും ജയില്‍വാസവും ലഭിച്ചവരുണ്ട്. അപ്പോഴൊന്നും ഉണര്‍ന്നിട്ടില്ലാത്ത ധാര്‍മിക രോഷം കിരീടമില്ലാത്ത സിനിമാ രാജാവിനുവേണ്ടി ഉയരേണ്ടതില്ല. ജനാധിപത്യം അനുവദിക്കുന്ന തുല്യ നീതിയില്‍ കവിഞ്ഞ ഒന്നിനും ആരും അലമുറയിടേണ്ടതുമില്ല.
സിനിമാ നിര്‍മാണവും വിതരണവും പ്രദര്‍ശനവും കുത്തകയാക്കുന്നവര് കലയുടെ മാഹാത്മ്യത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങള്‍ നടത്തേണ്ടതില്ല. കലാവ്യവസായത്തിന്റെ സംവിധാനങ്ങളാകെ അടക്കി ഭരിക്കുന്ന ധനമൂര്ത്തികള് രാജ്യത്തെ നിയമ വ്യവസ്ഥയെയും സാമാന്യ ബോധത്തെയും വിലയ്ക്കെടുക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ജനാധിപത്യ സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ നേടുന്ന സിനിമകളെ പുറംകാലുകൊണ്ടു തൊഴിക്കുന്ന സിനിമാസമീപനം നാം കണ്ടിട്ടുണ്ട്. കലയെ ഭരിക്കുന്ന ധനധാര്ഷ്ട്യങ്ങളെ പിടിച്ചുകെട്ടാതെ വയ്യ. ജനങ്ങളെ വിരട്ടാനും മയക്കാനും ക്വട്ടേഷന്‍ ആരാധകനിരയെയും ക്രിമിനല്‍ സംഘങ്ങളെയും സൃഷ്ടിക്കുന്ന ഉപശാലകളില്‍ തീ പടരുകതന്നെ വേണം.
സഹപ്രവര്‍ത്തകയുടെ ശരീരത്തിനും അഭിമാനത്തിനും ആഴത്തില്‍ ക്ഷതമേല്‍പ്പിച്ച ഒരാള്‍ പരിശുദ്ധ നായകവേഷത്തില്‍ അഴിഞ്ഞാടേണ്ട എന്നു പറയുന്നില്ലെങ്കില്‍ നാം മനുഷ്യരാവുന്നതെങ്ങനെ? തെറ്റു ചെയ്തില്ലെന്ന് ബോധ്യമാകുംവരെ ഒരകലം നിലനിര്ത്താതെവയ്യ. എല്ലാ മേഖലയിലും അതങ്ങനെയാണു താനും. തൊഴിലെടുക്കുന്നവന് ചുരുങ്ങിയത് സസ്പെന്‍ഷനെങ്കിലും ഉണ്ടാവും. പക്ഷെ, രാജാക്കന്മാരെ എന്തു ചെയ്യാനെന്നു ആശ്രിതര്‍ക്കു നിസ്സഹായത നടിച്ചല്ലേ പറ്റൂ.
അതിനാല്‍, ഇപ്പോള്‍ ആ സിനിമയുമായി ഇറങ്ങേണ്ടതില്ല എന്നു വിളിച്ചുപറഞ്ഞ ജി പി രാമചന്ദ്രന്റെ ധീരമായ അഭിപ്രായ പ്രകടനത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. വലിയ വൈകാരിക സംഘര്‍ഷംമൂലം കടുത്ത വാക്കുകളുപയോഗിച്ചുപോയെന്ന തെറ്റ് വിവേകപൂര്‍വ്വം തിരുത്തിയത് നന്നായി. എഴുത്തുകാര്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരല്ല. പക്ഷെ, എവിടെയെങ്കിലും ഒരനീതി നടന്നാല്‍ അവിടെ അഗ്നിപാതമുണ്ടാവണമെന്ന് ബ്രഹ്തിനെപ്പോലെ എഴുതാന്‍ അയാള്‍ കടപ്പെട്ടവനാണ്. എഴുത്തിന്റെ ഭാഷയെ ഭയക്കുന്നുണ്ട് ബലപ്രയോഗക്കാര് എന്നത് നല്ലതുതന്നെ.
കല വ്യവസായമാകുമ്പോള്‍ അവിടത്തെ തൊഴില്‍ഭാരവും വേതന വ്യവസ്ഥയും നിര്‍ണയിക്കപ്പെടണം. ഒരേ തൊഴില്‍ ചെയ്യുന്നവര്‍ക്കിടയില്‍ വേതനത്തില്‍ ഭീമമായ അന്തരം ഉണ്ടായിക്കൂടാ. കൂടിയ വേതനവും കുറഞ്ഞ വേതനവും നിശ്ചയിക്കണം. അതനുസരിച്ച് ലഭിക്കുന്ന വരുമാനം സുതാര്യമായിരിക്കണം.. അളവില്ലാത്ത പണത്തിന്റെ കുത്തൊഴുക്കാണ് അധോലോക ലീലകളുടെ മാടമ്പിമാരെ സൃഷ്ടിക്കുന്നത്. സമഗ്രമായ ഒരു നിയമ നിര്‍മാണം ആവശ്യമാകുന്നു.
വ്യവസായത്തിന്റെ ബലം അധോലോക മാഫിയാ സംഘങ്ങളാവാം. അതിന്റെ ഊറ്റം പക്ഷെ, അല്‍പ്പമെങ്കിലും മര്യാദയും മൂല്യബോധവുമുള്ള ആര്‍ക്കുനേരെയും ഉയരരുത്. വിപണിയുടെ മത്സര വേഗങ്ങളില്‍നിന്ന് കലയെ വേര്‍പെടുത്തി വളര്‍ത്താനാവുമോ എന്നു നോക്കുന്ന ചുരുക്കം ചിലരെങ്കിലും ഇവിടെയുണ്ട്. അവരുടെ ഇച്ഛാശക്തിയും കര്‍മ്മശേഷിയും സൗന്ദര്യബോധവും നിലനില്‍ക്കുന്നത് ജി പി രാമചന്ദ്രനെപ്പോലെയുള്ള വിമര്‍ശകരുടെ ജാഗ്രതകൊണ്ടുകൂടിയാണ്. അവരെയങ്ങു വിഴുങ്ങിക്കളയാമെന്ന് ധനപ്പിശാചുകളും ശിങ്കിടികളും വ്യാമോഹിക്കേണ്ട. പകരം, നവസാമൂഹിക മാധ്യമങ്ങളിലെ അസഹിഷ്ണുത നിറഞ്ഞ ആക്ഷേപങ്ങള്‍ അവസാനിപ്പിച്ച് ആദരവോടെയുള്ള സംവാദങ്ങളിലേക്കു വളരാന്‍ ത്രാണിയുണ്ടാവണം. ജനാധിപത്യ സമൂഹം അതാണ് ആഗ്രഹിക്കുന്നത്.
ആസാദ്
17 സെപ്തംബര്‍ 2017