Article POLITICS

മോഡിക്കു ജന്മദിനാഘോഷം നര്‍മ്മദയില്‍ ജലസമാധി

Medha_Patkar_20160713_350_630

 

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനമാണ് . രാഷ്ട്രത്തിന് അദ്ദേഹം ജന്മദിനോപഹാരം നല്‍കുന്നു എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചിട്ടുള്ളത്. അമ്പത്തിയാറു വര്‍ഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തറക്കല്ലിട്ട സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ജലവിതാനമുയര്‍ത്തി മുപ്പതു കവാടങ്ങള്‍ തുറക്കുന്നതാണ് ആ ഉപഹാരം. മരണത്തിന്റെ ആഘോഷമെന്നാണ് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ ഈ ആഘോഷത്തെ വിശേഷിപ്പിക്കുന്നത്. ജലനിരപ്പുയരുന്ന നര്‍മ്മദയില്‍ ജലസത്യഗ്രഹം ആരംഭിച്ചുകൊണ്ടാണ് അവര്‍ മോഡിക്കു ജന്മദിന മുന്നറിയിപ്പു നല്‍കുന്നത്.

ഇരുനൂറോളം ഗ്രാമങ്ങള്‍, ചെറു നഗരങ്ങള്‍, കൃഷിയിടങ്ങള്‍, വനമേഖലകള്‍, ആദിവാസി ഊരുകള്‍ എല്ലാം വെള്ളത്തിലാഴും. പുനരധിവാസം കിട്ടാത്ത പതിനായിരങ്ങളുടെ അശാന്തമായ അലച്ചിലുകള്‍ക്കു മുകളിലാവും മോഡിയുടെ അധികാര ഭാഷണം. പുനരധിവാസം നല്‍കിയേ പദ്ധതി പൂര്‍ത്തീകരിക്കാവൂ എന്ന കോടതി ഉത്തരവും ഗവണ്‍മെന്റ് നല്‍കിപ്പോന്ന ഉറപ്പുകളും ലംഘിക്കപ്പെട്ടിരിക്കുന്നു. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍, മേധാ പട്ക്കറുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുകയാണ്. മേധയും മുപ്പത്തിയാറ് ഇരകളും നര്‍മ്മദയില്‍ ജലസത്യഗ്രഹം തുടങ്ങിയിട്ട് ഒന്നര ദിവസം പിന്നിട്ടിരിക്കുന്നു. ഇന്ന് സര്‍ദാര്‍ സരോവറിന്റെ മുപ്പതു ഗേറ്റുകള്‍ തുറക്കുന്നതോടെ ജലസത്യഗ്രഹം ജലസമാധിയാവുമെങ്കില്‍ അങ്ങനെയാവട്ടെ എന്നാണ് മേധ പറയുന്നത്.

121 മീറ്ററിലേറെ ജലവിതാനം ഉയര്‍ത്തുന്നത് പൂര്‍ണമായ പുനരധിവാസം ഉറപ്പാക്കിയ ശേഷം മതി എന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. തുടക്കം മുതല്‍ ഇത്തരം ആശങ്കകളുണ്ടായിരുന്നു. മേധാ പട്ക്കറിന്റെ സമരജീവിതം നര്‍മ്മദാ തീരത്തെ അശരണരായ മനുഷ്യരുടെ ജീവന്‍മരണ പോരാട്ടവുമായി കണ്ണി ചേര്‍ന്നിട്ട് പതിറ്റാണ്ടുകളായി. 1996ല്‍ സുപ്രീം കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ ഉത്തരവു നല്‍കി. പാരിസ്ഥിതിക, പുനരധിവാസ ഘടകങ്ങള്‍ പരിഗണിച്ചായിരുന്നു തീരുമാനം. പിന്നെ രണ്ടായിരത്തില്‍ പുനരധിവാസം ഉറപ്പാക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന നിബന്ധനയില്‍ സ്റ്റേ നീക്കി.

121.92 മീറ്ററില്‍നിന്ന് 138 മീറ്ററായി ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലും വ്യാപിച്ചുകിടക്കുന്ന പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും എന്തു സംഭവിക്കുമെന്നത് ഗവണ്‍മെന്റിന്റെ പരിഗണനാ വിഷയമല്ല. പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് കൃഷിക്ക് സഹായകമാവും എന്നാണ് വാദം. കാര്‍ഷികോത്പ്പന്നങ്ങള്‍ക്കു വില ലഭ്യമാക്കാനുള്ള പ്രാഥമിക ചുവടുവെപ്പുപോലും നടത്താത്ത, കൃഷി കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന ഒരു ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ക്ക് എന്ത് അര്‍ത്ഥമാണുള്ളത്? മാത്രമല്ല ജലവിനിയോഗത്തിനുള്ള കനാലുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിച്ചിട്ടുമില്ല.

സര്‍ദാര്‍ സരോവര്‍ പദ്ധതിയില്‍നിന്ന് ഇതുവരെ 4141 കോടി യൂണിറ്റ് വൈദ്യുതി ലഭിച്ചുവെന്ന് രൂപാനി പറയുന്നു. 16000കോടി കവിയും വരുമാനമെന്നും അത് നിര്‍മ്മാണച്ചെലവിന്റെ ഇരട്ടിയിലേറെയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇത്ര ലാഭകരമായ പദ്ധതിയില്‍ പുറംതള്ളപ്പെടുന്നവര്‍ പരിഗണിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? നഷ്ടമാകുന്ന പരിസ്ഥിതിയും ജൈവവൈവിദ്ധ്യവും കാക്കാന്‍ എന്തു മുന്നൊരുക്കമാണ് നടത്തിയിട്ടുള്ളത്? അപ്പോള്‍, ആരുടെ ആര്‍ക്കുവേണ്ടിയുള്ള വികസനമാണ് അരങ്ങേറുന്നത്?

മേധാ പട്ക്കറും നര്‍മ്മദാ ബച്ചാവോ ആന്ദോളനും നടത്തുന്ന പോരാട്ടത്തിന് പിന്തുണ നല്‍കേണ്ടതുണ്ട്. ജനങ്ങളെ പരിഗണിക്കാത്ത ഒരു വികസനവും നമുക്കു സ്വീകാര്യമല്ല. ഒാരോ പൗരന്റെയും ജീവിതം ദേശീയ വികസനത്തിന്റെ അടിത്തറയാണ്. അതു വിസ്മരിക്കുന്ന ഭരണകൂട ഭീകരതകളോട് രാജിയാവാന്‍ സാധ്യമല്ല. മോഡിയുടെ ജന്മദിനം പതിനായിരങ്ങളുടെ മരണമണി മുഴക്കിയല്ല ആഘോഷിക്കേണ്ടത്.

ആസാദ്
17 സെപ്തംബര്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )