Article POLITICS

ആത്മഹത്യയില്‍നിന്നു പ്രക്ഷോഭവിജയങ്ങളിലേയ്ക്ക് ഇന്ത്യന്‍ കര്‍ഷകര്‍

 

images (1)

ആത്മഹത്യയ്ക്കും ഭരണകൂട കൊലയ്ക്കും ഇടയിലൂടെ ആര്‍ത്തനാദംപോലെ പാഞ്ഞിരുന്ന ഇന്ത്യന്‍ കര്‍ഷകര്‍ ആത്മവിശ്വാസം വീണ്ടെടുത്തു തുടങ്ങിയിരിക്കുന്നു. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും വഴിയില്‍ വിജയമുണ്ടെന്ന് അവര്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

മാസങ്ങള്‍ക്കു മുമ്പ് വിദര്‍ഭയിലെ ഒരു ഗ്രാമത്തില്‍ ചെന്ന പത്രപ്രവര്‍ത്തകന്‍ വിവരിച്ച അനുഭവമുണ്ട്. ക്ലേശങ്ങളില്‍ ഉഴലുന്ന ഒരു കര്‍ഷകന്‍ മറ്റൊരാളെ ചൂണ്ടി പറയുന്നു. നോക്കൂ, ഇയാളുടെ ഫോട്ടോ ആദ്യമെടുക്കൂ. ഇയാള്‍ ആദ്യം ആത്മഹത്യ ചെയ്യും. പിന്നെ ഞാന്‍. പിന്നെ ഓരോരുത്തരായി എല്ലാവരും. ഗ്രാമങ്ങളില്‍ തീ പോലെ പടര്‍ന്ന അശാന്തി മരണത്തെ എത്ര നിസ്സാരമാക്കിയിരിക്കുന്നുവെന്ന് നാം അറിഞ്ഞു. നഗരങ്ങള്‍ വളരുകയാണ്. സമ്പത്തെല്ലാം നഗരങ്ങളിലെ സമ്പന്ന ന്യൂനപക്ഷത്തിന്റെ സ്വകാര്യ സ്വത്താവുകയാണ്. വികസനം മാളികകളായും വാഹനങ്ങളായും അമിതോപഭോഗങ്ങളായും ഗ്രാമങ്ങളെ തിന്നൊടുക്കുന്നു. അന്നം ഉത്പാദിപ്പിക്കുന്നവര്‍ സ്വാഭാവികം എന്നവണ്ണം തുടച്ചുനീക്കപ്പെടുന്നു. ആത്മഹത്യയോ കൊലപാതകമോ എന്നത് ആര്‍ക്കു വിഷയം?

രണ്ടു പതിറ്റാണ്ടിലേറെയായി സര്‍വ്വവും വിഴുങ്ങി വളരുന്ന ഈ ഭരണകൂട നയത്തെ പിടിച്ചുകെട്ടണമെന്ന് ഗ്രാമങ്ങള്‍ ശബ്ദിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇരമ്പിയെത്തുന്നു. തൊണ്ണൂറുകളില്‍ നഞ്ചുണ്ടസ്വാമി ലക്ഷക്കണക്കിനു കര്‍ഷകരെ പാര്‍ലമെന്റിനു മുന്നില്‍ അണിനിരത്തിയ ശേഷം തുടര്‍ന്ന നീണ്ട ഇടവേളയ്ക്കു വിരാമമാവുകയാണ്. ഹരിയാനയിലും രാജസ്ഥാനിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കര്‍ണാടകയിലും തമിഴ്നാട്ടിലുമെല്ലാം കേന്ദ്ര നയങ്ങള്‍ക്കെതിരായ പടുകൂറ്റന്‍ സമരനിരയാണ് രൂപപ്പെട്ടിരിക്കുന്നത്.

രാജസ്ഥാനില്‍ സിപിഎം നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരം ഉജ്വലമായ വിജയമാണ് നേടിയത്. കാര്‍ഷിക വായ്പകളില്‍ ഇരുപതിനായിരം കോടിയോളം രൂപയുടെ ഇളവു പ്രഖ്യാപിക്കാന്‍ കൃഷിമന്ത്രി പ്രഭുലാല്‍ സെയ്നി നിര്‍ബന്ധിതനായി. അമ്പതിനായിരം രൂപവരെ കര്‍ഷകര്‍ക്ക് ഇളവു ലഭിക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്കു താങ്ങുവില നിശ്ചയിക്കുക, അഞ്ഞൂറു രൂപയില്‍നിന്ന് അയ്യായിരം രൂപയായി കാര്‍ഷിക പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, കന്നുകാലി അറവിലും വില്‍പ്പനയിലും നിലവിലുള്ള നിയന്ത്രണം എടുത്തുകളയുക എന്നീ ആവശ്യങ്ങളും സര്‍ക്കാറിന് അംഗീകരിക്കേണ്ടിവന്നു. കര്‍ഷക സമരങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു തിളക്കമാര്‍ന്ന അനുഭവമാണ് രാജസ്ഥാനിലെ കര്‍ഷകര്‍ എഴുതിച്ചേര്‍ത്തത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ എന്തു ചെയ്യാനാവുമെന്ന് സിപിഎം തെളിയിക്കുകയും ചെയ്തു. രാജസ്ഥാനിലെ മുന്‍ എം എല്‍ എ മാരായ അമറാ റാം, പേമാറാം എന്നീ സിപിഎം നേതാക്കളുടെ നേതൃത്വം അഭിനന്ദനമര്‍ഹിക്കുന്നു.

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ക്‍സംഘടിപ്പിച്ച ഭൂമി അധികാര്‍ ആന്ദോളന്‍ ആഗസ്ത് 9 ന് രാജ്യമെങ്ങും ചലനമുണ്ടാക്കി. തുടര്‍ന്ന് പാറ്റ്നയിലും ബംഗളൂരുവിലും ഷിംലയിലും ഭൂവനേശ്വറിലുമെല്ലാം നടത്തിയ പ്രക്ഷോഭ പ്രകടനങ്ങള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പുതിയ മുന്നേറ്റം അടയാളപ്പെടുത്തുന്നതായി.
പശ്ചിമ ബംഗാളിലെ ബംഗാറില്‍ നടക്കുന്ന കര്‍ഷക സമരത്തിന് സിപിഐ എംഎല്‍ റെഡ്സ്റ്റാര്‍ നല്‍കുന്ന നേതൃത്വവും ശ്രദ്ധേയമാണ്.

കാര്‍ഷിക വായ്പകള്‍ക്ക് ഇളവു നല്‍കുക, സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശകള്‍ (2006) നടപ്പാക്കുക, കന്നുകാലികളുടെ അറവിനും വില്‍പ്പനയ്ക്കുമുള്ള നിയന്ത്രണം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ഇടതുപക്ഷം ആരംഭിച്ച പ്രചാരണവും പ്രക്ഷോഭവും ആത്മഹത്യയിലേക്കു നീങ്ങുന്ന ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്നുണ്ട്. അതിന്റെ വലിയ ഉദാഹരണമാണ് രാജസ്ഥാന്‍. ജൂണില്‍ മധ്യപ്രദേശിലെ മണ്ട്സോളില്‍ പ്രതിഷേധിച്ചു റോഡിലിറങ്ങിയ ആറു കര്‍ഷകരെ വെടിവെച്ചു കൊലപ്പെടുത്തിയ ഭരണകൂട നടപടി പുതിയ മുന്നേറ്റങ്ങളിലേക്കാണ് കര്‍ഷകരെ പ്രചോദിപ്പിച്ചത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒരു കര്‍ഷകന്റെ വീടു സന്ദര്‍ശിച്ച അമറാറാമും പേമാറാമും അവിടെ ചാ്കുകളില്‍ കെട്ടിവെച്ച വെളുത്തുള്ളിയും പുകയാത്ത അടുപ്പുകളുമാണ് കണ്ടത്. വെളുത്തുള്ളി കൃഷി ചെയ്തുണ്ടാക്കി. പക്ഷെ, വിപണിയില്‍ ആവശ്യമില്ല. വില ഒട്ടും കിട്ടാത്ത സാഹചര്യം മുഴു പട്ടിണിയിലേക്കാണ് അവരെ തള്ളി വിട്ടത്. ദുരനുഭവം അവരെ പ്രതിഷേധത്തിലേയ്ക്ക് ഇറക്കുകയായിരുന്നു. അല്ലാതെ അവരെന്തുചെയ്യുമെന്ന് നേതാക്കള്‍ ചോദിക്കുന്നു.

ഗ്രാമങ്ങളിലെ കൃഷിഭൂമി അപഹരിക്കപ്പെടുന്നു. പുഴയും മണലും മണ്ണും വയലും പാറയുമെല്ലാം പുതു മുതലാളിത്തത്തിനു വേണം. വേണ്ടാത്തത് ദരിദ്രരും ഭൂരഹിതരും ഇടത്തട്ടുകാരുമായ കര്‍ഷകരെയാണ്. അവരുടെ കണ്ണുകെട്ടിയേ പൊതു സമ്പത്തു കൊള്ളയടിക്കാനാവൂ. അതിനാല്‍ വ്യാജപ്രശ്നങ്ങളില്‍ അന്യോന്യം വേട്ടയാടി ഒടുങ്ങുന്നതിനുള്ള കൗശലങ്ങളുണ്ടാക്കുന്നു. ജാതി വിവേചനവും ഗോവധ ഗോവില്‍പ്പന നിരോധനങ്ങളും ഗ്രാമീണ സമ്പദ്ഘടനയുടെ അടിവേരു മാന്താനുള്ളതാണ്. അവശേഷിച്ച സ്വാശ്രയ ഘടനകൂടി തകര്‍ന്നുവെന്ന് ഉറപ്പാക്കണം ഭരണകൂടത്തിനും കോര്‍പറേറ്റുകള്‍ക്കും. ഇതു തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് ഇന്ത്യന്‍ ഗ്രാമങ്ങള്‍. അതിന്റെ ഭാഗമായാണ് ജില്ലാ ഭരണ കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രതിഷേധ ജാഥകളും വഴി തടയലുകളുമെല്ലാം. ഈ വാര്‍ത്തകള്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.

നവലിബറല്‍ നയങ്ങളെന്നോ, കോര്‍പറേറ്റ് വികസന നയങ്ങളെന്നോ വിളിക്കാവുന്ന ഭരണകൂട താല്‍പ്പര്യമാണ് ഇന്ത്യയുടെ ആത്മാവ് ഇരിയ്ക്കുന്നിടം കുളം തോണ്ടുന്നത്. ആ നയങ്ങളുടെ പങ്കുകാരായല്ല, അതിനു ബദല്‍ കണ്ടെത്തിയാണ് പ്രതിരോധം ശക്തിപ്പെടുത്തേണ്ടത്. അധികാരമുണ്ടെങ്കില്‍ ചൂഷകര്‍ക്കൊപ്പം ഇല്ലെങ്കില്‍ ചൂഷിതര്‍ക്കൊപ്പം എന്ന വലതുപക്ഷ രാഷ്ട്രീയം തുറന്നു കാണിക്കണം. കര്‍ഷകരെ പുതു ജീവിതത്തിലേയ്ക്ക് ആനയിക്കുക എന്നത് ദേശീയ വികസനത്തിന്റെ അനിവാര്യമായ ചുമതലയാണ്. അതു നിര്‍വ്വഹിക്കാന്‍ സന്നദ്ധമാവുന്ന പോരാളികളെ അഭിവാദ്യം ചെയ്യുന്നു.

ആസാദ്
16 സെപ്തംബര്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )