Article POLITICS

ദര്‍ശനനഷ്ടവും ഹ്രസ്വദൃഷ്ടിയും ചുവപ്പിനെ കാവിയാക്കും

 

സംഘപരിവാരത്തിന്റെ ആശയ ധാരയിലേക്ക് നിരയിലേക്ക് സാമാന്യം നല്ല കുത്തൊഴുക്കാണ് കേരളത്തില്‍. ആശയഭേദത്തിന്റെ അതിര്‍വരമ്പു മുറിച്ച് ആചാരാനുഷ്ഠാനങ്ങളെ വരിക്കാന്‍ ഇപ്പോള്‍ഇടതുപക്ഷത്തിനും തടസ്സമേതുമില്ല. കാലപ്പഴക്കംകൊണ്ട് ചില ചുവപ്പുകള്‍ കാവിയാകുമെന്നു ഗുണപാഠം.

വളരെ ലളിതമായ ചോദ്യമാണ് നേതാക്കളുടേത്. കേരളത്തില്‍ ഏറ്റവുമധികം ഹിന്ദുക്കള്‍ വോട്ടു ചെയ്യുന്നത് ഏതു പാര്‍ട്ടിക്കാണ്? അതു സി പി എമ്മല്ലേ? അപ്പോള്‍ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടി ബിജെപിയാകുന്നതെങ്ങനെ? ഒരു വാര്‍ത്താചാനലിലെ ചര്‍ച്ചയില്‍ ഇത്ര അലസമായി സത്യം പറയുന്ന ഇടതു നേതാക്കള്‍ മുമ്പുണ്ടായിട്ടില്ല. തര്‍ക്കം ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടി ഏതാണെന്നായിരിക്കുന്നു. ഏറ്റവും വലിയ മതേതര പാര്‍ട്ടിയെന്നായിരുന്നു മുമ്പവരുടെ അവകാശവാദം. ഇപ്പോഴത്തെ ഈ തര്‍ക്കനിലം സംഘപരിവാരത്തിന്റെ മോഹനിലമാണ്. അവിടേയ്ക്കു കാര്യങ്ങളെ എത്തിക്കാനായിരുന്നു പതിറ്റാണ്ടുകളായി അവര്‍ യത്നിച്ചത്.

ശ്രീകൃഷ്ണന്റെ കാലത്ത് സംഘപരിവാരമുണ്ടായിരുന്നോ? അവരെങ്ങനെ കൃഷ്ണന്റെ അവകാശികളാകും എന്നാണ് സെക്രട്ടറിതന്നെ ചോദിക്കുന്നത്. കൃഷ്ണനില്‍ തങ്ങള്‍ക്കും അവകാശമുണ്ട് എന്ന വാദം കൊള്ളാം. പക്ഷെ ഇങ്ങനെയൊരു അവകാശത്തര്‍ക്കം ജാതി ജന്മി നാടുവാഴിത്തത്തോടു പൊരുതിനിന്ന കാലത്ത് ആ പാര്‍ട്ടിക്കുണ്ടായിട്ടില്ല. വേദങ്ങള്‍ പഠിക്കാന്‍ ചെലവഴിച്ച കാലം പാഴായല്ലോ എന്നേ ഇ എം എസ്സ് ഖേദിച്ചിട്ടുള്ളു. പൂണൂല്‍ കത്തിച്ചു ചാരം മത പൗരോഹിത്യത്തിനയച്ച ധിക്കാരമായിരുന്നു അവരുടെ ഊര്‍ജ്ജം. അവര്‍ക്ക് ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചോ അതിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചോ പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ചോ ഒരു ധാരണയും ഉണ്ടായിരുന്നില്ല എന്നു വേണമോ കരുതാന്‍?

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജീര്‍ണമായ പുനരുത്ഥാന ചിന്തകളെയും കുടഞ്ഞെറിഞ്ഞത് മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ്. ജീവിതത്തിന്റെ ഒന്നാം ക്രമത്തില്‍ പ്രാഥമിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള വെമ്പല്‍ മാത്രമേ കാണൂ. വിശക്കുന്നവന് ഭക്ഷണം. ഒരു തൊഴില്‍, താമസിക്കാനോരിടം, അത്യാവശ്യമായ ജീവിത സൗകര്യങ്ങള്‍ ഇത്രയും സാധ്യമാക്കാനുള്ള വഴിയാണ് കമ്യൂണിസ്റ്റുകാര്‍ തുറന്നത്. അതിലുപരി മോക്ഷത്തെക്കുറിച്ചുള്ള ഒരു വാഗ്ദാനവും ആരെയും വ്യാമോഹിപ്പിച്ചില്ല.പട്ടിണിയും പരിവട്ടവും ദൈവവിധിയാണ് , ചാതുര്‍വര്‍ണ്യം ദൈവസൃഷ്ടം എന്നൊക്കെയുള്ള പ്രമാണങ്ങളെയാണ് സാധാരണ മനുഷ്യര്‍ പിച്ചിച്ചീന്തിയത്.

അടിച്ചമര്‍ത്തപ്പെടുന്നവരും പുറംതള്ളപ്പെടുന്നവരും പെരുകുന്ന കാലത്ത്, പൊതു സ്വത്തുമുതല്‍ സ്വകാര്യംവരെ കൊള്ളയടിക്കപ്പെടുന്ന കാലത്ത് നാം വഴിയില്‍ തള്ളിയ ഒരു ദൈവവും രക്ഷിക്കാനെത്തുന്നില്ല. വ്യാജമായ സമൃദ്ധിയുടെ ചിത്രം വരച്ച് അതില്‍ അഭിരമിക്കുന്നവര്‍ക്ക് പുരാവസ്തു ശേഖരണം പോലെ പഴയ ദൈവങ്ങളുടെ എഴുന്നള്ളത്തും ഹരമാവാം. ജീവല്‍പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് മുഖ്യം. ഇതു പറയാന്‍ ഭൂതപ്പെരുമയില്‍ സ്വയം മറന്നവര്‍ക്കു സാധ്യമാവില്ല. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അറു പിന്തിരിപ്പന്‍ ആശയലോകത്തേക്കു കണ്ണിചേര്‍ക്കുന്ന അന്ധനേതൃത്വത്തിന് ഇനി തിരുത്താന്‍ സമയംകിട്ടിയെന്നു വരില്ല. കോര്‍പറേറ്റ് മുതലാളിത്തവും ബ്രാഹ്മണിക്കല്‍ ഹിന്ദുവാദവും കൂട്ടുചേരുന്ന അശ്ലീല സഖ്യം ഇത്രയും വളര്‍ന്നു തിടംവെച്ചത് ഇടതുപക്ഷത്തെ ദര്‍ശനനഷ്ടങ്ങളുടെ തുറസ്സിലുടെ കൂടിയാണെന്നു പറയാതെവയ്യ.

മതം മര്‍ദ്ദിത മനുഷ്യന്റെ നെടുവീര്‍പ്പും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവുമാണ് എന്ന വാക്യങ്ങള്‍ എഴുതുമ്പോള്‍ മാര്‍ക്സ് , കൊടും ചൂഷണത്തിന്റെയും അധികാര പ്രയോഗത്തിന്റെയും പഴയദശയില്‍ മതം താല്‍ക്കാലികമായ വേദനാസംഹാരിയായതെങ്ങനെ എന്നാണ് വിവരിക്കുന്നത്. വേദനയില്‍നിന്നുള്ള സ്ഥിരമായ മോചനത്തിന് അധികാര വ്യവസ്ഥയെ പൊളിച്ചെഴുതണമെന്നും അതിനുള്ള വിപ്ലവശക്തി തൊഴിലാളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താല്‍ക്കാലിക ആശ്വാസം സ്ഥിരമോചനത്തിലേക്കു കുതിക്കുന്നതിനു തടസ്സമാവരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മതം വേണമോ വേണ്ടയോ എന്നതിനെക്കാള്‍ പ്രസക്തമായ വിഷയം, മതത്തെ പ്രസക്തമാക്കുന്ന ചൂഷണാധിഷ്ഠിതമായ സാമൂഹിക സന്ദര്‍ഭം പൊളിച്ചെഴുതണം എന്നതാണ്. മതത്തെ സംബന്ധിച്ച പാഴ് വിചാരങ്ങളിലല്ല സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള വിപ്ലവ വിചാരങ്ങളിലാണ് കമ്യൂണിസ്റ്റുകാര്‍ നിറഞ്ഞു നില്‍ക്കേണ്ടത്.

സമൂഹത്തിലെ മിത്തുകളെ അഥവാ പുരാവൃത്തങ്ങളെ അതണിഞ്ഞു നില്‍ക്കുന്ന ചളിപിടിച്ച വേഷങ്ങള്‍കൊണ്ടല്ല അതു നിവര്‍ത്തുന്ന വിചാര സാധ്യതകള്‍കൊണ്ടാണ് തിരിച്ചറിയേണ്ടത്. വേഷങ്ങളില്‍ പുളയ്ക്കുന്ന ഘോഷയാത്രകള്‍ പിറകോട്ടാണ് സഞ്ചരിക്കുക. ദര്‍ശനങ്ങളോട് ഏറ്റുമുട്ടുന്ന വായനകളിലാണ് മിത്തുകള്‍ അതിജീവിക്കുന്നതും പൊലിയുന്നതും. പുനരുത്ഥാനവാദികളെന്നോ പിന്‍ നടത്തക്കാരെന്നോ വിളിക്കാവുന്ന സംഘപരിവാരങ്ങളുടെ പ്രവര്‍ത്തന പദ്ധതികളെയോ വിചാര മാതൃകകളെയോ പിന്‍പറ്റുന്ന പണി കമ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല. കാരണം അവര്‍ നാളെയുടെ ലോകമാണ് ലക്ഷ്യമാക്കുന്നത്. നാളെയുടെ ലോകം പണിയാനുള്ള ദര്‍ശനവും ആയുധവും എവിടെയുണ്ടോ അങ്ങോട്ടുമാത്രമേ ഏതു ജനസമൂഹവും നടന്നടുക്കൂ. അതു പക്ഷെ, അവര്‍ക്കു ബോധ്യമാകണം.

സ്തംഭിച്ചു നില്‍ക്കുകയും പിന്നെ പിറകോട്ട് ആയുകയും ചെയ്ത കാലത്ത് സിപിഎമ്മിന് ഒരു കുതിപ്പു നല്‍കിയ പ്രമേയമാണ് തെറ്റുതിരുത്തല്‍രേഖ. വീണ്ടും ജനങ്ങളിലേയ്ക്ക് എന്ന ആഹ്വാനമായിരുന്നു അത്. ഭൂതജീര്‍ണതകളെ കൈവെടിയാനും ജനകീയ സമരങ്ങളില്‍ ശക്തി കണ്ടെത്താനും അത് ആഹ്വാനം ചെയ്തു. ഇരുപത്തിയൊന്നു വര്‍ഷം കഴിയുമ്പോള്‍ സമ്മേളനങ്ങളിലെ ചര്‍ച്ചയ്ക്കൊരു വിഷയം എന്നതിനപ്പുറം ആ രേഖയ്ക്കു പൊടിപ്പുകളുണ്ടായില്ല. പിറകോട്ടേ പോകൂ എന്ന വാശി, ചില തണലുകളില്‍ ചുരുണ്ടുകൂടാനുള്ള താല്‍പ്പര്യം മാത്രമാവാം. പക്ഷെ, നാളെയുടെ പ്രസ്ഥാനത്തെ ഭൂതപ്രണയികള്‍ക്ക് വിട്ടുകൊടുക്കുന്ന ഏറ്റവും വഞ്ചനാപരമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് പറയാതെവയ്യ.

ആസാദ്
14 സെപ്തംബര്‍ 2017

 

 

 

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )