Article POLITICS

ഗാന്ധി മുതല്‍ ഗൗരിവരെ വെടിയുണ്ടകളുടെ രാഷ്ട്രീയാര്‍ത്ഥം

gauri-lankesh_647_090517090830

 

കല്‍ബുര്‍ഗിക്കും പന്‍സാരെക്കും പിറകെ ഗൗരി ലങ്കേഷ് എന്ന മുതിര്‍ന്ന പത്രാധിപയും വധിക്കപ്പെട്ടിരിക്കുന്നു. വീട്ടുവാതില്‍ക്കല്‍ ഇരച്ചെത്തുന്ന വെടിയുണ്ടകള്‍ക്ക് ഇപ്പോള്‍ ഒരൊറ്റ രാഷ്ട്രീയാര്‍ത്ഥമേയുള്ളു. വധിക്കപ്പെട്ടവരുടെ പേരുകള്‍ മതി കൊലയാളിയുടെ രാഷ്ട്രീയോദ്ദേശം വ്യക്തമാവാന്‍.

അക്രമിക്കപ്പെടുന്നത് അഴിമതിക്കാരല്ല. അധോലോക സംഘാംഗങ്ങളല്ല. ക്വട്ടേഷന്‍ ഗുണ്ടകളല്ല, ബ്ലേഡ് മുതലാളിമാരുമല്ല. മുമ്പത് ഹംബിയിലെ കന്നട സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ എം എം കല്‍ബുര്‍ഗിയാണ്. ഇപ്പോഴാവട്ടെ, ശ്രദ്ധേയമായ പാരമ്പര്യമുള്ള ലങ്കേഷ് പത്രികയുടെ പത്രാധിപ ഗൗരി ലങ്കേഷ്ക്കറാണ്. `എന്റെ രാജ്യത്തിന്റെ ഭരണഘടന മതേതര ജീവിതം നയിക്കാനാണ് എന്നോടാവശ്യപ്പെടുന്നത്. ഒരു തരത്തിലുള്ള വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കാനല്ല ‘ എന്ന ധീരമായ നിലപാടിനെയാണ് ബംഗളൂരുവില്‍ വെടിവെച്ചു വീഴ്ത്തിയിരിക്കുന്നത്.

കന്നട ഭാഷയ്ക്കും സംസ്ക്കാരത്തിനും അമൂല്യ സംഭാവനകളര്‍പ്പിച്ച പത്രമാണ് ലങ്കേഷ് പത്രിക. കവി, കഥാകൃത്ത്, നാടക കൃത്ത്, തിരക്കഥാകൃത്ത്, വിവര്‍ത്തകന്‍, പത്ര പ്രവര്‍ത്തകന്‍ ആദ്യകാല സിനിമാ നിര്‍മാതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെട്ട പി ലങ്കേഷാണ് പത്രം ആരംഭിച്ചത്. ബാംഗ്ലൂര്‍ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറുടെ ജോലി ഉപേക്ഷിച്ച് 1980ല്‍ ലങ്കേഷ് പത്രികയാരംഭിച്ചത് തികഞ്ഞ ലക്ഷ്യബോധത്തോടെയായിരുന്നു. ലോഹിയന്‍ സോഷ്യലിസ്റ്റും മതേതരവാദിയുമായിരുന്ന അദ്ദേഹം ജാതി വിരുദ്ധവും തീവ്രഹിന്ദുത്വ വിരുദ്ധവുമായ നിലപാടുകള്‍കൊണ്ടു ശ്രദ്ധിക്കപ്പെട്ടു.

ലങ്കേഷ് 2000ല്‍ മരിച്ചപ്പോള്‍ മകള്‍ ഗൗരി പത്രാധിപ ചുമതലയേറ്റു. പത്രികയുടെ സ്വഭാവവും പാരമ്പര്യവും അവര്‍ ഉയര്‍ത്തിപ്പിടിച്ചു. രാജ്യത്തു ശക്തിപ്പെടുന്ന ഫാഷിസത്തിനെതിരെ എഴുതിക്കൊണ്ടിരുന്നു. കല്‍ബുര്‍ഗി വധത്തെ കടുത്ത ഭാഷയിലാണ് ഗൗരി അപലപിച്ചത്. ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ നിശബ്ദമാക്കാനാണ് നീക്കമെന്ന് അവര്‍ തുറന്നടിച്ചു. സമൂഹത്തിലെ പുറന്തള്ളപ്പെടുന്ന മനുഷ്യര്‍ക്കൊപ്പം നിലയുറപ്പിച്ച ഗൗരിയെ ഇല്ലാതാക്കേണ്ടത് കോബ്രാഫാഷിസത്തിന് ആവശ്യമായിരുന്നു. സ്വതന്ത്ര ചിന്തയെ ഭയപ്പെടുന്ന ഇരുണ്ട വിശ്വാസ പ്രമാണങ്ങളാണ് ഗാന്ധിജി മുതല്‍ കല്‍ബുര്‍ഗി വരെയുള്ളവരെ ഇല്ലാതാക്കിയത്. ഗൗരിയുടെ നെഞ്ചിലേക്കു നിറയൊഴിച്ചതും അതേ ശക്തികളാണ്.

സംഘപരിവാരം തോക്കുകൊണ്ടാണ് കളിക്കുന്നത്. നാടന്‍ ബോംബുകളും എസ് കത്തികളും വടിവാളുകളും ചുമന്നെത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രാകൃത മുറകളല്ല പുതിയ ഫാഷിസത്തിന്റേത്. കണക്കു തീര്‍ക്കാന്‍ തോക്കുകളുണ്ട്. പട്ടിക തയ്യാറാക്കാന്‍ വിചാര കേന്ദ്രങ്ങളുണ്ട്. യുക്തിബോധം പണയം വെക്കാത്തവരെത്തേടി അവരെത്തും. കോര്‍പറേറ്റ് സൗകര്യങ്ങളുടെ വേഗവും കണിശതയുമുള്ള പോസ്റ്റ്മോഡേണ്‍ ഭൂതാവേശം അഴിഞ്ഞാടുകയാണ്.

ബംഗളുരു ദൂരെയല്ല. പക്ഷെ ഗൗരി ലങ്കേഷിനെപ്പോലെ ഇച്ഛാശക്തിയോടെ പൊരുതുന്നവര്‍ അകലുകയാണെന്ന് ഖേദിക്കാന്‍ ഇടവരരുത്. വെടിയുണ്ടകളെ സ്വീകരിക്കാന്‍ ശേഷിയുള്ള ശബ്ദങ്ങള്‍കൊണ്ട് രാജ്യം നിറയണം. ധീരയായ ഗൗരി ലങ്കേഷ്, അന്ത്യാഭിവാദ്യം

ആസാദ്
5 സെപ്തംബര്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )