Article POLITICS

ഇതാ ഇതു രക്തമാണ്, രോഹിങ്ക്യകളുടെ രക്തം

images

 

ബര്‍മയില്‍നിന്നു കേള്‍ക്കുന്നത് നടുക്കുന്ന വാര്‍ത്തകളാണ്‌. മഴപോലെ രക്തംപെയ്യുന്ന തെരുവുകള്‍. നിലയ്ക്കാത്ത നിലവിളികള്‍. ഹീനമായ വംശഹത്യ പടിഞ്ഞാറന്‍ ബര്‍മയെ യുദ്ധക്കളമാക്കിയിരിക്കുന്നു. അക്രമം, കൊലവിളി, ശിശുഹത്യ, കൂട്ടബലാല്‍സംഗം. ഉപഗ്രഹ വാര്‍ത്തകളും ദൃശ്യങ്ങളും അലോസരപ്പെടുത്തുന്നവയാണ്.

ഉന്മൂലനം ചെയ്യുന്നത് രോഹിങ്ക്യാ മുസ്ലിം ന്യൂനപക്ഷത്തെയാണ്. ശാന്തിയും അഹിംസയും പുലര്‍ത്തുന്ന മഹത്തായ ബുദ്ധമതം അവിടെ വംശീയ യുദ്ധത്തിലാണ്. ബര്‍മയില്‍ രോഹിങ്ക്യകള്‍ക്കെന്തു കാര്യം എന്നാണവരുടെ ചോദ്യം. പന്ത്രണ്ടോ പതിമൂന്നോ ലക്ഷം വരുന്ന രോഹിങ്ക്യകള്‍ക്ക് പൗരത്വരില്ല. പൗരാവകാശമോ മനുഷ്യാവകാശമോ ഇല്ല. യാത്രാ സ്വാതന്ത്ര്യമില്ല. പകല്‍വെട്ടത്തിറങ്ങിക്കൂടാ എന്ന അവസ്ഥ.

മണ്ണോ പാര്‍പ്പിടമോ ഇല്ലാത്ത മനുഷ്യജീവികളായി, രാഷ്ട്രമില്ലാത്ത പൗരന്മാരായി അവര്‍ അലയാന്‍ വിധിക്കപ്പെട്ടു. ജലജീവിതത്തിന്റെ ഭൂതകാലം തോണിമനുഷ്യരെന്ന പേര് അവര്‍ക്കു നല്‍കിയിരുന്നു. വീണ്ടും പലായനത്തിന്റെ ഇരുട്ടിലേയ്ക്ക് അവരിലേറെയും എടുത്തെറിയപ്പെട്ടു. ബംഗ്ലാദേശില്‍നിന്നു വന്നവരെന്ന അധിക്ഷേപത്തോടെ രാക്കാനയില്‍നിന്നു ഭ്രഷ്ടരാക്കപ്പെട്ടു. ബംഗ്ലാദേശും ഇന്ത്യയും ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലേയ്ക്കും വിദൂര യൂറോപ്യന്‍ കാരുണ്യങ്ങളിലേയ്ക്കും പായ്ക്കപ്പലുകള്‍ അവയ്ക്കു ചുമക്കാവുന്നതിലേറെ ഭാരവും ചുമന്ന് യാത്രയായി. തീരങ്ങളിലെ സുരക്ഷാ സേനകള്‍ അവരെ ആട്ടിയകറ്റിക്കൊണ്ടിരുന്നു. പുറം കടലുകളില്‍ കടല്‍ക്കാറ്റില്‍ മാഞ്ഞുപോയ നിലവിളികളായി, തീരങ്ങളിലടിഞ്ഞ ഓമനത്വമുള്ള കുഞ്ഞു ശരീരങ്ങളായി അവരൊടുങ്ങി. വല്ലപ്പോഴും നമ്മുടെ മാധ്യമങ്ങളില്‍ ഈ ചിത്രങ്ങളും പതിഞ്ഞിരുന്നു.

ഇന്ത്യയിലേക്ക് നാല്‍പ്പതിനായിരത്തോളം അഭയാര്‍ത്ഥികളെത്തിയെന്നാണ് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ലോകസഭയെ അറിയിച്ചത്. അവര്‍ നിയമവിരുദ്ധമായി കടന്നെത്തിയവരാണ്, അവരെ താങ്ങാന്‍ രാജ്യത്തിനാവില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. പലകാലങ്ങളിലായി അയല്‍പക്ക അഭയാര്‍ത്ഥികളുടെ പ്രവാഹമുണ്ടായിട്ടുണ്ട് ഇന്ത്യയിലേക്ക്. അഫ്ഗാനില്‍നിന്നും തിബത്തില്‍ നിന്നും ശ്രീലങ്കയില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമെല്ലാം. അവര്‍ക്ക് മണ്ണും ജീവിതവും പകുത്തതിന്റെ പുകിലുകള്‍ ഇവിടെയും ഒടുങ്ങിയിട്ടില്ല. മണ്ണിന്റെ മക്കള്‍വാദവും ഏകശിലാത്മക സാംസ്കാരിക ദേശീയതയും മനുഷ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. അതിനിടയിലാണ് ജന്മു കാശ്മീരിലേക്കും ഹരിയാന, ദില്ലി, യുപി, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കും രോഹിങ്ക്യകള്‍ എത്തിയിരിക്കുന്നത്. ജമ്മുവില്‍ രോഹിങ്ക്യകള്‍ക്കെതിരെ നീക്കം ആരംഭിച്ചുകഴിഞ്ഞുവെന്ന് വാര്‍ത്തകളുണ്ട്. വിശ്വ ഹിന്ദു പരിഷത്തും നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടിയും കാശ്മീരില്‍ രോഹിങ്ക്യാ വിരുദ്ധ പ്രചാരണത്തിലാണ്. ഇതിനിടെ അക്രമങ്ങളും വീടുകത്തിക്കലും നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ഭൂമിയില്ലാത്ത അശരണരായ മനുഷ്യര്‍ എങ്ങോട്ടാണ് പോകേണ്ടത്? എവിടെ നിന്നു വരുന്നവരെയും സ്വീകരിച്ചു പാര്‍പ്പിക്കണം പാലിക്കണം എന്നൊക്കെയുള്ള പൊതുതത്വം നമ്മളും അംഗീകരിച്ചിരുന്നു. അപായകരമായ ജീവിത സാഹചര്യങ്ങളിലേയ്ക്ക് അവരെ തിരിച്ചയക്കരുതെന്ന നിഷ്ഠയും പാലിച്ചുപോന്നു. ഇപ്പോള്‍ പക്ഷെ മന്ത്രി റിജ്ജു പറയുന്നത് അവരെ തിരിച്ചയക്കണമെന്നാണ്. മരണത്തിന്റെ വീട്ടിലേക്കുള്ള മടക്കമായിരിക്കുമത്.

1948 ജനവരിയില്‍ ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച്ചയില്‍നിന്നു വിമോചിതമായതാണ് ബര്‍മ. പക്ഷെ, പോരാട്ടത്തില്‍ ഒന്നിച്ചുണ്ടായിരുന്ന ഇന്ത്യയെപ്പോലെ ഒരു ദീര്‍ഘകാല ജനാധിപത്യാനുഭവം അവിടെയുണ്ടായില്ല. 1962 മുതല്‍ അരനൂറ്റാണ്ടു നീണ്ട പട്ടാള ഭരണമായിരുന്നു. പൊതുവേ ജനാധിപത്യാവകാശം ലംഘിക്കപ്പെട്ട നാട്ടില്‍ രോഹിങ്ക്യകളുടെ സവിശേഷാനുഭവങ്ങള്‍ക്ക് വലിയ വാര്‍ത്താമൂല്യമുണ്ടായില്ല. സമീപകാലത്ത് സ്ഥിതി മാറിത്തുടങ്ങി. ബര്‍മയുടെ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നീണ്ട തടവു ജീവിതവും ത്യാഗാനുഭവങ്ങളും നേരിട്ട ഓങ് സായ് സൂകിയുടെ പാര്‍ട്ടി കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തി. പട്ടാള ഭരണകൂടം നല്‍കിയിട്ടില്ലാത്ത നീതി സൂകിയുടെ ജനാധിപത്യ ഭരണകൂടവും പക്ഷെ, രോഹിങ്ക്യകള്‍ക്കു നല്‍കിയില്ല. രോഫിങ്ക്യകളെന്ന പേരുപോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. കുടിയേറ്റക്കാരായ ബംഗാളികളെന്നേ ഇപ്പോഴും രേഖകളില്‍ കാണൂ.

പടിഞ്ഞാറന്‍ ലോകം സൂകിയെ ആദരിച്ചതും നോബല്‍ സമ്മാനം നല്‍കിയതും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു. ഇപ്പോള്‍ ലോകത്തെ സ്തംഭിപ്പിച്ച മനുഷ്യക്കുരുതിയും വംശഹത്യയും കൂട്ടബലാല്‍സംഗവും നടക്കുന്നത് സൂകിയുടെ അധികാരത്തിനു കീഴിലാണ്. ആ നോബല്‍ സമ്മാനം തിരിച്ചുവാങ്ങൂ എന്ന മുറവിളിപോലും യൂറോപ്യന്‍ ബുദ്ധിജീവികളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ രോഹിങ്ക്യകള്‍ക്ക് പൗരത്വവും പൗരാവകാശവും നല്‍കണമെന്ന് മ്യാന്‍മര്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചതാണ്. അതു പാലിക്കപ്പെട്ടില്ല. ഏറ്റവും ഒടുവില്‍ മ്യാന്‍മറിലേക്ക് ഒരു വസ്തുതാന്വേഷണ സംഘത്തെ അയക്കാനും യു എന്‍ തീരുമാനമെടുത്തു. അങ്ങോട്ടാരും വരേണ്ടതില്ല എന്നാണ് സൂകി പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദ്ദവും ഫലം കണ്ടില്ല.

ഈ സന്ദര്‍ഭത്തില്‍ രോഹിങ്ക്യന്‍ ജനസമൂഹത്തോട് ഐക്യപ്പെടാന്‍ എവിടെയുമുള്ള മനുഷ്യ സ്നേഹികള്‍ക്കു ബാധ്യതയുണ്ട്. വംശീയ തീവ്രവാദങ്ങളെയും സ്വേഛാധികാര പ്രവണതകളെയും പരാജയപ്പെടുത്തിയേ തീരൂ.മനുഷ്യരെ സ്നേഹിക്കാത്ത ഒന്നിനോടും രാജിയാവേണ്ടതില്ല. ജനാധിപത്യത്തിന്റെ സത്തയും ശക്തിയും പുനസ്ഥാപിക്കപ്പെടണം. മുറിവേറ്റവരുടെ പതാകകള്‍ക്ക് ഒരേ നിറവും ചിഹ്നവുമാണ്. ശമനമില്ലാത്ത നിലവിളികളില്‍ പതറിപ്പാറുന്ന പതാകകളെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു.

ആസാദ്
4 സെപ്തംബര്‍ 2017

1 അഭിപ്രായം

  1. സൂകി അമേരിക്കയുടെയും യൂറോപ്പിന്റെയും പാവ ഭരണാധികാരിയായിരിക്കുന്നിടത്തോളം കാലം ബർമ്മയിൽ ഒരു ബേസുണ്ടാക്കി ഈ മേഖല നിയന്ത്രിക്കുന്നതിനപ്പുറം റോഹിങ്ക്യകളെ കൂട്ടക്കുരുതി ചെയ്യുന്നത് പടിഞ്ഞാറിന് ഒരു പ്രശ്നമേയല്ല.

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )