ജനങ്ങളുടെ ആരോഗ്യം വിപണിയില്‍ വിലപേശി സംരക്ഷിക്കേണ്ട അവസ്ഥ ദുഖകരമാണ്. ഒൗഷധവില മുതല്‍ ശുശ്രൂഷാ പരിചരണ ചെലവുകള്വരെ കുതിച്ചുയരുന്നു. രോഗങ്ങള്‍ കുറയുകയല്ല, അപ്രത്യക്ഷമായവ പോലും ജീവന്വെച്ചെത്തുകയാണ്. സാമൂഹിക സുരക്ഷയിലും വൈദ്യശാസ്ത്ര ധാര്‍മികതയിലും ഊന്നിയ ഒരു ആരോഗ്യനയം നമുക്കില്ലാതെ പോകുന്നു.
ഈ സാഹചര്യത്തെ കൂടുതല്‍ അപായകരമാക്കുന്ന നീക്കങ്ങളാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തു ശക്തിപ്പെട്ടിരിക്കുന്നത്. വൈദ്യശാസ്ത്ര പഠനത്തിന് പ്രവേശനം നേടണമെങ്കില്‍ അതിനുള്ള അക്കാദമിക ശേഷിയോ ധാര്‍മിക വീക്ഷണമോ ശുശ്രൂഷാ സന്നദ്ധതയോ അല്ല ധനശേഷിയും മത്സരോത്സാഹവുമാണ് വേണ്ടതെന്നു വന്നിരിക്കുന്നു. ഭരണകൂടവും അതിന്റെ വിഖ്യാത സ്തംഭങ്ങളും ഈ മുതലാളിത്ത നിര്‍ബന്ധങ്ങള്‍ക്ക് പൂര്‍ണമായും കീഴടങ്ങിക്കഴിഞ്ഞു. ലക്ഷക്കണക്കിനു രൂപ നല്കി പഠിക്കേണ്ട വിഷയമായാണ് വൈദ്യശാസ്ത്രം മാറിയത്.
അഞ്ചു ലക്ഷമോ പതിനൊന്നു ലക്ഷമോ ഫീസു ചുമത്തേണ്ടത് എന്നത് കോടതിക്കും ഭരണാധികാരികള്‍ക്കും ചര്‍ച്ചചെയ്യാം. ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും ആരോഗ്യമാണ് വിലപേശി നിശ്ചയിക്കുന്നതെന്ന് ഓര്‍ക്കണം. ചെലവായ പണം ജനങ്ങളില്‍നിന്നു തിരിച്ചു പിടിക്കണമല്ലോ. അതിന് രോഗങ്ങള്‍ ഇല്ലാതാവുകയല്ല പെരുകുകയാണ് വേണ്ടതെന്ന് വ്യക്തം. ഈ സമീപനം ആരോഗ്യ രക്ഷാ സമീപനമല്ല.
ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പഠിക്കാന്‍ തുറന്നിടേണ്ട മേഖലയല്ല മെഡിക്കല്‍ വിദ്യാഭ്യാസ രംഗം. അതിനുള്ള അക്കാദമിക യോഗ്യതയുണ്ടാവണം. വൈദ്യശാസ്ത്ര ധാര്‍മികതയെന്തെന്നും സാമൂഹിക പ്രതിബദ്ധതയെന്തെന്നും അറിഞ്ഞിരിക്കണം. അത് മനസ്സിലാക്കാനും പ്രകടിപ്പിക്കാനും കഴിയുന്ന വിധത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പുനര്‍ ക്രമീകരിക്കണം. വരുംകാലത്തേയ്ക്കു കൂടി ആവശ്യമാകുന്ന ഡോക്ടര്‍മാരെ പൊതു സമൂഹത്തിന്റെ ചെലവില്‍ പഠിപ്പിച്ച് സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വിന്യസിക്കാനാവണം. ധനാധിക്യം വീര്‍പ്പുമുട്ടിക്കുന്ന ഡോക്ടര്പട്ടമോഹികള്ക്ക് സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുകയോ പരിശീലിക്കുകയോ ഒക്കെയാവാം. (പണമുള്ളവര്‍ക്ക് എന്തുമാവാമെന്ന അവസ്ഥയാണല്ലോ). അവിടെ പഠിക്കുന്നവര്‍ പക്ഷെ കഴിവും പ്രതിബദ്ധതയും തെളിയിച്ചേ സംസ്ഥാനത്തെ ആരോഗ്യരംഗത്തു പ്രവേശിക്കാവൂ. ഇത്രയെങ്കിലും ഉറപ്പു വരുത്താനുള്ള ബാധ്യത ജനാധിപത്യ ഭരണകൂടങ്ങള്‍ക്കുണ്ട്.
ആരോഗ്യരംഗം കഴുത്തറുപ്പന്‍ കച്ചവടക്കാരില്‍നിന്നു മോചിപ്പിക്കാനുള്ള അടിയന്തിര നടപടികളുണ്ടാവണം. അതിനുവേണ്ടതിലും എത്രയോ ഇരട്ടി പണമാണ് പൊതുസമൂഹം രോഗവിമുക്തിക്കു ചെലവഴിക്കുന്നത്. ആ പണത്തിന്റെ ചെറിയൊരു ശതമാനം മതി മെഡിക്കല്‍ വിദ്യാഭ്യാസം സൗജന്യവും മൂല്യാധിഷ്ഠിതവുമാക്കാന്. വിദ്യാര്‍ത്ഥികള്‍ പണം മുടക്കട്ടെ എന്നു പറയുന്നത് ഏതു കോടതിയായാലും കഴുത്തറുപ്പന്‍ കച്ചവടത്തിന് പൊതു ആരോഗ്യം തീറെഴുതുകയാണ്. നിയമ നിര്‍മാണത്തിലൂടെ ഈ കച്ചവടക്കോയ്മയെ മറികടക്കാന്‍ ജനാധിപത്യ ഗവണ്മെന്റിന് ബാധ്യതയുണ്ട്. പൊതുലേലംവിളി ജനങ്ങളോടുള്ള യുദ്ധത്തിന്റെ ആക്രോശമാണ്. അതനുവദിച്ചുകൂടാ.
ആരോഗ്യ നയത്തില്‍ കാതലായ മാറ്റം വരുത്താന്‍ ആര്‍ക്കുണ്ട് ധൈര്യമെന്നാണ് കാണേണ്ടത്.
ആസാദ്
28 ആഗസ്ത് 2017