Article POLITICS

അവര്‍ ആള്‍ദൈവങ്ങളോ ജനശത്രുക്കളോ?

 

നൂറ്റിമുപ്പത്തിനാലു കോടി മനുഷ്യരുടെ നാടാണ് ഇന്ത്യ. അതിലൊരാള്‍ പോലും മറ്റൊരാള്‍ക്കു മുകളിലല്ല. ജനാധിപത്യ മതേതര റിപ്പബ്ലിക്കിന്റെ വാഗ്ദാനവും അഭിമാനവുമാണത്. കാനേഷുമാരി കണക്കെടുപ്പില്‍ ഒരു ദൈവംപോലും അടയാളപ്പെട്ടില്ല. ഭരണഘടന ഒരാള്‍ക്കും ദൈവപദവിയോ അവ്വിധം പ്രത്യേകാവകാശമോ നല്‍കിയിട്ടുമില്ല.

എന്നിട്ടും നമുക്കിടയില്‍ സ്വയംകല്‍പ്പിത ദൈവങ്ങളുണ്ടായി. ജനാധിപത്യാധികാരത്തിനു മുകളില്‍ സമാന്തര അധികാരകേന്ദ്രം പിറന്നു. ജനാധിപത്യത്തിന്റെ മൂല്യവും വ്യവഹാരവും കളങ്കപ്പെടുത്തിയ ആള്‍ദൈവങ്ങള്‍ വിചാരണ ചെയ്യപ്പെട്ടില്ല. ജനാധിപത്യത്തെ അപമാനിച്ച അവര്‍ ആദരിക്കപ്പെട്ടു. ഭരണാധികാരികള്‍ അവരുടെ പാദങ്ങളില്‍ കുനിഞ്ഞു മുത്തമിട്ടു. അനുഗ്രഹത്തിനും ആശ്ലേഷത്തിനും ക്യൂ നിന്നു. ദൈവരൂപങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഭരണകൂടം ഒരു ജനതയെ പാകപ്പെടുത്തിക്കൊടുത്തു.

ആള്‍ദൈവമെന്നത് ലാഭകരമായ ഒരു വ്യവസായ നാമമാണ്. വായുവില്‍നിന്ന് എന്തെടുക്കുന്നു എന്നതല്ല, ജനങ്ങളില്‍നിന്ന് എന്തു കവരുന്നു എന്നതാണ് പ്രധാനം. അവര്‍ക്ക് എവിടെനിന്നാണ് ആളും സമ്പത്തും എത്തുന്നത്? സ്വത്ത് പരിധിയില്ലാതെ കുമിഞ്ഞുകൂടുന്നതെങ്ങനെ? സ്വന്തം അദ്ധ്വാനത്തില്‍നിന്നല്ലാത്ത വരുമാനം ചൂഷണമാണ്. അതിന്റെ പങ്ക് ദാനം ചെയ്തു നേടുന്ന മഹത്വത്തിന് എന്തര്‍ത്ഥമാണുള്ളത്? ദൈവങ്ങള്‍ വ്യാപാരവും ചൂഷണവും നടത്തുന്നതിന് എന്തു സാധൂകരണമാണുള്ളത്?

ധനിക വ്യവസായികളും കോര്‍പറേറ്റ് മുതലാളിമാരും നാട്ടുമുതലാളിമാരും എത്രയോ ഭേദം. അവര്‍ അവരുടെ വര്‍ഗ താല്‍പ്പര്യം മറച്ചു വെക്കുന്നില്ല. ആള്‍ദൈവ വ്യവസായം പക്ഷെ ദുരൂഹവും നിഗൂഢവുമായ വഴികളാണ് സ്വീകരിക്കുന്നത്. ജനാധിപത്യാധികാരം തല കുനിച്ചുനില്‍ക്കേണ്ട അധീശ പൗരോഹിത്യമാണ് തങ്ങളെന്നുള്ള ആത്മരതി കൊള്ളാം. അതിന്റെ മറവിലുള്ള ലീലാവിലാസങ്ങള്‍ ഇനിയും അനുവദിച്ചുകൂടാ.

ആശ്രമങ്ങള്‍ ദിവ്യമായ ആത്മീയ കേന്ദ്രങ്ങളെന്നു ധരിച്ചുകൂടായെന്ന് അനുഭവസ്ഥര്‍ എഴുതിയിട്ടുണ്ട്. ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടെ ദുര്‍വൃത്തികളുടെ ഹീനമായ കഥകളേറെയാണ്. സമീപകാലത്ത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെയും ദുരൂഹമായ നരഹത്യകളുടെയും പേരില്‍ വിചാരണ നേരിടുന്ന സിദ്ധന്മാരുടെ എണ്ണം പെരുകുകയാണ്. അവരിലേറെയും വലിയ സാമ്പത്തിക സാമ്രാജ്യങ്ങളും രാഷ്ട്രീയാധികാര വലയങ്ങളും പടുത്തുയര്‍ത്തിയിട്ടുണ്ട്. സ്വന്തമായ സൈന്യവും ആയുധശേഖരവും നിയമവ്യവസ്ഥയും അവര്‍ക്കുണ്ട്.

ജനാധിപത്യത്തിന്റെ സത്തയറിയാത്ത രാഷ്ട്രീയ നേതാക്കളാണ് രാഷ്ട്രീയ വ്യാപാരം കൊഴുപ്പിക്കാനുള്ള താല്‍ക്കാലിക മാര്‍ഗമായി വ്യാജ പൗരോഹിത്യത്തെ സ്വീകരിക്കുന്നത്. അവര്‍ അധികാരത്തിന്റെ ശീതളഛായയില്‍ ആശ്രമങ്ങളെ കുളുര്‍പ്പിക്കുന്നു. അവിശുദ്ധമായ ഒരു വ്യാപാരബന്ധത്തിന്റെ വലകളില്‍ അവര്‍ ആലിംഗനത്തിലമരുന്നു. അതിന്റെ കെടുതികളാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഗവണ്‍മെന്റുകളെല്ലാം പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരു ബ്രാഹ്മണിക്കല്‍ ഹാങ്ങോവറിനു വിധേയപ്പെട്ടിരുന്നു. പൗരോഹിത്യത്തെ നമിച്ചാലേ അധികാരം നിലനില്‍ക്കൂ എന്ന അലിഖിത നിയമം വാഴ്ത്തപ്പെട്ടു. കോബ്രാ(കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍) അധികാരക്രമം വന്നതോടെ ദൈവാവതാരങ്ങളുടെ വളര്‍ച്ച വിസ്മയവേഗത്തിലായി.

ഗുര്‍മീത് റാം റഹീം കുറ്റവാളിയെന്നു ശിക്ഷ വിധിച്ചത് രാജ്യത്തെ ഒരു നീതിപീഠമാണ്. അതു ബാധകമല്ലെന്ന് ഗുര്‍മീതും അനുചരരും നടിക്കുന്നു. ഹരിയാനയില്‍ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന തന്നെ നിയമംകൊണ്ടു വിരട്ടുന്നതെന്ത് എന്നാണ് ഭാവം. നീതിപീഠത്തോടും ജനാധിപത്യത്തോടുമുള്ള കലി ഇപ്പോഴവര്‍ തെരുവില്‍ തീര്‍ക്കുന്നു. തെരുവുകള്‍ കത്തിയെരിയുന്നു. ജനങ്ങള്‍ അക്രമിക്കപ്പെടുന്നു. പത്തോ പതിനൊന്നോ പേര്‍ വധിക്കപ്പെട്ടു എന്നു വാര്‍ത്ത. പഞ്ചാബിലും ഹരിയാനയിലും ദില്ലിയിലും കലാപം പടരുകയാണ്. ഭസ്മാസുരന് വരംകൊടുത്ത ഭരണാധികാരികള്‍ തലകുനിച്ചു നാമംചൊല്ലി നില്‍പ്പാണ്. ഇന്ത്യന്‍ ജനാധിപത്യം അവര്‍ക്കു പിറകില്‍ സ്തംഭിച്ചു പോയിരിക്കുന്നു.

ഗുര്‍മീതും അനുചരരും വീഴ്ത്തുന്ന രക്തത്തിനും നശിപ്പിക്കുന്ന പൊതുസ്വത്തിനും കണക്കു പറയാന്‍ ഗവണ്‍മെന്റിന് ഉത്തരവാദിത്തമുണ്ട്. ജനാധിപത്യത്തിനുമേല്‍ ഒരാപത്തും വളര്‍ന്നു ഭീഷണിയാവരുത്. അദ്ധ്വാനിച്ചു സ്വന്തം വിയര്‍പ്പില്‍ രാഷ്ട്രം പണിതുയര്‍ത്തുന്നവരെക്കാള്‍ വിലപ്പെട്ട ഒരു ദൈവവും നമുക്കിടയില്‍ ജീവിച്ചിരിപ്പില്ല. നൂറ്റിമുപ്പത്തിനാലു കോടി മനുഷ്യരും ഒരേ മൂല്യമുള്ള മനുഷ്യരാണെന്ന് ജനാധിപത്യ തത്വങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ആസാദ്
25 ആഗസ്ത് 2017

 

 

 

 

1 അഭിപ്രായം

 1. Ꮇommy and Daddy hugged the twins as a result of іt was getting
  time to get to bed. ?Mоmmy thinks the very best factor about God is he
  gave me therse two little rascaѕ and theyre the very best factor in Mommу?s wοгⅼd.?
  She said cuddling and tickling bot boys. That was thе type оf
  factor mommies aⅼl thee time say. The giggled and hugged Mommy and had been almost ready
  to go to their bunk beds when Leee said.

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )