(ചില സംവരണ ചിന്തകള്‍)
ഒരു സുഹൃത്ത് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പു കണ്ടു. എറണാകുളത്തെ മാധ്യമ സ്ഥാപനങ്ങളില്‍ എത്ര ദളിതരുണ്ട് എന്നതു സംബന്ധിച്ചായിരുന്നു അത്. മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്ന ദേശാഭിമാനിയെക്കുറിച്ച് ആലോചിക്കാന്‍ അതെന്നെ നിര്‍ബന്ധിച്ചു. അവിടെ സംവരണം പാലിക്കാറുണ്ടോ എന്നറിയില്ല. സഹപ്രവര്‍ത്തകരുടെ ജാതി മത വേരുകളെക്കുറിച്ച് അന്നൊന്നും ഞാനാലോചിച്ചിട്ടുമില്ല. എങ്കിലും എല്ലാ വിഭാഗക്കാരും കൂടെയുണ്ടായിരുന്നു എന്നതാണ് അനുഭവം.
ഇരുപത്തിരണ്ടു കൊല്ലം മുമ്പാണ് ദേശാഭിമാനി വിട്ടത്. പിണങ്ങിപ്പിരിഞ്ഞതൊന്നും ആയിരുന്നില്ല. പിന്നീട് പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോഴും ദേശാഭിമാനി വാങ്ങുന്നത് നിര്‍ത്തിയില്ല. വിയോജിപ്പുകളുണ്ടെങ്കിലും പിരിയാനാവാത്ത ഒരാത്മബന്ധം ആ പത്രവുമായുണ്ട്. അതിവിടെ വിവരിക്കുന്നില്ല. ഇപ്പോള്‍ എന്നില്‍ ഉയര്‍ന്നുവന്ന ചോദൃം ദേശാഭിമാനിയില്‍ ദളിതരുണ്ടോ എന്നതാണ്. അല്‍പ്പം വേദനിപ്പിക്കാമെങ്കിലും ആ അന്വേഷണം പ്രസക്തമാണെന്നു ഞാന്‍ കരുതുന്നു.
ദളിതര്ക്കെന്നല്ല പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കെല്ലാം അര്‍ഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. തൊഴിലിലെ സംവരണം സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമായാണ് പലരും കാണുന്നത്. സ്വകാര്യമേഖലയില്‍ അതു തീരെ പാലിക്കപ്പെടുന്നില്ല. സംവരണം ആരുടെയും ഔദാര്യമല്ല. ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള അവകാശമാണ്. സര്‍ക്കാര്‍ വേതനം നല്കുന്ന തൊഴിലുകളില്‍ മാത്രമല്ല പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തിലും സഹകരണത്തിലും നിര്‍വ്വഹിക്കപ്പെടുന്ന സംരംഭങ്ങളിലെല്ലാം സാമൂഹിക നീതി ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യ സര്‍ക്കാറുകള്‍ക്കുണ്ട്. സാമൂഹിക സമത്വവും നീതിയും ലക്ഷ്യമാക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും നടത്തുന്ന സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍, അങ്ങനെയൊരു വിചാരമോ ജാഗ്രതയോ എവിടെയും പ്രകടമല്ല. സല്‍ക്കാര്‍ ശംബളം നല്കുന്ന എയ്ഡഡ് മേഖലയില്‍പ്പോലും സംവരണ തത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നമ്മുടെ നാട്ടില്‍ സംവിധാനമൊന്നുമില്ല.
ഈ സാഹചര്യത്തില്‍ ജനങ്ങളില്‍നിന്നുള്ള മൂലധനം അടിത്തറയാക്കി ആരംഭിച്ച ദേശാഭിമാനി പോലെയുള്ള ഒരു പത്രത്തിന് സംവരണ തത്വം പാലിക്കാനുള്ള ബാധ്യതയുണ്ട്. അതവര് ചെയ്യുന്നുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. രാഷ്ട്രീയ പാര്‍ട്ടികളോ ജനകീയ സംഘടനകളോ ട്രസ്റ്റുകളോ നടത്തുന്ന ആശുപത്രികള്‍, സ്കൂളുകള്‍, ബാങ്കുകള്‍ തുടങ്ങി ഏതുതരം തൊഴില്‍ സ്ഥാപനത്തിലും സംവരണതത്വം പാലിക്കപ്പെടണം. അതു ജനങ്ങള്‍ക്കു ബോധ്യമാകും വിധം സുതാര്യമാകണം. സ്വകാര്യ വ്യക്തികളും കൂട്ടായ്മകളും നടത്തുന്ന തൊഴില്‍ സംരംഭങ്ങളിലും സംവരണം നിര്‍ബന്ധമാക്കാനുള്ള ജനകീയ സമ്മര്‍ദ്ദവും ഉയര്‍ന്നുവരണം. പ്രാന്തവല്കൃത ജന സമൂഹങ്ങളോടുള്ള സമീപനം ആരോഗ്യകരമാക്കിക്കൊണ്ടേ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാവൂ.
വിദ്യാഭ്യാസാവകാശം സംവരണത്തിലൂടെ ലഭ്യമാകുന്നുണ്ടല്ലോ, തൊഴിലവര് മത്സരിച്ചു നേടട്ടെ എന്നു വാദിക്കുന്നവരെ കണ്ടിട്ടുണ്ട്. കേട്ടാല്‍ തോന്നും തൊഴിലെല്ലാം പൂര്‍ണ അക്കാദമിക യോഗ്യത നോക്കിയാണ് നിശ്ചയിക്കപ്പെടുന്നതെന്ന്. യോഗ്യതാ മാനദണ്ഡങ്ങളില്‍ നാമറിയാതെ കയറിവരുന്ന ചില നിശ്ചയങ്ങളുണ്ട്. അതാണ് കവി പറഞ്ഞത്, പോറ്റിയുടെ കോടതി പുലയന് നീതി നല്‍കില്ലെന്ന്. കോടതിയെ, അതുപോലുള്ള എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും ജനാധിപത്യ ഭരണഘടനയെയും അതു നിര്‍ദ്ദേശിച്ച ചട്ടങ്ങളെയും മതേതര മൂല്യങ്ങളെയും ബഹുമാനിക്കുകയും പിന്‍പറ്റുകയും ചെയ്യുന്ന ഇടങ്ങളാക്കണം.ജാതി/ മത /ലിംഗ / സാമ്പത്തികവര്ഗ സ്വാധീനങ്ങളില്‍നിന്നു വിമുക്തമാക്കണം. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷവും നമുക്കിത് പറഞ്ഞുറപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്
ആസാദ്
20 ആഗസ്ത് 2017
ദേശാഭിമാനിയിൽ മാത്രമല്ല, എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും സംവരണം പാലിക്കപ്പെടണം. ഇപ്പോൾ അത് ഭരണഘടനാപരമായി നിർബന്ധമല്ലാത്തതിനാൽ നിയമനിർമ്മാണം കൊണ്ടുവരുന്നതിന് നമ്മുടെ എം പി മാർ ശ്രമിക്കണം. ഇപ്പോൾ ഈ ചോദ്യം ചോദിക്കാൻ കാരണം ദേശാഭിമാനിയിൽ ദളിതർ ഇല്ലെന്ന വിവരം എവിടന്നെങ്കിലും കിട്ടിയതുകൊണ്ടാണോ?
LikeLike