സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞതാണ് ശരി. പ്രശ്നം വികസന മൗലികവാദത്തിന്റേതാണ്. അത് ഇതുവരെ തോന്നിയില്ലല്ലോ എന്നാരെങ്കിലും ഖേദിക്കുന്നുണ്ടോ ആവോ. നില്ക്കാനൊരിടം കിട്ടിയ ആശ്വാസമാണ് പലര്‍ക്കും. ശത്രുവിനെ തെളിഞ്ഞു കണ്ടല്ലോ. വികസന ശത്രു എന്ന ദുഷ്പേര് ചുമക്കാതെത്തന്നെ ആര്‍ക്കും സ്വാഭിപ്രായം പറയാം. എതിര്‍ക്കുന്നത് വികസന മൗലികവാദത്തെയാണെന്ന് നിലപാടു വ്യക്തമാക്കാം.
വികസനം, മൗലികവാദം എന്നീ പദങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍ വികസനത്തിന്റെ ജനവിരുദ്ധത മറയ്ക്കപ്പെടുന്നു. അതൊട്ടും അപായകരമല്ലാത്ത വാക്കാകുന്നു. പദചേരുവകൊണ്ടു കറകളയാമെന്ന വിചാരമാവില്ല കാനത്തിന്റെത്. വികസനവും വികസന മൗലികവാദവും രണ്ടാണെന്ന സങ്കല്‍പ്പനത്തിലൂടെ വികസനത്തിന് ഒരു മൗലിക വാദ മുഖമുണ്ടെന്ന് ഓര്മിപ്പിക്കലാവാം അത്. ഒരേസമയം, വികസനത്തിനു ന്യായീകരണവും അതിന്റെ ആഘാതങ്ങളെ തള്ളിപ്പറയലുമവാം. വികസനമാവാം, പക്ഷെ ചില ജനേച്ഛാ അതിരുകള്‍ ലംഘിക്കേണ്ടതില്ല എന്ന നിര്ദേശവുമാവാം.
രാജ്യത്തിന്റെ പുരോഗതിയെപ്പറ്റിയാണ് മുമ്പൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത്. ജനങ്ങളുടെ ജീവിത പുരോഗതിയാണ് രാജ്യത്തിന്റെ പുരോഗതിയെന്നാണ് സങ്കല്‍പ്പം. ക്ഷേമരാഷ്ട്ര വിചാരം ആ അടിത്തറയിലാണ് പണിതുയര്‍ത്തിയിട്ടുള്ളത്. പക്ഷെ, ഒരു രാത്രി വെളുത്തപ്പോള്‍ പുരോഗതി എന്ന വാക്ക് തൂത്തെറിയപ്പെട്ടു. പകരം കടന്നു കയറിയ വാക്കാണ് വികസനം. ജനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും പരിഗണിക്കാതെയുള്ള മൂലധന വളര്ച്ചയത്രെ അതിന്റെ ലക്ഷ്യം. പുരോഗതി ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സാമൂഹിക വികാസമാണെങ്കില് വികസനം മൂലധനത്തെ കേന്ദ്രീകരിച്ചുള്ള മത്സരാവിഷ്ക്കാരമാണ്.
മൂലധനത്തിന്റെ ഭാഷയും രീതിശാസ്ത്രവുമാണ് ഭരണകൂടങ്ങള്‍ക്കു സ്വീകാര്യം. നാം അതിന്റെ വ്യവഹാര ചക്രത്തില്പെട്ടു വികസനമെന്ന വാക്കിന് സ്വപ്നശോഭ നല്കി. അതൊരു മാന്ത്രിക പദമായി. ജനങ്ങളുടെ പുരോഗതിയെക്കാള്‍ ധനക്കോയ്മാ വികസനം ആഘോഷിക്കപ്പെട്ടു. മുതലാളിത്തത്തിന് ആഞ്ഞു ചവിട്ടാന്‍ കുനിയുകയാണ് ശിരസ്സുകള്‍.
വികസന മൗലികവാദം പരിസ്ഥിതി മൗലികവാദംപോലെ ഒന്നാണെന്നു കാനം വിശദീകരിക്കുന്നു. അതിലെന്തോ അവ്യക്തതയുള്ളതുപോലെ തോന്നുന്നു. പരിസ്ഥിതി ബോധം പുരോഗതിയുമായി ബന്ധപ്പെട്ട അനിവാര്യമായ സഹായക ഘടകമാണ്. വികസനത്തിനാവട്ടെ, പരിസ്ഥിതി വാദം എപ്പോഴും തടസ്സവാദമായേ തോന്നൂ. കാരണം ലളിതമാണ്. പുരോഗതി ജനങ്ങളുടെ നിശ്ചയവും വികസനം മൂലധനത്തിന്റെ നിര്‍ബന്ധവുമാണ്. അനിവാര്യമായ പരിസ്ഥിതി ബോധം മുതലാളിത്തത്തിന് മൗലികവാദമാവും. ഈ വിപരീതത്തെ നിര്‍വ്വചിക്കാതെയും വിശദീകരിക്കാതെയും ലളിത സമവാക്യങ്ങളുണ്ടാക്കുന്നത് ഗുണകരമാവില്ല.
ചുരുക്കത്തില്‍ വികസനം മൂലധനത്തിന്റെ മൗലികവാദമാണ്. വികസനമെന്ന വാക്കു കേള്‍ക്കുമ്പോള്‍ അത്രയും അറിയുന്നില്ലെങ്കില്‍ കാനം പറയുന്നതുപോലെ വികസന മൗലികവാദം എന്ന പദചേരുവ ഉപയോഗിക്കാം. അപ്പോഴെങ്കിലും, പുരോഗതിയുടെ ഉരകല്ല് ജനതയുടെ അതിജീവനമാണെന്ന് അറിയണം. അതുറപ്പിക്കണം. ജനങ്ങളെ പരിഗണിച്ചുകൊണ്ടാവുമ്പോള് ഏതു വികസനവും രാജ്യത്തിന്റെ പുരോഗതിയ്ക്കാവും. ലക്ഷ്യം മുതലാളിത്ത വികസനമല്ല, ജനപുരോഗതിയാണെന്നര്ത്ഥം.
ആസാദ്
14 ആഗസ്ത് 2017