നമ്മുടെ സ്വാതന്ത്ര്യത്തിന് എഴുപതാണ്ടാവുന്നു. സ്വതന്ത്ര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന പ്രഖ്യാപനം അതിന്റെ വിപരീതാനുഭവങ്ങളോട് ഏറ്റുമുട്ടി തളരുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കൊളോണിയല്‍ ഭരണത്തിന്റെ വ്യാപാരാധികാര താല്‍പ്പര്യങ്ങളുടെ വൈദേശിക പ്രഭാവത്തിന് അന്ത്യമായി എന്നാണ് നാല്പ്പത്തിയേഴില് കരുതിയത്. ആദ്യകാല മുതലാളിത്തത്തിന് ദേശരാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രധാനവുമായിരുന്നു. പൊതുമേഖല നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു മിശ്രസമ്പദ്ഘടനയേ സ്വാതന്ത്ര്യപൂര്‍വ്വ നാളുകള്‍ മുതല്‍ ഇന്ത്യന്‍ കുത്തകകളും ആഗ്രഹിച്ചുള്ളു. അതു വലിയ പ്രതീക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം സ്ഥിതിഗതികള്‍ അതിവേഗം മാറി. അധികാരം ഹീനമാര്‍ഗങ്ങളില്‍ ചരിച്ചുതുടങ്ങിയപ്പോള് സ്വകാര്യമൂലധനം മത്സരോത്സുകമായിയെന്നല്ല, അക്രമോത്സുകമായി എന്നാണ് പറയേണ്ടത്. ഇത് രാഷ്ട്രീയാഴിമതികളുടെ പുതിയ യുഗം സൃഷ്ടിച്ചു.
സ്വാതന്ത്ര്യത്തിന്റെ മധുവിധുക്കാലത്തുതന്നെ ആരോപണങ്ങളുയര്‍ന്നു. 1948ലെ ജീപ്പ് അഴിമതിയായിരുന്നു ആദ്യത്തേത്. കാശ്മീരിലെ സൈനിക ഇടപെടലിനു ജീപ്പുകള്‍ ആവശ്യമായി വന്നപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ജീപ്പുവാങ്ങാന് ഒരു വിദേശ കമ്പനിയുമായി കരാറിലൊപ്പിട്ടത് ലണ്ടനിലെ ഹൈക്കമ്മീഷണറായിരുന്ന വി കെ കൃഷ്ണമേനോനാണ്. എണ്പതു വലക്ഷം രൂപയുടെ ഇടപാടായിരുന്നു അത്. അനന്തശയനം അയ്യങ്കാറുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനു നിര്‍ദ്ദേശിച്ചുവെങ്കിലും 1955ല്‍ ഗവണ്മെന്റ് ആ കേസ് അവസാനിപ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് കൃഷ്ണമേനോന് നെഹ്റു ഗവണ്മെന്റില് വകുപ്പില്ലാ മന്ത്രിയായി പ്രവേശിക്കുകയും ചെയ്തു.
1949ല്‍ അടുത്ത പരാതിയുയര്‍ന്നത് കേന്ദ്ര വ്യവസായ മന്ത്രിയായിരുന്ന റാവു ശിവ ബഹദൂര്‍ സിങ്ങിനെതിരെയാണ്. സചേന്ദുബായ് ബാരണ്‍ രത്ന ഖനിയുടെ ലീസു പുതുക്കുന്നതുമായി ബന്ധപ്പെട്ടു 25000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ഈ കേസില്‍ ശിവബഹദൂര് സിങ്ങ് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷക്കു വിധിക്കപ്പെട്ടു. (പില്ക്കാലത്ത് ലോട്ടറി കുംഭകോണത്തില്‍ ഉള്‍പ്പെട്ട അര്ജുന് സിങ്ങ് ഇദ്ദേഹത്തിന്റെ മകനാണ്). മധ്യപ്രദേശിലെ വലിയ ഭൂവുടമകളിലൊരാളും നെഹ്റു ഗവണ്മെന്റിലെ പ്രധാനിയുമായിരുന്നെങ്കിലും കോണ്‍ഗ്രസ്സിന് അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നു.
1951 സെപ്തംബര്‍ 24ന് പ്രധാനമന്ത്രി നെഹ്റുവിന് ലോകസഭയില്‍ ഒരു ലോകസഭാംഗത്തെ പുറത്താക്കുന്ന പ്രമേയം അവതരിപ്പിക്കേണ്ടിവന്നു. ബോംബെയില്‍നിന്നുള്ള കോണ്‍ഗ്രസ് എം പി എച്ച് ജി മുഡ്ഗലായിരുന്നു രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ശിക്ഷിക്കപ്പെട്ടത്. ഈ ആരോപണം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഫിറോസ് ഗാന്ധിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവായ ഫിറോസ് ജവഹര്ലാലിനെതിരെ പാര്‍ലമെന്റില്‍ നടത്തിയ ശക്തമായ പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്.
സൈക്കിള്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിയായിരുന്നു 1951ലെ മറ്റൊരു വിഷയം. മദ്രാസിലെ ഒരു കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് വ്യവസായ വകുപ്പു സെക്രട്ടറി എസ് എ. വെങ്കിട്ടരാമന് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷക്കു വിധേയനായി. അക്കാലത്തു കോളിളക്കമുണ്ടാക്കിയ ഒരു കേസായിരുന്നു അത്. 1956ല്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ഉന്നതാധികാരികള്‍ രേഖകളില്‍ കൃത്രിമം കാണിച്ചു അമ്പതു ലക്ഷം രൂപയുടെ അഴിമതി നടത്തിയ സംഭവവും വലിയ ഒച്ചപ്പാടുണ്ടാക്കി.
1958ല്‍ ഫിറോസ് ഗാന്ധിതന്നെ വെളിച്ചത്തു കൊണ്ടുവന്ന മറ്റൊരു കേസാണ് ഹരിദാസ് മുണ്ട്ര കേസ്. ഒന്നേകാല്‍ കോടി രൂപയുടെ അഴിമതിയായിരുന്നു അത്. അന്നത്തെ ധനകാര്യമന്ത്രി ടി ടി കൃഷ്ണമാചാരി രാജിവെക്കേണ്ടിവന്നു എന്നത് ഈ കേസിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. കല്‍ക്കത്തയിലെ വ്യവസായിയായിരുന്ന ഹരിദാസ് മുണ്ട്ര ഇന്‍ഷൂറന്‍സ് രംഗത്തെ സാമ്പത്തിക തിരിമറിയുടെ പേരില്‍ ജയിലിലടക്കപ്പെട്ടു. ലൈഫ് ഇന്‍ഷൂറന്‍സ് തട്ടിപ്പിന്റെ പേരില്‍ പ്രമുഖ വ്യവസായിയും ഭാരത് ഇന്‍ഷൂറന്‍സ് കമ്പനി ചെയര്‍മാനുമായ രാം കിഷന് ഡാല്‍മിയയെ ജയിലിലേക്കയച്ചതും ഫിറോസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ്. ഇതേ തുടര്‍ന്നാണ് ഇന്‍ഷൂറന്‍സ് മേഖലയുടെ ദേശസാല്‍ക്കരണം നടന്നത്. 1956 ജൂണ്‍ 19ന് ലൈഫ് ഇന്ത്യാ ഇന്‍ഷൂറന്‍സ് ആക്റ്റ് ലോകസഭ പാസാക്കി. 245 ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളെ ദേശസാല്‍ക്കരിച്ചു.
1964ല്‍ നെഹ്റു മന്ത്രിസഭയിലെ പെട്രോളിയം ഖനി വകുപ്പുകളുടെ മന്ത്രി കെ.ഡി മാളവ്യയ്ക്കു നേരെയും ആരോപണമുണ്ടായി. ഖനി ലീസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സെക്രട്ടറി ജി പി നെയ്യാര്‍ ഒരു കല്‍ക്കത്ത കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. 1965ല്‍ ഒറീസ മുഖ്യമന്ത്രി ബിജു പട്നായികിന് രാജി വെക്കേണ്ടി വന്നത് കലിംഗ ട്യൂബ്സ് എന്ന തന്റെ സ്വകാര്യ കമ്പനിക്ക് ഗവണ്മെന്റ് കോണ്ട്രാക്റ്റ് നല്‍കിയതിന്റെ പേരിലാണ്. എച്ച് ആര് ഖന്ന കമ്മീഷനാണ് അഴിമതി സംബന്ധിച്ച് അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയത്.
1971ലാണ് നാഗര്‍വാലാ അഴിമതി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശബ്ദം അനുകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് അറുപതു ലക്ഷം രൂപ തട്ടിയെടുത്ത കേസാണിത്. ഇന്ത്യാ പാക് യുദ്ധത്തിന്റെയും ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമാകുന്നതിന്റെയും പശ്ചാത്തലത്തിലാണ് സംഭവം. ബംഗ്ലാദേശില്‍ ഒരാള്‍ക്കു നല്കാന് ഇന്ദിരാഗാന്ധിയുടെ ശബ്ദത്തില്‍ പണം ആവശ്യപ്പെടുകയായിരുന്നുവത്രെ. നാഗര്‍വാലക്ക് നാലു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. എന്നാല്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹം മരണപ്പെട്ടത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചു.
1974ല്‍ മാരുതി സ്കാന്റല്‍. സഞ്ജയ്ഗാന്ധിക്കു കാര്‍നിര്‍മാണ ലൈസന്‍സ് നല്കാന് ചട്ടങ്ങള്‍ മറികടന്നുവെന്നായിരുന്നു ആരോപണം. കാര്‍ നിര്‍മാണ മേഖലയില്‍ ഒട്ടും വൈദഗ്ദ്ധ്യമില്ലാതിരുന്ന സഞ്ജയ് ഗാന്ധി മാരുതി മോട്ടോര്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി. ഭരണരംഗത്തു അമ്മയുടെ തണലില്‍ നിറഞ്ഞുനിന്ന സഞ്ജയന്റെ ഇംഗിതം സാധിക്കാന്‍ അന്നത്തെ ഹരിയാന മുഖ്യമന്ത്രി ബന്‍സിലാല്‍ ഭൂമി വിട്ടു നല്‍കുകപോലുമുണ്ടായി. കാര്‍കമ്പനി തികഞ്ഞ പരാജയമായിരുന്നു.
1974ലെ മറ്റൊരു സംഭവമാണ് പോണ്ടിച്ചേരി ലൈസന്‍സ് അഴിമതി. ബിഹാറില്‍നിന്നുള്ള എം പിയായിരുന്ന തുള്മോഹന് റോയ് ഇരുപത്തിയൊന്ന് എം പിമാരുടെ വ്യാജകയ്യൊപ്പോടെ ഒരു പോണ്ടിച്ചേരി വ്യവസായിക്കു അവിഹിത സഹായം നല്‍കിയതാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ റെയില്‍വേ മന്ത്രി എല്‍ എന്‍ മിശ്രയ്ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ടായി. ഇന്ദിരാഗാന്ധിയുടെ വലംകൈയായ മിശ്രയെ പക്ഷെ, ഒരന്വേഷണവും ബാധിച്ചില്ല.. മിശ്ര 1975 ജനുവരി 3ന് ബോംബു സ്ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അതു സംബന്ധിച്ച ദുരൂഹതയും ഏറെക്കാലം രാഷ്ട്രീയത്തെ കലുഷമാക്കിയിട്ടുണ്ട്.
1976ല്‍ രാജ്യത്തെ ഇളക്കി മറിച്ചത് ഇന്ത്യന്‍ ഓയില്‍ കമ്പനി ഹോംകോങിലെ ഒരു കമ്പനിയുമായി ഒപ്പുവെച്ച കരാറാണ്. 2.2കോടിയുടേതായിരുന്നു ഇടപാട്. എണ്ണവില കുറഞ്ഞ സാഹചര്യത്തിലും കൂടിയ വിലയ്ക്കു വാങ്ങി ഗവണ്മെന്റിന് 13 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. പ്രധാനമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു.
1981ലാണ് കുപ്രസിദ്ധമായ സിമന്റ് കുംഭകോണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എ ആര് ആന്തുല മുപ്പതുകോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. കോടതി വിധി എതിരായപ്പോള്‍ ആന്തുലെ മുഖ്യമന്ത്രി പദവി രാജിവെച്ചു. തൊട്ടടുത്ത വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രി അര്ജുന് സിങ്ങിനെതിരെ ലോട്ടറി അഴിമതി ആരോപണമുണ്ടായി. 5.4കോടി രൂപയുടെ തിരിമറിയാണ് ചുര്‍ഹത്ത് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിക്കു വേണ്ടിയുള്ള ഭാഗ്യക്കുറിയില്‍ അദ്ദേഹം നടത്തിയത്.
ലക്കുബായ് വഞ്ചനാ കുറ്റം 1983ലായിരുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി ലക്കുബായ് പഥക്കിനെ വഞ്ചിച്ചു ചന്ദ്രസ്വാമിയും മാമാജി എന്നു വിളിക്കുന്ന കെ എന്‍ അഗര്‍വാളും ചേര്‍ന്നു ഒരു ലക്ഷം ഡോളര്‍ തട്ടിയെടുത്ത കേസാണിത്. ക്രിമിനല്‍ ഗൂഢാലോചനയില്‍ അന്നു മന്ത്രിയായിരുന്ന പി വി നരസിംഹറാവുവിനും പങ്കുണ്ടെന്നായിരുന്നു പരാതി. ഈ കേസ് ഒന്നരപ്പതിറ്റാണ്ടിനുശേഷം 2003 ഡിസംബര്‍ 22ന് സി ബി ഐ പ്രത്യേക കോടതി തള്ളി. ആരും ശിക്ഷിക്കപ്പെട്ടില്ല.
1987ല്‍ ബോഫോഴ്സ് ഇടപാടു സംബന്ധിച്ച വിവരം പുറത്തുവന്നു. അറുപത്തിനാലു ലക്ഷം രൂപയുടെ അഴിമതിയാണു നടന്നത്. സ്വീഡിഷ് കമ്പനിയുമായുള്ള കരാറിലെ കോഴയാണ് 64 ലക്ഷം രൂപ. ഇതു രാജീവ് ഗാന്ധിക്കു പങ്കുള്ള അഴിമതിയെന്ന നിലയില്‍ രാജ്യത്തെ പിടിച്ചുലച്ചു. സ്വീഡിഷ് റേഡിയോ പുറത്തു വിട്ട വാര്‍ത്തയുടെ വിശദാംശങ്ങള്‍ ദി ഹിന്ദുവിലെ എന്‍ റാമും ചിത്രാ സുബ്രഹ്മണ്യവുമാണ് പുറത്തുകൊണ്ടുവന്നത്. തോക്കിടപാടിലെ ഇടനിലക്കാരനായ ക്വട്രോച്ചിയ്ക്കു രാജീവ് ഗാന്ധിയുടെ കുടുംബവുമായുള്ള ബന്ധം അഴിമതിയുടെ ഗൗരവം വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇത്രത്തോളം പ്രക്ഷുബ്ധമാക്കിയ മറ്റൊരു അഴിമതിക്കഥയില്ലതന്നെ.
1991ല്‍ ജയിന് ഹവാലകേസുണ്ടായി. 64കോടിയുടെ ഇടപാടില്‍ എല്‍ കെ അദ്വാനി, വി സി ശുക്ല, ജാഫര്‍ ഷെരീഫ്, ആരിഫ് മുഹമ്മദ് ഖാന്, മദനലാല്‍ ഖുരാന, കല്‍പ്പനാഥ റായ്, എന്‍ ഡി തിവാരി തുടങ്ങിയ പ്രമുഖരെല്ലാം പ്രതിക്കൂട്ടിലായി. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരാണ് വലിയ അളവില്‍ പണം കൈപ്പറ്റിയത്. 1992ല്‍ കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് ഉള്‍പ്പെട്ട പാമോയില്‍ കേസു പുറത്തുവന്നു. പതിനയ്യായിരം ടണ്‍ പാമോയില്‍ ഇറക്കുമതിയില്‍ സംസ്ഥാനത്തിനു 2.8 കോടി രൂപയുടെ നഷ്ടം വന്നുവെന്നാണ് കണ്ടെത്തിയത്. അതേ വര്‍ഷം തന്നെ ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണം രാജ്യത്തെ ഞെട്ടിച്ചു. പതിനായിരം കോടി രൂപയുടെ തിരിമറിയാണു നടന്നത്.
1995ല്‍ ബീഹാറില്‍നിന്നു 950 കോടിയുടെ കാലിത്തീറ്റ കേസു പുറത്തുവന്നു. മുഖ്യമന്ത്രിയായിരുന്ന ലല്ലു പ്രസാദ് യാദവിനെ ജയിലിലയച്ച കേസാണിത്. തൊട്ടടുത്ത വര്‍ഷം നരസിംഹ റാവു ഗവണ്മെന്റ് ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നാലു എം പി മാര്‍ക്കു കോഴകൊടുത്ത വാര്‍ത്ത പാര്‍ലമെന്റില്‍ കോളിളക്കമുണ്ടാക്കി. 1996ല്‍ നരസിംഹ റാവു മന്ത്രിസഭയിലെ ടെലകോം മന്ത്രിയായിരുന്ന സുഖ്റാമിന്റെ ഔദ്യോഗിക വസതിയില്‍നിന്ന് മൂന്നുകോടി അറുപതു ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ടെലകോം കോണ്ട്രാക്റ്റ് നല്‍കുന്നതിലെ അഴിമതിയാണ് പെട്ടികളിലും ചാക്കുകളിലും കുത്തിനിറച്ച പണം വെളിപ്പെടുത്തിയത്. 2002ല്‍ ദില്ലി കോടതി മൂന്നു വര്‍ഷത്തെ കഠിന തടവിന് അദ്ദേഹത്തെ ശിക്ഷിച്ചു.
നരസിംഹറാവു ഗവണ്മെന്റില് മിക്കവാറും മന്ത്രിമാരെല്ലാം അഴിമതിക്കാരെന്നു സംശയിക്കുന്ന അവസ്ഥയുണ്ടായി. ആരോഗ്യമന്ത്രി ശങ്കരാനന്ദ് ഇല്ലാത്ത ആശുപത്രികളുടെ പേരിലാണ് 5000 കോടിയിലേറെ രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങിയത്. കേന്ദ്ര ഭവന നിര്‍മാണ/ നഗരാസൂത്രണ മന്ത്രിയായിരുന്ന ഷീലാ കൗള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ആയിരക്കണക്കിനു വീടുകളും കുറെ കടകളും തിരിമറി ചെയ്തുവെന്ന് ആരോപണമുണ്ടായി. നഗരത്തിലെ കണ്ണായ പ്രദേശങ്ങളിലാണ് ഈ ബന്ധുസേവനം നടന്നത്. 133 കോടിയുടെ ഫെര്‍ട്ടിലൈസര്‍ ഇറക്കുമതിയില്‍ റാവുവിന്റെ ബന്ധുവായ സഞ്ജീവ് റാവുവും മുന്‍ കേന്ദ്രമന്ത്രി രാം ലഖന്‍ യാദവിന്റെ മകന് പ്രകാശ് ചന്ദ്ര യാദവും അഴിമതി നടത്തിയ വിവരവും ഇക്കാലത്തു പുറത്തുവന്നു.
ഇത്രയും കഥകള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അമ്പതു വര്‍ഷത്തെ വീരചരിതമാണ്. തുടര്‍ന്നു രണ്ടു പതിറ്റാണ്ടുകള്കൂടി കടന്നുപോയിരിക്കുന്നു. ഇക്കാലയളവില്‍ അഴിമതിയുടെ എണ്ണത്തിലും വ്യാപ്തിയിലും ഭീതിദമായ വളര്‍ച്ചയാണുണ്ടായത്. ശവപ്പെട്ടി കുംഭകോണം, മുദ്രപ്പത്ര കുംഭകോണം, ആന്ധ്ര സോഷ്യല്‍ വെല്‍ഫെയര്‍ സ്കോളര്‍ഷിപ്പ് അഴിമതി, ഒഡീഷയിലെ നിയമവിരുദ്ധ ഖനന അഴിമതി, കര്‍ണാടക ഹൗസിംഗ് ബോര്‍ഡ് അഴിമതി, ഗോവ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ അഴിമതി, മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം, പടിഞ്ഞാറന്‍ ബംഗാളിലെ ശാരദാ ചിറ്റ് ഫണ്ട് അഴിമതി, ഉത്തര്‍പ്രദേശിലെ റൂറല്‍ ഹെല്‍ത്ത് മിഷന് അഴിമതി, ദില്ലിയിലെ കോമണ്‍വെല്‍ത്ത് കുംഭകോണം, ഹരിയാനയിലെ അദ്ധ്യാപക റിക്രൂട്ട്മെന്റ് അഴിമതി, മഹാരാഷ്ട്ര ഇറിഗേഷന്‍ അഴിമതി, സത്യം ഗ്രൂപ്പ് അഴിമതി, ലളിത് മോഡി – ഐ പി എല്‍ അഴിമതി, കല്‍ക്കരി കുംഭകോണം, ടു ജി സ്പെക്ട്രം അഴിമതി, ലാവ്ലിന് അഴിമതി, സോളാര്‍ അഴിമതി, ബാര്‍ക്കോഴ അഴിമതി, വ്യാപം അഴിമതി, വിവിധ സംസ്ഥാനങ്ങളിലെ ഭൂമി കയ്യേറ്റങ്ങളും വിതരണത്തിലെ അപാകതകളും, റിയല്‍ എസ്റ്റേറ്റ് കുംഭകോണങ്ങള്‍, വിഴിഞ്ഞം കരാര്‍ അഴിമതി എന്നിങ്ങനെ അഴിമതികളുടെ പേമാരിയായിട്ടുണ്ട് ഇപ്പോള്‍. അവയുടെ പട്ടിക നിരത്താന്തന്നെ പല താളുകള്‍ വേണ്ടിവരും.
ആദ്യകാല അഴിമതി ആരോപണങ്ങള്‍ കാലവിളംബമില്ലാതെ അന്വേഷിക്കാന്‍ ഗവണ്മെന്റുകള് ഉത്സാഹിച്ചിരുന്നു. കോടതി നടപടികള്‍ താരതമ്യേന വേഗത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു രണ്ടര പതിറ്റാണ്ട് വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നത്. അഴിമതിയെ വികസനത്തിന്റെ സ്വാഭാവിക പങ്കാളിയായി അംഗീകരിക്കുന്ന മാനസികാവസ്ഥയാണ് വളര്‍ന്നത്. പൊതു സമ്പത്ത് കൊള്ളയടിക്കുന്നതില്‍ ഒരു ധാര്‍മിക പ്രശ്നവും ആരെയും തടഞ്ഞില്ല. പുതിയ മുതലാളിത്തം പുതിയ ധാര്‍മികതയും സദാചാര വഴക്കവും സൃഷ്ടിച്ചു.
അഴിമതിയെ സംബന്ധിച്ചു വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ ചെയ്യുന്നതും അവര്‍ ചെയ്യുന്നതും വേറെ വേറെയാണെന്ന് അവര്‍ വിശദീകരിക്കുന്നു. അവര്‍ ചെയ്യുമ്പോള്‍ മാത്രം തെറ്റാവുന്ന കൃത്യമെന്ന് അഴിമതി ലളിതമാക്കപ്പെട്ടു. ഞങ്ങള്ക്കെന്തുമാവാം എന്ന രാഷ്ട്രീയ ധാര്‍ഷ്ട്യമാണ് പുതിയ മുതലാളിത്തത്തിന്റെ അന്ധവേഗത്തില്‍ പ്രസ്ഥാനങ്ങള്‍ ആര്‍ജ്ജിച്ചത്. തെറ്റായ നയങ്ങളാണ് അഴിമതിയിലേക്കു നയിക്കുന്നതെന്നു കാണാനുള്ള കണ്ണോ തിരുത്താനുള്ള ത്രാണിയോ ആര്‍ക്കുമുണ്ടായില്ല. എതിര് രാഷ്ട്രീയം അഴിമതി രാഷ്ട്രീയം എന്ന ലളിത സമവാക്യങ്ങളില്‍ വിശദീകരണങ്ങളൊതുങ്ങി.
മിശ്ര സമ്പദ്ഘടനയും ക്ഷേമ രാഷ്ട്ര സങ്കല്‍പ്പവും നയിച്ചിരുന്ന ആദ്യകാല മുതലാളിത്തത്തിനു കീഴില്‍ അഴിമതിയെ വെറുക്കുന്ന ദാര്‍ശനികമായ ഒരു നിലപാട് മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളിലെ അഴിമതിയാരോപണങ്ങളും അവയോട് ഗവണ്മെന്റ് സ്വീകരിച്ച നിലപാടും ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. എന്നാല്‍ നവലിബറല്‍ മുതലാളിത്തം കൂടുതല്‍ അക്രമോത്സുകമാണ്. എല്ലാ ധാര്‍മിക മൂല്യങ്ങളുടെയും തിരസ്കാരമാണ് അതിന്റെ രീതി. അതിനു കീഴ്പ്പെട്ട രാഷ്ട്രീയം പല പേരുകളും കൊടികളും അലങ്കരിക്കുന്നുണ്ടെങ്കിലും ഒരേ വര്‍ഗ സ്വഭാവത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളു. കോര്‍പറേറ്റ് നവ ലിബറല്‍ മുതലാളിത്തമാണ് അധികാരകേന്ദ്രം. പുറന്തള്ളല്‍ വികസനമാണ് അജണ്ട. അതിനു കീഴ്പ്പെടലാണ് ജനാധിപത്യത്തിലെ ഭരണരീതി!!
സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ടു പിന്നിടുമ്പോള്‍ മൂല്യങ്ങളൊഴിഞ്ഞ തൊണ്ടാവുകയാണ് നാം. ജീര്ണകാലത്തെ ചര്യകളും ഉടുപ്പുകളുമാണ് നമുക്കു പ്രിയം. ഭൂതബാധയുടെ വിഭ്രാന്തിയില്‍ കോര്‍പറേറ്റ് മത്സരങ്ങള്‍ക്കു സ്വയം പകുക്കുന്ന വിവേകരാഹിത്യത്തെയാണ് പ്രായോഗികതയെന്നു നാം ഓമനപ്പേരില്‍ ആദരിക്കുന്നത്. പുതിയൊരു ഇന്ത്യയെ സംബന്ധിച്ച സ്വപ്നവും അതു നിര്‍മിക്കാനാവശ്യമായ ഊര്‍ജ്ജവും ആര്ജ്ജിച്ചേ തീരൂ. നിലവിലുള്ള വിവേചനപൂര്‍ണമായ അധികാര വാഴ്ച്ചയുടെ നിഷേധമാവണമത്. ആ വഴിയിലുള്ള ക്ലേശകരമായ അന്വേഷണത്തിന് ഇനിയും കാലതാമസമുണ്ടായിക്കൂടാ.
ആസാദ്
14 ആഗസ്ത് 2017