തകഴി ആലപ്പുഴയിലെ തോട്ടിത്തൊഴിലാളികളുടെ കഥയെഴുതിയിട്ട് ഏഴു പതിറ്റാണ്ടിലേറെയായി. ഗ്രാമങ്ങളിലെ കര്‍ഷകരും നഗരങ്ങളിലെ തോട്ടികളും സംഘടിതരാവുന്ന കഥയാണ് അക്കാലത്ത് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ കമ്യൂണിസ്റ്റ് ലിബറേഷന്‍ ആക്റ്റിവിസ്റ്റായ ദിവ്യ ഭാരതി തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി സിനിമ വന്നിരിക്കുന്നു. കക്കൂസ്. വിധു വിന്‍സന്റ് തുറന്നുവെച്ച മാന്ഹോളിനും പിറകിലെ മാലിന്യക്കുഴികളിലേയ്ക്ക് ക്യാമറ തുറന്നുവെയ്ക്കുകയാണ് ദിവ്യ.
തോട്ടിയുടെ മകന് വായിച്ചത് നാല്‍പ്പതു കൊല്ലം മുമ്പാണ്. വല്ലാത്ത അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട് ആ പുസ്തകം. പിന്നീട് മലംകോരുന്ന തോട്ടിപ്പണിക്കാരെക്കുറിച്ച് ആരും പറഞ്ഞു കേട്ടില്ല. തീട്ടക്കുഴികളിലില് ഇറങ്ങുകയോ വെറും കൈകള്‍കൊണ്ട് വാരുകയോ ചെയ്യുന്ന തൊഴിലിന് വിരാമമായി എന്നായിരുന്നു ധാരണ. കേരളത്തിലത് റയില്‍വേയുടെ മാത്രം ഭാഗമാണെന്നോ വാരുന്നവര്‍ മറുനാട്ടുകാരാണെന്നോ നാം ആശ്വസിച്ചു. മറുനാടുകളിലാവട്ടെ, മുപ്പതുകളില്‍ ആലപ്പുഴയിലും കേരളത്തിലെ മറ്റു നഗരങ്ങളിലും കണ്ടതിനെക്കാള്‍ മോശമായ അനുഭവങ്ങളാണ് നിലവിലുള്ളത്. രാജ്യത്തെവിടെയും മനുഷ്യ വിസര്‍ജ്ജ്യവും മാലിന്യവും വെറുംകൈകള്കൊണ്ടു വാരി ശുദ്ധീകരിക്കുന്ന തൊഴിലാളികള്‍ നമ്മുടെ സ്വച്ഛഭാരതവികസനത്തിന്റെ പിന്നാമ്പുറങ്ങളില്‍ പിടയുന്നുവെന്ന് നടുക്കത്തോടെ അറിയുന്നു. നിരോധിക്കപ്പെട്ട തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് അവര്‍. ഭരണഘടന അരുതെന്നു വിലക്കിയ അയിത്തത്തിന്റെ ക്രൂരതകള്‍ക്ക് ഇരകളാകുകയാണവര്.
കോണ്ട്രാക്റ്റ് തൊഴിലാളികളായാണ് ഇവര്‍ പരിഗണിക്കപ്പെടുന്നത്. മിനിമം വേതനമോ തൊഴില്‍ സുരക്ഷയോ ജീവന്രക്ഷയോ നല്കാന് ഗവണ്മെന്റുകള് തയ്യാറാവുന്നില്ല. വെറുംകൈകള്കൊണ്ടല്ല മാലിന്യം വാരുന്നതെന്നു പറയാന്‍ വല്ലപ്പോഴും കൈയുറകളും ബൂട്ടുകളും നല്കുന്നുണ്ടത്രെ. കിട്ടുന്നവര്‍ വളരെ ചുരുക്കം. തമിഴ്നാട്ടില്‍ അരുന്ധതിയാര്‍, ചക്കലിയാര് തുടങ്ങിയ ജാതികളില്‍പെട്ടവര്‍ ഈ തൊഴില്‍ ചെയ്തുകൊള്ളണം. അവരുടെ മക്കള്‍ക്കും സന്തതി പരമ്പരകള്‍ക്കും വേറെ വഴിയില്ല. അവര്‍ക്ക് എങ്ങും പ്രവേശനവുമില്ല. അയിത്തം എല്ലാ മനുഷ്യാവകാശങ്ങളും നഗ്നമായി ലംഘിച്ചു തിമര്‍ക്കുന്നു.
2003ല്‍ അമുദം ആര് പി തയ്യാറാക്കിയ ഡോക്യുമെന്ററി അയിത്തക്കാരിയായ ഒരു ശുചീകരണത്തൊഴിലാളിയുടെ ഒരു ദിവസം ചിത്രീകരിച്ചിരുന്നു. പീ എന്നായിരുന്നു പേര്. മലയാളത്തിലത് തീട്ടമെന്നേ പരിഭാഷപ്പെടുത്താനാവൂ. തെരുവില്‍ കൈകൊണ്ടു കോരി ശുചിയാക്കണം. നടുക്കുന്ന ചിത്രങ്ങളാണ് അമുദം അടര്‍ത്തിയെടുത്തത്. ഇതെന്താ തെരുവോ കക്കൂസോ എന്ന ചോദ്യത്തിലാണ് അതാരംഭിക്കുന്നത്. ആ കാഴ്ച്ചകളുന്നയിച്ച രാഷ്ട്രീയ ചോദ്യത്തിന് ഉത്തരം കാണാനുള്ള ശ്രമമാണ് ദിവ്യ ഭാരതി നടത്തിയത്.
തീട്ടക്കുഴികളില്‍ മുങ്ങി വിഷം ശ്വസിച്ചു മരിച്ച മനുഷ്യരെ ചൂണ്ടി ദിവ്യ എന്ന ആക്റ്റിവിസ്റ്റ് കുറ്റകരമായ നമ്മുടെ മൗനത്തെ വിചാരണ ചെയ്യുന്നു. കക്കൂസ് എന്ന പേരില്‍ അവര്‍ നിര്‍മിച്ച ഡോക്യുമെന്ററി തമിഴ്നാട്ടിലെ ഇരുപത്തിയഞ്ചു ജില്ലകളിലെ ശുചീകരണത്തൊഴിലാളികളുടെ കഥപറയുന്നു. ആ കഥ നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചു കനത്ത ഉത്ക്കണ്ഠകള്‍ പകരുന്നു.
തോട്ടിയെന്ന് ഇപ്പോള്‍ കേരളത്തിലൊരു വിളിപ്പേരില്ല. അപമാനകരമായ ഒരു തൊഴില്‍ അവസാനിച്ചു എന്നാണ് നമ്മുടെ നാട്യം. കല്‍ക്കത്തയില്‍ മനുഷ്യര്‍ വലിക്കുന്ന റിക്ഷകളുണ്ടെന്ന് രൂക്ഷമായ വിമര്‍ശനമാണ് നമുക്കുള്ളത്. തോട്ടിപ്പണിയുടെ പേരു മാറി ശുചീകരണത്തൊഴിലാളിയായി എന്നത് ഒരുപക്ഷെ, ചെറിയ മാറ്റമാവില്ല. നഗരങ്ങളിലെ നിരത്തുകളിലും ഓടകളിലും പൊതുകക്കൂസുകളിലും ചിതറുകയോ കുമിയുകയോ ചെയ്യുന്ന മലം ആരാണ് വൃത്തിയാക്കുന്നത്? നമ്മുടെ സെപ്റ്റിക് ടാങ്കുകള്‍ ഒഴിച്ചെടുക്കുന്നത് ആരാണ്? എങ്ങനെയാണ്? അവര്‍ മലയാളികളോ തമിഴ്നാട്ടുകാരോ ആവട്ടെ, അവര്‍ മനുഷ്യരാണല്ലോ. എന്തു വേതനമാണ്, എന്തു പരിരക്ഷയാണ് അവര്‍ക്കു ലഭിക്കുന്നത്?
സാധാരണനിലയില്‍ നാം കാണാനറയ്ക്കുന്ന ദൃശ്യങ്ങളിലൂടെ സ്വച്ഛഭാരതത്തിന്റെ മറുപുറത്തെക്കാണ് ദിവ്യ കൂട്ടിക്കൊണ്ടുപോകുന്നത്. ചേരികളിലും കോളനികളിലുമായി വകഞ്ഞുമാറ്റപ്പെടുന്ന അസ്പൃശ്യ ജനവിഭാഗങ്ങളുടെ പീഢാനുഭവങ്ങളിലേയ്ക്ക്. അവിടെ എല്ലാവര്ക്കും പേരുകളുണ്ട്. തൊഴിലെടുത്ത് ജീവിക്കുന്നതിന്റെ അഭിമാനമുണ്ട്. സഹജീവികളോടുള്ള സ്നേഹമുണ്ട്. സാമൂഹിക വ്യവസ്ഥയോടും അധികാര വ്യവഹാരങ്ങളോടുമുള്ള ശമനമില്ലാത്ത ശൗര്യമുണ്ട്. ആട്ടിയകറ്റപ്പെടുന്നവര്‍ രാജ്യത്തെ ഭരണഘടയുടെയും ജനാധിപത്യ ക്രമത്തിന്റെയും സത്തയെന്തെന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങളാണ് മാലിന്യമെങ്കില്‍ ഞങ്ങളെ കൊണ്ടുപോയി സംസ്ക്കരിക്കെന്ന് പാടുകയും പറയുകയും ചെയ്യുന്ന ബോധ്യത്തിലേക്ക് അവരുണര്ന്നിട്ടുണ്ട്. എങ്കിലും അസംഘടിതരും വിലപേശല്‍ശേഷി ഒട്ടുമില്ലാത്തവരുമാണവര്‍. നാളെയുടെ അധികാരികള്‍.
കക്കൂസ് എന്ന സിനിമ ജീവിതത്തിന്റെയും കലയുടെയും തൊങ്ങലുകള് ഉരിഞ്ഞെറിയുന്നു. അഭിമാനകരമായ വികസനത്തിന്റെ ഈ പിന്നാമ്പുറവും കാണൂ എന്ന് വിളിക്കുന്നു. ഇവിടെയാണ് മുന്നേറുന്ന എന്തിന്റെയും ചുവടുകളെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ കക്കൂസു കാണുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ച് അലസമായി സംസാരിക്കാന്‍ സാധിക്കാതെവരും. ആത്മനിന്ദ ജീവിതത്തെ പുതുക്കുന്ന ഔഷധമായേക്കും. ദിവ്യക്കു നന്ദി. അഭിവാദ്യം.
ആസാദ്
9 ആഗസ്ത് 2017