Article POLITICS

കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസം ( കോബ്രാ ഫാഷിസം )

 

COB 1

 

കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസം ( കോബ്രാ ഫാഷിസം ) കേരളത്തില്‍ അതിന്റെ നിര്‍ണായക യുദ്ധം ആരംഭിച്ചിരിക്കുകയാണ്. എല്ലാം നേടിയിട്ടും കേരളം നേടിയില്ലെങ്കില്‍ എന്തു കാര്യം എന്ന വിലാപമുണ്ട് പിന്നണിയില്‍. ബംഗാളിന്റെയും കേരളത്തിന്റെയും നവോത്ഥാനം നട്ടുവളര്‍ത്തിയതെല്ലാം പിഴുതുമാറ്റണം അവര്‍ക്ക്. സമജീവിതത്തിന്റെ ആശയങ്ങള്‍, ആദര്‍ശങ്ങള്‍, കല, സാഹിത്യം, തത്ത്വചിന്ത, മതേതര ജീവിതം, രാഷ്ട്രീയ ജാഗ്രത എല്ലാം തകര്‍ക്കണം അവര്‍ക്ക്.

അവര്‍ സംസ്ക്കാരത്തിന്റെയും വികസനത്തിന്റെയും ട്രോജന്‍ കുതിരകളുമായാണ് വന്നത്. പ്രത്യക്ഷത്തില്‍ ആകര്‍ഷകം. നിരുപദ്രവകരം. ആശ്ലേഷിക്കാനുള്ള വെമ്പലില്‍ ഒളിഞ്ഞിരിക്കുന്ന ശത്രുസൈന്യങ്ങളെ ആരു കണ്ടു?!!

പാരമ്പര്യവും സംസ്ക്കാരവും എന്തെന്ന് വയലുകളിലവര്‍ കള വിതച്ചു. നവോത്ഥാനപൂര്‍വ്വ ജീര്‍ണതകളെ വിമര്‍ശനരഹിതമായി സ്വീകരിക്കാന്‍ പാകപ്പെട്ട മണ്ണായി നമ്മുടേത്. ഉയര്‍ന്ന ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ വകവെച്ചില്ല. മനുഷ്യര്‍ പുറന്തള്ളപ്പെടുന്ന പുതിയ അയിത്താചരണങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന പുതിയ അധികാരശീലങ്ങളും സ്വാഭാവികം എന്ന മട്ടിലാണ് സ്വീകരിക്കപ്പെട്ടത്. ക്ലേശിക്കുന്ന മനുഷ്യരെ അന്യോന്യം ശത്രുക്കളാക്കി ദൈവങ്ങളുടെ ജന്മദിനാഘോഷങ്ങള്‍ക്ക് കൊടികയറി. വീടുകളില്‍ പഴയ കിണ്ടിയും വിളക്കും രാമായണവും പൂമുഖത്ത് അടയാളങ്ങളായി.

മതേതര ജീവിതത്തിന്റെ പൊതുമണ്ഡലത്തിലേക്ക് യോഗയും രക്ഷാബന്ധനും ഔദ്യോഗിക മുദ്രകളോടെ കടന്നുവന്നു. ഭൂരഹിതരുടെയും ഭവന രഹിതരുടെയും തൊഴില്‍ രഹിതരുടെയും നാട് ദൈവജയന്തികളും ആഘോഷിച്ചു. രാജ്യത്തെ അടുക്കളയില്‍ വേവുന്നതെല്ലാം അദാനിയുടെ സ്വര്‍ണപ്പാത്രത്തിലേക്കു നിറഞ്ഞു. ഭരണാധികാരികളെ ചുറ്റുമിരുത്തി അദാനിമാര്‍ ഒറ്റപ്പാത്രത്തിലുണ്ടു. മിശ്രഭോജനത്തിന്റെ മാനം കാത്തു!!

വെട്ടിയും കൊന്നുമുള്ള അധിനിവേശത്തെപ്പറ്റി ചാനലുകളില്‍ ചര്‍ച്ച മുറുകുന്നുണ്ട്. സായുധമായി നേരിടാന്‍ കച്ച മുറുക്കുന്നവര്‍ അകത്ത് പുതിയ രക്ഷാബന്ധന്‍ പ്രതിജ്ഞയെടുത്തവരെങ്കില്‍ ആര് ആരെയാണ് തോല്‍പ്പിക്കുക? ആയുധവുമായി, അധികാരത്തിന്റെ ഉത്തരവുകളായി വരുന്നതിനുമുമ്പേ ആരംഭിച്ച ജീര്‍ണ ആശയങ്ങളുടെ അധിനിവേശത്തെയും അതിന്റെ ഉപകരണങ്ങളായി തുടര്‍ന്നു വര്‍ത്തിക്കുന്ന പുതിയ വികസനത്തിന്റെ രീതിശാസ്ത്രത്തെയും ഒന്നു കീറിമുറിച്ചു പരിശോധിക്കണം. മനുഷ്യരെ വിഭജിക്കുന്ന എല്ലാറ്റിനെയും തള്ളിക്കളയാനുള്ള കരുത്താണ് പുതിയ പ്രതിരോധത്തിനാവശ്യം.

 

COBRA

ഇനിയും തത്വവിചാരത്തിന് നേരംകിട്ടിയെന്നു വരില്ല. പക്ഷെ അതില്ലാതെ ഒന്നും ലക്ഷ്യവേധിയാവുകയുമില്ല.

ആസാദ്
7ആഗസ്ത് 2017

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )