Article POLITICS

ഗവര്‍ണര്‍മാര്‍ സംഘപരിവാരത്തിന്റെ സ്ഥാനപതികളോ?

 

 

കേന്ദ്രഭരണം ഉപയോഗപ്പെടുത്തി രാഷ്ട്രീയാധിനിവേശം പൂര്‍ണവും ശകൃതവുമാക്കുക എന്ന അജണ്ടയാണ് ബി ജെ പിയുടേത്. കോണ്‍ഗ്രസ്സ് ഭരണം ശീലിപ്പിച്ച അധികാര പ്രയോഗങ്ങളുടെ അനാശാസ്യ വഴികള്‍ കൂടുതല്‍ വിപുലപ്പെടുത്താനും സാധൂകരിക്കാനുമാണ് ബിജെപിയുടെ ശ്രമം. അമിത്ഷായുടെയും നരേന്ദ്രമോടിയുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം കലുഷവും ഹിംസാത്മകവുമായിരിക്കുന്നു.

ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ പലമട്ടുപയോഗിച്ചതു നാം കണ്ടു. ബിജെപിയിതര സര്‍ക്കാറുകള്‍ ഉള്ളയിടങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ സംസ്ഥാന രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടാന്‍ ധൈര്യം കാണിച്ചുതുടങ്ങി. അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറായിരുന്ന ജ്യോതിപ്രസാദ് രാജ്കോവ, മന്ത്രിസഭയുടെ അധികാരത്തില്‍ ഇടപെട്ടു നിയമസഭായോഗം വിളിച്ചു ചേര്‍ക്കാനും ബിജെപിയുടെ കൈകളില്‍ അധികാരമെത്തിക്കാനും നഗ്നമായ രീതിയിലുള്ള അധികാര ദുര്‍വിനിയോഗമാണ് നടത്തിയത്. 2015ലായിരുന്നു സംഭവം. തമിഴ്നാട്ടില്‍നിന്നുള്ള മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് വി ഷണ്‍മുഖനാഥ് മേഘാലയത്തില്‍ ചെയ്തുകൂട്ടിയ കൃത്യങ്ങള്‍ ആ പദവിക്ക് വലിയ കളങ്കമാണുണ്ടാക്കിയത്. രാജ്ഭവനിലെ നൂറോളം ജീവനക്കാര്‍തന്നെ രേഖാമൂലം പരാതിപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം നാണംകെട്ടു പടിയിറങ്ങി. ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാറുമായി ഗവര്‍ണര്‍ നിരന്തര സമരത്തിലാണ്. ബിഹാറില്‍ തങ്ങളുടെ രാഷ്ട്രീയ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചതിനുള്ള പാരിതോഷികമാണ് രാംനാഥ് കോവിന്ദിനു ലഭിച്ച രാഷ്ട്രപതി സ്ഥാനം.

സംസ്ഥാനങ്ങളിലൂടെ യാത്രപോവുന്നില്ല ഇപ്പോള്‍. പക്ഷെ, അമിത്ഷായും മോടിയും എങ്ങനെ അജണ്ട നടപ്പാക്കുന്നു എന്നു കാണാതെവയ്യ. എങ്ങും നടക്കുന്നതിന്റെ തുടര്‍ച്ചയാണ് കേരളത്തിലും കണ്ടത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടാന്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം (ചാന്‍സലര്‍ എന്ന പദവിയുടെ ബലത്തില്‍) വിളിച്ചു ചേര്‍ത്താണ് ജസ്റ്റിസ് സദാശിവം ആരംഭിച്ചത്. ഒടുവില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തുന്നിടം വരെയെത്തി. ബിജെപിയുടെ താല്‍പ്പര്യം വ്യക്തവും പ്രകടവുമാണ്. വേണ്ട മുന്നൊരുക്കങ്ങളോടെയാണ് അവര്‍ രംഗത്തിറങ്ങിയിട്ടുള്ളത്. സംസ്ഥാനം ഭരിക്കുന്ന സിപിഎം പോലെയൊരു പ്രസ്ഥാനം ആ അജണ്ടകളില്‍ വീണുപോകുന്നത് ദുഖകരമാണ്.

കണ്ണിനു കണ്ണ് ചോരയ്ക്കു ചോര എന്ന മുദ്രാവാക്യം ചില കാലങ്ങളില്‍ ചിലരെ വളര്‍ത്തും. ചിലര്‍ക്കത് കുഴിവെട്ടുകയും ചെയ്യും. കമ്യൂണിസ്റ്റുകാരെ വളര്‍ത്തിയിട്ടുണ്ട് ആ മുദ്രാവാക്യം. ഇപ്പോള്‍ പക്ഷെ, അത് കമ്യൂണിസ്റ്റുകാര്‍ക്ക് ഒട്ടും അനുകൂലമല്ല. അധികാര ബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കാത്തിരിക്കുന്നത് പതനകാലമാണ്. അടിച്ചമര്‍ത്തപ്പെടുന്ന സാമൂഹിക സാഹചര്യത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യവും സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ പ്രവര്‍ത്തന ശൈലിയും ഹിംസയുടെ ആഘോഷമായി വളര്‍ന്നു പെരുകിയതിന് ന്യായീകരണമില്ല. ഈ പിശകിനെ രക്തംകൊണ്ടുതന്നെ വരുതിയിലാക്കാനാണ് കേരളത്തിലെ ബിജെപിയുടെ ശ്രമം. രാജ്യത്താകെ നടപ്പാക്കുന്ന രാഷ്ട്രീയ അധിനിവേശ അജണ്ടയുടെ വാള്‍മുന ഇപ്പോള്‍ കേരളത്തിനു നേരെത്തന്നെയാണ്. നേരിടാനുള്ള കായികശക്തിയല്ല ധാര്‍മ്മിക ശക്തിയാണ് ഇടതുപക്ഷം ആര്‍ജ്ജിക്കേണ്ടത്.

ഏറ്റവും അടിത്തട്ടിലുള്ള നിസ്വജന സമൂഹത്തെ അണിനിരത്തിയല്ലാതെ ജനാധിപത്യ മൂല്യത്തെയും സംവിധാനത്തെയും സംരക്ഷിക്കാനാവില്ല. അവരെ പിളര്‍ത്തിയും തുരത്തിയോടിച്ചും അവഗണിച്ചും അധികാരത്തിന്റെ കോര്‍പറേറ്റഹന്തക്കു വഴങ്ങിയാല്‍ സ്വന്തം പതനത്തിനാണ് വേഗമേറുകയെന്ന് ഇടതുപക്ഷം ഓര്‍ക്കുന്നത് നന്ന്.

ആസാദ്
5 ആഗസ്ത് 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )