അരനൂറ്റാണ്ടോളമായി വെട്ടിയും കൊന്നും കണക്കൊപ്പിക്കുന്ന, തൊട്ടുകൂടായ്മയും ഭ്രഷ്ടും ആചരിക്കുന്ന പ്രതിലോമ രാഷ്ട്രീയം അഥവാ വിപരീത രാഷ്ട്രീയം കേരളത്തില്‍ വളര്‍ന്നു ശക്തിപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ സംസ്ക്കാരങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരങ്ങളല്ല നടക്കുന്നത്. കായികാതിക്രമങ്ങളും ഉന്മൂലനങ്ങളുമാണ്. ഇത് ലോകത്ത് അപരിഷ്കൃത പ്രദേശങ്ങളില്‍പോലും കാണാത്ത നിന്ദ്യമായ പ്രവണതയാണ്. എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും ഈ ചോരക്കുരുതിയില്‍ കുറഞ്ഞ അളവിലെങ്കിലും പങ്കാളികളാണ്. രണ്ടു പാര്‍ട്ടികളാവട്ടെ, ഈ കൊലക്കളി മുഖ്യ അജണ്ടയായി സ്വീകരിച്ച് ഫാഷിസ്റ്റ് പ്രതിലോമ രാഷ്ട്രീയത്തിന്റെ ചെകുത്താന് മുദ്രകളാവുകയാണ്.
ശവംതീനി രാഷ്ട്രീയം ഫാഷിസത്തിന്റേതാണ്. ഫാഷിസത്തെ തകര്‍ക്കാന്‍ അതിന്റെവഴിയേ പോയിക്കൂടാ. ജനാധിപത്യ മൂല്യങ്ങളോടും സംവിധാനങ്ങളോടും പ്രതിബദ്ധതയുള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തിനും ശവംതീനി രാഷ്ട്രീയത്തിന്റെ വഴി സ്വീകരിയ്ക്കാനാവില്ല. രാജ്യത്തെ ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായി അക്രമികള്‍ക്കെതിരെ വിചാരണയും ശിക്ഷയും ഉറപ്പാക്കുകയാണ് വേണ്ടത്. അക്രമങ്ങള്‍ക്കെതിരായ പെട്ടെന്നുള്ള ചെറുത്തുനില്‍പ്പും സ്വാഭാവിക പ്രതികരണങ്ങളും ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. അതിന്റെ പരിക്കുകളും ആഘാതങ്ങളും പ്രതികരണങ്ങളും ശവംതീനി രാഷ്ട്രീയത്തിലേക്കുള്ള വഴി തുറക്കുന്നതായിക്കൂടാ എന്ന ജാഗ്രത ജനാധിപത്യ/ ഇടതുപക്ഷ പ്രസ്ഥാനങ്ങള്ക്കുണ്ടാവണം.
നിര്‍ഭാഗ്യവശാല്‍ അത്തരമൊരു ജാഗ്രത വലിയ ഇടതു/ വലത് പ്രസ്ഥാനങ്ങള്‍ക്ക് കൈമോശം വന്നിരിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തിനിടെ സംസ്ഥാനത്ത് നൂറുകണക്കിനാളുകളാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായത്. . സ്വേഛാധികാരികളായ ഭരണാധിപന്മാരുള്ള നാടുകളിലല്ലാതെ ഇത്തരം കൊടുംപാതകങ്ങള്‍ കേട്ടുകേള്‍വിയില്ല.പിനോച്ചെയെപ്പോലെയുള്ള ഭരണാധികാരികള്‍ ലോക കോടതിക്കു മുന്നില്‍ വിചാരണ നേരിട്ടത് നാം മറന്നിട്ടില്ല.
ഒരു ജനാധിപത്യ രാജ്യത്തെ രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിയ അറുംകൊലകള്‍ കൊടുംക്രൂരനായ ഏതു ഭരണാധികാരിയെയും പിന്നിലാക്കുന്നതാണ്. ഒരു രാജ്യത്തിനുമില്ല സമാനമായ അനുഭവങ്ങള്‍. രാജവാഴ്ച്ചയുടെ പഴങ്കഥകളില്‍ മാത്രമാണ് മല്ലുയുദ്ധവും ഹിംസയും ആസ്വദിച്ച രാജാക്കന്മാരും അനുചരരുമുള്ളത്. ഇപ്പോള്‍ നമ്മുടെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത് അതില്‍കുറഞ്ഞ ഒന്നല്ല. അവസാനിക്കുന്നില്ല അറുംകൊലകള്‍. പ്രത്യേക പരിശീലനം സിദ്ധിച്ച കൊലയാളികളുണ്ടെന്നു വന്നിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ വേട്ടനായ്ക്കളെപ്പോലെയാണ് പോറ്റി വളര്‍ത്തപ്പെടുന്നത്. യഥാര്‍ത്ഥ പ്രതികള്‍ പിടിയ്ക്കപ്പെടുന്നത് അപൂര്‍വ്വമാണ്. ശിക്ഷിക്കപ്പെടുന്നത് അത്യപൂര്‍വ്വവും.
ഈ അറുംകൊലകളെപ്പോലെ മലയാളിക്ക് വേദനയും അപമാനവും ലജ്ജയുമുണ്ടാക്കുന്ന അനുഭവമേതുണ്ട്? നിറഞ്ഞ സാക്ഷരതയും രാഷ്ട്രീയ ജാഗ്രതയുടെ ഭൂതകാലവും നമ്മെ ഒന്നും പഠിപ്പിച്ചില്ലെന്നു വേണം കരുതാന്‍. ഇതര സംസ്ഥാനങ്ങളില്‍ താരതമ്യേന പിറകില്‍ നില്ക്കുന്ന പ്രദേശങ്ങളില്‍ പൊടുന്നനെയുള്ള പ്രകോപനങ്ങളില്‍ പെട്ടുപോകുന്ന ജനങ്ങള്‍ കലഹിക്കുകയും കലാപങ്ങളുണ്ടാക്കുകയും ചെയ്യാറുണ്ട്. അതുപക്ഷെ, ഹ്രസ്വമായ ഇടവേളകളില്‍ തുടരുന്ന ഒരു നൂറ്റാണ്ടുയുദ്ധമായി പരിണമിക്കാറില്ല. കണ്ണൂര്‍ പക്ഷെ അറുതിയില്ലാത്ത പകയുടെ കൊലക്കളമായി ചരിത്രത്തെ പൊള്ളിക്കുന്നു. അതു കേരളമാകെ പരക്കുമോ എന്ന ഭയം നവഫാഷിസ്റ്റ് കാലത്തിന്റെ സ്വാഭാവിക ഉത്ക്കണ്ഠയാണ്.
കമ്യൂണിസ്റ്റുകാരെ കൊന്ന് സോഷ്യലിസ്റ്റ് ആശയത്തെയോ സ്വപ്നത്തെയോ ഇല്ലാതാക്കാനാവില്ല. ഫാഷിസ്റ്റുകള്‍ക്ക് പക്ഷെ, അതു ചിന്തിക്കാനുള്ള ശേഷിയില്ല. രക്തം രക്തമെന്നു ദാഹിക്കുന്ന നൃശംസതയാണത്. ശവംതിന്നൊടുങ്ങുന്ന ഭൂതാവേശം.
കൊലയാളിയായെത്തുന്ന സംഘചരിവാരം തന്റെ സഹജീവിയും ഒരേ പാതകങ്ങള്‍ക്ക് വിധേയപ്പെടുന്ന ഇരയുമാണല്ലോ എന്ന ഞെട്ടലാണ് കമ്യൂണിസ്റ്റുകാരനെ വേറിട്ട ബോധത്തിന് ഉടമയുമാക്കുന്നത്. അവന് ചെന്നുപെട്ട വലയങ്ങളില്‍നിന്ന് അവനെ വീണ്ടെടുത്ത് ഫാഷിസത്തിനെതിരെ നിര്‍ത്തുക എന്നതാണ് കമ്യൂണിസ്റ്റുകാരന് ഏറ്റെടുക്കേണ്ട ചുമതല. പാതകങ്ങളെ സാമൂഹിക ബോധംകൊണ്ടും ഐക്യംകൊണ്ടും നേരിടാനുള്ള കരുത്തും മാര്‍ഗവുമാണ് അയാള്‍ ആര്‍ജ്ജിക്കേണ്ടത്.
പക്ഷെ, നാം കാണുന്നത് മറ്റൊന്നാണ്. ഫാഷിസത്തിന്റെ മൂലധനാര്ത്തിയും കൗശലങ്ങളും പൂത്തുലയുന്ന കാലത്ത് ഭ്രാതൃഹത്യയുടെ കൊടും ക്രൂരതയാണത്. ഫാഷിസ്റ്റുകളുടെ, ശവംതീനി വഴികള്മാത്രം തെളിഞ്ഞു നില്ക്കുന്നു.. പ്രതിരോധത്തിന്റെ രാഷ്ട്രീയം ചോര്‍ന്നുപോവുകയും പകയും കൊലയും നിറഞ്ഞ വിരാമമില്ലാത്ത കലുഷകാലങ്ങള് ചോരതുപ്പുകയും ചെയ്യുന്നു.
അപമാനകരമായ ഈ പാരമ്പര്യം അവസാനിക്കണം. ജനാധിപത്യ യുഗത്തില്‍ ഒരാളും അക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ പാടില്ല. കേരളത്തിനുമേലുള്ള കരിനിഴല്‍ തുടച്ചുമാറ്റണം. മനുഷ്യസ്നേഹികളുടെ കൂട്ടായ മുന്നേറ്റംകൊണ്ടേ അത് സാധ്യമാകൂ.
ആസാദ്
2 ആഗസ്ത് 2017