Article POLITICS

ആശുപത്രികള്‍ നീതി നല്‍കില്ലെങ്കില്‍ ജയിലുകള്‍ നല്‍കട്ടെ

mcc nurses 2

 

മിനിമം വേതനമെങ്കിലും ലഭിക്കാനുള്ള നഴ്സുമാരുടെ സമരത്തെ കരിനിയമങ്ങള്‍കൊണ്ടു നേരിടാനാവുമോ ഇടതുപക്ഷ സര്‍ക്കാര്‍ മുതിരുക? ഹൈക്കോടതി സമരത്തിനേര്‍പ്പെടുത്തിയ വിലക്കും എസ്മ പോലെയുള്ള കരിനിയമങ്ങള്‍ നടപ്പാക്കണമെന്ന ഓര്‍മ്മപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നു.

സംസ്ഥാനത്തെ അവശ്യ സേവന മേഖലയില്‍ സ്വകാര്യ ആശുപത്രി നഴ്സുമാരോളം ദുരിതമനുഭവിക്കുന്നവര്‍ വേറെയുണ്ടാവില്ല. മൂവായിരം മുതല്‍ ആറായിരം രൂപവരെ നല്‍കിയാണ് പലയിടത്തും അവരെ അമിതജോലി ചെയ്യിക്കുന്നത്. പഠനാവശ്യത്തിന് വായ്പയെടുക്കാന്‍ നിര്‍ബന്ധിതരായ അവരില്‍ പലരും ആത്മഹത്യാ മുനമ്പിലാണ്. ഏറ്റവും ശ്രേഷ്ഠവും ശ്രമകരവുമായ ജോലിചെയ്യുന്നവരെ അതിക്രൂരമായ ചൂഷണത്തിനാണ് വിധേയമാക്കുന്നത്. എതിര്‍ക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ തൊഴില്‍ നഷ്ടമാകും എന്നതാണ് അവസ്ഥ.

നഴ്സിങ് ജോലിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഒരു വേതന വ്യവസ്ഥ നിലവിലുണ്ട്. അതു ലഭിക്കുക തൊഴിലെടുക്കുന്നവരുടെ അവകാശമാണ്. ആ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത ജനാധിപത്യ സര്‍ക്കാറിനുണ്ട്. ദീര്‍ഘകാലം അസംഘടിതരായി നിര്‍ത്തി കൊടിയ ചൂഷണത്തിന് ഇക്കൂട്ടരെ വിധേയമാക്കിയപ്പോള്‍ ഭരണകൂടം ലജ്ജാകരമായ മൗനത്തിലായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നു എന്ന മുഖത്തെഴുത്തുള്ള സംഘടനകളോന്നും തിരിഞ്ഞു നോക്കിയില്ല. അവരെല്ലാം സഹകരണ ആശുപത്രികളുണ്ടാക്കി മുതലാളി ചമഞ്ഞു ശീലിക്കുകയായിരുന്നു. അവിടെയെല്ലാം നക്കാപ്പിച്ച കൂലി നല്‍കി തൊഴിലാളികളെ കൊള്ളയടിക്കുകയായിരുന്നു.

ഇപ്പോള്‍ അസംഘടിത തൊഴിലാളികള്‍ക്കു പൊതുവേദികള്‍ രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജനാധിപത്യബോധവും തൊഴിലവകാശബോധവുമുള്ള പൊതുസമൂഹത്തിന്റെ പിന്തുണ പുതിയ മുന്നേറ്റത്തിനുണ്ടാവണം. സ്വകാര്യ ആശുപത്രി മേഖലയിലെ കൊടിയ ചൂഷണം അവസാനിക്കണം. ഏറ്റവും കുറഞ്ഞ ജീവിതാവസ്ഥക്കു വേണ്ടിയാണ് ഏറ്റവും പ്രധാന ജോലി ചെയ്യുന്നവര്‍ തെരുവിലിറങ്ങേണ്ടി വന്നതെന്ന് ഓര്‍ക്കണം.

സംസ്ഥാനത്ത് പനിയും പകര്‍ച്ചവ്യാധികളും പിടിപെട്ട് വലിയ തോതില്‍ രോഗികള്‍ ആശുപത്രികളിലേയ്ക്ക് എത്തുന്ന ഘട്ടത്തില്‍ ആശുപത്രി അന്തരീക്ഷം കലുഷിതമാകാതെ നോക്കാനുള്ള ബാധ്യത ആശുപത്രി ഉടമകള്‍ക്കും ആരോഗ്യ വകുപ്പിനുമുണ്ട്. അത് നഴ്സുമാരുടെ മാത്രം ഉത്തരവാദിത്തമാണെന്ന് കോടതിയും കരുതരുത്. ഇക്കാലമത്രയും നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സന്നദ്ധമാവാത്തവരോട് അവര്‍ കേള്‍ക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യത്തിലും രീതിയിലും അതു പറഞ്ഞേ മതിയാകൂ. അത്രയേ നഴ്സുമാര്‍ ചെയ്തിട്ടുള്ളു. കൊടിയ അനീതി അവസാനിപ്പിക്കാന്‍ ആശുപത്രി ഉടമകളും സര്‍ക്കാറും തയ്യാറാവുകയാണ് വേണ്ടത്. രോഗികളോട് നീതികാണിക്കാനുള്ള വഴിയും അതാണ്.

യുനൈറ്റഡ് നഴ്സസ് അസോസിയേഷനും ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും തിങ്കളാഴ്ച്ച മുതല്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല സമരത്തിന് വിലക്കേര്‍പ്പെടുത്താന്‍ കോടതി തീരുമാനം മതിയാകുമോ? ഇച്ഛാശക്തിയും അവകാശ ബോധവുമുള്ള തൊഴിലാളികളുടെ ജീവന്മരണ പോരാട്ടങ്ങളെ നിയമംകൊണ്ടു തളര്‍ത്താനാവില്ല. വിധികള്‍ ദുര്‍ബ്ബലപ്പെട്ടുപോയ സാഹചര്യങ്ങളുണ്ട്. വിളപ്പില്‍ ശാലയിലും നാമത് കണ്ടതാണ്. പതിനായിരക്കണക്കിനു സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വിലക്കു ലംഘിച്ചു സമരം ചെയ്താല്‍ നമുക്ക് ഇപ്പോഴുള്ള തടവറകള്‍ മതിയാകാതെ വരും. നീതിക്കുവേണ്ടിയുള്ള നിലവിളികളെ നിയമംകൊണ്ടു തടയാനാവില്ല. സമരപാരമ്പര്യമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ നയിക്കുന്ന ഭരണത്തിന് അതു മനസ്സിലാവണം. എസ്മ പ്രയോഗിച്ച് സ്വന്തം വീഴ്ച്ചയ്ക്കു വേഗംകൂട്ടാന്‍ അവര്‍ തയ്യാറാവില്ലെന്നു കരുതുന്നു. പൊതു സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും നഴ്സുമാര്‍ക്ക് ഉണ്ടാവണം. ജീവല്‍സമരം വിജയിക്കട്ടെ.

ആസാദ്
15 ജൂലായ് 2017

 

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )