Article POLITICS

സ്വാതന്ത്ര്യവും ജനാധിപത്യവും ആഘോഷിക്കുന്നത് ആരൊക്കെയാണ്?

 

സ്വാതന്ത്ര്യവും ജനാധിപത്യവും ആഘോഷിക്കാന്‍ വെമ്പുന്നവരാണ് നാം. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ നമുക്ക് ഓര്‍ക്കാന്‍പോലും വയ്യ. പക്ഷെ, നമുക്കു സ്വാതന്ത്ര്യം വേണം എന്നല്ലാതെ മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നു ചിന്തിക്കാന്‍ വേണ്ട ജനാധിപത്യബോധം മിക്കപ്പോഴും നമുക്കില്ല. ജനാധിപത്യം നമ്മുടെയും നമ്മുടെ കൂട്ടരുടെയും മാത്രം താല്‍പ്പര്യവും അധികാരവും ഉറപ്പിക്കലാണെന്നു വന്നിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആഘോഷം പ്രതിരോധത്തിന്റെ ഉത്സവമാകണം. സകലവിധ അധിനിവേശങ്ങള്‍ക്കും എതിരായ ചെറുത്തുനില്‍പ്പിന്റെ സഹനവും ആനന്ദവുമാണത്. ഒപ്പം നടക്കുന്നവന്റെ ഹൃദയത്തെ സൗമ്യമായി ആശ്ലേഷിച്ചുച്ചരിക്കുന്ന വാക്കാണത്. വിയോജിപ്പുകളെ ആഹ്ലാദത്തോടെ ഏറ്റുവാങ്ങുന്ന ചെറുനീറ്റലുള്ള മുറിവാണത്‌. നൂറെതിര്‍പ്പുകള്‍ക്കിടയിലും ഒരുയോജിപ്പുമതി ഒത്തുചേരാനെന്ന സമര്‍പ്പണമാണത്. അതെ, അങ്ങനെയേ ജനാധിപത്യമായാലും സ്വാതന്ത്ര്യമായാലും അനുഭവപ്പെടാവൂ. ആഘോഷിക്കാവൂ.

അതല്ലാതെ, കയ്യേറ്റക്കാര്‍ക്കും കൊലയാളികള്‍ക്കും കൂട്ടുനില്‍ക്കുന്ന അശ്ലീല നിഷ്പക്ഷതയെ ജനാധിപത്യം ജനാധിപത്യമെന്നു വാഴ്ത്താനാവുമോ? കോര്‍പറേറ്റ് വികസനമന്ത്രത്തിന്റെ മാസ്മരികതയില്‍ പതിനായിരക്കണക്കിന് ആളുകള്‍ നിരാലംബരായി പുറംതള്ളപ്പെടുമ്പോള്‍ പുലര്‍ത്തിയ അളിഞ്ഞ മൗനത്തെ ജനാധിപത്യമെന്ന് ആഘോഷിക്കാമോ? നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള അസംഘടിത തൊഴിലാളികള്‍ മിനിമം കൂലിക്കുവേണ്ടി അലമുറയിടുമ്പോള്‍ കിട്ടുന്നതു വാങ്ങിപ്പോടാ എന്നമറുന്ന ധാര്‍ഷ്ട്യത്തെ അതിന്റെ പേരില്‍ കണ്ടില്ലെന്നു നടിക്കണോ? അതിജീവനത്തിന് സമരമല്ലാതെ ഒരുവഴിയുമില്ലാതെ തെരുവിലിറക്കപ്പെട്ടവരോട് ഐക്യപ്പെടാന്‍ തടസ്സമാകുന്ന അധികാരം ജനാധിപത്യമാവുമോ? ഈ വ്യാജജനാധിപത്യാനുഭവമാണോ സ്വാതന്ത്ര്യം?

എങ്ങനെയാണ് ജനാധിപത്യമോ സ്വാതന്ത്ര്യമോ ആഘോഷിക്കേണ്ടത്? കൊലച്ചോര പുരണ്ട കൊടികളും മാഫിയാ തലപ്പാവുകളും അണിഞ്ഞ കോര്‍പറേറ്റ് വിധേയത്വത്തിന്റെ കോമാളി നാടകങ്ങള്‍കൊണ്ടോ? അക്രമി സംഘത്തിനും സമാധാന സേനയ്ക്കും ഒരേനേരം നേതൃത്വം നല്‍കുന്ന വീരനായകര്‍ നമുക്കുണ്ട്. കോര്‍പറേറ്റാശ്രിത ഭരണത്തിനും ജനാധിപത്യ ഉത്സവത്തിനും അവര്‍ നേതൃത്വമേകും. ആട്ടും ചവിട്ടുമേറ്റ് ചതഞ്ഞവരും മുറിഞ്ഞവരും ആഘോഷത്തില്‍ പങ്കുചേരട്ടെ.

തങ്ങളുടേതല്ലാത്ത ഫാഷിസ്റ്റധികാരത്തില്‍നിന്നേ എല്ലാവര്‍ക്കും വിമോചിതരാവേണ്ടൂ എന്നാണോ ധരിക്കേണ്ടത്?  ഫാഷിസം കൊടിയ ഭീഷണിയാണെന്നും കോര്‍പറേറ്റ് മുതലാളിത്തം അതിനെ പാലൂട്ടുകയാണെന്നും നമുക്കറിയാം. അതിനെ ചെറുക്കുന്നവര്‍ അതേ അധികാരക്രമത്തെയും ശീലത്തെയും അന്ധമായി പിന്തുടരരുത്. തങ്ങളുടെ ഇത്തിരിവട്ടത്തെ ഫാഷിസ്റ്റുകളായി സ്വയം പരിണമിക്കരുത്. അങ്ങനെ വന്നാല്‍ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച അവരുടെ പ്രഭാഷണങ്ങള്‍ വെറും ജല്‍പ്പനങ്ങളായി അവഗണിക്കപ്പെടും. ജനാധിപത്യത്തിന്റെ സത്ത അവര്‍ക്കു വിഷയമല്ലെന്ന് ലോകം തിരിച്ചറിയും.

ആസാദ്
13 ജൂലായ് 2017

 

 

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )