Article POLITICS

മനുഷ്യസംഗമങ്ങളുടെയും സ്‌നേഹ ചുംബനങ്ങളുടെയും തെരുവില്‍ ഇപ്പോള്‍ തീ പടരാത്തതെന്ത്?

 

film kerala

ഒരു ചലച്ചിത്രപ്രവര്‍ത്തക അക്രമിക്കപ്പെട്ടിട്ട് ആഴ്ച്ചകളും മാസങ്ങളും പിന്നിടുന്നു. കൊച്ചി നഗരത്തിലാണ് സംഭവമുണ്ടായത്. ഫാസിസ്റ്റ്‌വിരുദ്ധകൂട്ടായ്മകളും എഴുത്തുകാരുടെയും കലാകാരന്മാരുടെയും സ്‌നേഹസംഗമങ്ങളും അരങ്ങേറിയതിന്റെ അടയാളങ്ങള്‍ മാഞ്ഞുപോയിട്ടില്ല. മറൈന്‍ഡ്രൈവിലെ സ്‌നേഹചുംബനങ്ങളുടെ പാടുകള്‍ മാഞ്ഞില്ല. അതേ മൈതാനത്ത് ശിവസേന നടത്തിയ സദാചാരചൂരല്‍ പ്രയോഗങ്ങളെ നേരിട്ട രോഷപ്രകടനങ്ങളും അസ്തമിച്ചുതീര്‍ന്നില്ല. പക്ഷെ, അതേ വീര്യത്തില്‍ ഇപ്പോഴത്തെ കുറ്റവാളിയെ പിടികൂടണമെന്ന് അവിടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഇരമ്പുന്നില്ല. സിനിമാരംഗത്തെ സ്ത്രീകൂട്ടായ്മ രൂപപ്പെടുകയും ഉറക്കെ ശബ്ദിക്കുകയും ചെയ്തുതുടങ്ങി എന്ന ആവേശകരമായ അനുഭവമൊഴിച്ചാല്‍ പൊതു പ്രതികരണം കരുത്താര്‍ജ്ജിച്ചുകാണുകയുണ്ടായില്ല.

ചലച്ചിത്രരംഗത്തു കുറ്റകരമായ ഒരു മ്ലാനതയാണു പരക്കുന്നത്. അന്വേഷണം ചലച്ചിത്രരംഗത്തെ അനാശാസ്യ പ്രവണതകളിലേക്കും അതിന്റെ ദുരൂഹമായ പ്രവര്‍ത്തനശീലങ്ങളിലേക്കും തെന്നിയെത്തുന്നത് ആര്‍ക്കൊക്കെയോ ഉള്‍ക്കിടിലമുണ്ടാക്കുന്നു. അന്വേഷണം പുറത്തുമതിയെന്നു പലമട്ടു പറയുകയാണ് അവരുടെ സംഘടന. ഒതുക്കിത്തീര്‍ത്തുകൂടേയെന്ന ദയനീയമായ വിലാപവും ഉയരുന്നുണ്ട്. വലിയ കലാകാരന്മാരാരും മിണ്ടുന്നില്ല. ചെറിയവരാകട്ടെ, ചേരിയും ചോരയും കണ്ടെത്തി കൂറു പ്രഖ്യാപിക്കാനുള്ള തിരക്കിലാണ്. അതിക്രൂരമായി അക്രമിക്കപ്പെടുകയും മാനഭംഗശ്രമത്തിനിരയാവുകയും ഇച്ഛാശക്തികൊണ്ടു മാത്രം അതിജീവിക്കുകയുംചെയ്ത ഒരു കലാകാരിയുടെ പക്ഷം നില്‍ക്കാനും അവര്‍ക്കു നീതികിട്ടുംവരെ പൊരുതാനും ബാധ്യതയുള്ള അമ്മയെന്ന സംഘടന ലജ്ജാകരമായ വിധേയത്വം പ്രകടിപ്പിക്കുന്നത് ആരോടാണ്?

അര്‍ഹിക്കുന്നതിലേറെ പണം വാരുന്ന തൊഴിലിനെ അദ്ധ്വാനമെന്നല്ല ചൂഷണമെന്നാണ് പറയുക. വിയര്‍പ്പിന്റെ മൂല്യമല്ല ചൂഷണത്തിന്റെ ബലപ്രയോഗമാണ് സൂപ്പര്‍സ്റ്റാറുകളെയുണ്ടാക്കുന്നത്. ഒപ്പമുള്ളവരും തൊഴിലെടുക്കുന്നവരാണെന്ന സാമാന്യബോധമോ അവരെ (തുല്യജോലിക്കു തുല്യവേതനമെന്ന സങ്കല്‍പ്പമൊന്നുമില്ലെങ്കിലും) എങ്ങനെ പിന്തുണയ്ക്കണമെന്ന ജനാധിപത്യ ധാരണയോ വലിയ താരങ്ങള്‍ക്കിടയില്‍ കാണുന്നില്ല. അനിഷ്ടകരമായ ശബ്ദമുണ്ടാക്കിയാല്‍ ഭ്രഷ്ടു കല്‍പ്പിക്കുന്ന പ്രാകൃതാചാരം അവിടെയിപ്പോഴുമുണ്ട്. ധനമാണ് ദൈവം. അതുള്ളിടത്തു കുമ്പിടുന്നതാണ് സദാചാരം. ധനക്കോയ്മയുടെ പിന്നാമ്പുറ വഴികളേതും മാന്യമെന്നേ അവര്‍ക്കറിയാവൂ. ഏതുറവപൊട്ടി ഒഴുകുന്ന പണമാണ് സൂപ്പര്‍സ്റ്റാറുകളുടെ ആര്‍ത്തി കെടുത്തി സിനിമയായി അവതാരമെടുക്കുന്നതെന്ന് ആരും ചികഞ്ഞു നോക്കാറില്ല. അറിയുന്നവര്‍ പറയാറുമില്ല. സിനിമാ വ്യവസായം എവിടെയാണ് എത്തിനില്‍ക്കുന്നതെന്നും മുഖ്യധാരയെന്ന ഓമനപ്പേരിട്ടുവിളിക്കുന്ന സിനിമാമേഖല എത്രയേറെ ജീര്‍ണമായെന്നും സമീപകാല സംഭവങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

ആരംഭകാലംതൊട്ടേ സിനിമ വിവാദമേഖലയാണ്. അതു നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചുപോന്നത്. ജന്മനാടുകളായ ന്യൂ ജഴ്‌സിയില്‍നിന്നും ന്യൂയോര്‍ക്കില്‍നിന്നും അമേരിക്കന്‍സിനിമാ നിര്‍മാണം ഹോളിവുഡിലേക്കു മാറിയതിനെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. കൂടുതല്‍ വെളിച്ചമുള്ള ഇടമായതല്ല, മെക്‌സിക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്നു നില്‍ക്കുന്ന കൊച്ചു പ്രദേശമായതാണ് ഹോളിവുഡിനെ സ്വീകാര്യമാക്കിയത്. ധനപ്രവാഹവും വിനിയോഗവും ചോദ്യരഹിതമായി നിര്‍വ്വഹിക്കാന്‍ ഇത്തരമൊരു സ്ഥലം ഉപകരിക്കുമെന്നും കണക്കുകൂട്ടിയിട്ടുണ്ടാവാമത്രെ. രണ്ടാം ലോകയുദ്ധാനന്തരം അമേരിക്ക വികസിപ്പിച്ച ശീതയുദ്ധത്തിന്റെ മനശ്ശാസ്ത്രാധിനിവേശ പരമ്പരകളുടെ പരീക്ഷണങ്ങള്‍ ഇവിടെവെച്ചായിരുന്നു നടന്നത്. അതിനൊഴുക്കിയ ഡോളറുകള്‍ വലിയൊരു മാഫിയാ വ്യവസായ കൂട്ടുകെട്ടിനും ആരംഭം കുറിച്ചു. വന്‍കിട മാധ്യമ ശൃംഖലകളും വിനോദ വ്യവസായ സംരംഭങ്ങളും അമേരിക്കന്‍ നയതന്ത്ര താല്‍പ്പര്യങ്ങളും ഐക്യപ്പെട്ട വിഖ്യാതകൂട്ടുകെട്ടിന്റെ ആസൂത്രണമായിരുന്നു അത്.

ഇന്ത്യയിലേക്കു വന്നാല്‍ സിനിമയുടെ ഈറ്റില്ലമല്ല, അധോലോക സാധ്യതകളുടെ നഗരമാണ് സിനിമാ കേന്ദ്രമായി വളര്‍ന്നതെന്നു കാണാം. ബോളിവുഡ് തുടക്കംമുതല്‍ അധമവാസനകളുടെ പിന്നാമ്പുറം കാത്തുപോന്നിട്ടുണ്ട്. കള്ളപ്പണക്കാരുടെ കേന്ദ്രമായിരുന്നു അത്. ഇന്ത്യയിലെ ആസൂത്രിത കുറ്റകൃത്യങ്ങളുടെ ആസ്ഥാനവും ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ തലസ്ഥാനവും ഒന്നായത് യാദൃച്ഛികമാവുകയില്ല. അധോലോക പണമിടപാടുമായി ബന്ധപ്പെടാത്ത ആരെങ്കിലും സിനിമാ വ്യവസായത്തിലുണ്ടാവുക പ്രയാസമാണെന്ന് നമുക്കറിയാം. പ്രശസ്ത സിനിമാ സംവിധായകന്‍ മഹേഷ്ഭട്ട് മുമ്പൊരിക്കല്‍ അങ്ങനെ സൂചിപ്പിച്ചതുമാണ്.

മലയാളസിനിമ കൊച്ചിയിലേക്കു കേന്ദ്രീകരിക്കുന്നതിന്റെ കാരണവും ഈ അധോലോക ബന്ധമല്ലാതെ മറ്റെന്ത്? കണക്കില്ലാതെ പ്രതിഫലം വാങ്ങുന്ന ധാര്‍ഷ്ട്യവും പണക്കൊഴുപ്പിന്റെ അശ്ലീലാവേശങ്ങളും അവിടെ കുഴഞ്ഞു കിടക്കുന്നു. കള്ളപ്പണത്തിന്റെയും അധോലോക മാഫിയകളുടെയും ഭരണമാണവിടെ. കുമിഞ്ഞു കൂടുന്ന പണംതന്നെയാണ് കുറ്റകൃത്യത്തെ പ്രഖ്യാപിക്കുന്നത്. പ്രേക്ഷകരുടെകൂടി ഷെയറാണ് സിനിമാ വ്യവസായത്തിന്റെ നിക്ഷേപമെങ്കിലും അക്കാര്യം ആരും ഓര്‍ക്കാറില്ല. മുതലാളിത്തത്തിന്റെ അഴിഞ്ഞാട്ടങ്ങള്‍ക്കും വേദനാരഹിതമായ അധിനിവേശങ്ങള്‍ക്കും ഇരകളാകാമെന്ന സമ്മതമാണ് നാം തലയാട്ടി നല്‍കുന്നത്. സൂപ്പര്‍സ്റ്റാറുകളെ ആഹ്ലാദപൂര്‍വ്വം ചുമക്കുന്നത് നമ്മെ ഇനിയുമിനിയും പിഴിഞ്ഞെടുത്തോളൂ എന്ന കീഴ്‌പ്പെടലാണ്. അടിമത്തത്തിന്റെ ആനന്ദമാണ് മിക്കപ്പോഴും തിയേറ്ററുകളിലെ കയ്യടികളാവുന്നത്.

സാധാരണ ജനങ്ങള്‍ക്കും ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുംമേല്‍ എന്തുമാവാമെന്ന ഒരു മനോഭാവം വളര്‍ന്നു ശക്തിപ്പെട്ടിട്ടുണ്ട്. അതു സഹപ്രവര്‍ത്തകരുമായുള്ള വിലപേശലും കിടമത്സരങ്ങളുമായി മുതലാളിത്തത്തിന്റെ ആന്തരിക പ്രതിസന്ധികളെ വെളിയിലേക്കു തുറന്നിടുന്നുമുണ്ട്. സ്ത്രീ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് ഇത്തരമൊരു സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാവാം. അവര്‍ ശാരീരികമായോ മാനസികമായോ അക്രമിക്കപ്പെടുന്നത് ലൈംഗികാതിക്രമമാണ്. അതു ചര്‍ച്ച ചെയ്യുമ്പോഴും ദയാരഹിതമായ ചൂഷണത്തിന്റെയും കണക്കില്ലാത്ത കള്ളപ്പണയൊഴുക്കിന്റെയും അവയുടെ പ്രാന്തങ്ങളില്‍ പുഷ്ടിപ്പെടുന്ന അധോലോക മാഫിയകളുടെയും കാര്യം നാം വിട്ടുകളയുന്നു. സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കിടയിലെ വരുമാനത്തിന്റെ ഭീമമായ അന്തരവും അകല്‍ച്ചകളും കണ്ടില്ലെന്നു നടിക്കുന്നു. നവലിബറല്‍കാലത്തെ മാനസികമായ അടിമത്തത്തിന്റെ രീതിഭേദങ്ങളെന്തെന്നു സിനിമ നമ്മെ പഠിപ്പിക്കുന്നുണ്ട്. എല്ലാം കാണാനുള്ള ജീവികളെന്ന നിലയില്‍നിന്നും എല്ലാറ്റിന്റെയും അധികാര ശക്തികളെന്ന ജനാധിപത്യത്തിന്റെ ചുമതലാബോധത്തിലേക്കു ജനങ്ങളുയരാതെ ഒന്നും ശരിയാവുകയില്ല.

കള്ളപ്പണത്തെയും രാഷ്ട്രീയത്തെയും കൂട്ടിയിണക്കി വിശുദ്ധപ്പെടുത്തുന്ന രാസത്വരകമെന്ന നിലയില്‍ സിനിമാവ്യവസായം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിനും സാംസ്‌ക്കാരിക അവബോധത്തിനും മേല്‍ക്കൈയുള്ള നമ്മുടെസംസ്ഥാനത്ത് ചലച്ചിത്രവിമര്‍ശനം സജീവവും ശക്തവുമാണ്. പക്ഷെ, അതൊന്നും പ്രശ്‌നത്തിന്റെ വേരുകളെ സ്പര്‍ശിച്ചിട്ടില്ല. അധികാരത്തിലെത്തുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിനുപോലും സിനിമാ വ്യവസായത്തിന്റെ അപമാനവികമായ കടന്നുകയറ്റങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. സിനിമ പുതിയ മുതലാളിത്തത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ പുനരുത്പ്പാദിപ്പിക്കുക മാത്രമല്ല അവ സമൂഹത്തില്‍ അമര്‍ത്തി നാട്ടുകയും ചെയ്യുന്നുണ്ട്. മൂലധനത്തിന്റെ രാഷ്ട്രീയ ബലതന്ത്രങ്ങളില്‍നിന്നു വിമുക്തമായ ഒരു കലയല്ല സിനിമ. (വലിയ)കലാകാരനെന്ന നാമത്തിനു പിറകില്‍ കൊള്ളമുതലിന്റെ ഉടമയെന്ന സ്വകാര്യവിലാസം ഒളിഞ്ഞുകിടക്കുന്നത് കാണാതിരുന്നുകൂടാ. ഇതു പക്ഷെ, സാമാന്യമായ പ്രസ്താവനയായി കണക്കിലെടുത്ത് പലവിധ അയിത്തങ്ങള്‍ നേരിടുന്ന കലാകാരന്മാരെ ഇതിനോടു കൂട്ടിയിണക്കി ആക്ഷേപിക്കേണ്ടതില്ല.

പുരുഷ ധനക്കോയ്മകളുടെയും സ്വേഛാധികാരത്തിന്റെയും അധിനിവേശ ആര്‍ത്തികളുടെയും അധികാര/ വിധേയ ബന്ധങ്ങളുടെ മാതൃകാ വാര്‍പ്പു നിര്‍മാണത്തിന്റെയും തെരുവരങ്ങാണ് സിനിമ. അതിന്റെ മൂല്യരാഹിത്യമെന്ന മൂല്യ വ്യവസ്ഥയെയും അരാഷ്ട്രീയമെന്ന രാഷ്ട്രീയശീലത്തെയും കീറിമുറിക്കാതെ വിമര്‍ശിക്കുകവയ്യ. ജാതി മത വംശ ലിംഗ തൊഴില്‍ ഭേദങ്ങളുടെയും സംഘര്‍ഷങ്ങളുടെയുമെല്ലാം പൊതുസമ്മതരൂപീകരണവും പുനരുത്പ്പാദനവുമാണ് നമ്മുടെ ചെലവിലും സമ്മതത്തിലും അരങ്ങേറുന്നത്. അതൊകെ പൊളിച്ചു പണിയേണ്ടതുണ്ട്.

ആസാദ്
1 ജൂലായ് 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )