Article POLITICS

ഇതു വികസനമല്ല, ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്

 

 

പഴയ മുതലാളിത്തം അതിന്റെ ശൗര്യം തീര്‍ത്തത് തൊഴിലാളികള്‍ക്കു മേലായിരുന്നു. നഗ്നവും കിരാതവുമായ ചൂഷണത്തിനെതിരെയാണ് ഇരകളായ അവര്‍ സംഘടിതരായത്. ഒത്തുചേര്‍ന്നു സമരങ്ങളിലേയ്ക്ക് ഐക്യപ്പെട്ടത്. മോഹിപ്പിക്കുന്ന മുതലാളിത്തേന്ദ്രജാലവും അതിനെ തടയുന്ന തൊഴിലാളി സമരങ്ങളും എന്ന വിധമുള്ള ചിത്രമാണ് പക്ഷെ, പൗരസമൂഹത്തിനു മുന്നില്‍ തെളിഞ്ഞത്. അവരില്‍ പലരും ഇന്ദ്രജാലത്തിനു മോഹിച്ചു. അതു തടഞ്ഞ തൊഴിലാളികളെ പഴിച്ചു.

ഇന്ന് തൊഴിലാളികളുടെ സംഘടിതശേഷി വലിയ അളവില്‍ തകര്‍ക്കാന്‍ പുതിയ മുതലാളിത്തത്തിനു സാധിച്ചിരിക്കുന്നു. തൊഴില്‍ ചട്ടങ്ങളും മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്ക് അനുരോധമായി പുതുക്കിയെടുത്തു. അസംഘടിത തൊഴിലാളികളെ ഏത് അടിമവേലയ്ക്കും നിയോഗിക്കാമെന്ന ഊറ്റം വളര്‍ന്നുവന്നു. ഈ മാറ്റത്തിന്റെ ദോഷവും പരിക്കും വളരെ വേഗം പൊതുസമൂഹത്തില്‍ നേരിട്ടു പതിയ്ക്കാന്‍ തുടങ്ങി. പുതിയ മുതലാളിത്തത്തിന് ഒന്നും വിലപ്പെട്ടതല്ല, കിട്ടാനുള്ള ലാഭമൊഴികെ. മനുഷ്യനെയും പ്രകൃതിയെയും അതു ദയാരഹിതമായി കടന്നാക്രമിച്ചു. ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുതലാളിത്ത കല്‍പ്പനകള്‍ക്ക് കാതോര്‍ത്തു കിടന്നു.

കോര്‍പറേറ്റ് ധനാര്‍ത്തിയുടെ വഴികളാണ് വികസനത്തിന്റെ പാതകളെന്നുവന്നു. അതു പാടാനും പ്രചരിപ്പിക്കാനും മാത്രമല്ല, അതിനുവേണ്ടി അമൂല്യമെന്നു കരുതിപ്പോന്നതെന്തും കൈയൊഴിയാനും ഭരണകൂടവും അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത്സരിച്ചു. നവമുതലാളിത്തത്തിന്റെ യുദ്ധം ജനങ്ങളോടു നേരിട്ടായി. പ്രകൃതിയെയും ആവാസ വ്യവസ്ഥകളെയും അതു വെറുതെ വിട്ടില്ല.

നവോദാര മായാജാലങ്ങളില്‍ തൊട്ടു പൊള്ളിയവരൊക്കെ ഇന്നു പ്രക്ഷോഭ രംഗത്താണ്. മുമ്പ് ട്രേഡ് യൂനിയനുകളെ പിന്തുണച്ചതുപോലെ ജനകീയ സമരങ്ങളെ പിന്തുണയ്ക്കാന്‍ പാര്‍ട്ടികള്‍ക്കു കരുത്തില്ല. നവമുതലാളിത്ത ശക്തികളും ജനങ്ങളും തമ്മിലായിരിക്കുന്നു സമരം. ഈ സമരത്തില്‍ താങ്കള്‍ ആരോടൊപ്പമാണ് എന്ന് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. താങ്കളുടെ പ്രസ്ഥാനത്തിന്റെ നിലപാടെന്താണെന്നും ആളുകള്‍ ചോദിക്കും. സമരരംഗത്തൊന്നും കണ്ടില്ലല്ലോ എന്നു പോരാളികളെന്നു പേരുകേട്ടവര്‍ ആക്ഷേപിക്കപ്പെടും.

ട്രേഡ് യൂനിയനുകള്‍ക്കു വന്ന ബലക്ഷയം സമൂഹത്തിന് സുരക്ഷയുടെ ഒരു വല നഷ്ടമാക്കി. പെയ്തുകൊണ്ടിരുന്ന മുതലാളിത്ത ദുരിതങ്ങളുടെ പ്രതിരോധമാണ് ദുര്‍ബ്ബലമായത്. തൊഴിലാളികള്‍ ബലം വീണ്ടെടുക്കണം. എല്ലാ കടന്നാക്രമങ്ങള്‍ക്കും ഇരകളാകുന്നവര്‍ പ്രതിരോധം ശക്തമാക്കാന്‍ ഐക്യപ്പെടണം. സമരരംഗത്ത് എന്തു കാര്യമെന്ന് പൊതു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യപ്പെടരുത്. പ്രതികരിയ്ക്കുന്നവരെല്ലാം തീവ്രവാദികളാണെന്നോ, അവകാശ സമരങ്ങളെല്ലാം തീവ്രവാദികളില്‍നിന്നേ മുള പൊട്ടൂ എന്നോ ഉള്ള ഭരണകൂട വ്യാഖ്യാനങ്ങളെ ചവറ്റുകൊട്ടയില്‍ തള്ളണം. അത്തരം ഓലപ്പാമ്പുകളെ കാണിച്ച് ജീവല്‍സമരങ്ങളെ രക്തത്തില്‍ ഒഴുക്കാമെന്ന് ഭരണകൂടങ്ങള്‍ വ്യാമോഹിക്കരുത്.

മുതലാളിത്ത വികസനമല്ല, ജനകീയ വികസനമാണ് നമ്മുടെ ലക്ഷ്യം. ഒരു മനുഷ്യന്റെയെങ്കിലും ഉടലും രക്തവും ബലിനല്‍കിക്കൊണ്ടേ മഹാഭാഗ്യങ്ങള്‍ കൈവരൂ എങ്കില്‍ ആ സ്വര്‍ഗം നമുക്കുവേണ്ടാ എന്നു പറയാനുള്ള ത്രാണിയുണ്ടാകണം. പുറംതള്ളപ്പെടുന്നവരോ മാറ്റിനിര്‍ത്തപ്പെടുന്നവരോ ഉണ്ടാവരുത്. അവര്‍ക്കൊപ്പമുണ്ട് എന്നു പറയുന്നതാണ് മനുഷ്യമുഖമുള്ള വികസനം.

ആസാദ്
21 ജൂണ്‍ 2017

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )