ട്രമ്പ് ഭരണകൂടത്തിന് ഭ്രാന്ത് മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുന്നു. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ അതിരുകളില്ലാത്ത കുതിപ്പ് കിഴക്കന്‍ രാജ്യങ്ങളിലുണ്ടാക്കിയ പുതുശക്തികളെ നിഴല്‍ യുദ്ധത്തില്‍ സ്തംഭിപ്പിക്കാനും കീഴ്പ്പെടുത്താനുമാണ് റൊണാള്‍ഡ് ട്രംമ്പിന്റെ ശ്രമം. കഴിഞ്ഞുപോയ ഒരു ദശകത്തില്‍ വലിയ പാഠങ്ങളാണ് അമേരിക്ക പഠിച്ചത്. അതാണ് ഒബാമയെ നിയന്ത്രിച്ചുപോന്നത്. മാറുന്ന ലോകക്രമത്തെ അറിയാനുള്ള വിവേകം അല്‍പ്പമെങ്കിലും ഒബാമയ്ക്കുണ്ടായിരുന്നുവെങ്കില് ട്രംമ്പ് വ്യത്യസ്തനാകുന്നത് അജ്ഞതയും ധാര്‍ഷ്ട്യവും ആത്മോന്മൂലന ത്വരയും വഴിയാണ്. ഉത്തരകൊറിയക്കും ഖത്തറിനും ശേഷം ക്യൂബയ്ക്കുനേരെ പാഞ്ഞടുക്കാന്‍ ആഴ്ച്ചകളേ വേണ്ടിവന്നുള്ളു ട്രംമ്പിന്.
ഒന്നര വര്‍ഷം മുമ്പാണ് ബരാക് ഒബാമ ഹവാനയിലിറങ്ങി റൗള്‍ കാസ്ട്രോയെ ആശ്ലേഷിച്ചത്. ഉപരോധങ്ങളേല്പ്പിച്ച മുറിവുകളില്‍നിന്നും ശീതയുദ്ധത്തിന്റെ ഫലമായി പിഞ്ഞിപ്പോയ ഹൃദയബന്ധങ്ങളുടെ വിലാപങ്ങളില്നിന്നും ക്യൂബന്‍ ജനതയ്ക്ക് തിരിച്ചുവരാനാവുമെന്ന് ലോകം സങ്കല്പ്പിച്ചു. ഒന്നേകാല്‍ കോടിപോലും വരാത്ത ഒരു ജനസമൂഹത്തോടാണ് ട്രംമ്പിന്റെ കലി. ക്യൂബയുടെ ഭാഗധേയം അവര്നിശ്ചയിക്കട്ടെ എന്നു കരുതാനുള്ള ബുദ്ധിയോ വിവേകമോ അമേരിക്കന്‍ നയതന്ത്ര വിഭാഗത്തില്‍നിന്നു പ്രതീക്ഷിച്ചുകൂടല്ലോ.
കഴിഞ്ഞ ഏഴര പതിറ്റാണ്ടായി അക്രമോത്സുക സൈനികാധിനിവേശങ്ങളുടെ ചരിത്രമാണ് അമേരിക്കയുടെ ചരിത്രം. കണ്ണെത്താത്ത ദൂരങ്ങളില്ല. കടന്നുകയറാത്ത രാജ്യങ്ങളില്ല. ലോകജനതയുടെ ബഹുസ്വര ജീവിതം ഏകാധികാര ക്രമത്തിലേക്കു വലിച്ചുകെട്ടാനുള്ള വെമ്പലേയുള്ളു. എല്ലാ ഭൂഖണ്ഡങ്ങളിലും അവരുടെ കാളക്കണ്ണു ജ്വലിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ഉടമകളെന്നാണ് ഭാവം. നീതിയും നിയമവും അവരുടേതെന്ന പോലെ. ഇണ്ടാം ലോകമഹായുദ്ധം തീര്‍ന്നപ്പോള്‍ എല്ലാ രാഷ്ട്രങ്ങളും സമാധാനത്തിലേക്കു നീങ്ങുകയായിരുന്നു. അമേരിക്കമാത്രം ആയുധം താഴെവെച്ചില്ല. ഗ്രീസില്‍ ജനാധിപത്യ വിപ്ലവം അട്ടിമറിക്കാന്‍ ബ്രിട്ടന്റെ സഹായത്തോടെ സംയുക്ത നാവികപ്പടയെ അയക്കുകയായിരുന്നു. അന്നു തുടക്കമിട്ട കടന്നുകയറ്റങ്ങള്‍ക്ക് ഇന്നും ശമനമുണ്ടായിട്ടില്ല.
1947ല്‍ പരാഗ്വെയില്‍, 1948 – 53കാലത്ത് ഫിലിപ്പൈന്‍സില്‍, 1950-53 കാലത്ത് കൊറിയയില്‍, 54ല്‍ ഗ്വാട്ടിമാലയില്‍, 58ല്‍ ലബനോണില്‍, 61ല്‍ ക്യൂബയില്‍, 64ല്‍ കോംഗോയില്‍, 65ല്‍ പനാമയില്‍, 64 -73 കാലത്ത് വിയത്നാമില്‍, 65ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍, 1971 -73 കാലത്ത് ബൊളീവിയയില്‍, ചിലിയില്‍, എല്‍സാല്‍വദോറില്‍, കംബോഡിയയില്‍, എണ്‍പതുകളുടെ തുടക്കത്തില്‍ ഗ്രനഡയില്‍, ലബനോണില്‍ എന്നിങ്ങനെ അതിക്രമങ്ങളുടെ ആദ്യകാല പരമ്പരകള്‍. ഠസാവിയറ്റ് യൂണിയന് നിലനില്‍ക്കെയാണ് ഈ അതിക്രമങ്ങളെല്ലാം ഉണ്ടായത്. മറ്റൊരു ശക്തിയെ ഭയക്കേണ്ട കാലത്ത് ഇതായിരുന്നു അവസ്ഥയെങ്കില്‍ സോവിയറ്റ് സോഷ്യലിസ്റ്റ് ബ്ലോക്കുകളുടെ പതനത്തിനു ശേഷം എന്തു സംഭവിക്കുമെന്നു പറയേണ്ടതില്ല. അതത്രയും അനുഭവിക്കുകയും ചെയ്തു. ഇറാനിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും മധ്യപൗരസ്ത്യ രാജ്യങ്ങളിലെമ്പാടും അമേരിക്കന്‍ നഖപ്പാടുകള്‍ പതിഞ്ഞു.
ഇത്രയും അധികാരത്തോടെ ലോകജനതയെ നിയന്ത്രിക്കാന്‍ ആരാണ് ട്രംമ്പ്? ആരാണ് അമേരിക്ക? അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും കോര്‍പറേറ്റുകളും രാജ്യാന്തര ഉടമ്പടികളും നിയമവ്യവസ്ഥകളും കുമ്പിട്ടു നില്ക്കാവുന്ന എന്തു തരം പ്രഭാവമാണ് ഈ തെമ്മാടി രാഷ്ട്രത്തിനുള്ളത്? ഓരോ ജനതയെയും അവരുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും വിട്ടുകൊടുക്കാതെ നവോദാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗിരി പ്രഭാഷണങ്ങള്‍ക്ക് എന്തര്‍ത്ഥമാണുള്ളത്? സ്വാതന്ത്ര്യവും പൗരാവകാശവും ചവിട്ടിമെതിക്കുന്ന, സാംസ്ക്കാരികവും ജൈവികവുമായ വൈവിദ്ധ്യങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു ഭരണകൂടത്തെയും നമുക്ക് അനുസരിക്കാനാവില്ല. ബുഷുമാര്ക്കും ട്രംമ്പുമാര്ക്കും രാജ്യാന്തരപ്പതിപ്പുകളുണ്ട്: ഉണ്ടാവും. തീവ്ര വലതുപക്ഷത്തിന്റെ ആള്‍ദൈവമാണ് ട്രംമ്പ്.
പാരീസ് കരാറില്‍നിന്നു ഏകപക്ഷീയമായി പിന് വാങ്ങിയ ധിക്കാരം ലോകം പൊറുത്തിട്ടില്ല. ലോകനീതിയും സമാധാനവും മുന്‍നിര്‍ത്തിയാണ് സൈനികാതിക്രമങ്ങളെല്ലാമെന്നു ന്യായീകരിക്കുന്ന അമേരിക്ക സ്വന്തം രാജ്യത്തെ ധനികസമ്രാട്ടുകളുടെ താല്‍പ്പര്യത്തിനപ്പുറം ഒരു ചുവടും വച്ചിട്ടില്ല. ലോകം മുഴുവന്‍ മുടിയട്ടെ എന്നാണ് മുദ്രാവാക്യം. ഒരു കടലാസു പുലിയെക്കണ്ടു ഭയന്നും തമ്മില്‍ത്തമ്മില്‍ പോരടിച്ചും അശ്ലീല ജീവിതം നയിക്കുന്ന ലോകരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് എപ്പോഴാണാവോ സ്വന്തമായി ശബ്ദവും തീരുമാനവും ഉണ്ടാവുക?!
കുഞ്ഞു രാജ്യമായ ക്യൂബയ്ക്ക് അവിടത്തെ ജനതയുടെ സ്വയംഭരണാവകാശം സംരക്ഷിക്കാന്‍ കഴിയട്ടെ. ഏറെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കഥകളെഴുതുന്ന ഉത്തരകൊറിയയുടെ അനുഭവം അങ്ങനെയാണെങ്കില്‍ അതു തിരുത്തേണ്ടത് അമേരിക്കയല്ല. അവിടത്തെ ജനതയാണ്. അതു ക്യൂബയിലായാലും അങ്ങനെയാണ്. അമേരിക്കയെന്ന ഹിംസ്രജന്തു മുറിവേല്‍പ്പിക്കുന്ന എല്ലാ ജനതയ്ക്കുമൊപ്പം മനുഷ്യാവകാശങ്ങളുടെ പതാകയും ചെറുത്തുനില്പ്പുമുണ്ടാവണം. സാമ്രാജ്യത്വം തുലയട്ടെ.
ആസാദ്
18 ജൂണ്‍ 2017