Article POLITICS

ഗ്രാമങ്ങളില്‍ ഉണരുന്നുണ്ട് പുറന്തള്ളപ്പെട്ടവരുടെ ഇന്ത്യ

 

838880213-land-bill_6

 

 

ഗ്രാമങ്ങളില്‍ തീ പടരുമ്പോള്‍ ഉണ്ണാവൃതമിരിക്കുന്ന ഒരു ഭരണാധികാരി രാജ്യത്തെയാകെ ലജ്ജിപ്പിക്കുന്നു. സംസ്ഥാനത്ത് ശാന്തിയും സമാധാനവും വന്നേ താന്‍ ഭക്ഷണം കഴിയ്ക്കൂ എന്നാണ് അദ്ദേഹത്തിന്റെ പ്രതിജ്ഞ.

മധ്യപ്രദേശിലെ ജനസംഖ്യയുടെ അറുപത്തിയഞ്ചു ശതമാനത്തിലേറെ വരുന്ന കര്‍ഷകരാകെ പലവിധ കെടുതികളില്‍ മുങ്ങുകയാണ്. വലിയ തോതിലുണ്ടായ വിളനാശം, കടുത്ത കടബാധ്യത, ഉള്ള ഉത്പന്നങ്ങള്‍ക്ക് വില കിട്ടായ്ക എന്നിങ്ങനെ ഏറെ പ്രയാസങ്ങള്‍ക്കു നടുവിലാണവര്‍. കടം എഴുതിത്തള്ളുക, ധാന്യങ്ങള്‍ക്കും ഇതര വിളകള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മന്‍സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ നിറതോക്കുകള്‍കൊണ്ടാണ് ചൗഹാന്‍ സര്‍ക്കാര്‍ നേരിട്ടത്. ആറു കര്‍ഷകര്‍ വെടിയേറ്റു മരിച്ചു. അതോടെ പ്രതിഷേധം രാജ്യമെങ്ങും പടര്‍ന്നുകയറി. ജനരോഷം ഭയന്ന് നിരാഹാരമിരുന്നു ശാന്തിമന്ത്രം ഉരുവിടുന്ന ചൗഹാന്‍ ആദ്യം മുഖ്യമന്ത്രിപദം ഒഴിയുകയാണ് വേണ്ടത്.

കാര്‍ഷിക രാജ്യമാണ് ഇന്ത്യയെന്നത് നാം അഭിമാനത്തോടെയാണ് പറഞ്ഞുപോന്നത്. അതിരു കാക്കുന്ന സൈനികരും അന്നമെത്തിക്കുന്ന കര്‍ഷകരുമാണ് നമ്മെ നിലനിര്‍ത്തുന്നതെന്ന് കുട്ടികളെ പഠിപ്പിച്ചു. ജയ് ജവാന്‍ ജയ് കിസാന്‍ എന്നായിരുന്നു മന്ത്രണം. പഴയതും പുതിയതുമായ മുതലാളിത്ത മേലാളര്‍ സമ്പദ്ഘടന ലാഭമാത്ര ശ്രദ്ധയോടെ പുതുക്കിക്കൊണ്ടിരുന്നപ്പോള്‍ നമ്മുടെ ഭരണാധികാരികള്‍ അടിത്തറ മറന്നു. അന്നവും കരുതലും വിസ്മരിച്ചു. കാര്‍ഷിക വളര്‍ച്ചയ്ക്കുതകുന്ന വിഭവങ്ങളാകെ വ്യവസായങ്ങള്‍ക്കു നല്‍കി. നീരുറവകള്‍ കൊള്ളയടിച്ചു. നീര്‍ത്തടങ്ങളില്‍ എടുപ്പുകളുയര്‍ത്തി. 1960കളില്‍ 133മില്യന്‍ ഹെക്ടര്‍ സ്ഥലത്തു കൃഷിയുണ്ടായിരുന്നത് രണ്ടായിരം പിറക്കുമ്പോള്‍ നൂറു മില്യന്‍ ഹെക്ടറായി ചുരുങ്ങി.

കാര്‍ഷിക രംഗത്തെ പരിഷ്ക്കാരങ്ങള്‍ എന്നും ധനിക കര്‍ഷകരെ മാത്രം തുണച്ചു. ദരിദ്രരും ഭൂരഹിതരും നിരാലംബരുമായ കര്‍ഷകരുടെ വലിയൊരു നിര പുറന്തള്ളപ്പെട്ടവരുടെ ഇന്ത്യ സൃഷ്ടിച്ചു. അവിടം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. മധ്യ പ്രദേശിന്റെ കഥയിലാണ് തുടങ്ങിയതെങ്കിലും ഒന്നും ആരംഭിച്ചതവിടെയല്ല. ഒടുങ്ങുന്നതും അവിടെയായിരിക്കുകയില്ല. പ്രക്ഷോഭം രാജ്യമെങ്ങും തീ പടര്‍ത്തുകയാണ്‌.

സമീപ നാളുകളിലെ പ്രക്ഷോഭങ്ങള്‍ക്കു തുടക്കമിട്ടത് തമിഴ്നാട്ടിലെ കര്‍ഷകരാണ്.ദില്ലിയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സമരരൂപങ്ങളാണ് അരങ്ങേറിയത്. പുല്ലുതിന്നും എലിയെ കടിച്ചുപിടിച്ചും നഗ്നരായും ആത്മഹത്യ ചെയ്ത കര്‍ഷരുടെ തലയോട്ടി ധരിച്ചും പ്രതിഷേധിച്ചു. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടന്ന ഈ പ്രക്ഷോഭം പകര്‍ന്ന തീയാണ് പുറന്തള്ളപ്പെട്ടവരുടെ ഇന്ത്യയെ ഇപ്പോള്‍ ജ്വലിപ്പിക്കുന്നത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും പഞ്ചാബിലും അതു പടര്‍ന്നിരിക്കുന്നു. മാസങ്ങളായി ബംഗാളില്‍ എരിഞ്ഞുകൊണ്ടിരുന്ന തീ ആളിക്കത്തുകയാണ്. ഇതിനു ശമനമുണ്ടാക്കാന്‍ ഭരണാധികാരികളുടെ ഉണ്ണാവൃതം മതിയാവുകയില്ല. കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകണം. അതിനു കൃഷി കേന്ദ്രിതമായി ഇന്ത്യന്‍ ആസൂത്രണത്തെ പുതുക്കിപ്പണിയണം. കൃഷിഭൂമി കര്‍ഷകന്റേതാവണം. ഉത്പ്പന്നങ്ങള്‍ക്കു വില ലഭിക്കണം. കോര്‍പറേറ്റ് ചൂഷണത്തെ ഇല്ലാതാക്കണം. സബ്സിഡികളും ക്ഷേമ പ്രവര്‍ത്തനങ്ങളും പുനസ്ഥാപിക്കണം. നാടന്‍ ചന്തകളെയും ചെറുകിട വ്യാപാര ശൃംഖലകളെയും സംരക്ഷിക്കാന്‍ സാധിക്കണം. മുന്നിലെത്തിയവന്റെ സംതൃപ്തിയല്ല, പിറകിലിഴയുന്നവന്റെ അതിജീവനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കാന്‍ കഴിയണം.

തെരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങള്‍ നരേന്ദ്രമോഡിയും മറന്നിരിക്കുന്നു. കോര്‍പറേറ്റു വികസനത്തിന്റെ പാത സ്വീകരിച്ചാല്‍ പുറന്തള്ളലിന്റെ വേഗവും ശക്തിയും കൂടും അതാണിപ്പോള്‍ സംഭവിക്കുന്നത്. ഈ നയ നടത്തിപ്പിനാണ് വംശീയ പ്രശ്നങ്ങളുയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നത്. വലിയ പ്രക്ഷോഭങ്ങളെ നിര്‍വീര്യമാക്കാനും ജനങ്ങളെ അന്യോന്യം അക്രമിക്കുന്നവരോ ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുന്നവരോ ആക്കാന്‍ ഗവണ്‍മെന്റിന് അത്യുത്സാഹമായിരിക്കുന്നു.

1995നും 2004നും ഇടയില്‍ ആന്ധ്ര, കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മാത്രം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഒന്നര ലക്ഷത്തിലേറെയാണ്. അതിപ്പോഴും അവസാനിച്ചിട്ടില്ല. പ്രതിവര്‍ഷം പതിനായിരത്തിലേറെ കര്‍ഷകരാണ് ആത്മഹത്യക്ക് ഇരയാവുന്നത്. അങ്ങനെയൊരു നാട്ടിലാണ് നാം വികസനത്തെക്കുറിച്ചു വാചാലരാവുന്നത്. പണംകൊടുത്തു കിട്ടാവുന്ന വന്‍കിട സൗകര്യങ്ങളെക്കുറിച്ചു കിനാവു കാണുന്നത്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കു ക്ഷതമേറ്റാലുണ്ടാകുന്ന വേദനയും വേവലാതിയും കര്‍ഷരെ സംബന്ധിച്ചും ഉണ്ടാവണം. തകര്‍ക്കപ്പെടുന്നത് രാജ്യ സുരക്ഷതന്നെയാണെന്ന് പുതിയ രാജ്യസ്നേഹികളും മനസ്സിലാക്കണം.

കോമാളിവേഷം കെട്ടുന്ന ഭരണാധികാരികള്‍ അല്‍പ്പനേരത്തേക്കു നമ്മെ ചിരിപ്പിച്ചേക്കാം. അതിനുമപ്പുറം അതു നാം പേറേണ്ട ദുര്‍വ്വിധിയല്ലെന്നു തിരിച്ചറിയേണ്ടതുണ്ട്. അത്തരം വേഷങ്ങളെരിഞ്ഞു തീരാവുന്ന കനലുകളാണ് ആളിത്തുടങ്ങിയിരിക്കുന്നത്. ഭരണകൂടമെന്നപോലെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉറക്കം നടിക്കരുത്. പോരാട്ടത്തില്‍ പങ്കു ചേരാനല്ല, തങ്ങളുടെ സമീപനം ജനവിരുദ്ധമാണോ എന്നു പുനപ്പരിശോധിക്കാനും തിരുത്താനുമാണ് ആദ്യം അവര്‍ തയ്യാറാകേണ്ടത്. ഇന്ത്യന്‍ കര്‍ഷകരുടെ പ്രക്ഷോഭം വിജയിക്കട്ടെ.

ആസാദ്
11 ജൂണ്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )