Article POLITICS

കോര്‍ബിയനിസം പ്രത്യാശയുടെ രാഷ്ട്രീയം

 

Jeremy+Corbyn+Election+Campaign+Trail+Worcester+UhzEO3AgltXl


നാം പിന്നിടുന്ന ദശകം വളരെ പ്രധാനമായ രാഷ്ട്രീയ സംഭവവികാസങ്ങളുടേതാണ്. തീവ്ര വലതുപക്ഷം ലോകത്താകെ ശക്തിപ്പെട്ടു എന്നതാണ് രാഷ്ട്രീയാധികാരവുമായി ബന്ധപ്പെട്ടു നാം നിരീക്ഷിച്ചിട്ടുള്ളത്. അങ്ങനെയൊരു ആളിക്കത്തലിലേക്ക് വലതു രാഷ്ട്രീയത്തെ പ്രചോദിപ്പിച്ച പശ്ചാത്തലം ശ്രദ്ധേയമാണ്. ചരിത്രം അവസാനിച്ചുവെന്ന് എത്രതവണ ആവര്‍ത്തിച്ചിട്ടും സോഷ്യലിസ്റ്റാശയങ്ങളുടെ ആകര്‍ഷണീയത കുറഞ്ഞില്ല. ബദലിനുവേണ്ടിയുള്ള അന്വേഷണങ്ങളെ തടയാനായില്ല. മുതലാളിത്ത കടന്നുകയറ്റങ്ങള്‍ക്ക് എതിരായ സമരങ്ങളെ നീര്‍വീര്യമാക്കാനായില്ല. സകലവിധ ചൂഷണങ്ങള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പും രക്തസാക്ഷിത്വവും വര്‍ദ്ധിച്ചു. പുതിയ ഉണര്‍വ്വും ഉയിര്‍ത്തെഴുന്നേല്‍പ്പും ഏകീകരണവും സജീവമായി.

നരേന്ദ്ര മോഡിയും റൊണാള്‍ഡ് ട്രംമ്പും അധികാരത്തിലേക്കുയര്‍ന്ന കാലത്തുതന്നെയാണ് ജെറോമി കോര്‍ബിനും ബേണി സാന്റേഴ്‌സും സിപ്രാസും ഇഗ്ലേഷ്യസും മഡൂറയും ചര്‍ച്ച ചെയ്യപ്പെടുന്നത്. അസ്തമിച്ചുവെന്നു കരുതിയ ഇടതുപക്ഷ രാഷ്ട്രീയവും അതിന്റെ മുദ്രാവാക്യങ്ങളും ഉയിര്‍ത്തെഴുന്നേറ്റു. മൂന്നു പതിറ്റാണ്ടിന്റെ ശീതനിദ്രക്കു ശേഷമാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ ഐക്കണായി കോര്‍ബിന്‍ കുതിച്ചുയര്‍ന്നത്. ആ വാര്‍ദ്ധക്യം പുതിയ യുവത്വമായി രൂപപ്പെടുകയായിരുന്നു. ആ വെളിച്ചത്തിലാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ബേണി സാന്റേഴ്‌സ് പിടിച്ചു കുലുക്കിയത്. അമേരിക്കയില്‍ കോര്‍ബിയനിസമെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തത്.

ഇപ്പോള്‍ യൂറോപ്പ് വീണ്ടും സ്തംഭിച്ചു നില്‍ക്കുന്നു. ആരോഗ്യവും വിദ്യാഭ്യാസവും ഗതാഗതവും സ്വകാര്യ ചൂഷണത്തില്‍നിന്നു വിമുക്തമാക്കി പൊതുമേഖലയുടെ ഭാഗമാക്കി തിരിച്ചുകൊണ്ടുവരുമെന്നു പ്രകടന പത്രികയില്‍ ഉറപ്പു നല്‍കിയ കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടി രണ്ടു പതിറ്റാണ്ടിനുശേഷം വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. ആദ്യകാല മുതലാളിത്തത്തോട് ഏറ്റുമുട്ടിയ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ പഴയ പരുക്കന്‍ നിലപാടുകളും സമീപനങ്ങളും ഇപ്പോഴും പ്രസക്തമാണെന്നു നവമുതലാളിത്തത്തിന്റെ ഉദാരനാട്യത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതുന്നു.

രാഷ്ട്രീയ ഇടതുപക്ഷത്തിന്റെ ഈ പുനരുജ്ജീവനത്തിനൊപ്പം സാമൂഹിക ഇടതുപക്ഷത്തിന്റെ പുതു പരീക്ഷണങ്ങളും സജീവമാണ്. വീണും മുടന്തിയെണീറ്റും മുന്നേറുന്ന നിരവധി പ്രസ്ഥാനങ്ങളുണ്ട്. സ്‌പെയിനിലെ പൊഡെമോസും ഗ്രീസിലെ സിരിസയും ഇന്ത്യയിലെ ആം ആദ്മിയും ഇക്കൂട്ടത്തില്‍പ്പെടും. ഇവയൊക്കെ നവമുതലാളിത്തത്തിന്റെ പരീക്ഷണങ്ങള്‍ക്കു ശാസ്ത്രീയ ബദല്‍ കണ്ടെത്തിയ കൂട്ടരല്ലെന്നു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു വാദിക്കാം. പലപ്പോഴും വേറിട്ട പരിപാടി വെക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നുമുണ്ട്. ശാസ്ത്രീയ നിലപാടും പരിപാടിയുമുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളാവട്ടെ, ബഹുജന പിന്തുണ നേടുന്നതില്‍ സമീപകാലത്തു വലിയ പരാജയവുമാണ്.

അതേസമയം, ഇത്തരം പുതു ഉണര്‍വ്വുകളും അദ്ധ്വാനിക്കുന്നവരിലെ അസ്വസ്ഥതകളും മധ്യവര്‍ഗത്തിലെ അസംതൃപ്തികളും അഴിമതികള്‍ക്കെതിരായ രോഷവും പുറന്തള്ളല്‍ നയങ്ങള്‍ക്കും നിയമവേട്ടകള്‍ക്കും എതിരായ പ്രതിഷേധവും പലവിധ ധ്രുവീകരണങ്ങള്‍ക്കുമാണ് കാരണമാകുന്നത്. അതില്‍നിന്നാണ് ഇത്തരം മുന്നേറ്റങ്ങള്‍ രൂപംകൊള്ളുന്നത്. സ്ലോവാനിയയിലെയും നേപ്പാളിലെയും യുനൈറ്റഡ് ലെഫ്റ്റും ലാറ്റിനമേരിക്കയിലെ നവ ഇടതുപക്ഷവും കോര്‍ബിയന്‍ധാരകള്‍ക്കും സാമൂഹിക ഇടതുപക്ഷ പരീക്ഷണങ്ങള്‍ക്കും ശക്തി പകര്‍ന്നിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും പടര്‍ന്നുകയറിയ തൊഴിലാളി കീഴാള സമരപരമ്പരകള്‍ തുറന്നുവിട്ട സാമൂഹിക ഇടതുപക്ഷ ജാഗരണം ഉറങ്ങിക്കിടന്ന രാഷ്ട്രീയ ഇടതുപക്ഷത്തെ വിളിച്ചുണര്‍ത്താന്‍ പര്യാപ്തമായി.

ഈ സംഭവപരമ്പര ഇന്ത്യന്‍ ഇടതുപക്ഷത്തിനും ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. ജനകീയ പ്രക്ഷോഭങ്ങളോടും അവ പ്രതിനിധീകരിക്കുന്ന സാമൂഹിക ഇടതുപക്ഷ ധാരകളോടും ഐക്യപ്പെട്ടും പലതട്ടുകളിലും പരിപാടികളിലും കുരുങ്ങി അന്യോന്യം പഴിച്ചും തോല്‍പ്പിച്ചും കഴിയുന്ന ഭിന്ന ഇടതുപക്ഷധാരകളെ പൊതു നിലപാടുകളില്‍ ഒന്നിപ്പിച്ചും മുന്നോട്ടുപോകേണ്ട കാലമാണിത്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിന്റെയും പതനത്തോടെ തീര്‍ന്നുപോയെന്നു മുതലാളിത്ത മാധ്യമങ്ങള്‍ പ്രചരിപ്പിച്ച മുദ്രാവാക്യങ്ങളൊന്നും ജനങ്ങള്‍ കൈവിട്ടിട്ടില്ല. അതിവേഗം അരികുവത്ക്കരിക്കപ്പെടുന്ന ഒരു ജനതക്ക് വിമോചനദായകമായ വേറൊരു പ്രത്യയശാസ്ത്രവും ഉദയംചെയ്തിട്ടുമില്ല.

തീവ്ര വലതുപക്ഷോജ്ജീവനവും അതിന്റെ നവഫാഷിസപ്പൊടിപ്പുകളും നമ്മെ ഭയപ്പെടുത്തേണ്ടതില്ല. സമാന്തരമായി വളരുന്ന ഇടതുപക്ഷ ധാരകളെ തിരിച്ചറിയുകയും അതിന്റെ പ്രത്യയശാസ്ത്രത്തെ മുറുകെ പിടിക്കുകയുമാണ് വേണ്ടത്. ഒട്ടും നിരാശപ്പെടാതെ മുന്നോട്ടുപോകാമെന്നാണ് ജെറോമി കോര്‍ബിന്‍ സ്വയം സന്ദേശമാകുന്നത്. പുതിയ ലോകത്തിന്റെ മുഖത്തെഴുത്ത് വായിക്കാന്‍ പ്രയാസപ്പെടേണ്ടതില്ല. നാളെയുടെ മുദ്രാവാക്യമാണത്.

ആസാദ്
9 ജൂണ്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )