Article POLITICS

വംശവെറിയുടെ വേഷപ്പകര്‍ച്ചകള്‍

 

against fasism

 

നിസ്വരും നിരാലംബരുമായ മനുഷ്യരെ സംരക്ഷിക്കാന്‍ മതിയായ നിയമമോ കര്‍മ്മപദ്ധതികളോ വേണമെന്നത് നമ്മുടെ സര്‍ക്കാറുകളുടെ അടിയന്തിര പരിഗണനയില്‍ വരുന്നേയില്ല. ചൂഷണം, കൂടുതല്‍ ചൂഷണം എന്ന മട്ടിലാണ് ഭരണകൂട നയങ്ങളുടെ പോക്ക്. സേവനങ്ങളെല്ലാം യൂസര്‍ ഫീ രീതിയിലും പണവിനിമയ നിരക്കിലും മാത്രമേ കണക്കാക്കപ്പെടുന്നുള്ളു. സംസ്ഥാന സര്‍ക്കാറുകളെയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും ഇവ്വിധമുള്ള നവമുതലാളിത്ത അജണ്ടകളുടെ നടത്തിപ്പുകാരാക്കി പരുവപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിനു സാധിച്ചിരിക്കുന്നു.

വേഷം, ഭാഷ, ഭക്ഷണം, ആചാരം, ഉപചാരം, അനുഷ്ഠാനം, വിശ്വാസം എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും പുനര്‍ക്രമീകരിക്കാന്‍ ഭരണകൂടം പേടിപ്പെടുത്തുന്ന ധൃതിയാണ് പ്രകടിപ്പിക്കുന്നത്. ഓരോന്നും അതതായിത്തീര്‍ന്ന, ഓരോരുത്തരും അവരവരായിത്തീര്‍ന്ന അനുഭവ വൈവിദ്ധ്യങ്ങളുടെ സൂക്ഷ്മ നിദാനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഏകശീലാത്മകാധികാരം നമ്മെ കീഴടക്കുകയാണ്. ചരിത്രത്തില്‍ പുരോഗമന ദര്‍ശനങ്ങളെ തോല്‍പ്പിച്ച പുനരുത്ഥാന യുദ്ധങ്ങള്‍ നാം ഏറെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒന്നു ഭൂതവേഷമണിഞ്ഞ് മുഖാമുഖം നിന്നു പോര്‍വിളിക്കുകയാണിപ്പോള്‍.

പൗരന്മാര്‍ക്ക് തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നല്‍കാനാവാത്ത ഭരണകൂടം കന്നുകാലികളുടെ രക്ഷയെച്ചൊല്ലി വിലപിക്കുന്നു. ദരിദ്ര കര്‍ഷകന് പോറ്റാനാവാതെ വരുന്ന കാലികളെ ഇനി വിറ്റൊഴിയ്ക്കാനാവില്ല. വാങ്ങുന്നവന്‍ കൊല്ലാനല്ല സംരക്ഷിക്കാനാണ് വാങ്ങുന്നതെന്ന് ഉറപ്പു വരുത്തണം. കാലിച്ചന്തകളില്‍ അത്തരം സമ്മതപത്രങ്ങളുമായി അവശ കാലികളെ വാങ്ങാന്‍ ആരാണ് വന്നുനില്‍ക്കുക? കേന്ദ്ര ഗവണ്‍മെന്റിന് വൃദ്ധ നാല്‍ക്കാലികളെ പ്രതിഫലം നല്‍കി ഏറ്റെടുക്കാന്‍ സാധിക്കണം. ദരിദ്ര കര്‍ഷകരെ നിയമംകൊണ്ടു ബന്ധിക്കുകയും നിസ്സഹായരാക്കുകയുമല്ല, സ്വതന്ത്രരാക്കുകയാണ് വേണ്ടത്.

ആഹാര ചക്രത്തില്‍ നീചമോ ഉദാത്തമോ ദൈവമോ ചെകുത്താനോ ഇല്ല. പല സമൂഹങ്ങളില്‍ പലതായി അനുഭവപ്പെടുകയാണ്. ഒരുകൂട്ടരുടെ താല്‍പ്പര്യത്തിന് മറ്റൊരു കൂട്ടര്‍ ഭക്ഷണമോ ഭക്തിയോ ഉപേക്ഷിക്കേണ്ടതില്ല. ആ നാനാത്വം അംഗീകരിക്കുന്നതാണ് നമ്മുടെ ഏകത്വം. അതാണ് ബഹുസ്വരതയുടെ ഉത്സവം. ആഹാരമോ ആഹാരക്രമമോ തടയാന്‍ ആര്‍ക്കും അവകാശമില്ല. പൗരാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണത്. ഏതൊരു ജീവിയുടെയും ജീവിക്കാനുള്ള അവകാശം സങ്കുചിത താല്‍പ്പര്യങ്ങളുടെ പേരില്‍ തടയപ്പെട്ടുകൂടാ. ഒരു വംശം മറ്റൊരു വംശത്തിനുമേല്‍ അധികാര പ്രയോഗം നടത്താന്‍ അവലംബിക്കുന്ന പ്രാഥമികോപാധി ഭക്ഷണവിലക്കാണ്. അതിനെ ഗിരിപ്രഭാഷണങ്ങള്‍ കൊണ്ടോ നിയമങ്ങള്‍കൊണ്ടോ വിശുദ്ധപ്പെടുത്താനാവില്ല. നിങ്ങള്‍ ഭക്ഷിക്കേണ്ടത് ഞങ്ങളുടെ വിസര്‍ജ്ജ്യമാണെന്ന ഭരണകൂടത്തിന്റെ അധികാര വൈകൃതം ഫാഷിസത്തെക്കുറിച്ചുള്ള തന്റെ സിനിമയില്‍ പസോളിനി ആവിഷ്ക്കരിച്ചത് ഞെട്ടലോടെ ഓര്‍ത്തുപോകുന്നു.

നമ്മുടെ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ഇപ്പോള്‍ നമുക്കു വ്യക്തമാണ്. വംശവെറിയുടെ ഹീന ശാസനമാണ് ഭരണകൂടം പുറപ്പെടുവിക്കുന്നത്. ആര്‍ത്തിപൂണ്ട കോര്‍പറേറ്റ് ഹിംസാത്മകത എല്ലാ വളവുകളിലും പതുങ്ങിയിരിക്കുന്നു. വട്ടമിട്ടു പിടിച്ചിരിക്കുന്നു നമ്മളെ. ഭൂതബാധയേറ്റു തുള്ളുന്ന നൃശംസതയെ താളംകൊട്ടി പ്രോത്സാഹിപ്പിക്കുന്നവര്‍ കാണും. സ്വന്തം ജനതയെ തോല്‍പ്പിക്കുന്ന യുദ്ധത്തിന്റെ ചുവടുകള്‍ക്കാണ് അവര്‍ കയ്യടിക്കുന്നത്.

ആസാദ്
27 മെയ് 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )