Article POLITICS

പൊതുവിദ്യാഭ്യാസവും മലയാള ഭാഷയും രക്ഷപ്പെടാന്‍…

മലയാള ഭാഷയെയും പൊതു വിദ്യാലയത്തെയും സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമത്തിനു സ്തുതി. ഒന്നാം വാര്‍ഷികത്തില്‍ എടുത്തു പറയുന്ന നേട്ടങ്ങളിലൊന്ന് അതാവുക സ്വാഭാവികം. അടിത്തട്ടുവരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളഴിച്ചുവിടാനും ഗവണ്‍മെന്റിനും ഭരണപക്ഷ രാഷ്ട്രീയ മുന്നണിക്കും സാധിച്ചിട്ടുണ്ട്.

ഔദ്യോഗിക ഭാഷ മലയാളമാക്കി. പക്ഷെ ബോധനമാധ്യമത്തിന്റെ കാര്യത്തില്‍ ഇപ്പോഴും സന്ദേഹം അവസാനിച്ചിട്ടില്ല. അതിനുള്ള ശേഷി മലയാളത്തിനില്ല എന്നാണ് മിക്കവരും കരുതുന്നത്. ലോകത്തിലെ ദേശബോധവും ആത്മാഭിമാനവുമുള്ള ഏതൊരു ജനതയും സ്വന്തം ഭാഷയിലാണ് ലോകത്തെ അറിയുന്നതും തന്നെത്തന്നെ ആവിഷ്ക്കരിക്കുന്നതും. ബോധന മാധ്യമമായി മറ്റൊരു ഭാഷ സ്വീകരിക്കാന്‍ അവരൊരുക്കമല്ല.

നവോത്ഥാനത്തിന്റെ മഹനീയമായ പാരമ്പര്യവും പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ശക്തമായ അടിത്തറയുമുണ്ടെന്ന് കൊട്ടിഘോഷിക്കുന്ന നമ്മളാകട്ടെ കൊളോണിയല്‍ ദാസ്യം ആഘോഷിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത്. അതിനൊരു അറുതി വരുത്താന്‍ ഗവണ്‍മെന്റിനു സാധിക്കുമെങ്കില്‍ അതു മഹത്തായ കാര്യംതന്നെ.

പക്ഷെ, ഓര്‍ക്കേണ്ട ഒന്നുണ്ട്. നമ്മുടെ സ്വാഭാവികമായ ഇച്ഛകളല്ല, അധീശത്വം സ്ഥാപിക്കുന്ന നവമുതലാളിത്ത സമ്പദ്ഘടനയുടെ പ്രേരണകളാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. തടസ്സങ്ങളില്ലാത്ത അതിന്റെ കടന്നുകയറ്റം നിലനിര്‍ത്തിക്കൊണ്ട് ആശയ പ്രചാരണത്തിലൂടെ മാറ്റമുണ്ടാക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. നവമുതലാളിത്ത സാമ്പത്തികാധിനിവേശത്തിനെതിരായ സമരത്തിന്റെ ഭാഗമാണ് ഭാഷയ്ക്കും പൊതുവിദ്യാലയത്തിനും വേണ്ടിയുള്ള ശ്രമമെന്നര്‍ത്ഥം. അതാണതിന്റെ രാഷ്ട്രീയം. നവമുതലാളിത്തത്തിന്റെ കൊടുകൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കുന്ന നയ സമീപനം പുലര്‍ത്തിക്കൊണ്ട് ഭാഷയെയും പൊതു വിദ്യാലയത്തെയും സംരക്ഷിക്കാനാവില്ല.

വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലകളിലെ സ്വകാര്യ മൂലധന ശക്തികളുടെ അഴിഞ്ഞാട്ടം നിയമ നിര്‍മാണത്തിലൂടെ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷമേ പ്രചാരണ പ്രവര്‍ത്തനംകൊണ്ടുള്ള ഫലം ലഭിക്കുകയുള്ളു. ഒപ്പം പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെങ്കിലും പൊതു വിദ്യാലയത്തെയും ഭാഷയെയും അംഗീകരിക്കാന്‍ തയ്യാറാവണം. മൈക്കിനു മുന്നില്‍ സ്വയം മറന്ന് വിപ്ലവ ഭാഷണം നടത്തുന്നവരുടെ, ഇതു സംബന്ധിച്ച നിലപാടും പ്രവൃത്തിയും സാമൂഹികമായ കണക്കെടുപ്പിനു വിധേയമാക്കണം. പൊതു പ്രവര്‍ത്തകര്‍ ആദ്യം സ്വയം തിരുത്തട്ടെ. തെറ്റായ പ്രവൃത്തിയുണ്ടായെങ്കില്‍ ഏറ്റു പറയട്ടെ. ശക്തമായ പ്രചാരണത്തിന് അതും മുന്നുപാധിയാക്കണം.

പൊതു വിദ്യാലയങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതും ആശാസ്യമല്ല. പുതിയ വരേണ്യതയാണ് സൃഷ്ടിക്കപ്പെടുക. എല്ലാ സ്കൂളുകള്‍ക്കും തുല്യനീതി ഉറപ്പാക്കണം. വളര്‍ച്ചയായാലും തളര്‍ച്ചയായാലും ഒന്നിച്ചനുഭവിക്കാം. സ്വകാര്യ മൂലധന സംരംഭങ്ങളെ മൂക്കുകയറിടാന്‍ സന്നദ്ധമാവുമെങ്കില്‍ തളരുന്ന പ്രശ്നമേയില്ല. സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണ് പ്രകടമാവേണ്ടത്.

ഉന്നത വിദ്യാഭ്യാസംവരെ ബോധന മാധ്യമം മലയാളമാക്കണം. ഭാഷയുടെ പഠനമല്ല ഭാഷയിലൂടെയുള്ള പഠനമാണ് പ്രധാനം. ഭാഷയെ ഒരു പഠന വിഷയമായി മാത്രം കാണുന്ന നിലവിലുള്ള രീതി മാറ്റണം. പൊതു വിദ്യാഭ്യാസവും അപ്പോള്‍ രക്ഷപ്പെടും.

ആസാദ്
25 മെയ്2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )