Article POLITICS

ഛേദിക്കാനുണ്ട് അധികാരത്തിന്റെ പെരുംലിംഗങ്ങള്‍

 

സ്ത്രീകളും ആദിവാസികളും ദളിതരും തൊഴിലാളികളും ഇതര കീഴാള ജീവിതങ്ങളും ആയുധം കയ്യിലെടുക്കേണ്ട അവസ്ഥ എങ്ങനെയാണുണ്ടായത്? ജീവന്മരണ പോരാട്ടങ്ങളിലേയ്ക്ക് ഇത്തരം സമൂഹങ്ങളെയാകെ തള്ളിവിടുന്ന ഒരു സാമൂഹിക രാഷ്ട്രീയാധികാര ഘടന നിലനില്‍ക്കുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം? എന്താണതിന്റെ സ്വഭാവം എന്നറിയാനും എന്താണ് പരിഹാരമെന്ന് അന്വേഷിക്കാനും ഗൗരവപൂര്‍വ്വമായ ശ്രമം ആവശ്യമില്ലേ?

ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന ഒരു സന്യാസിയുടെ ലിംഗം ഛേദിക്കാന്‍ ഒരു യുവതി നിര്‍ബന്ധിതയായത് ഇന്നലെയാണ്. തിരുവനന്തപുരത്തു പേട്ടയിലുണ്ടായ സംഭവം ആഗോള മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. യുവതിയുടെ നടപടിയ്ക്കു വലിയ പിന്തുണയാണ് ലഭിച്ചത്. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന നീതിബോധമുണ്ട് എന്നത് നമ്മെ അഭിമാനം കൊള്ളിയ്ക്കുന്നു. അതേ സമയം അക്രമികള്‍ക്കു വിലയില്ലാത്തതും ഇരകള്‍ക്കു തുണയാകാത്തതുമായ ഒരു നിയമ വ്യവസ്ഥയാണല്ലോ നമ്മുടേത് എന്ന് നാം ലജ്ജിച്ചു തല കുനിയ്ക്കുന്നുമുണ്ട്.

ഒരു ഭരണാധികാരി പെണ്‍കുട്ടിയുടെ കര്‍മ്മത്തെ ഉദാത്തമെന്നു വാഴ്ത്തുന്നു. ഒരു പ്രതിരോധത്തോടും പക്ഷെ, ഭരണകൂടത്തിന് ഇങ്ങനെ നിലപാടെടുക്കാനാവില്ലെന്നു നമുക്കറിയാം. അങ്ങനെയൊരു ചരിത്രവുമില്ല. ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം സര്‍ക്കാറാണ് സംരക്ഷിക്കേണ്ടത്. സര്‍ക്കാറിന് അതു സാധിക്കാതെ വന്നപ്പോഴാണ് പെണ്‍കുട്ടിയ്ക്ക് ആയുധമെടുക്കേണ്ടി വന്നത്. യുവതി ആയുധമെടുത്തത് ശരിയെന്ന് പൗരസമൂഹം വാഴ്ത്തുന്നത് അത് ഭരണകൂടത്തിനുകൂടിയുള്ള താക്കീതായതിനാലാണ്. എന്നാല്‍ ഒരു ഭരണാധികാരി യുവതിയെ പിന്‍തുണയ്ക്കുന്നത് താന്‍ ആരാണെന്നോ താന്‍ ഇരിക്കുന്ന ഇടം ഏതാണെന്നോ, തന്റെ അധികാരം എന്തെല്ലാം ആണെന്നോ ഉള്ള തികഞ്ഞ അജ്ഞതയുടെ പ്രകടനമാണ്. അതല്ലെങ്കില്‍ തന്റെ അധികാരം എത്രമേല്‍ നിസ്സഹായമാകുന്നു എന്ന ഒരു ഭരണാധിപന്റെ ദയനീയമായ ബോധ്യപ്പെടലാവാം. ഒരു നിസ്വയായ യുവതിയെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ച കുറ്റം ഭരണകൂടമാണ് ചെയ്തത്. ആദിവാസികളുടെയും ദളിതരുടെയും തൊഴിലാളികളുടെയും കൈകളിലും ഇതേപോലെ ഭരണകൂടം ആത്മരക്ഷാര്‍ത്ഥമുള്ള ആയുധ സാധ്യത എത്തിക്കുന്നു. ബലാല്‍സംഗത്തിനു ഇരയാകുന്ന പെണ്‍കുട്ടിയുടെ പ്രതിരോധത്തെ അനുഭാവപൂര്‍വ്വം മനസ്സിലാക്കുന്നവര്‍ നിസ്സഹായരായ മനുഷ്യര്‍ നേരിടുന്ന സമാന സാഹചര്യങ്ങളും മനസ്സിലാക്കണം.

വ്യാജ സന്യാസിമാരും കപട സിദ്ധരും ആള്‍ദൈവങ്ങളും അഴിഞ്ഞാടുന്നുണ്ട്. ആശ്രമങ്ങളില്‍നിന്ന് വേട്ട മൃഗങ്ങളുടെ അമറലുകളും ഇരകളുടെ ദീന വിലാപങ്ങളും ഉയരുന്നുണ്ട്. ബലാല്‍ക്കാരങ്ങളുടെയും നരബലികളുടെയും കഥകള്‍ അങ്ങാടിപ്പാട്ടാണ്. ഒരു ഗവണ്‍മെന്റും അതൊന്നും അന്വേഷിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. പകരം അവരെ താണുവണങ്ങാന്‍ മത്സരിക്കുകയാണ്.

വല്ലപ്പോഴും ഒരിര വേട്ടനായയുടെ ശൗര്യമരിയുന്നത് ആഘോഷിക്കേണ്ടതുതന്നെ. എന്നാല്‍ ഒരു തുടര്‍സമരത്തിന്റെ ഭൂമികയില്‍ അതു കാണേണ്ടതുണ്ട്. നിശബ്ദരും ദുര്‍ബ്ബലരുമായ ഇരസഹസ്രങ്ങളെ ഒറ്റയൊറ്റ ലിംഗങ്ങളരിയാനല്ല, ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിക്കുന്ന അധികാരത്തിന്റെ പെരുംലിംഗങ്ങളരിയാനാണ് പ്രാപ്തമാക്കേണ്ടത്. കണ്ണില്ലാത്ത ചൂഷണങ്ങള്‍ക്കും മനുഷ്യത്വമില്ലാത്ത കൈയേറ്റങ്ങള്‍ക്കും തഴച്ചുവളരാനുള്ള മണ്ണ് ആരാണൊരുക്കുന്നത്? ആ ജീര്‍ണ വ്യവസ്ഥയെയാണ് ധീരമായി എതിരിടേണ്ടത്.

ചവിട്ടിമെതിയ്ക്കുന്ന കാലുകള്‍ വെട്ടുന്നത് അക്രമോത്സുക ലിംഗങ്ങളരിയുന്നത് വാളെടുത്തവന്‍ വാളാല്‍ വീഴ്ത്തപ്പെടുന്നത് സ്വാഭാവികമാവാം. പക്ഷെ, അതെല്ലാം മറ്റാരുടെയോ ഉപകരണങ്ങളാണെന്നു വന്നാല്‍ എതിര്‍ക്കപ്പെടേണ്ട മറ്റൊരാളോ വ്യവസ്ഥയോ ബാക്കിനില്‍ക്കും . അവിടേയ്ക്കാണ് പുതിയ പ്രതിരോധങ്ങള്‍ നീളേണ്ടത്.

ആസാദ്
21 മെയ് 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )