ജയചന്ദ്രന് മൊകേരിയെ ഞാന്‍ നെഞ്ചോടു ചേര്‍ക്കുന്നു. ശ്വാസമിടിപ്പുകള്കൊണ്ടു നമിക്കുന്നു. തക്കിജ്ജ : എന്റെ ജയില്‍ജീവിതം എന്ന പുസ്തകം തന്ന അനുഭവത്തിന്. പക്ഷെ, ആ പുസ്തകമാവാന്‍ വെന്തുരുകിയ ജയചന്ദ്രന്റെ തടവറജീവിതത്തെ ഞാന്‍ എങ്ങനെ നമിക്കണം? എഴുതാതെപോയ ശ്ലഥനേരങ്ങളുടെ വീര്പ്പുകളുണ്ട് പുസ്തകത്തിലെങ്ങും. ഓരോ നിമിഷവും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിശുദ്ധയുദ്ധത്തിലാണ് ഞാനെന്ന് ഇതുപോലൊരു തടവറക്കുറിപ്പില് മൂസ ജലീല്‍ എഴുതിയതോര്‍ക്കുന്നു. അതു പക്ഷെ , നാസി തടവറയില്നിന്നായിരുന്നു. ഫാസിസത്തിനെതിരായ വലിയ പോരാട്ടത്തില്‍ പിടിക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയുംചെയ്ത സോവിയറ്റ് നാട്ടിലെ ഉരുക്കു കവി.
ചരിത്രഘട്ടത്തിന്റെ ചെറിയ ക്ഷോഭങ്ങളില്‍ പങ്കാളിയായതിനാവുമോ ജയചന്ദ്രന് മൊകേരിയെ മാലദ്വീപില്‍ നിയമം വേട്ടയാടിയത് എന്നറിയില്ല. ദ്വീപിനെക്കുറിച്ചുള്ള തുടര്‍ച്ചയായ ബ്ലോഗെഴുത്ത് പലരും ശ്രദ്ധിച്ചിരുന്നു. ജാഗ്രതവേണമെന്നു ചിലരെങ്കിലും ഓര്‍മപ്പെടുത്തിയിട്ടുമുണ്ട്. അതിന്റെ പേരിലല്ല, ഒരു വിദ്യാര്‍ത്ഥി നല്കിയ കള്ളക്കേസിന്റെ പേരിലാണ് അദ്ധ്യാപകനായ ജയചന്ദ്രന് അറസ്റ്റു ചെയ്യപ്പെട്ടത്. കുസൃതിയില്കവിഞ്ഞു കളി കാര്യമായപ്പോള്‍ വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും പരാതി പിന്‍വലിക്കുകയും ചെയ്തു. എന്നിട്ടും ഗവണ്മെന്റ് ജയചന്ദ്രനെ വിട്ടയച്ചില്ല. അജ്ഞാതമായ ഏതോ ഇടപെടലിന്റെ നിഴലുകള്‍ വലുതായി വരുന്നത് അയാളറിഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട ജയില്‍വാസം അവസാനിച്ചത് ഇന്ത്യാ ഗവണ്മെന്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ്.
ഇരുപത്തിയഞ്ചു വര്‍ഷമെങ്കിലും ജയില്‍വാസം ഉറപ്പാണെന്ന മട്ടിലായിരുന്നു പലരും സംസാരിച്ചത്. എംബസി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുപോലും അങ്ങനെയൊരു പരാമര്‍ശമുണ്ടായി. ഇല്ലാത്ത കുറ്റത്തിനു ശിക്ഷയോ എന്ന് ഒച്ചവെയ്ക്കാന്‍ അധികമാരുമില്ലായിരുന്നു. അവിചാരിതമായി ചെന്നു പതിച്ച കെണിയ്ക്കകത്ത് വഴങ്ങിനില്ക്കാനേ കഴിയുമായിരുന്നുള്ളു. അപരിചിതമായ ലോകങ്ങള്‍ അടുത്തു കണ്ടു. കുറ്റത്തിന്റെയും ശിക്ഷയുടെയും ഇടയിലെ ഊടുവഴികളിലൂടെ അലയുന്ന അസംഖ്യം പേരുണ്ടായിരുന്നു. അവരെ പകര്‍ത്തുന്നുണ്ട് ജയചന്ദ്രന്. ഡസ്റ്റോസ്കി വരച്ചിട്ട, താന്‍തന്നെ പലതായി ചിതറുന്ന ഏകാന്തതയുടെ കുറ്റ വിചാരണയ്ക്കു പല പതിപ്പുകളുണ്ടാകുന്നത് അറിഞ്ഞു.
മാലദ്വീപിലെ തൊഴിലിടത്തിലും സൗഹൃദത്തിലും ആറു തടവറകളിലും കോടതികളിലും പൊലീസ്സ്റ്റേഷനുകളിലും ബോട്ടുയാത്രകളിലും ചിതറിത്തെറിച്ച തന്നെത്തന്നെ സൂക്ഷ്മതയോടെ വീണ്ടെടുത്തു കോര്ത്തുകെട്ടുമ്പോള് ജയചന്ദ്രന് അതേ വേദനകളിലൂടെ വീണ്ടും സഞ്ചരിച്ചുവോ? തീര്‍ച്ചയായും അകംപൊള്ളുന്ന അക്ഷരങ്ങളാണ് അദ്ദേഹത്തിലൂടെ വന്നത്.
തടവറ രചനകള്‍ സവിശേഷമായ ഒരാഖ്യാന കൗതുകമായി പരിണമിച്ചിട്ടുണ്ട്. കഥയായും കവിതയായും അനുഭവക്കുറിപ്പുകളായും സങ്കീര്‍ണമായ സൈദ്ധാന്തികാന്വേഷണങ്ങളായും സ്നേഹത്തിന്റെയും വിരഹത്തിന്റെയും ചുമരെഴുത്തുകളായും ആഹ്വാനത്തിന്റെയും അപേക്ഷയുടെയും ഓര്‍മപ്പെടുത്തലിന്റെയും കത്തുകളായും നമ്മെ എത്രയോ അവ വിസ്മയിപ്പിച്ചിരിക്കുന്നു. എണ്‍പതുകളില്‍ കാമ്പസുകളിലൂടെ കടന്നുപോന്ന എന്നെപ്പോലുള്ളവര്‍ക്ക് മൂസയുടെ കവിതകളും ജൂലിയസ് ഫ്യൂച്ചിക്കിന്റെ കത്തുകളും ഗ്രാംഷിയുടെ നോട്ടു ബുക്കുകളും ബോബിസാന്റ്സിന്റെ മരണവും മണ്ഡേലയുടെ മോചനവും നമ്മുടെ അടിയന്തിരാവസ്ഥയുടെ തടവറഗീതങ്ങള്ക്കും ശവംതീനി ക്യാമ്പുകള്‍ക്കും പിറകെയെത്തിയ ആവേശങ്ങളായിരുന്നു. തടവറകള്‍ അവരെങ്ങനെ അനുഭവിച്ചു തീര്‍ത്തുവെന്ന് പണ്ടു മുതലേയുള്ള എന്റെ അകംനീറ്റുന്ന സന്ദേഹങ്ങള്‍ അവസാനിച്ചില്ല. ജയചന്ദ്രന്റെ മോചനത്തിനുള്ള ശ്രമം നടക്കുമ്പോള്‍, ഏറെക്കുറെ അതിന്റെ അവസാന സന്ദര്‍ഭങ്ങളിലാണ് പുറംലോകം വിവരമറിയുന്നത്. അപ്പോഴുണ്ടായ വൈകാരികമായ നടുക്കം വിട്ടുപോയില്ല. ഈ പുസ്തകത്തിലൂടെ എന്നെ നടത്തിയത് ആ ധൃതിയായിരുന്നു.
തടവറയില്‍ കുറ്റംചെയ്തോ സമരംചെയ്തോ എത്തുന്നതുപോലെയല്ല, എന്തിനെന്നറിയാതെ ഓര്‍ക്കാപ്പുറത്ത് എത്തിപ്പെടുന്നത്. ഒരു മുന്നൊരുക്കവുമില്ലാത്ത ഏറ്റുവാങ്ങലിന്‍ ആഘാതമേറും. പലമട്ടു കുറ്റവാളികളുടെയിടയിലാണ് ചെന്നു വീഴുന്നത്. അനുഭവങ്ങളുടെ കാണാക്കരയിലേക്ക് ഒരു യാത്രയെന്നു കരുതാനുള്ള മാനസികാവസ്ഥ ആര്ക്കുമപ്പോള് കാണില്ലല്ലോ. ഓര്‍ത്തെടുക്കുമ്പോഴുള്ള വേദനനിറഞ്ഞ സുഖം അനുഭവത്തിനു കാണില്ല. അപ്പോള്‍ ജയില്‍, മരണവുമായി സംഭാഷണം നടത്തുന്ന ജീവിതത്തിന്റെ അതിര്‍ത്തി ദേശമാണ്.
ജയില്‍ ജീവിതത്തിന്റെ അവസാനനാളുകളിലേ പുസ്തകങ്ങള്‍ അനുവദിച്ചു കിട്ടിയുള്ളു. അതുവരെ വായിക്കാനോ എഴുതാനോ സാധ്യമായില്ല. അല്ലെങ്കില്‍ ഒരു പക്ഷെ, ഈ പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ ജയില്ക്കുറിപ്പാവുമായിരുന്നു. .ഇപ്പോഴിത് ജയിലനുഭവങ്ങളുടെ സഞ്ചയം. തക്കിജ്ജ എന്ന ദ്വിവേഹി വാക്കിന് പുറത്തേക്ക് എന്നാണര്‍ത്ഥം. അകത്താകുമ്പോള്‍ കേള്‍ക്കാന്‍ മോഹിക്കുന്ന വാക്ക്. ഇരുപത്തിയൊമ്പത് അദ്ധ്യായങ്ങളുള്ള ഈ അനുഭവ പുസ്തകത്തിന് ചേരുന്ന ശീര്‍ഷകം. കെ ജി ശങ്കരപ്പിള്ളയുടെയും കല്‍പ്പറ്റ നാരായണന്റെയും മുഖമൊഴികളുണ്ട് തക്കിജ്ജയ്ക്ക്. വയലറ്റ് ബുക്സാണ് പ്രസാധകര്.
പ്രവാസത്തിന്റെ ശിക്ഷ കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ ഉണര്‍ന്നിരുന്ന വീടിനും എന്തെങ്കിലും പറയാനുണ്ടാകും. അതും ഇതുപോലെ പൊള്ളിയ കുറിപ്പുകളാകും. ജയചന്ദ്രന് മൊകേരിയുടെ കൂട്ടുകാരി ജ്യോതിക്ക് ഒരു പക്ഷെ , അതെഴുതാനാവും. അത്രയേറെ അവര്‍ സഹിച്ചുകാണുമല്ലോ. നമുക്കിടയില്‍ ഒരാള്‍ ജീവിതത്തിലെ അവിചാരിത വളവുകളെ എങ്ങനെ നേരിട്ടുവെന്ന് ഈ പുസ്തകം പറയുന്നു. വായിച്ചുനോക്കൂ.
ആസാദ്
16 മെയ് 2017