മസ്തിഷ്ക ഗവേഷണം ഭാഷാശാസ്ത്ര സിദ്ധാന്തത്തിലും അതിന്റെ നവീനമായ പ്രയോഗ മാതൃകകളിലും തുറന്നുവിട്ട കുതിപ്പുകളിലേയ്ക്ക് മലയാളികളെ നയിക്കുകയാണ് ഡോ. പി എം ഗിരീഷ് തന്റെ സമീപകാല പ്രബന്ധങ്ങളിലും ഗ്രന്ഥങ്ങളിലും. ഇങ്ങനെയൊരു വേറിട്ട വഴി പരിചയപ്പെടുത്തിയവരില്‍ പ്രധാനിയായ ജോര്‍ജ് ലക്കോഫ് എന്ന അമേരിക്കന്‍ ചിന്തകന്റെ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ചില പ്രസക്തമായ വിശകലനങ്ങള്‍ അവതരിപ്പിക്കുകയാണ് ഏറ്റവും പുതിയ പുസ്തകത്തില്‍ ഗിരീഷ്. ജോര്‍ജ് ലക്കോഫ്ഃ ഭാഷയുടെ രാഷ്ട്രീയ മനസ്സ് എന്നാണ് പുസ്തകത്തിന്റെ പേര്. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകര്.
മസ്തിഷ്ക ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ലക്കോഫ് ഭാഷാശാസ്ത്രത്തിലും സാമൂഹികവും രാഷ്ട്രീയവുമായ വിശകലനത്തിലും ധീരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ചോംസ്ക്കിയന് ഭാഷാശാസ്ത്ര നിരീക്ഷണങ്ങളെ വിമര്‍ശനാത്മകമായി അപഗ്രഥിച്ചുകൊണ്ടായിരുന്നു ലക്കോഫിന്റെ കടന്നുവരവ്. അര്‍ത്ഥത്തില്‍നിന്നു ഭാഷ സ്വതന്ത്രമാണെന്ന ചോംസ്ക്കിയന് കാഴ്ച്ചയെ അര്‍ത്ഥമാണ് പ്രധാനം എന്ന നിരീക്ഷണംകൊണ്ടാണ് ലക്കോഫ് നേരിട്ടത്. ഭാഷയെ മനുഷ്യന്റെ ധൈഷണിക വിശേഷമായി തിരിച്ചറിയുകയും സിദ്ധാന്തവല്‍ക്കരിക്കുകയും ചെയ്തു അദ്ദേഹം. ഈ വേറിട്ട വഴി അദ്ദേഹത്തെ കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സിന്റെ ( ധൈഷണിക ഭാഷാശാസ്ത്രത്തിന്റെ ) സൈദ്ധാന്തികനാക്കി. ധൈഷണികശാസ്ത്രാന്വേഷണം ഭാഷാര്ത്ഥത്തിന്റെ ഉറവിടം ഉടലെമ്പാടും വ്യാപിച്ചുകിടക്കുന്ന നാഡീവ്യൂഹങ്ങള്‍ ഉള്ളടങ്ങിയ മസ്തിഷ്കമാണെന്ന നിരീക്ഷണത്തിലേയ്ക്ക് ലക്കോഫിനെ നയിച്ചു. തുടര്‍ന്ന്, അര്‍ത്ഥം ഉടലനുഭവമാണെന്ന് അദ്ദേഹം വിശദീകരിച്ചു. വിഎസ് രാമചന്ദ്രന് മനശ്ശാസ്ത്രത്തിലെ ഡി എന്‍ എ എന്നു വിശേഷിപ്പിക്കുന്ന മിറര്‍ ന്യൂറോണ്‍ പ്രതിഭാസത്തെ തന്റെ പഠനങ്ങള്‍ക്ക് ഉപോല്‍ബലകമായി ലക്കോഫ് പ്രയോജനപ്പെടുത്തുന്നു.
മസ്തിഷ്ക്കത്തെയും സാമൂഹിക പരിണാമത്തിന്റെയും മുന്‍ നിര്‍ത്തി ഒട്ടേറെ പഠനങ്ങള്‍ ലക്കോഫിന്റേതായുണ്ട്. ഡോണ്ഡ് തിങ്ക് ഓഫ് ഏന് എലിഫന്റ് ; തിങ്കിംഗ് പോയിന്റ്സ്, മോറല്‍ പൊളിറ്റിക്സ്, ഹൂസ് ഫ്രീഡം, ദ പൊളിറ്റിക്കല്‍ മൈന്റ്, മെറ്റഫര്‍ വീ ലീവ് ബൈ, വിമന്‍ ഫയര്‍ ആന്റ് ഡെയ്ഞ്ചറസ് തിങ്സ്, മോര് ദാന്‍ കൂള്‍ റീസന്‍ എന്നിവ ലക്കോഫിന്റെ പ്രധാന കൃതികളാണ്. സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ വിശകലനങ്ങളില്‍ മസ്തിഷ്ക പഠനത്തിന്റെയും ധൈഷണിക ഭാഷാശാസ്ത്രത്തിന്റെയും വിശകലനോപാധികള്‍ എത്രയേറെ പ്രസക്തമാണെന്ന് ഗിരീഷിന്റെ പുസ്തകം അനുഭവിപ്പിക്കുന്നു.
അറിവ് പ്രവര്‍ത്തനക്ഷമമാകുന്നത് രണ്ടുതരം ബിംബ ശൃംഖലകളിലൂടെയത്രെ. ജ്ഞാന മാതൃകകളുടെയും ലക്ഷകങ്ങളുടെ (മെറ്റഫര്‍)യുമാണവ. ജ്ഞാനാര്‍ജ്ജനം എങ്ങനെ ബിംബാത്മകമായിരിക്കുന്നുവെന്ന് ഗിരീഷ് വിശദമാക്കുന്നു. ലക്കോഫിന്റെ സിദ്ധാന്തത്തെ സമകാലിക സാമൂഹിക രാഷ്ട്രീയ സന്ദര്‍ഭങ്ങളുമായി ബന്ധിപ്പിച്ചു വിശകലന വിധേയമാക്കുകയാണ് അദ്ദേഹം. പൊളിറ്റിക്കല്‍ മൈന്റ് എന്ന പുസ്തകത്തെ ആ അര്‍ത്ഥത്തില്‍ പിന്തുടരുന്നുമുണ്ട്.
മനുഷ്യനെ പുനര്‍നിര്‍മ്മിക്കാനുതകുന്ന പുതിയ പ്രബുദ്ധതയെ കണ്ടെത്താനാണ് ലക്കോഫിന്റെ യത്നം. അതാണ് ഗിരീഷിനെയും ആവേശം കൊള്ളിക്കുന്നത്. ധൈഷണിക ശാസ്ത്രം, ന്യൂറോ ശാസ്ത്രം,, ന്യൂറോ കമ്പ്യൂട്ടേഷന്‍, ധൈഷണിക ഭാഷാ ശാസ്ത്രം എന്നിവയുടെ അടിത്തറയില്‍ ഉയര്‍ന്നു നില്ക്കുന്ന ഒരു പുതു സിദ്ധാന്തമാണ് ലക്കോഫിന്റെ ലക്ഷ്യം.പഴയ പ്രബുദ്ധതയില്നിന്നു ഭാഷാശാസ്ത്രം ആ വഴിയേ ഏറെ പുരോഗമിച്ചുകഴിഞ്ഞുവെന്ന് ഗിരീഷ് ചൂണ്ടിക്കാട്ടുന്നു.
ഉടല്കേന്ദ്രിതമാണ് ലക്കോഫിന്റെ ഈ പുതു സിദ്ധാന്തം. അത് ആവിഷ്ക്കരിക്കാന്‍ ഉടല് രൂപകങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ശീര്‍ഷകങ്ങളിലാണ് ഗിരീഷ് അദ്ധ്യായങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. എവ്വിധമാണ് നാം ആശയങ്ങളെ ഗ്രഹിക്കേണ്ടതെന്ന് ഗ്രന്ഥകാരന് ബദ്ധശ്രദ്ധനാണ്. ബിംബാത്മകമായ ജ്ഞാന ഗ്രഹണമെന്ന മസ്തിഷ്ക പ്രവണതയാണല്ലോ അദ്ദേഹം വിശദമാക്കുന്നത്. പക്ഷെ, അവിടെയും ബിംബങ്ങളെന്ന വ്യവസ്ഥാക്രമം എങ്ങനെ രൂപം കൊള്ളുന്നുവെന്നതും അതിന്റെ നിഷേധം ഏത വിധത്തിലാണ് സാമാന്യബോധത്തെ പുതുക്കിപ്പണിയുക എന്നതും ആശങ്കകളുണ്ടാക്കുന്നു. പുറം യാഥാര്‍ത്ഥ്യമെന്നത് ഒരധികാര ക്രമമാണല്ലോ. അതിന്റെ സൂക്ഷ്മാവിഷ്ക്കാരം അതിന്റെതന്നെ പുതുക്കിപ്പണിയലിന് എങ്ങനെ സമര്‍ത്ഥമാകും എന്നതാണ് പ്രശ്നം. ഗ്രന്ഥകാരനും പ്രസാധകരും അവകാശപ്പെടുന്നതുപോലെ ഒരു ബദല്‍ ചിന്താരീതിയാണു ലക്ഷ്യമാക്കുന്നതെങ്കില്‍ അധികാരവും മസ്തിഷ്ക്കത്തിന്റെ ജ്ഞാനാര്ജ്ജ രീതികളും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം കൂടുതല്‍ വിശദീകരിയ്ക്കേണ്ടിവരും. അധികാരവും ഭാഷയുമെന്ന ഗിരീഷിന്റെതന്നെ പുസ്തകത്തിന്റെ പുതിയ തുടര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
വേറിട്ടൊരു അന്വേഷണമാണ് ലക്കോഫിനെപ്പോലെ ഗിരീഷിന്റേതും. ഈ പുസ്തകം ഗൗരവതരമായ വായനയ്ക്കും വിശകലനത്തിനും വിധേയമാകേണ്ടതുണ്ട്. അത്തരമൊരു വായനയിലേക്കു പ്രവേശിക്കും മുമ്പു നടത്തുന്ന ഒരാമുഖാഖ്യാനം മാത്രമാണിത്. പുതിയ ജ്ഞാനാന്വേഷണങ്ങളും അവയുടെ രാഷ്ട്രീയവും പഠിക്കാതെ ഇനി മുന്നോട്ടു പോകാനാവില്ലെന്ന് ബോധ്യപ്പെടുത്തിയതിന് ഗിരീഷിനു നന്ദി. അഭിവാദ്യം.
ആസാദ്
13 മെയ് 2017