അമൃതാനന്ദമയിക്കും ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. സി ആര് പി എഫ് സംഘം ചുമതല നിര്‍വ്വഹിക്കും. ജനാധിപത്യ മതേതര ഗവണ്മെന്റിന്റെ പ്രതിബദ്ധത!
ആരാണ് അമൃതാനന്ദമയി? സന്യാസി? ആള്‍ദൈവം? നിക്ഷേപക? വ്യാജ ആത്മീയതയുടെ വ്യാപാരി? ജീവനുള്ള പൂജാബിംബം? ഏതു വിലാസമാണ് അവര്‍ക്കു ചേരുക?
ത്യജിക്കുന്നവരാണ് സന്യാസിമാര്‍. ത്യജിക്കാനായി അവര്‍ ഒന്നും സമ്പാദിക്കാറില്ല. തന്നെത്തന്നെയാണ് പകുക്കുന്നതും ത്യജിക്കുന്നതും. അമൃതാനന്ദമയി പക്ഷെ, അങ്ങനെയല്ലല്ലോ. ത്യജിക്കാനാണത്രെ സമ്പാദിക്കുന്നുണ്ട്. നല്‍കുന്തോറും ഇരട്ടിക്കുന്ന സഹായ സാന്ത്വന വ്യവസായങ്ങളുടെ ശൃംഖലയുണ്ട്. വിദ്യാഭ്യാസ വ്യാപാരമുണ്ട്. മാധ്യമമുണ്ട്. മറ്റുള്ളവരില്‍നിന്ന് ഊറ്റുന്നതില്‍ ഒരു പങ്ക് ദാനം ചെയ്യുന്നുണ്ട്. തന്നെയൊഴിച്ച് തനിക്കുള്ളതൊഴിച്ച് എല്ലാം ത്യജിക്കാനാവുമെന്നു പഠിപ്പിക്കുന്നുണ്ട്.
അപ്പോള്‍ അവര്‍ യോഗിയോ സന്യാസിയോ ആയിരിക്കുന്നതെങ്ങനെ? ആത്മീയതയുടെ സൈദ്ധാന്തിക സംഭാവനകളെന്തെങ്കിലും കാണുമോ? കനപ്പെട്ട ഏതെങ്കിലും ഒരു ദര്‍ശനം? ഒരു പുസ്തകം? തത്വചിന്തയ്ക്ക് ഒരു പുതുവഴി? അങ്ങനെയെന്തെങ്കിലും മലയാളി അറിയുകയോ ചര്‍ച്ചചെയ്യുകയോ ഉണ്ടായിട്ടില്ല.
ഒന്നുമില്ല. എന്നാല്‍ ചുറ്റും പരിവേഷമുണ്ട്. അനുചരരുണ്ട്. ദുരൂഹതകളുണ്ട്. അതുകൊണ്ട് ആള്‍ദൈവങ്ങളെന്ന് അധിക്ഷേപിക്കപ്പെടുന്ന ഗണമാവാം. ദൈവചിന്തയെ നാണിപ്പിക്കുകയും ചവിട്ടിയരയ്ക്കുകയും ചെയ്യുന്ന വ്യാജ ആത്മീയത. ജനാധിപത്യ രാജ്യത്തെ പൗരന്മാരില്നിന്നും ഉയര്‍ന്ന പദവി വേണം. സമ്പത്തും വേണം. അതാവട്ടെ പൗരന്മാരുടെ ചെലവിലാവുകയും വേണം. തോല്പ്പിക്കപ്പെടട്ടെ ജനാധിപത്യം.! ജീര്ണമാകട്ടെ ആത്മീയതയും ആശയവാദവും!അവര്ക്കത്രയേയുള്ളു.
ആത്മീയതാ വ്യാപാരത്തിനിറങ്ങിയ അതിജീര്ണ ഭൗതികവാദിയുടെ ആര്‍ത്തിയാണ് അവരുടെ സ്ഥാപനങ്ങള്‍ക്കും ഒട്ടുമിക്ക അനുചരര്‍ക്കും. അവര്‍ക്കു തുല്യം ബാബാ രാംദേവു മാത്രം. പതഞ്ജലിക്കു മാര്‍ക്കറ്റുവില നിശ്ചയിച്ച ആത്മീയ ഗുരു. ദൈവങ്ങളെ ആക്ഷേപിക്കുന്നത് യുക്തിവാദികളോ ഭൗതികവാദികളോ ആണെന്ന ധാരണയാണ് ഇവര്‍ കടപുഴക്കിക്കളഞ്ഞത്. അത്രയും നന്നായി. ജീര്‍ണ ആത്മിയതയും ജീര്‍ണ ഭൗതികതയും ആശ്ലേഷിക്കുന്ന അവിശുദ്ധ ബന്ധത്തിന്റെ ദൃഷ്ടാന്തമാണ് ഇത്തരം ആള്‍ദൈവങ്ങള്‍.
അവര്‍ക്കുചുറ്റും ദുരൂഹതകളുണ്ടാവും വര്‍ഷങ്ങളോളം കൂടെ കഴിഞ്ഞവര്‍ ഒരു നാളതു കണ്ടെത്തുന്നു. ഗെയ്ല് ട്രെഡ്വല്‍ അതിലൊരുവള്‍. ആശ്രമ ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്നാണ് അവരെഴുതിയത്. സത്നാം സിങിന്റെ കഥ നമ്മുടെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. അക്രമങ്ങള്‍, ബലാല്സംഗങ്ങള്, ദുരൂഹ മരണങ്ങള് എന്നിങ്ങനെ ആക്ഷേപങ്ങള്‍ നിലയ്ക്കുന്നില്ല. ദൈവം അവിടെയാണെങ്കില്‍ അതാരുടെ ദൈവമാകും?
വ്യാപാരികളും വ്യവസായികളും രാഷ്ട്രീയക്കാരും ഉന്നതോദ്യോഗസ്ഥരും സിദ്ധരും ആള്‍ദൈവങ്ങളും മാധ്യമ മുതലാളിമാരും നീതിന്യായ നടത്തിപ്പുകാരും ചേര്‍ന്ന ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ തടവിലാണ് നമ്മുടെ ജനാധിപത്യം. പൊതു ഖജനാവ് പങ്കുവെച്ച് കൊഴുക്കുകയാണവര്. ഭരണകൂടം അവര്‍ക്കുള്ള സംരക്ഷണത്തിനാണ്. നമ്മുടെ ചെലവില്‍ അവര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷ. നമ്മെ ചോര്‍ത്തിയ സമ്പത്തിനും ദുര്‍വൃത്തികള്‍ക്കും കാവല്‍.
ഒന്നുകില്‍ അവര്‍ എല്ലാം സര്‍ക്കാറിനു വിട്ടുനല്‍കി ഇനിയെങ്കിലും ത്യാഗിയായ, ആരുടെയും കാവല്‍ വേണ്ടാത്ത സന്യാസിനിയാവട്ടെ. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ അനുചര സംഘങ്ങളുടെ കാവലില്‍ ധനാഢ്യായ വ്യവസായിയായി കഴിയട്ടെ. പിന്നെ, താന്താന് നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം തിരുത്താന്‍ ഏതു കറ്റഗറി സൈനിക സുരക്ഷാ സംഘങ്ങള്കൊണ്ടാണ് സാധ്യമാവുക?
ആസാദ്
11 മെയ് 2017