ആഡംബര വിവാഹങ്ങള്‍ക്കു നിയന്ത്രണം വേണമെന്നു നിയമസഭയില്‍ ചര്‍ച്ച. ധൂര്‍ത്തിനെതിരെ മാത്രമല്ല, വിവാഹത്തോടനുബന്ധിച്ച് അരങ്ങേറുന്ന ആഭാസകരമായ പ്രവൃത്തികള്‍ക്കും അറുതിവേണം. ദിവസങ്ങള്‍ക്കു മുമ്പ് വധൂവരന്മാരെ ജെസിബിയില്‍ കയറ്റി എഴുന്നള്ളിച്ചു ഗതാഗത തടസ്സമുണ്ടാക്കിയ സംഭവം സൂചിപ്പിച്ചുകൊണ്ട് മുല്ലക്കര രത്നാകരനാണ് നിയമസഭയില്‍ വിഷയം അവതരിപ്പിച്ചത്. ഇത്തരം സദുദ്ദേശ പ്രമേയങ്ങളോട് ആര്‍ക്കാണ് എതിര്‍പ്പ്? സംശയിക്കേണ്ട, എല്ലാവരും യോജിക്കുന്നു.
ഒരു വ്യസനമേ എല്ലാവര്‍ക്കുമുള്ളു. കല്യാണത്തിനു ചെന്നാല്മാത്രമേ ആഡംബരവിവാഹമാണോ എന്ന് അറിയാനാവൂ. അല്ലെങ്കില്‍ പോകേണ്ടതില്ല എന്നു തീരുമാനിക്കാമായിരുന്നു. എത്തിയാല്പിന്നെ പങ്കുചേരാതെ പോരാനുമാവില്ലല്ലോ.. ഇത്തരം ദുരനുഭവങ്ങളുടെ എത്രയേറെ കഥകളാണ് ഓരോ രാഷ്ട്രീയക്കാരനും ജനപ്രതിനിധിക്കും പറയാനുണ്ടാവുക! മുഖ്യമന്ത്രി അത്തരമൊരു അനുഭവം സഭയില്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ കാണുന്നു. ഇവന്റ് മാനേജ്മെന്റു സംഘമാണ് ചടങ്ങുകളെല്ലാം നിശ്ചയിക്കുന്നത്. അസഹ്യമായതിനാല്‍ ഇറങ്ങിപ്പോരേണ്ടിവന്നു.
മാതൃകാപരമായ വിവാഹവും ചൂണ്ടിക്കാണിക്കപ്പെട്ടു. മുല്ലക്കരക്കു ഓര്‍മവന്നത് സൂര്യ കൃഷ്ണമൂര്‍ത്തി നടത്തിയ വിവാഹമാണ്. മുഖ്യമന്ത്രിയാവട്ടെ ബിനോയ് വിശ്വത്തെയും ഓര്‍ത്തു. അങ്ങനെ ഓര്‍ത്തെടുക്കേണ്ടി വരുന്നുണ്ട് ലളിതവും മാതൃകാപരവുമായ വിവാഹങ്ങള്‍. മുമ്പൊക്കെ കമ്യൂണിസ്റ്റുകാരാണ് എന്നു മനസ്സിലാക്കിയിരുന്നത് ഈ ലാളിത്യംകൊണ്ടായിരുന്നു. ഗാന്ധിയന്‍ കോണ്‍ഗ്രസ്സുകാരും നവോത്ഥാന പാരമ്പര്യം കൈയേറ്റ സമൂഹങ്ങളും ഇങ്ങനെ ലളിത വിവാഹത്തിന്റെ പക്ഷത്തായിരുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിമര്ശവിധേയമാക്കിയെന്നതാണ് കമ്യൂണിസ്റ്റുകാര്‍ അരനൂറ്റാണ്ടുമുമ്പ് കൊണ്ടുവന്ന വിപ്ലവം. ഇപ്പോഴും ആ പാത പിന്തുടരുന്നവര് ഏറെയയുണ്ട്. അതു പക്ഷെ , വാര്‍ത്തയാവില്ല. ആരും അതൊന്നും ഓര്‍ക്കുകയുമില്ല.
ജാതി മത ഭേദംകൊണ്ട് ഇരിപ്പിടങ്ങള്‍ അതിരിട്ടു തിരിച്ചിരുന്ന ഭൂതകാല പ്രാമാണികത്വം പണക്കൊഴുപ്പും പദവിയും അടിസ്ഥാനമാക്കിയുള്ള ഇരിപ്പിടങ്ങളൊരുക്കുന്ന പുതിയ ശീലങ്ങളിലേക്കാണ് പുരോഗമിച്ചത്. നേതാക്കന്മാരുടെയോ അവരുടെ മക്കളുടെയോ വിവാഹങ്ങള്‍ അതിസമ്പന്നരുടെ വിവാഹങ്ങളെക്കാള്‍ പൊലിമയാര്ന്നതായി. അവിടങ്ങളില്‍ അണികളുടെ സന്നദ്ധത ഇവന്റ് മാനേജ്മെന്റു ടീമിനെ കടത്തിവെട്ടി. സ്റ്റേജിനടുത്തും പന്തലിലും ഇരിപ്പിടങ്ങള്‍ അതിരിട്ടു തിരിച്ചു. തൊട്ടുകൂടാത്തവര്ക്കു സര്‍വ്വാണിസദ്യ. നിയമസഭയില്‍ പക്ഷെ, ആരും ഇതൊന്നും ഓര്‍ത്തില്ല. നേതാക്കന്മാരുടെ മക്കളുടെ വിവാഹങ്ങള്‍ക്ക് ധനാഢ്യന്മാര് പ്രത്യേകവിമാനത്തില്‍ വന്നു. ഉപഹാരങ്ങള്‍ നല്കി. ചെറിയതല്ലാത്ത നഗരങ്ങളില്‍ ഗതാഗതക്കുരുക്കുകളുണ്ടായി. എഴുതിയോ പാടിയോ അഭിനയിച്ചോ നാലാളറിയുന്ന സകലരെയും വഴിക്കാശു കൊടുത്തു അണിനിരത്തുന്ന ശീലമുണ്ടായി. മാധ്യമങ്ങളിലത് നിറഞ്ഞുതുളുമ്പി.
രവിപിള്ളയെപ്പോലെ ധനാഢ്യര്‍ സംസ്ഥാനത്തെ ദരിദ്രലക്ഷങ്ങളെ കൊഞ്ഞനംകുത്തി. കോടികള്‍ മുടക്കി പന്തലുണ്ടാക്കി. പതിനായിരക്കണക്കിനാളുകള്‍ക്ക് അന്നദാനം നടത്തി. തൊഴിലില്ലാത്തവര്‍ക്കു തൊഴിലും അന്നമില്ലാത്തവര്ക്കു അപ്പവും ശിഷ്യര്‍ക്കു വീഞ്ഞും നല്കി. ഊറ്റിയെടുത്ത രക്തത്തിന്റെ പങ്കു ഇരകള്‍ക്കു പകര്‍ന്നു മാതൃകകാണിച്ചു. ഇതിനോടു മത്സരിക്കാന്‍ ഓരോ സംസ്ഥാനത്തും നേതാക്കള്‍ ഉത്സാഹിക്കുന്നതും വാര്‍ത്തയായി.
വിവാഹം രണ്ടുപേര്‍ക്കിടയിലെ ഉടമ്പടി മാത്രമാണെന്ന് ആരോ പറഞ്ഞിരുന്നു. ഓരോരുത്തരും സമൂഹത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായതിനാല്‍ ഓരോ നിശ്ചയവും സാമൂഹികംതന്നെ. അതറിഞ്ഞു അംഗീകരിക്കാനും ആദരിക്കാനും ശീലിച്ച തലമുറ ശേഷിക്കുന്നില്ലെന്നുവേണം കരുതാന്‍. ജീര്‍ണമായ വിവാഹച്ചടങ്ങുകളെയും ഉള്ളുപൊള്ളയാകുന്ന ആള്‍ക്കൂട്ടങ്ങളെയും നവോത്ഥാന നായകര്‍ തള്ളിക്കളഞ്ഞിരുന്നു. അതിന്റെ പ്രേരണയാല്‍ രജിസ്റ്റര്‍ ഓഫീസിലും സ്കൂളുകളിലും വായനശാലകളിലും മാലയിട്ടും ഒപ്പുവെച്ചും ആശംസകള്നേര്ന്നും ചായയും ബിസ്ക്കറ്റും മാത്രം പങ്കുവെച്ചും എത്രയോ വിവാഹങ്ങള്‍ നടന്നു. അവരാരും ജാതിയോ ജാതകമോ നോക്കിയിരുന്നില്ല. ആചാരങ്ങളെന്തൊക്കെയെന്നു വേവലാതിപ്പെട്ടില്ല. സഖാക്കള്‍ പാര്‍ട്ടിക്കോ പത്രത്തിനോ ഫണ്ടു നല്കി പുതിയൊരു അനുഷ്ഠാനം ആരംഭിച്ചു. പാലോറമാതയുടെ ആടിന്റെ ഓര്‍മയില്‍ വളയോ മോതിരമോ നൂറ്റൊന്നുരൂപയോ കൈമാറിയ എഴുപതുകളിലെ പത്രവാര്‍ത്തകള്‍ മാഞ്ഞുപോകുന്നില്ല.
സമൂഹത്തെ പിറകോട്ടു നയിക്കുന്ന ആചാരങ്ങല്ക്കും അനുഷ്ഠാനങ്ങശ്ക്കും എതിരെ സമരം നയിച്ച ഉജ്വലമായ ഭൂതകാലം മറഞ്ഞിരിക്കുന്നുണ്ട്. വിവാഹപ്പന്തലിലേക്കു ജാഥനടത്തിയും ഘരാവോ ചെയ്തും പ്രചരിപ്പിച്ച പുതിയ കാലത്തിന്റെ ദര്ശനങ്ങളുണ്ട്. അത് ജനാധിപത്യത്തിന്റെയോ സോഷ്യലിസത്തിന്റെയോ മുദ്രാവാക്യങ്ങളായിരുന്നു. പഴയകാല നേതാക്കളെല്ലാം ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു സമരത്തില്‍ പങ്കാളിയായിരുന്നുവെന്ന് അവരുടെ ജീവചരിത്രം പറയുന്നു. അതെല്ലാം ഓര്മകളാവുമ്പോഴും കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനങ്ങള്മാത്രം തുടര്‍ച്ചയായി ഒരനുഷ്ഠാനംപോലെ മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്നു. ഈ പോക്കത്ര ശരിയല്ലെന്ന്. അനാചാരങ്ങളില്‍നിന്നു വിമുക്തരാവാനും വിവാഹ ധൂര്‍ത്ത് ഒഴിവാക്കാനും ഓരോ കോണ്‍ഗ്രസ്സും ജാഗ്രതപ്പെടുത്തി.
വിപ്ലവ യൗവ്വനങ്ങള്‍ക്ക് ജാതിയും മതവും ജാതകവും സ്ത്രീധനവും ഉപഹാരങ്ങളും ആഘോഷങ്ങളും എല്ലാം പ്രധാനമായിരിക്കുന്നു. ആദര്‍ശം എന്ന വാക്കിന് വലിയ വിലയിടിവാണ് സംഭവിച്ചത്. സമരകാലത്തെ തീവ്രമായ സാമൂഹികബോധമോ ആത്മവിമര്ശമോ ആദര്‍ശനിഷ്ഠയോ സമരസപ്പെടുന്ന ശീലകാലത്തു പ്രതീക്ഷിച്ചുകൂടല്ലോ. ദുരിതങ്ങളെല്ലാമൊടുങ്ങി വേലയും കൂലിയും മണ്ണും വീടും എല്ലാവര്ക്കും കിട്ടി ജനാധിപത്യവിപ്ലവം പൂത്തുലഞ്ഞിട്ടില്ലെങ്കിലും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമരങ്ങള്‍ക്കു ഇടവേളകളായിരിക്കുന്നു. ഇടവേളകളുടെ മൗഢ്യവും മന്ദിപ്പും ആദര്‍ശത്തെ ബലഹീനമാക്കി. എങ്കിലും തങ്ങളുടേതു പുതിയ കാലത്തെ ത്യാഗമെന്ന് വ്യാഖ്യാനങ്ങള്‍ നിറയുന്നുണ്ട്. അവര്‍ക്കിടയിലേക്ക് ഇനി നിയമസഭ എന്തു ചെയ്യാനാണ്? സ്വയം വഞ്ചിക്കുന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും എന്ത് അത്ഭുതം സൃഷ്ടിക്കാനാണ്? എങ്കിലും ഒരബദ്ധംപോലെ ഇക്കാര്യം നിയമസഭയില്‍ ഉയര്‍ന്നുവന്നല്ലോ. അതിനു നന്ദി.നമസ്ക്കാരം.
ആസാദ്
10 മെയ് 2017