സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരളകോണ്‍ഗ്രസ് സിപിഎം ബന്ധത്തെ ന്യായീകരിക്കുന്നത്, വിശാഖ പട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിനു വിധേയമായുള്ള നീക്കം എന്ന നിലയിലാണ്. യഥാര്‍ത്ഥത്തില്‍ സ്വയം തോല്‍പ്പിക്കുകയാണ് സിപിഎം. പ്രാദേശിക പാര്‍ട്ടികളുമായുള്ള തെരഞ്ഞെടുപ്പുബന്ധത്തെക്കുറിച്ചു, സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒഴികെയുള്ള ഇടതുപക്ഷേതര മതനിരപേക്ഷ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാം എന്നാണ് ഇരുപത്തിയൊന്നാം കോണ്‍ഗ്രസ് രേഖകളിലുള്ളത് (രാഷ്ട്രീയ അടവു നയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് , ഖണ്ഡിക 61).
ഇവിടെ ഒരു ചോദ്യമുയരുന്നുണ്ട്. കേരളകോണ്‍ഗ്രസ് മതനിരപേക്ഷ കക്ഷിയാണോ? സിപിഎമ്മിന്റെതന്നെ മുന്‍ രേഖകളില്‍ കത്തോലിക്കാ പള്ളിക്കു മേധാവിത്തമുള്ള, കൃസ്തീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണത്. മുതലാളിത്ത വാഞ്ഛകളിലും കമ്യൂണിസ്റ്റ് വിരുദ്ധതയിലുമാണ് അതിന്റെ അടിവേരുകള്‍. എണ്‍പതുകളില്‍ കേരള കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തിയതു അവര്‍ രാഷ്ട്രീയത്തിലെ പള്ളിസ്വാധീനങ്ങളെയും ഇടപെടലുകളെയും തള്ളിപ്പറയാന്‍ തയ്യാറായ സാഹചര്യത്തിലാണ്. ഇത്തരം കൂടെ നിര്ത്തലുകള്പോലും സിപിഎമ്മിനുണ്ടാക്കിയ ദോഷങ്ങളെപ്പറ്റി പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിരുന്നു. ബി ജെ പിയ്ക്കും കോണ്‍ഗ്രസ്സിനു എതിരായ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ വിശാലമായ ഐക്യം എന്ന കാഴ്ച്ചപ്പാടിലേക്ക് കേരള കോണ്‍ഗ്രസ് കയറുന്നത് എങ്ങനെയാണെന്ന് സിപിഎം വിശദീകരിക്കണം.
വര്‍ഗീയത മാത്രമല്ല പ്രശ്നം. അതിന്റെ സാമ്പത്തിക നയംകൂടിയാണ്. അതും സിപിഎം വിശാഖപട്ടണം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികള്‍ നവലിബറല്‍ നയങ്ങളെ ആശ്ലേഷിക്കുകയും ഗ്രാമീണ സമ്പന്ന കൂട്ടായ്മയെ പ്രതിനിധീകരിക്കുകയും സാമ്പത്തിക നയങ്ങള്‍ക്കെതിരായ സംയുക്തസമര വേദികളില്‍പ്പോലും പങ്കെടുക്കാതിരിക്കുകയും ചെയ്യുന്നതായി പ്രമേയം നിരീക്ഷിക്കുന്നു. ഇക്കൂട്ടരെ ബദല്‍നയങ്ങള്‍ക്കുവേണ്ടി അണിനിരത്താനാവുമെന്ന പ്രതീക്ഷയും ശ്രമവും അയാഥാര്‍ത്ഥവും തെറ്റുമായിരുന്നുവെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി (രാഷ്ട്രീയ അടവു നയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് 23,24 ഖണ്ഡികകള്‍).
ഇവിടെ നാം ഓര്‍ക്കേണ്ട കാര്യം, കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ഇടതുപക്ഷം മുഖ്യശത്രുക്കളായി അടയാളപ്പെടുത്തുന്നത് അവ വലിയ പാര്ട്ടികളായതുകൊണ്ടല്ല. അവയുടേത് ജനവിരുദ്ധ നയങ്ങളും സമീപനങ്ങളും ആയതുകൊണ്ടാണ്. അതേ നയസമീപനങ്ങള്‍ പിന്തുടരുന്നവരെയും പിറകില്‍നിന്നു ഊര്‍ജ്ജം പകരുന്നവരെയും തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്. കോണ്ഗ്രസ്സസിനെക്കാള് വിശുദ്ധമാണ് കേരള കോണ്‍ഗ്രസ്സെന്നു സിപിഎമ്മിനു തോന്നുന്നുവെങ്കില്‍ അവര്‍ അവരുടെതന്നെ മുന്‍നിശ്ചയങ്ങളെ ബലി കഴിക്കുകയാണെന്നേ പറയാനാവൂ. കോണ്‍ഗ്രസ്സിന്റെ ദോഷം അതു നവമുതലാളിത്ത നവലിബറല്‍ പരിഷ്ക്കാരങ്ങളുടെ മുഖ്യ നടത്തിപ്പുകാരാണ് എന്നതാണെങ്കില്‍ കേരളകോണ്‍ഗ്രസ്സ് ഒരു ചുവടുകൂടി മുന്നിലാണ്. നവലിബറല്‍ നയങ്ങളെ ആശ്ലേഷിക്കുന്ന വര്‍ഗീയ സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണത്. ഇടതുപക്ഷേതര ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാം എന്ന പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനം കേരള കോണ്‍ഗ്രസ്സുമായും ലീഗുമായുമെല്ലാം ധാരണയുണ്ടാക്കുന്നതിനു തടസ്സമാണെന്നര്ത്ഥം.
സ്വന്തം നയങ്ങളെയും പ്രമേയങ്ങളെയും തെറ്റായി വ്യാഖ്യാനിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? കേരളകോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ധനിക കര്‍ഷക കയ്യേറ്റ സമ്പന്ന വിഭാഗങ്ങളെയും അവയുടെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? കേരളകോണ്‍ഗ്രസും അതിന്റെ പിന്നിലുള്ള കത്തോലിക്കാ പള്ളിയും കൃസ്ത്യന്‍ മതമൗലികവാദത്തെ ശക്തിപ്പെടുത്താനാണ് രാഷ്ട്രീയ പരിതസ്ഥിതിയെ ഉപയോഗിച്ചത്. വിദ്യാഭ്യാസ വകുപ്പിന്മേല് ആ പാര്‍ട്ടിക്കു ലഭിച്ച നിയന്ത്രണം ഒരു തരത്തില്‍ 1957ലെ വിദ്യാഭ്യാസ ബില്ലിന്റെ നേട്ടങ്ങളെ ഫലശൂന്യമാക്കിയിരിക്കുകയാണ്.പള്ളിമേധാവികള്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടന്നുകയറി ഇരിക്കാന്‍ സഹായകമായ സ്ഥിതി ഉണ്ടാക്കിയിരിക്കുകയാണ്. മറ്റൊരു രേഖയില്‍ സിപിഎം ചൂണ്ടിക്കാട്ടുന്ന ഈ അനുഭവത്തെ ഇപ്പോഴത്തെ നേതൃത്വം എങ്ങനെയാണ് കാണുന്നത്?
കോണ്‍ഗ്രസ്സിനെയും വലതുമുന്നണിയെയും പരാജയപ്പെടുത്താനോ ശിഥിലമാക്കാനോ അതിനെക്കാള്‍ ക്ഷുദ്രമായ രീതികള്‍ അവലംബിക്കാമെന്നു കരുതുന്നത് സിപിഎം എത്തിപ്പെട്ട ജീര്‍ണതയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. ലീഗിനോടും ഐഎന്‍എല്ലിനോടും ഡിഐസിയോടും പിഡിപിയോടും മറ്റും സ്വീകരിച്ച സമീപനപ്പിശകുകളും തിരുത്തലുകളും മറക്കാനാവുമോ? അതില്‍നിന്നു പാഠം പഠിക്കാനല്ല, താല്‍ക്കാലിക ലാഭത്തിനു വിപ്ലവ പ്രസ്ഥാനത്തെത്തന്നെ അപായപ്പെടുത്താനാണ് ഇപ്പോഴത്തെ നേതാക്കള്‍ ശ്രമിക്കുന്നത്.
ലളിതയുക്തികളെയും വികൃത വ്യാഖ്യാനങ്ങളെയും ആശ്രയിക്കേണ്ടി വരുന്നത് ആത്മനാശത്തിന്റെ വിളംബരകാലത്താണ്. തങ്ങള്‍ കേരളകോണ്‍ഗ്രസ്സിനെ പിന്തുണച്ചപ്പോള്‍ തോറ്റതു കോണ്‍ഗ്രസ്സാണല്ലോ, അതിനിത്ര വേവലാതിയെന്തിന് എന്നാണ് സിപിഎമ്മും ദേശാഭിമാനിയും ചോദിക്കുന്നത്. തോല്‍ക്കുന്നത് വര്‍ഗീയതക്കും നവമുതലാളിത്തത്തിനും എതിരായ രാഷ്ട്രീയമാണ്. കോണ്‍ഗ്രസ്സല്ല. എങ്ങനെ ചുമലില്‍നിന്ന് ഒഴിവാക്കാം എന്നവേവലാതിയോടെ കോണ്‍ഗ്രസ് ചുമന്നുകൊണ്ടിരുന്ന അവമതിപ്പിന്റെ ഒരു വേതാളത്തെയാണ് സിപിഎം താല്പ്പര്യപൂര്വ്വം ഏറ്റെടുത്തിരിക്കുന്നത്. അതിലവര്‍ സന്തോഷിക്കുന്നുണ്ടാവണം. ആ സന്തോഷമാണ് ഇനി ഇങ്ങോട്ടു വരേണ്ടതില്ല എന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപനത്തിലുള്ളത്.
രാഷ്ട്രീയ പാര്‍ട്ടികളെ അവയുടെ നയത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. ആ ജാഗ്രത പാര്‍ട്ടികോണ്‍ഗ്രസ്സിലെ ധൈഷണിക ചര്‍ച്ചകളില്‍ കാണിച്ചാല്‍ മതിയാവില്ല. അതിന്റെ പ്രയോഗവും പ്രധാനമാണ്. താല്‍ക്കാലിക നേട്ടങ്ങള്‍ക്കപ്പുറം കണ്ണുപോകാത്ത ഇത്തിരിവട്ടത്തെ വാമനരൂപികളായി കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ താഴോട്ടാണോ കുതിക്കുന്നത്?.
ആസാദ്
6 മെയ് 2017