( ടി പി ചന്ദ്രശേഖരന് സ്മരണ)
ടി പി ചന്ദ്രശേഖരന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ സിപിഎം ഒഞ്ചിയത്തെ കലാപം അവസാനിപ്പിച്ചിട്ടില്ല. ടി പിയെ വധിച്ചിട്ടും ഒടുങ്ങാത്ത പകയാണത്. നിരന്തരം അക്രമങ്ങളഴിച്ചുവിട്ട് ഒഞ്ചിയം എന്ന ഇത്തിരിവട്ടത്തില്‍ ആര് എം പിയെ ഇല്ലാതാക്കാനാണ് നീക്കം. ആഭ്യന്തര വകുപ്പിന്റെ ഭരണമുള്ളതുകൊണ്ട് അക്രമികള്‍ക്കെതിരെ കേസുകളില്ല.
വ്യത്യസ്തമായ അഭിപ്രായമുള്ളവര്‍ വേറിട്ടുപോരുന്നതും പാര്‍ട്ടി രൂപീകരിക്കുന്നതും കുറ്റമാണെങ്കില്‍ ആ കുറ്റത്തിന് കൃഷ്ണപിള്ളയും ഇഎം എസ്സും എ കെ ജിയുമൊക്കെ വധിക്കപ്പെടണമായിരുന്നു. കോണ്‍ഗ്രസ്സില്‍നിന്നു വിട്ടുപോന്നപ്പോഴോ സിപിഐയില്‍നിന്നു വിട്ടുപോന്നപ്പോഴോ അവര്‍ അക്രമിക്കപ്പെട്ടില്ല. പക്ഷെ, അവരുടെ പ്രസ്ഥാനം അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പകയുടെയും പാതയിലാണ് എത്തിപ്പെട്ടത്. രാഷ്ട്രീയ ബോധ്യംകൊണ്ട് പിടിച്ചുനില്‍ക്കാമെന്ന ആത്മധൈര്യം അവര്‍ക്കു നഷ്ടമായിരിക്കണം. രാഷ്ട്രീയ സംവാദത്തിനുള്ള വ്യക്തതയും ശേഷിയും അവര്‍ക്കു നഷ്ടപ്പെട്ടു കാണണം.
കലുഷമായ ഈ സാഹചര്യത്തിലും സംയമനത്തോടെ രാഷ്ട്രീയമായ ഒരഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുകയാണ് ആര് എം പി ഐ ജനറല്‍ സെക്രട്ടറി മംഗത്റാം പസ്ല. അക്രമങ്ങള്‍ അവസാനിപ്പിച്ച് ദേശീയതലത്തില്‍ അനിവാര്യമായ ഇടതുപക്ഷ ഐക്യത്തിന് സിപിഎം മുന്‍കൈയെടുക്കണം. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സ്വാഗതം ചെയ്യപ്പെട്ട നിലപാടാണത്. തീവ്രഹിന്ദുത്വ രാഷ്ട്രീയം ജനങ്ങളെ ഭിന്നിപ്പിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഇടതുപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ടതുണ്ട്. പസ്ല കോഴിക്കോട്ട് പറഞ്ഞു. വിയോജിപ്പുള്ള മേഖലകളില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ തുടര്‍ന്നുകൊണ്ട് രാജ്യതാല്‍പ്പര്യത്തിന് ഒന്നിക്കേണ്ടിടത്തു ഒന്നിക്കുകയും വേണമെന്ന നിലപാട് സ്വാഗതാര്‍ഹമാണ്.
പഞ്ചാബിലും ദില്ലിയിലും ആര്‍എംപിയെ ഒപ്പം അണിനിരത്താന്‍ സിപിഎമ്മും സിപിഎം വിശാലമായ താല്‍പ്പര്യ.ത്തില്‍ ഐക്യപ്പെടാവുന്ന ഇടതുപക്ഷ പാര്‍ട്ടിയാണെന്നു പ്രഖ്യാപിക്കാന്‍ കേരളത്തില്‍ ആര്‍എംപിഐയും തയ്യാറായിരിക്കുന്നു. ഈ സാഹചര്യത്തില്‍ രണ്ടു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും വെടിനിര്‍ത്തലിലേക്കു നീങ്ങാവുന്നതേയുള്ളു. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനെങ്കിലും അത് ഉപകരിക്കുമെന്നുറപ്പ്.
മംഗത്റാം പസ്ല തന്റെ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുന്ന വര്‍ഗീയ ധ്രുവീകരണം മാത്രമല്ലല്ലോ പ്രശ്നം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നവമുതലാളിത്ത അധിനിവേശങ്ങളുണ്ട്. അതിനെതിരായ പോരാട്ടങ്ങളില്‍ യോജിച്ച നിലപാടുവേണ്ടേ? അക്കാര്യം എടുത്തുപറയാന്‍ മറന്നുകൂടാത്തതാണ്. കുറെകാലമായി നവമുതലാളിത്ത വികസന അജണ്ട നടപ്പാക്കുന്നതിലും അതിന്റെ യുക്തികളിലേക്കു ഇടതുപക്ഷ രാഷ്ട്രീയത്തെത്തന്നെ വലിച്ചിഴയ്ക്കുന്നതിലും സിപിഎം കാണിക്കുന്ന ഉത്സാഹം മറ്റു വലതുപക്ഷ പാര്‍ട്ടികളുടേതില്‍നിന്നു വ്യത്യസ്തമെന്നു പറയാനാവില്ല. അക്രമം നിര്‍ത്തിയാല്‍ യോജിപ്പെന്ന പസ്ലയുടെ പ്രസ്താവനയില്‍ ഇങ്ങനെയൊരു രാഷ്ട്രീയത്തോടുള്ള യോജിപ്പുകൂടി ഒളിഞ്ഞു കിടപ്പുണ്ടോ?
വലിയ ശത്രുക്കള്‍ പുറത്തു രൂപപ്പെടുമ്പോള്‍ യോജിച്ച പ്രക്ഷോഭം ആവശ്യമായി വരും. അടിസ്ഥാന ജീവിതത്തിന്റെ എല്ലാ ഉറവകളും ചോര്‍ത്തിയെടുക്കുന്ന നവമുതലാളിത്തത്തെയും അതു പാലുകൊടുത്തു വളര്‍ത്തുന്ന ഫാഷിസത്തെയും രണ്ടായി കാണാനാവില്ല. നവമുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കെതിരായ സമരങ്ങളിലാണ് ഫാഷിസത്തിനെതിരായ സമരവും ഉള്ളടങ്ങിയിരിക്കുന്നതെന്നു സാരം. ഈ രാഷ്ട്രീയം അംഗീകരിച്ചുകൊണ്ട് ഇടതുപക്ഷത്തു വിശാലമായ ഐക്യനിര ഉയരുമോ എന്നതാണ് ഏറ്റവും പ്രധാനം. ഇക്കാര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അഭിപ്രായം പറയേണ്ടതുണ്ട്.
ഐക്യവും സമരവുമെന്ന കൗശലവും സ്വാഗതാര്‍ഹമാണ്. യോജിക്കാവുന്നിടത്തു യോജിച്ചും വിയോജിക്കുന്നിടത്തു യുക്തിപൂര്‍വ്വം വിയോജിച്ചും ജനാധിപത്യത്തിലെ ബഹുസ്വര രാഷ്ട്രീയം ശക്തിപ്പെടുത്തണം. ടി പി ചന്ദ്രശേഖരന് സ്മരണ ആവശ്യപ്പെടുന്നത് അതാണെന്നു ഞാന്‍ കരുതുന്നു. അന്യോന്യം അടിച്ചും കൊന്നും തീര്‍ക്കേണ്ടതല്ല, വീണും വിലപിച്ചും പിന്മടങ്ങേണ്ടതല്ല ഇടതുപക്ഷ ധാരകളെന്നു തിരിച്ചറിയണം. സമര യൗവ്വനത്തിലേക്കും യുക്തിതീവ്രവും ദര്‍ശന ദീപ്തവുമായ വിചാരങ്ങളിലേക്കും നവലോകസ്വപ്നങ്ങളിലേക്കും വീണ്ടുമെത്താനാവണം. രക്തസാക്ഷി സ്മരണകള്‍ അതാവശ്യപ്പെടുന്നുണ്ട്.
ആസാദ്
4 മെയ് 2017