ഛത്തീസ്ഗഢിലെ റായ്പൂരില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഉദ്യോഗം വഹിക്കുന്ന ഒരു സ്ത്രീയുടെ ഫെയ്സ്ബുക്ക് കുറിപ്പു ഭരണകൂടത്തെ പൊള്ളിച്ചിരിക്കുന്നു. വര്‍ഷ ഡോംഗ്രെ എന്ന സാധാരണ ഉദ്യോഗസ്ഥയ്ക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു ജയിലിലെ മര്ദ്ദനക്കാഴ്ച്ചകള്. വരുംവരായ്കള്‍ അറിയാതെയാവില്ല, അവരത് സാമൂഹിക മാധ്യമങ്ങളിലൂടെ വിവരിച്ചു. ഒരാഴ്ച്ച മുമ്പുനടന്ന മാവോയിസ്റ്റു കൂട്ടക്കൊലയേക്കാള്‍ ഞെട്ടലുളവാക്കിയ സംഭവമായി അതു മാറി. ജയില്‍ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ കെ ഗുപ്ത ഇന്നലെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു.
ചത്തീസ്ഗഢിലെ ജയിലുകളില്‍ ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി ,ഷോക്കടിപ്പിക്കാറുണ്ടെന്നാണ് വര്‍ഷ എഴുതിയിരിക്കുന്നത്. അവരുടെ കുറിപ്പിന്റെ ഒരു ഭാഗം റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെബ്സൈറ്റ് മലയാളത്തിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഇങ്ങനെ വായിക്കാം. പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ പതിനാലു മുതല്‍ പതിനാറുവരെ പ്രായമുള്ള പെണ്‍കുട്ടികളെ നഗ്നരാക്കി കൈകളിലും മുലകളിലും ഇലക്ട്രിക് ഷോക്ക് നല്‍കാറുണ്ട്. അതിന്റെ അടയാളങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഞെട്ടിപ്പോയി. എന്തിനാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കുനേരെ മൂന്നാം മുറ ഉപയോഗിക്കുന്നത്? അവര്‍ക്കു ചികിത്സ നല്കാന് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡോംഗ്രെ പറഞ്ഞു.
അവരുടെ പോസ്റ്റില്‍ ശേഷിക്കുന്ന ഭാഗവും പ്രധാനമാണ്. അവര്‍ പറയുന്നു. ബസ്തറിലെ യുദ്ധത്തില്‍ ഇരുഭാഗത്തും മരിച്ചുവീഴുന്നത് നമ്മുടെ ആളുകള്‍തന്നെയാണ്. ബസ്തറില്‍ മുതലാളിത്ത വ്യവസ്ഥ അടിച്ചേള്പ്പിക്കുകയാണ്. ആദിവാസികളെ അവരുടെ ഭൂമിയില്‍നിന്നു പുറത്താക്കുകയാണ്. അവരുടെ വീടുകള്‍ കത്തിക്കുകയാണ്. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയാണ്. ഭൂമിയും വനവും പിടിച്ചെടുക്കാനാണ് ഇതെല്ലാം. അല്ലാതെ നക്സലിസം അവസാനിപ്പിക്കാനല്ല.
ആദിവാസികള്‍ക്ക് അവരുടെ ഭൂമി വിട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ നിയമം നടപ്പിലാക്കുന്നവര്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും ലക്ഷ്യമിടുന്നു. വ്യാജകേസുകള്‍ ചുമത്തി ജയിലിലിടുന്നു. ഇവര്‍ നീതിതേടി എങ്ങോട്ടാണ് പോകേണ്ടത്? സിബിഐ റിപ്പോര്‍ട്ടും കോടതിയും ഇതുതന്നെയാണ് പറയുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഇക്കാര്യം തുറന്നു പറയുമ്പോള്‍ അവരെ ജയിലിലടയ്ക്കുന്നു. ആദിവാസി മേഖലയില്‍ എല്ലാം ശരിയായി നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഗവണ്മെന്റ് ആരെയും അങ്ങോട്ടുപോവാന്‍ അനുവദിക്കാത്തത്? ആദിവാസികള്‍ക്കുമേല്‍ ഒരു പ്രത്യേക വികസനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. കര്‍ഷകരും ജവാന്മാരും സഹോദരന്മാരാണ്. അവരന്യോന്യം കൊല്ലരുത്.
അല്‍പ്പം ദീര്‍ഘമായ ഈ കുറിപ്പു മുഴുവനും എടുത്തുചേര്‍ത്തത് വര്‍ഷ ഡോംഗ്രെയെന്ന ഉദ്യോഗസ്ഥയെ നാമറിയണം എന്നതുകൊണ്ടാണ്. വിവാദമായതോടെ ഈ പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നുവെങ്കിലും ഇതെഴുതാനെടുത്ത ഇച്ഛാശക്തിയും ധൈര്യവും പ്രശംസനീയമാണ്. ഗവണ്മെന്റ് പറയുന്നതേ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ പറയുകയോ പാലിക്കുകയോ ചെയ്യാവൂ എന്നു ശാഠ്യംപിടിക്കുന്ന ജനാധിപത്യ ഗവണ്മെന്റുകളുടെ അകങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ എങ്ങനെ മൂടിവെയ്ക്കപ്പെടുന്നുവെന്നു വര്‍ഷ നമ്മെ ബോധ്യപ്പെടുത്തുന്നു. വര്‍ഷ ഡോംഗ്രെക്ക് എന്തു സംഭവിക്കുമെന്നു നമുക്കറിയാന്പോലും കഴിഞ്ഞെന്നുവരില്ല. അത്രയും ഉണര്‍ന്നിരിക്കുന്ന മാധ്യമ ജാഗ്രതയൊന്നും പ്രതീക്ഷിക്കാനാവില്ല.
ഛത്തീസ്ഗഢില്‍നിന്ന് നല്ല വാര്ത്തകളൊന്നുമെത്തില്ല. ഒരാഴ്ച്ച മുമ്പ് മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട സൈന്യത്തിലെ ഇരുപത്തിയാറുപേരാണ് വധിക്കപ്പെട്ടത്. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഭീകരപ്രവര്‍ത്തനം രാജ്യത്തെ നടുക്കി. അതിന്റെ മുമ്പും പിമ്പും ഉയര്‍ന്ന അസ്വസ്ഥതകളും നിലവിളികളും രാജ്യത്തെ മാധ്യമങ്ങളില്‍ പ്രതിഫലിക്കാത്തതിനാല്‍ മാവോയിസ്റ്റു ഭീകരതമാത്രമേ പുറംലോകമറിഞ്ഞുള്ളു. മനുഷ്യാവകാശ ലംഘനങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ആരു നടത്തിയാലും അമര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഭരണകൂട ഭീകരതക്ക് പ്രത്യേക വിശുദ്ധിയൊന്നും കല്പ്പിക്കേണ്ടതില്ല. ചത്തീസ്ഗഢില്‍ വര്‍ഷങ്ങളായി ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ നിരന്തരം അക്രമിക്കപ്പെടുകയാണ്. അതിലേറെയും ഭരണകൂട സേനകളുടേതാണ് എന്ന വാസ്തവം മറച്ചുവെയ്ക്കപ്പെടുന്നു. അക്കാര്യമാണ് വര്‍ഷ വിളിച്ചുപറയുന്നത്.
കഴിഞ്ഞ വര്‍ഷം ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യാഘടകം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ബസ്താറില്‍ നടക്കുന്ന പൊലീസ് അതിക്രമങ്ങള്‍ വിവരിക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പലവിധ പീഢനങ്ങള്‍ക്കും വിധേയരാകുന്നു. ഗവണ്മെന്റ് ഭാഷ്യമല്ലാതെ സ്വതന്ത്ര നിരീക്ഷണം നടത്തുന്ന പത്രപ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുന്നു. സാല്വാ ജൂദം പോലുള്ള ക്രിമിനല്‍ സംഘങ്ങളെ അക്രമങ്ങള്‍ക്കും ഹിംസകള്‍ക്കും തുറന്നുവിടുന്നു. സുപ്രീംകോടതി നിരോധിച്ച സംഘടനയായിട്ടും ഭരണകൂടലാളനയുടെ തണുപ്പിലും ഇരുട്ടിലും അക്രമങ്ങള്‍ അരങ്ങേറുന്നു.
അഴിമുഖം പോര്‍ട്ടലില്‍ പ്രമോദ് പുഴങ്കര എഴുതിയ കുറിപ്പ് (2017 ഏപ്രില്‍ 28)വല്ലാതെ വേദനിപ്പിച്ചിരുന്നു. കയ്യില്‍ തൂക്കിപ്പിടിച്ച ഗര്‍ഭപാത്രവുമായി നിന്ന ആ പെണ്‍കുട്ടിയെ നിങ്ങളൊരുപക്ഷെ അറിഞ്ഞേക്കില്ല എന്നായിരുന്നു അതിന്റെ ശീര്‍ഷകം. തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പതിനാറുകാരിയുടെ അനുഭവ ചിത്രമായിരുന്നു അത്. ഈ രാജ്യത്തിന്റെ ഏറ്റവും ദുര്‍ബ്ബലരായ ജനവിഭാഗങ്ങള്‍ക്കുനേരെ ആയിരക്കണക്കിന് അര്‍ദ്ധ സൈനികരെ അണിനിരത്തേണ്ടിവരുന്ന ഒരു രാജ്യത്തിന്റെ ജനിതക ഘടനയില്‍ കാര്യമായ തകരാറുണ്ട് എന്ന പുഴങ്കരയുടെ നിരീക്ഷണത്തോട് എങ്ങനെ വിയോജിക്കാനാവും?
കോര്‍പറേറ്റുകള്‍ക്ക് മണ്ണും പ്രകൃതി വിഭവങ്ങളും കൊള്ളചെയ്യാന്‍ ആദിവാസികള്‍ ഒഴിഞ്ഞുപോകണം എന്നാണ് ഗവണ്മെന്റ് പറയുന്നത്. സൈനികരും സ്വകാര്യസൈന്യങ്ങളും സംയുക്തമായി ജനങ്ങളെ നേരിടുകയാണ്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തുന്ന പോരാട്ടം മാവോയിസ്റ്റ് അക്രമങ്ങളുടെ വിലാസത്തില്‍ ചാര്‍ത്തി അടിച്ചൊതുക്കുകയാണ്. പുഴങ്കര പറയുന്നത് ആവര്‍ത്തിച്ചു പറയേണ്ടി വരുന്നു. ഒരു സന്തുലനത്തിനുവേണ്ടി എല്ലാ അക്രമവും അക്രമമാണെന്നു പറയാം. പക്ഷെ, ഭരണകൂടം ഒരു ജനതയെ അക്രമിക്കുന്നതും ഒരു ജനവിഭാഗം ഭരണകൂടത്തിന്റെ അടിച്ചമര്ത്തലിനുനേരെ സായുധമായി അണി നിരക്കുന്നതും രണ്ടും രണ്ടാണ്.
ആദിവാസികള്‍ക്കൊപ്പം നില്ക്കുന്ന എല്ലാവരേയും ഭയപ്പെടുത്തിയകറ്റുന്ന കൗശലമാണ് രമണ്‍സിങ് ഗവണ്മെന്റ് സ്വീകരിച്ചുപോരുന്നത്. ബിനായക്സെന്നിനെ മാവോയിസ്റ്റാക്കിയും ഡോ സെയ്ബാല്‍ ജെനയെ കൊലപാതകക്കേസില്‍ ഉള്‍പ്പെടുത്തിയും തടവറയിലേക്ക് നയിച്ചത് രമണ്സിങാണ്. ജനപക്ഷത്തു നില്ക്കുന്ന എഴുത്തുകാരെയും സാംസ്ക്കാരിക പ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയും നിര്‍വ്വീര്യമാക്കുന്ന തന്ത്രമാണ് പരീക്ഷിച്ചത്. മാധ്യമങ്ങളെയെല്ലാം ഭീഷണിപ്പെടുത്തി ചൊല്‍പ്പടിയിലാക്കി. കോര്‍പറേറ്റ് വികസനത്തിന്റെയും ഫാഷിസത്തിന്റെയും മോഡി അജണ്ട ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനമായി ചത്തീസ്ഗഢ് മാറി.
ഇതേവഴിയിലാണ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അണിനിരക്കുന്നത്. വ്യാജഏറ്റുമുട്ടലുകളും കള്ളക്കേസുകളും ഭീഷണിയും ഉയര്‍ത്തി പ്രതിരോധങ്ങളെ തടയുന്നു. കൊള്ളയ്ക്കും കയ്യേറ്റത്തിനും കോര്‍പറേറ്റ് വികസനത്തിനും വഴി സുഗമമാക്കുന്നു. ജനങ്ങളെ ശത്രുരാജ്യംപോലെയാണ് നേരിടുന്നത്. സ്ത്രീകളെ പിച്ചിച്ചീന്താനുള്ള യുദ്ധകാല വെമ്പലുകള്‍ക്ക് ഭരണകൂടമാണ് ഊര്‍ജ്ജം പകരുന്നത്. സാമൂഹിക സുരക്ഷയും അടിസ്ഥാന ജീവിതവും കയ്യൊഴിക്കുന്ന ഒരു വികസനവും സ്വീകാര്യമോ സുസ്ഥിരമോ അല്ലെന്നു പറയുന്ന പുതിയ മുന്നേറ്റങ്ങള്‍ ഒറ്റയൊറ്റയായി രൂപപ്പെടുന്നുണ്ട്. വര്‍ഷ ഡോംഗ്രെയെപ്പോലുള്ള പോരാളികള്‍ ആ വംശത്തിന്റെ മുന്പിറപ്പുകളാണ്.
ആസാദ്
3 മെയ് 2017