Article POLITICS

ജനങ്ങളുടെ സിനിമ, ജനങ്ങളുടെ രാഷ്ട്രീയം

 

avastha

 

ബൈജു ലൈലാ രാജിന്റെ അവസ്ത കണ്ടു. ഒരു മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഫീച്ചര്‍ഫിലിം. കണ്ടുശീലിച്ച സിനിമകളുടെ പാറ്റേണുകള്‍ മുറിഞ്ഞിരിക്കുന്നു. എന്തോ പറയാനുഴറുന്ന ഒരാളുടെ തത്രപ്പാടുണ്ട്. ആവിഷ്ക്കരിക്കാതെ വയ്യ എന്ന നിര്‍ബന്ധമുണ്ട്. തൊടുന്നതെല്ലാം അധികാര വ്യവഹാരങ്ങളും മനുഷ്യ ചോദനകളും തമ്മിലുള്ള ദയാരഹിതമായ സംഘര്‍ഷങ്ങളിലാണ്. അരനൂറ്റാണ്ടിനിടയില്‍ നാം അനുഭവിച്ചതാണത്.

സ്വാതന്ത്ര്യാനന്തര നാളുകളില്‍ വ്രണപ്പെട്ട വര്‍ഗീയ കലാപങ്ങളുടെ ആഴത്തില്‍, വേര്‍പെട്ടുപോകാനാവാത്തവിധം ജാതി മത സ്വത്വങ്ങളും ബാഹ്യാധികാരങ്ങളും ഇഴചേര്‍ന്നിരുന്നുവെന്ന് നമുക്കറിയാം. അവനവനെ കീറിമുറിക്കുന്ന ആശയങ്ങള്‍കൊണ്ടും ധീരമായ ബദല്‍ജീവിത നിര്‍മ്മിതികള്‍കൊണ്ടും നാമതിനെ നേരിട്ടതാണ്. ഭൂവധികാരങ്ങളെയും ബോധന സാമ്പ്രദായികതകളെയും ഉഴുതുമറിച്ചും നാം നവലോകമുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷെ അതിനെക്കാള്‍ ശക്തമായിരുന്നു മുതലാളിത്താധികാര പ്രേരണകള്‍. മൃതപ്രായമായതെല്ലാം മുളപൊട്ടിക്കൊണ്ടിരുന്നു. ഉണര്‍വ്വിന്റെ ഊര്‍ജ്ജ പ്രതീകങ്ങളെ ജീര്‍ണവാസനങ്ങള്‍കൊണ്ട് അലങ്കരിച്ചു നിറംകെടുത്തി. പഴയ വിപ്ലവങ്ങള്‍ ചിരിപ്പിക്കാത്ത ഫലിതങ്ങളായി. പ്രകടനങ്ങള്‍ കോമാളിത്തങ്ങളായി.

പാക്കിസ്ഥാന്‍ യുദ്ധവും അടിയന്തരാവസ്ഥയും അര്‍ദ്ധഫാസിസ കുതിപ്പുകളും നിറഞ്ഞ എഴുപതുകളില്‍ ബാല്യവും ഇന്ത്യയുടെ വിമോചനം വര്‍ഗീയതകളിലൂടെയോ മുതലാളിത്ത അധികാരാഭാസങ്ങളിലൂടെയോ അല്ലെന്ന് ക്ഷോഭിച്ചഎണ്‍പതുകളിലെ യൗവ്വനവും നിശബ്ദവും നിര്‍ലജ്ജവുമായ കീഴടങ്ങലുകളുടെ തുടര്‍ദശകങ്ങളും ബൈജുരാജ് സ്ക്രീനില്‍ വരയ്ക്കുന്നു. അര്‍ത്ഥരഹിതമായ ആംഗ്യ വിക്ഷേപങ്ങളും ഉള്ളുപൊള്ളയായ ശബ്ദകോലാഹലങ്ങളും നമ്മെ നമ്മുടെതന്നെ ശത്രുപക്ഷത്ത് എത്തിച്ചിരിക്കുന്നു. ബാല്യത്തില്‍ ഇന്ത്യാ പാക്ക് യുദ്ധത്തിന്റെയും കൗമാരത്തില്‍ അടിയന്തിരാവസ്ഥയുടെയും യൗവ്വനാരംഭത്തില്‍ പുനരുത്ഥാന വാദങ്ങളുടെയും ആഘാതങ്ങള്‍ അറിയുകയും കലഹിച്ചുകൊണ്ട് ജീവിതം നയിക്കുകയും ചെയ്തവര്‍ വാര്‍ദ്ധക്യത്തിന്റെ വേദനനിറഞ്ഞ നിസ്സഹായതയിലാണ്. അവരെ ചൊടിപ്പിച്ച ആശയധാരകളും നവലോക സ്വപ്നങ്ങളും അസ്തമിച്ചുവോ? ലാഭേച്ഛകളുടെയും വിലപേശലുകളുടെയും അപമാനവികമായ കോര്‍പറേറ്റ് ഉത്സവങ്ങളിലേക്കു നാം പരുവപ്പെട്ടുവോ?

എഴുപതുകളില്‍ പിളര്‍ത്തിയതെല്ലാം ആ മട്ടാണല്ലോ വളരുന്നത് എന്ന ഖേദം നിറയുകയാണ്. ഇന്ത്യ/പാക്കിസ്ഥാന്‍, മതേതരത്വം /മതഭ്രാന്ത്, ജനാധിപത്യം/ഫാഷിസം , തൊഴില്‍, തൊഴില്‍രാഹിത്യം /നവമുതലാളിത്തം എന്നു വൈരുദ്ധ്യങ്ങള്‍ തീക്ഷ്ണമാവുന്നു. പൂക്കളുടെ താഴ് വരകളില്‍ മീസാന്‍കല്ലുകളാണ് വളരുന്നത്.കുഞ്ഞുങ്ങളില്‍ യുക്തിവിചാരത്തിന്റെ തെഴുപ്പുകളില്ല. ഒന്നിനുമല്ലാത്ത സ്നേഹവും സമര്‍പ്പണവും അന്യം നിന്നിരിക്കുന്നു. ഇതുപക്ഷെ, വിലാപമായല്ല, സാമൂഹിക വിമര്‍ശനമായാണ് ബൈജു ലൈലമാര്‍ ഉന്നയിക്കുന്നത്.

ഫാഷിസത്തിനെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പൊരുതുമ്പോഴും മതവിമര്‍ശനത്തിന് അവധി കൊടുക്കുന്ന ഒരു മതനിരപേക്ഷ സങ്കല്‍പ്പവും നിലനില്‍ക്കില്ലെന്ന് സിനിമ നിലപാട് വ്യക്തമാക്കുന്നു. മുറിവേറ്റ മതസ്വത്വങ്ങളുടെ ഉണര്‍വ്വ് മതേതര ജനാധിപത്യ മുന്നേറ്റങ്ങളെയാണ് ശക്തിപ്പെടുത്തേണ്ടത് എന്നോര്‍മ്മിപ്പിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയംപോലും ഈ ജാഗ്രത നഷ്ടപ്പെടുത്തുന്നുവെന്ന് സിനിമ ഖേദിക്കുന്നു.

വലിയ മൂലധന നിക്ഷേപമില്ലാതെ, പണക്കൊഴുപ്പില്‍ പുളയ്ക്കുന്ന താരപ്പൊലിമയില്ലാതെ സാധാരണക്കാരന് തന്റെ കാഴ്ച്ചകളാവിഷ്ക്കരിക്കാന്‍ ഈ മാധ്യമത്തെ പ്രയോജനപ്പെടുത്താനാവുമെന്ന് ബൈജു തെളിയിക്കുന്നു. ഒരു പ്രദേശത്തെ കുട്ടികളും മുതിര്‍ന്നവരുംചേര്‍ന്ന് അനുഭവ വ്യവഹാരങ്ങളെ അഴിച്ചുപണിയുകയാണ്. ക്യാമറ മുകളിലാണ്. നോട്ടം താഴെ എത്തുന്നുണ്ട്.കടല്‍ത്തിരകള്‍ക്ക് മായ്ക്കാനാവാത്തവിധം മണലില്‍ പതിഞ്ഞതെല്ലാം തെളിയുന്നുമുണ്ട്. വ്യക്തികളുടെ അനുഭവവും ഇച്ഛയും ദര്‍ശനവും ഇങ്ങനെയെല്ലാമാണ് കെട്ടുപിണഞ്ഞു കിടക്കുന്നതെന്ന് അടയാളപ്പെടുത്തിയതിന് ബൈജുവിനും ലൈലയ്ക്കും നന്ദി.

ആസാദ്
30 ഏപ്രില്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )