Article POLITICS

ആദ്യം ഒഴിപ്പിക്കേണ്ടത് കയ്യേറ്റ സംരക്ഷകരെ

കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചുതുടങ്ങിയാല്‍ ആദ്യം ഏതൊഴിപ്പിച്ചു എന്നത് തര്‍ക്കവിഷയമാകേണ്ട കാര്യമില്ല. എല്ലാ കയ്യേറ്റവും ഒഴിപ്പിക്കുമെന്ന് ഉറപ്പാക്കുകയേ വേണ്ടൂ. കയ്യേറ്റമല്ല, കുടിയേറ്റമാണ് ഒഴിപ്പിച്ചതെങ്കില്‍ അതില്‍ പ്രതിഷേധിയ്ക്കാം. കുടിയൊഴിപ്പിക്കപ്പെട്ടവരെ കുടി പാര്‍പ്പിക്കുംവരെ സന്ധിയില്ലാത്ത സമരവുമാവാം.

കുടിയേറ്റക്കാരെ ഒഴിപ്പിച്ചുവെന്ന പരാതി ഇതുവരെ ഉയര്‍ന്നുകേട്ടില്ല. വിചിത്രമായ മറ്റൊരു വാദമാണ് ഉയര്‍ന്നിരിക്കുന്നത്. ചെറുകിട കയ്യേറ്റങ്ങളിലേയ്ക്ക് ആദ്യ ശ്രദ്ധ പതിയുന്നത് വന്‍കിട കയ്യേറ്റക്കാരെ രക്ഷിക്കാനാണത്രെ. അത്തരമൊരു അഭിപ്രായം പറയുന്നത് ഭരണമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കക്ഷിയാണെന്നതാണ് അത്ഭുതം. ഭരണമുണ്ട് സേനാവിഭാഗമുണ്ട്, സന്നദ്ധരായ ഉദ്യോഗസ്ഥരുണ്ട്. ഏതു കയ്യേറ്റവും ഒഴിപ്പിക്കാമല്ലോ. വിട്ടുകളയുന്നതോ ആരെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്നതോ ആയ കയ്യേറ്റങ്ങള്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാമല്ലോ. ദൗര്‍ഭാഗ്യവശാല്‍, കയ്യേറ്റമോഴിപ്പിക്കുന്നതിന് ആരും എതിരല്ല എന്നു പൊതുസമൂഹത്തെ ഭയന്നു പറയാന്‍ നിര്‍ബന്ധിതമാകുകയാണ്. നിലപാട് കയ്യേറ്റങ്ങള്‍ക്ക് അനുകൂലം എന്നേധരിക്കാനാവൂ.

നിര്‍മ്മിക്കാന്‍ യത്നവും ചെലവും കുറഞ്ഞ കയ്യേറ്റ ഉപകരണം എന്ന നിലയിലാണ് മലകളില്‍ കുരിശുകളേറെയും ഉയരുന്നത്. അവയ്ക്ക് ഏതെങ്കിലും കൃസ്തീയ സഭകളുമായി ബന്ധം കാണില്ല. നൂറു കണക്കിന് കയ്യേറ്റഭൂമികളാണ് കുരിശുകൊണ്ട് അടയാളപ്പെട്ടിരിക്കുന്നത്. കുരിശു തൊട്ടാല്‍ പൊള്ളുന്ന മറ്റൊരു മതവിഭാഗമായി കയ്യേറ്റ മാഫിയ മാറിയിരിക്കുന്നു. അവരുടെ കുലചിഹ്നം കുരിശാണ്. കുരിശുള്ള ഭൂമി ഒഴിപ്പിച്ചുകൂടാ എന്ന പുതു തത്വവും മുദ്രാവാക്യവും ഉയര്‍ന്നുകഴിഞ്ഞു. ആ തത്വവും വികാരവും ഏറ്റവും രൂക്ഷമായി പ്രകടിപ്പിക്കുന്നതില്‍ മന്ത്രിയും എം എല്‍ എയും പാര്‍ട്ടിനേതാക്കളും മത്സരിക്കുകയാണ്.

ഇതിനിടയില്‍, ഒഴിപ്പിക്കുന്നതിലല്ല, പട്ടയം നല്‍കുന്നതിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പതിയേണ്ടത് എന്ന് ഗവണ്‍മെന്റ് നയം വ്യക്തമാക്കിയിട്ടുണ്ട്. നാലു പതിറ്റാണ്ടു മുമ്പ് കുടിയേറിയവര്‍ക്കുള്ള പട്ടയം ഉടന്‍ നല്‍കുമെന്ന് അന്നുമുതല്‍ ഓരോ സര്‍ക്കാറും പറഞ്ഞുപോന്നിട്ടുണ്ട്. പട്ടയം നല്‍കാതെ ഇനി മുന്നോട്ടുപോവുക അസാദ്ധ്യവുമാണ്. അതോടൊപ്പം കയ്യേറ്റമൊഴിപ്പിച്ച് മിച്ചഭൂമി കണ്ടെത്തിയാലേ ഭൂരഹിതരുടെ പൃരശ്നം പരിഹരിക്കാനാവൂ. ഒഴിപ്പിക്കപ്പെടുന്ന എല്ലാഭൂമിയും കുടികിടപ്പവകാശം നല്‍കാന്‍ പറ്റിയതാവണമെന്നുമില്ല. കുടിയേറിയ ഭൂമിയിലും ഇത്തരം തടസ്സങ്ങളുണ്ടാകാം. ഒഴിപ്പിക്കലും പട്ടയം നല്‍കലും ഒന്നിച്ചുകൊണ്ടുപോകാതെ വഴിയില്ല.

പട്ടയം നല്‍കല്‍ ഫലപ്രദമായില്ലെങ്കിലും ഒഴിപ്പിക്കല്‍ നടന്നുകൂടാ എന്ന താല്‍പ്പര്യമാണ് പ്രകടമാകുന്നത്. അതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിലും അവര്‍ ബദ്ധശ്രദ്ധരാണ്. എംഎം മണിയുടെ പ്രസംഗവും സിപിഎം ജില്ലാനേതൃത്വത്തിന്റെ നിലപാടും ഇങ്ങനെയൊരു ദൗത്യമാണ് നിറവേറ്റുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ മൂന്നാറിന്റെ യാഥാര്‍ത്ഥ്യം പുറത്തു കൊണ്ടുവരുന്നുണ്ട്. അത് നിക്ഷിപ്ത താല്‍പ്പര്യക്കാരെ ഭയപ്പെടുത്തുന്നു. വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണവര്‍ എന്നാണ് സിപിഎം ആരോപിക്കുന്നത്. അതിനു ബലം നല്‍കാന്‍ തൊഴില്‍കഴിഞ്ഞ് മുറിയിലെത്തി മദ്യപിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ വീഡിയോ പ്രചരിപ്പിക്കുന്നു. മുറിയിലിരുന്ന് മദ്യപിക്കുന്നതും പാട്ടു പാടുന്നതും ഡാന്‍സ് കളിക്കുന്നതും അപരാധമാണെങ്കില്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരും സൂക്ഷിക്കുന്നത് നല്ലതാണ്. മാധ്യമ പ്രവര്‍ത്തകര്‍ മദ്യപിക്കുന്നതും ആഘോഷിക്കുന്നതും വന്‍കിട കയ്യേറ്റക്കാരുടെ ചെലവിലാണെങ്കില്‍ അത് തെളിയിക്കപ്പെടണം. തക്കതായ നിയമ നടപടിയും സ്വീകരിയ്ക്കണം. അതും ഗവണ്‍മെന്റിന്റെ ചുമതലയാണ്.

മുന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച ഒഴിപ്പിക്കല്‍ സംഘത്തിലെ സുരേഷ്കുമാറും മാധ്യമ പ്രവര്‍ത്തകരും എത്ര മദ്യപിച്ചു എന്ന് ഒഴിഞ്ഞ കുപ്പികളെണ്ണുന്നതു നല്ല വ്യായാമമായിരിക്കണം. എന്നാല്‍ പൊതു സമൂഹം അറിയാന്‍ ആഗ്രഹിക്കുന്നത് ആ കണക്കല്ല. എത്ര കയ്യേറ്റഭൂമി ഒഴിപ്പിക്കാന്‍ സാധിച്ചു, എന്താണ് തടസ്സമായി നില്‍ക്കുന്നത്? ഈ ഗവണ്‍മെന്റിന് ഒഴിപ്പിക്കാനുള്ള ശേഷിയുണ്ടാകുമോ എന്നെല്ലാമാണ്. അതാണ് മന്ത്രിയുടെ പ്രസംഗത്തില്‍ കാണേണ്ടിയിരുന്നത്.

മന്ത്രിയുടെ പ്രസംഗത്തില്‍ അധിക്ഷേപകരമായ രീതിയില്‍ മറ്റേപണിയെക്കുറിച്ചു പറയുന്നുണ്ട്. എന്താണ് ആ മറ്റേ പണി? കാട്ടിനുള്ളിലോ അടച്ചിട്ട മുറിയിലോ എന്തു നടക്കുന്നു എന്ന ഒളിച്ചുനോട്ടത്തിലേയ്ക്ക് മന്ത്രിമനസ്സെന്തിന് വഴുതണം? ഭൂപ്രശ്നത്തെ വൈകാരികാസക്തികള്‍ സംബന്ധിച്ച ചര്‍ച്ചകളുടെ വിപരീത മാര്‍ഗത്തിലേയ്ക്ക് എന്തിന് വഴിതിരിച്ചുവിടണം? തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കു മനസ്സിലാവാത്ത ഭാഷയല്ല മണിയുടേത്. അവര്‍ക്ക് ആരുടെയെങ്കിലും വ്യാഖ്യാനങ്ങളെയോ വിശദീകരണങ്ങളെയോ ആശ്രയിക്കാതെ മണിയുടെ വാക്കുകളും ആംഗ്യചേഷ്ടകളും മനസ്സിലാക്കാനാവും. വന്‍കിട കയ്യേറ്റക്കാരെ മറന്ന് തൊഴിലാളികളെ അധിക്ഷേപിക്കുന്ന നിലയിലേക്കു മണിക്ക് താഴാം പക്ഷെ അതൊരു ഇടതുപക്ഷ പാര്‍ട്ടിയുടെ പ്രതിനിധിയാകുമ്പോള്‍ പ്രശ്നം ഗുരുതരമാവുന്നു.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മണി മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കയ്യേറ്റ മാഫിയകളെ രക്ഷിക്കാന്‍ സഹായകമായ വാദമുഖങ്ങളും വ്യാഖ്യാനങ്ങളും ഉന്നയിക്കുന്നതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അതിലും ചെറുതല്ലാത്ത കുറ്റംതന്നെയാണ്. രാഷ്ട്രീയ നേതൃത്വങ്ങളിലും സര്‍ക്കാറിലും വേരോട്ടമുള്ള അവിശുദ്ധ സഖ്യത്തിന്റെ ചിത്രമാണ് മണിയുടെ പ്രസംഗത്തില്‍ വെളിപ്പെടുന്നത്.  ഇടതു മുന്നണിയില്‍തന്നെയുള്ള സി പി ഐ സ്വീകരിച്ച വേറിട്ട നിലപാട് ശ്ലാഘനീയമാണ്. അവരുടെ മേല്‍നോട്ടത്തിലുള്ള റവന്യു വകുപ്പില്‍ ശ്രീറാം വെങ്കിട്ടരമണനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ തൊഴിലിനോടു കാണിക്കുന്ന പ്രതിബദ്ധത ആദരണിയമാണ്. കയ്യേറ്റങ്ങള്‍ക്കെതിരെ ഇവരെടുക്കുന്ന വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് ഇടതുമുന്നണിയുടെ പൊതുനിലപാടെങ്കില്‍ ഈ സര്‍ക്കാറിന് ചരിത്രം കുറിക്കാനാവുമായിരുന്നു. ഇവരുടെ പരിമിതികള്‍ ചൂണ്ടിക്കാട്ടി പരിഹരിക്കാനാണ് മുന്നണിയും മന്ത്രിമാരും മുഖ്യമന്ത്രിയും ശ്രമിക്കേണ്ടിയിരുന്നത്. പകരം ഒഴിപ്പിക്കല്‍തന്നെ സ്തംഭിപ്പിക്കുന്ന ഒഴികഴിവു വാദങ്ങളിലേയ്ക്കു വഴുതിയത് സംശയാസ്പദമാണ്.

ആസാദ്
25 ഏപ്രില്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )