അഞ്ചേരി ബേബിവധക്കേസില്‍ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നപേക്ഷിച്ച് എം എം മണി നല്കിയ വിടുതല്‍ ഹര്‍ജി കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് സെഷന്‍സ് കോടതി തള്ളിയിരുന്നു. അതോടെ വിചാരണയിലിരിക്കുന്ന ഒരു വധക്കേസിലെ രണ്ടാംപ്രതിയായി മന്ത്രി മണി മാറി. ഈ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് അഭിപ്രായമുയര്‍ന്നുവെങ്കിലും മുഖ്യമന്ത്രിയും പാര്‍ട്ടിയും അതവഗണിക്കുകയായിരുന്നു. കേസിന് ആസ്പദമായ പ്രസംഗത്തില്‍ വണ്‍, റ്റു, ത്രി എന്ന് എണ്ണിപ്പറഞ്ഞത് കൊലപാതകങ്ങളുടെ കണക്കാണ്. പാര്‍ട്ടി കേന്ദ്ര കമ്മറ്റിക്കുപോലും മണിയെ തള്ളിപ്പറയേണ്ടിവന്നു.
ടി പി ചന്ദ്രശേഖരന് വധത്തിന് ന്യായീകരണമാകാവുന്ന ഒരു പ്രസംഗമായതിനാല്‍ കേരളത്തിലെ പാര്‍ട്ടിനേതാക്കള്‍ മണിയില്‍ സംപ്രീതരായി. മണിക്ക് ഇരട്ടപ്രമോഷന്‍ നല്‍കിയാണ് അവര്‍ സന്തോഷം പ്രകടിപ്പിച്ചത്. ഒരിക്കല്‍ വി എസിന്റെ പ്രിയങ്കരനായിരുന്ന മണി മൂന്നാറിലെ ഒന്നാം ഒഴിപ്പിക്കല്‍ ശ്രമത്തോടെയാണ് ചേരി മാറിയത്. അതിന്റെ ഉപഹാരംകൂടിയായിരുന്നു സെക്രട്ടേറിയറ്റ് അംഗത്വവും മന്ത്രി സ്ഥാനവും. ജില്ലകളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വലിയ സംഭാവനകള്‍ നല്കിയ കേളു ഏട്ടനോ സെയ്താലിക്കുട്ടിയ്ക്കോ മാമക്കുട്ടിയ്ക്കോ എ പി വര്ക്കിയ്ക്കോ ഒന്നും ലഭിച്ചിട്ടില്ലാത്ത അംഗീകാരമാണ് മണിയെത്തേടിയെത്തിയത്. മണി പാര്‍ട്ടി പ്രവര്‍ത്തനംകൊണ്ടു നേടിയിട്ടില്ലാത്ത തൊഴിലാളി വര്‍ഗ സംസ്ക്കാരത്തിന്റെ ഔന്നത്യം മേല്‍പ്പറഞ്ഞ സഖാക്കളുടെ ജീവിതത്തെ ദീപ്തമാക്കിയിരുന്നു.
പാര്‍ട്ടിയില്‍ വളര്‍ന്നു തിടംവെച്ച ജീര്‍ണ സംസ്ക്കാരത്തിന്റെ വേരുകള്‍ ഇടുക്കിയിലെ തോട്ടം- വനം -ഭൂമി കയ്യേറ്റങ്ങളുടെ മാഫിയാ സംസ്കൃതിയിലുമുണ്ട്. തൊഴിലാളി സമരങ്ങളുടെ ദീര്‍ഘകാല പാരമ്പര്യമുണ്ടായിട്ടും തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതമയമാണ്. മിനിമം കൂലിയില്ല. കിടപ്പാടമില്ല. തൊഴില്‍ സ്ഥിരതയില്ല.സങ്കടകരമായ ഈ സാഹചര്യത്തിലാണ് മുതലാളിമാരുമായി സന്ധിചെയ്യുന്ന തൊഴിലാളി സംഘടനകളുടെ അച്ചടക്കം ലംഘിച്ച് പൊമ്പിളൈ ഒരുമ പ്രക്ഷോഭ രംഗത്തിറങ്ങിയത്. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ലജ്ജാകരമായ മുതലാളിത്ത ദാസ്യമാണ് തുറന്നുകാണാനിടയായത്.
മുതലാളിത്തദാസ്യം പ്രകടിപ്പിക്കുന്ന ജീര്‍ണ രാഷ്ട്രീയത്തിന്റെ പ്രതീകനിരയിലാണ് മണിയുടെ ഇടം. തൊഴിലാളി വര്‍ഗ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉന്നതമായ സംസ്ക്കാരം വയനാട്ടിലെ ശശീന്ദ്രനിലോ മണ്മറഞ്ഞ മലപ്പുറത്തെ സെയ്താലിക്കുട്ടിയിലോ തൃശൂരിലെ മാമക്കുട്ടിയിലോ മറ്റുനേതാക്കളിലോ എന്നപോലെ മണിയില്‍ പ്രകടമാവാത്തത് അതുകൊണ്ടാണ്. തൊഴിലാളിയായി പിറന്നു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിപ്പോന്ന ഓരോരുത്തരും ആ രാഷ്ട്രീയമൂല്യം സ്വാംശീകരിച്ചിട്ടുണ്ട്. അത് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വിഷയമേ അല്ല.
ഗവണ്മെന്റ് ചുമതലപ്പെടുത്തിയ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്ന ജില്ലാ ഭരണാധികാരികളെ അധിക്ഷേപിക്കുന്നത് ജനാധിപത്യ വ്യവസ്ഥയെയും ജനങ്ങളെയും അധിക്ഷേപിക്കുന്നതിന് തുല്യമാണ്. മന്ത്രിസ്ഥാനത്തിരുന്ന് അത്തരമൊരു അധികാര പ്രയോഗം കയ്യേറ്റ മാഫിയകള്‍ക്കുള്ള പരസ്യ പിന്തുണയാണ്. ദേവികുളം സബ് കലക്ടറെ അഭിനന്ദിക്കാന്‍ മടിക്കുന്ന ഗവണ്മെന്റ് കയ്യേറ്റ മാഫിയയുടെ പാവഗവണ്മെന്റാണ്.
സബ്കലക്ടറെ മുതല്‍ മൂന്നാറിലെ തോട്ടം തൊഴിലാളിസ്ത്രീകളെ വരെ അശ്ലീല ഭാഷയില്‍ അധിക്ഷേപിക്കാന്‍ മന്ത്രിസഭയില്‍ ഒരാള്‍ക്കു കെല്പ്പുണ്ടാകുന്നത് ഗവണ്മെന്റിനെ നയിക്കുന്നത് തൊഴിലാളിവര്‍ഗ വിരുദ്ധ ജീര്‍ണ സംസ്ക്കാരമായതിനാലാണ്. അതല്ലെങ്കില്‍ അത്തരമൊരു മന്ത്രിയെ ഒരു നിമിഷംപോലും തുടരാന്‍ അനുവദിക്കുമായിരുന്നില്ല. മണിയുമായി ഏതൊക്കെയോ കെട്ടുപാടുകളുണ്ട് പാര്‍ട്ടി നേതൃത്വത്തില്‍ ചിലര്ക്കുമെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?
എംഎം മണിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയേ തീരൂ. ജനാധിപത്യ സംവിധാനങ്ങളുടെ സാധ്യതകള്‍ നിലനില്ക്കാന് അതു നിര്‍ബന്ധമാണ്. നടപടിയെടുക്കാന്‍ വൈകുംതോറും ചീഞ്ഞുനാറുക മന്ത്രിസഭ മുഴുവനുമായിരിക്കും. പോമ്പിളൈ ഒരുമയുടെ ആവശ്യത്തിനു മുഖംനല്‍കാതെ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ ഗവണ്മെന്റിന് അവകാശമില്ല.
ആസാദ്
23 ഏപ്രില്‍ 2017