Article POLITICS

കുടിയൊഴിപ്പിക്കലുകളെ നേരിടാന്‍ കുരിശു മതിയാകുമോ?

ഇപ്പോള്‍ കുരിശില്‍ അഭയം പ്രാപിച്ചിരി ക്കുന്നത് മതവിശ്വാസികളല്ല, മതേതര നാട്യക്കാരാണ്. വിശ്വാസികള്‍ കുരിശില്‍ നന്മയെ കാണുന്നു.ആരാധിക്കുന്നു. നാട്യക്കാരാകട്ടെ തിന്മകളുടെ ആശ്രയമാണ് കുരിശെന്നു വരുത്തുന്നു. മൂന്നാറില്‍ നേരത്തേതന്നെ കയ്യേറ്റത്തിന്റെ ചിഹ്നമായി കുരിശ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത് കയ്യേറ്റ രാഷ്ട്രീയത്തിന്റെ മാരകായുധമായി മാറിയിരിക്കുന്നു.

കയ്യേറ്റമൊഴിപ്പിക്കല്‍ റവന്യു ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കയ്യേറ്റം ശ്രദ്ധയില്‍ വന്നിട്ടും നടപടിയെടുത്തില്ലെങ്കില്‍ അവര്‍ കുറ്റവിചാരണ നേരിടണം. അതാണ് നിലവിലുള്ള നിയമമെന്നാണ് കേട്ടിട്ടുള്ളത്. അതിനാല്‍ കയ്യേറ്റമൊഴിപ്പിക്കലിന് ആരുടെയും അനുവാദം വാങ്ങേണ്ട കാര്യമില്ല.

കയ്യേറ്റം അറിയാതിരുന്നവരും കയ്യേറ്റത്തിന് കൂട്ടുനിന്നവരുമായ മുന്‍ ഉദ്യോഗസ്ഥര്‍ക്കൊന്നും ഇങ്ങനെ അപമാനിതരാവേണ്ടിവന്നിട്ടില്ല. നിയമാനുസൃതം നടപടികളെടുത്തവര്‍ ആക്ഷേപിക്കപ്പെടുന്നു. കയ്യേറ്റക്കാര്‍ക്ക് മന്ത്രിയും മുഖ്യമന്ത്രിയും ഉണ്ടാവുന്ന കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നീതിബോധമുള്ള ഉദ്യോഗസ്ഥര്‍ ആദരിക്കപ്പെടണം. അവര്‍ക്കേല്‍ക്കുന്ന ആക്ഷേപവും അപമാനവും മുഴുവന്‍ ജനതയുടെയും മേലാണ് പതിയ്ക്കുന്നത്.

പാപ്പാത്തിച്ചോലയില്‍ റവന്യുവകുപ്പ് ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും ഒരധിക ചിഹ്നം നാട്ടിയതാരാണ്? മുഖ്യമന്ത്രിക്കു വ്രണപ്പെട്ട വികാരത്തിന്റെ സാന്ത്വന ചിഹ്നമായിരിക്കണം അത്. നീതിബോധത്തിന്റെ നെഞ്ചില്‍ വേട്ടക്കാരുടെ വിജയചിഹ്നം. അത് വിശ്വാസികളുടേതല്ലെന്ന് തീര്‍ച്ച.

ജനാധിപത്യ രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രത്യേക സമിതിയുടെയുമൊക്കെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന വിചിത്രമായ ഒരവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. മൂന്നാറിലെ സമസ്ത അധിനിവേശങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നേതാക്കളാണ് ഇനി ഒഴിപ്പിക്കലിനു പച്ചക്കൊടി വീശേണ്ടത്. സര്‍വ്വകക്ഷി യോഗം വിളിക്കാനുള്ള ഉദാരത പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍ പെമ്പിളൈ ഒരുമപോലുള്ള സമര സംഘടനകളെയും പരിസ്ഥിതി സംഘടനകളെയും യോഗത്തിലേയ്ക്കു വിളിക്കാന്‍ സന്നദ്ധമാകണം. അധികാരബദ്ധ രാഷ്ട്രീയ കക്ഷികളെല്ലാം മൂന്നാറിന്റെ ദുര്‍ഗതിയ്ക്ക് ഉത്തരവാദികളാണ്. അവര്‍ക്ക് മറച്ചുവയ്ക്കാനും നേടിയെടുക്കാനും പലതും കാണും.

പൊലീസിന് പ്രവര്‍ത്തിക്കാന്‍ ആത്മബലം നല്‍കണമെന്ന് നിര്‍ബന്ധമുള്ള സര്‍ക്കാറിന് ജീവന്‍ പണയംവച്ച് കയ്യേറ്റമൊഴിപ്പിക്കാന്‍ സന്നദ്ധരാവുന്ന ഉദ്യോഗസ്ഥര്‍ക്ക് കരുത്തേകണമെന്ന് തോന്നുന്നില്ല. അവര്‍ വലിയ കുറ്റവാളികളാണെന്ന മട്ടിലാണ് പരിചരണം. കുടിയേറ്റക്കാരെ മുഴുവന്‍ നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ പറയുന്നു. കുടിയേറ്റക്കാര്‍ എത്ര ഏക്കര്‍ കയ്യേറുമ്പോഴാണ് കയ്യേറ്റക്കാരാവുകയെന്ന് സര്‍ക്കാര്‍ പറഞ്ഞു കേട്ടില്ല.

വലിയ കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ട എന്നു പറയാനുള്ള ധൈര്യമൊന്നും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കില്ല. പക്ഷെ, ഒഴിപ്പിക്കാനുദ്ദേശിക്കുന്നവരുടെ പട്ടിക മുകളിലേയ്ക്കു കിട്ടണം. അതെന്തിനാണെന്നൊന്നും ചോദിക്കരുത്. നിയമ വ്യവസ്ഥ അനുശാസിക്കുന്നതു ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിനു ശക്തമായ പിന്തുണ നല്‍കേണ്ടവരാണ് നിയമേതര വഴികളിലേക്കു കാര്യങ്ങളെ വലിച്ചുനീട്ടുന്നത്.

സംസ്ഥാന ഭരണകൂടത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നിരിക്കുന്നു. തല കുനിച്ചു കുന്നിറങ്ങുന്ന ജെസിബി ആ തിരിച്ചറിവിന്റെ വ്യഥ പേറുന്നു. സമതലത്തിലും ഇടനാട്ടിലും തീരദേശത്തും നിസ്വരായ മനുഷ്യരുടെ മണ്ണും കുടിലും മാന്താന്‍ വികസനച്ചായം തേച്ച് ഇതേ ജെസിബിയെഴുന്നള്ളിക്കപ്പെടും. അപ്പോള്‍ അവിടങ്ങളിലാകെ കുരിശുകള്‍ ഉയര്‍ന്നിട്ടുണ്ടാവുമോ?

ആസാദ്
21ഏപ്രില്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )