കയ്യേറ്റവും കുടിയേറ്റവും ഒരുപോലെയല്ല. രണ്ടും കലര്‍ത്തിക്കാണുന്നത് ശരിയല്ല. കയ്യേറ്റങ്ങള്‍ നിരുപാധികം ഒഴിപ്പിക്കണം. കുടിയേറ്റങ്ങളില്‍, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാറ്റിപ്പാര്പ്പിക്കലുകളേ പാടുള്ളു.
ഭൂരഹിതരും ഭവന രഹിതരുമായ മനുഷ്യരെ മിച്ചഭൂമിയില്‍ കുടിയിരുത്തുമെന്ന പ്രഖ്യാപനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമായി. പക്ഷെ, മിച്ചഭൂമി തിട്ടപ്പെടുത്താനും അതു വിതരണം ചെയ്യാനുമുള്ള ശ്രമത്തിന് വേഗം പോരാ. ഭൂ പരിഷ്ക്കരണ നിയമം വന്ന കാലത്ത് അത് വലിയ ലക്ഷ്യമായിരുന്നു. ഇന്നാകട്ടെ, വിവിധ ആവശ്യങ്ങള്‍ക്കുള്ള ഭൂമി പുനര്‍ നിര്‍ണയിച്ചു തിട്ടപ്പെടുത്തേണ്ടതുണ്ട്. ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് അതിനനുസരിച്ചുള്ള ഭൂമി ലഭ്യമാക്കണം. റിയല്‍ എസ്റ്റേറ്റ് കൊള്ളയ്ക്കുള്ള ചരക്കല്ല ഭൂമിയെന്നു ഉറപ്പാക്കണം. അകറ്റി നിര്‍ത്തപ്പെട്ടവരുടെ ഭൂ അവകാശം അജണ്ടയിലുണ്ടാവണം. കൃഷിക്കും വ്യവസായത്തിനും താമസത്തിനും യോജിച്ച ഇടങ്ങള്‍ വേര്‍തിരിക്കണം. ജല- വന സംരക്ഷണവും ജൈവവൈവിദ്ധ്യ സംരക്ഷണവും പ്രധാനമായി കാണണം. സമഗ്രമായ ഒരു ഭൂവിചാരത്തിലൂടെ പുതിയ നിയമങ്ങളുണ്ടാവണം.
വന്‍കിട കയ്യേറ്റങ്ങളും ചെറുകിട കുടിയേറ്റേതര കയ്യേറ്റങ്ങളും കുടിയേറ്റങ്ങളും വേര്‍തിരിച്ചു കണ്ടുവേണം മൂന്നാറിലുള്‍പ്പെടെ ഒഴിപ്പിക്കലുകള്‍ നടത്താന്‍. പതിനായിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ ഭൂ രഹിതരായി തുടരുമ്പോള്‍ അവരുടെ കണ്മുന്നിലാണ് മൂന്നാര്‍ പങ്കുവയ്ക്കപ്പെടുന്നത്. തൊഴിലെടുക്കാന്‍ ശേഷിയുള്ള തൊഴിലാളികള്‍ നൂറു കണക്കിന് ഏക്കര്‍ വളച്ചുകെട്ടിയില്ല. മിനിമം കൂലിപോലും അവര്‍ക്കു ലഭ്യമായില്ല.അവരെ എന്നും അപേക്ഷകരോ അഭയാര്‍ത്ഥികളോ ആക്കി നിലനിര്‍ത്തി. അവര്‍ക്കും ആദിവാസികള്‍ക്കും ഇതര ഭൂരഹിതര്‍ക്കും ഭൂമി നല്കലായിരിക്കണം ഒഴിപ്പിക്കലുകളെക്കാള് മുന്‍ഗണന നല്‍കേണ്ട വിഷയമായി സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഒഴിപ്പിക്കല്‍ ബഹളങ്ങള്‍ക്കിടയില്‍ അവരുടെ ആവശ്യങ്ങള്‍ മാറ്റിവയ്ക്കപ്പെട്ടുകൂടാ.
ഒഴിപ്പിക്കാതെ അവര്‍ക്കെവിടെനിന്നു ഭൂമി നല്കാന് എന്നാണ് ചോദ്യമെങ്കില്‍ സര്‍ക്കാര്‍ ഭൂമി ആര്‍ക്കു പതിച്ചു നല്‍കണമെന്ന് സര്‍ക്കാറിന് തീരുമാനിക്കാമെന്നാണ് ഉത്തരം. തൊഴിലാളികളുടെയും ഇതര ഭൂരഹിത തൊഴില്‍ രഹിത വിഭാഗങ്ങളുടെയും സംഘടിത ശക്തികള്‍ കുടിയേറുമ്പോള്‍ തടയാന്‍ കാണിക്കുന്ന ജാഗ്രത വന്‍ കിട കയ്യേറ്റങ്ങളൊഴിപ്പിക്കാനാണ് പ്രകടിപ്പിക്കേണ്ടത്. ജീവന് പണയംവെച്ചേ ഉദ്യോഗസ്ഥര്‍ക്കു നടപടികളെടുക്കാനാവൂ. ഗവണ്മെന്റിന്റെ ശക്തമായ പിന്തുണയില്ലെങ്കില്‍ അത് അസാദ്ധ്യമാണ്. റവന്യു ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മകൊണ്ടല്ല, ഗവണ്മെന്റുകളുടെ നിക്ഷിപ്ത താല്പ്പര്യങ്ങള്മൂലമാണ്.കയ്യേറ്റമൊഴിപ്പിക്കലുകള്‍ പലപ്പോഴും നടക്കാതെ പോകുന്നത്. നിയമ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്ന രീതിയും പതിവു വ്യവഹാരമായിട്ടുണ്ട്.
വനഭൂമിയും തോട്ടംഭൂമിയും പുനര്‍ നിര്‍ണയിക്കണം. പാരിസ്ഥിതിക സന്തുലനത്തിനു ഭീഷണിയായ എടുപ്പുകള്‍ പൊളിക്കണം. കുടിയേറ്റങ്ങള്‍ നിയമപരമാക്കണം. അവരുടെ ഭൂമിയും അതിന്റെ വ്യവഹാരങ്ങളും റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളിലേയ്ക്കു വഴുതിക്കൂടായെന്ന നിബന്ധനയ്ക്കു വിധേയമാക്കണം. അനുയോജ്യമല്ലാത്തിടത്തെ കുടിയേറ്റങ്ങളെ അനുയോജ്യമായ ഇടം കണ്ടെത്തി മാറ്റിക്കൊടുക്കണം. ഭൂപരിധി നിശ്ചയിക്കുകയുമാവാം.
മൂന്നാറിലെ ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ വേണ്ടരീതിയിലാണ് എന്നുറപ്പുള്ളതുകൊണ്ടല്ല. അത്രയെങ്കിലും ഒരനക്കം കാണുന്നല്ലോ എന്ന നിലയ്ക്കാണ് ജനങ്ങള്‍ പിന്തുണയ്ക്കുന്നത്. കയ്യേറ്റങ്ങള്‍ക്കെതിരായ പൊതു വികാരം മാത്രമാണത്. ആ കയ്യടികളില്‍ മുങ്ങിപ്പോവരുതാത്ത നിലവിളികളുടെ കാര്യമാണ് മുകളില്‍ പറയാന്‍ ശ്രമിച്ചത്. ബന്ധപ്പെട്ടവരുടെ ശ്രദ്ധയുണ്ടാവണമെന്നാണ് ആഗ്രഹം.
ആസാദ്
21 ഏപ്രില്‍ 2017