Article POLITICS

മാര്‍ക്സിസവും മത വിമര്‍ശവും

 

 

ഒരേ സമയം മാര്‍ക്സിസ്റ്റും മതവിശ്വാസിയും ആവണമെന്ന് ഒട്ടേറെ പേര്‍ മോഹിക്കുന്നു. മോഹിക്കാം. അങ്ങനെയാണെന്ന് നടിക്കാം. പക്ഷെ, ഏതളവുവരെ അത് സാധ്യമാണ് എന്ന ചോദ്യമാണ് ഞാന്‍ ഇന്നലെ ഫെയ്സ്ബുക് പോസ്റ്റില്‍ ഉന്നയിച്ചത്.
മാര്‍ക്സിസ്റ്റ് എന്നു പറയുമ്പോള്‍, സിപിഎമ്മിനെയാണ് ഉദ്ദേശിച്ചതെന്നും ആ പോസ്റ്റ് സിപിഎമ്മിനെ തകര്‍ക്കാനുദ്ദേശിച്ചാണെന്നും വിലയിരുത്തലുകളുണ്ടായി. വിവിധ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കകത്തും പുറത്തുമായി ലോകത്താകമാനമുള്ള മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ച ഒരു വിഷയമായിരുന്നു അത്. സിപിഎം ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ നിലപാടുമുണ്ട്. മതവും മാര്‍ക്സിസവുമായുള്ള സംവാദവും പുതുതല്ല. എത്രയോ കാലമായി അതു തുടര്‍ന്നുപോരുന്നു. പക്ഷെ, അങ്ങനെയൊരു ആശയ സംവാദത്തെ ഭയപ്പെടേണ്ട അവസ്ഥ ഒരു കാലത്തും മാര്‍ക്സിസ്റ്റുകള്‍ നേരിട്ടിട്ടില്ല.

മാര്‍ക്സിസം ഒരു പാര്‍ട്ടിയുടെയും അട്ടിപ്പേറവകാശമല്ല. മാര്‍ക്സിസത്തിന്റെ പല വ്യാഖ്യാനങ്ങളില്‍ ഒന്നവലംബിക്കുന്നു എന്നേ കരുതേണ്ടൂ. പക്ഷെ, ഒരു കാര്യമുണ്ട്. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദത്തിന്റെ വര്‍ഗവിശകലന രീതി കയ്യൊഴിഞ്ഞാല്‍ മാര്‍ക്സിസം ജീവനറ്റതാകും. കാലത്തിനനുസരിച്ചു കോലം കെട്ടണമെന്നൊക്കെയുള്ള തരളിത മോഹങ്ങള്‍, മാര്‍ക്സിസത്തിന്റെ സാമൂഹിക വിശകലനോപാധികളെയാണ് നിരാകരിക്കുന്നത്.

പാരമ്പര്യം ഒരു ജഡഭാരമായി പേറേണ്ടിവരുന്നത് ആശയവാദത്തിന്റെ ദുര്‍വിധിയാണ്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അന്ധ വിശ്വാസങ്ങളെയും പൊളിച്ചു പണിഞ്ഞുകൊണ്ടേ അവയുടെ അടിത്തറ പൂര്‍ണമായും ഇളക്കിക്കളയാനാവൂ. പുരോഗമന ദര്‍ശനങ്ങള്‍ക്ക് ജീവിതത്തെ പിറകോട്ടു വലിക്കുന്ന ഒന്നുമായും സന്ധിചെയ്യാനാവില്ല. ഭൂതകാലത്തിന്റെ ജീര്‍ണാവശിഷ്ടങ്ങളോട് അത് നിരന്തരമായും സന്ധിയില്ലാതെയും കലഹിച്ചുകൊണ്ടിരിക്കും.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവയുടെ പരിപാടികളുണ്ട്. പ്രവര്‍ത്തന പദ്ധതികളുണ്ട്. വിശേഷിച്ചും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക്. തോഴിലാളി വര്‍ഗത്തിന്റെ വിപ്ലവോപകരണമാണ് കമ്യൂണിസ്റ്റു പാര്‍ട്ടി. പലവിധ ധാരണകള്‍ക്കും സ്വഭാവങ്ങള്‍ക്കും അകത്ത് കുരുങ്ങിക്കിടക്കുന്ന തൊഴിലാളികളെയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെയും ഒന്നിപ്പിക്കേണ്ട ചുമതല പാര്‍ട്ടിക്കുണ്ട്. അതിനാല്‍ പാര്‍ട്ടികളില്‍ വിശ്വാസികളും അവിശ്വാസികളും കാണും. അവരെയാകെ ഏകധാരണയിലേക്കു കൊണ്ടുവന്നിട്ടു വേണം ജനകീയ ജനാധിപത്യ വിപ്ലവം നടത്താനെന്നു കരുതുന്നത് മൗഢ്യമാണ്. അതിനാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളിലേയ്ക്ക് കടന്നുചെല്ലാന്‍ വിശ്വാസം തടസ്സമാകേണ്ടതില്ല. മാര്‍ക്സിസ്റ്റുകളുടെ കൂട്ടായ്മയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നു ധരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ടതില്ല. പക്ഷെ, കമ്യൂണിസ്റ്റു പാര്‍ട്ടികളെ നയിക്കുന്ന ദര്‍ശനം മാര്‍ക്സിസമാണെങ്കില്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് നേതൃത്വപരമായ പങ്കുണ്ടാവുന്നതാണ് നല്ലത്.

അതൊന്നുമായിരുന്നില്ല പക്ഷെ, എന്റെ മുന്‍ കുറിപ്പിന്റെ പ്രമേയം. മാര്‍ക്സിസവും മതവും തമ്മിലുള്ള സംവാദത്തിന്റെതായിരുന്നു. മാര്‍ക്സിസത്തെയും മതത്തെയും ഒരുപോലെ സ്വീകരിക്കുക സാധ്യമാണോ എന്നതായിരുന്നു. മാര്‍ക്സിസ്റ്റുകളെന്നു നാം കരുതുന്നവരുടെ ജീവിതംപോലും മതാത്മകമായിത്തീരുന്നുണ്ട്. ഹിന്ദു മാര്‍ക്സിസ്റ്റെന്നും മുസ്ലിം മാര്‍ക്സിസ്റ്റെന്നും ഇതര മത മാര്‍ക്സിസ്റ്റുകളെന്നും വിശേഷിപ്പിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു. സംഘ പരിവാര ഫാഷിസത്തെ എതിര്‍ക്കണം, എന്നാല്‍ അതിനു വേരുകളാഴ്ത്താന്‍ കഴിയുംവിധം ജീര്‍ണാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നുകൊള്ളട്ടെ എന്നു സമ്മതം നല്‍കുന്നതിന് എന്തു യുക്തിയാണുള്ളത്? ഘോഷ ബഹിഷ്ക്കരിക്കാന്‍ ഒരു നൂറ്റാണ്ടുമുമ്പ് സമരം ചെയ്തവര്‍ പര്‍ദ്ദയാവാം എന്നു സമ്മതം മൂളുന്നതിന്റെ യുക്തിയെന്താണ്? പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും അക്രമാസക്തമാകുന്ന മത വര്‍ഗീയത ഇന്ത്യയെ സംബന്ധിച്ചു ന്യൂനപക്ഷമായിരിക്കാം. അടിച്ചമര്‍ത്തപ്പെടുന്നതുമായിരിക്കാം. പക്ഷെ, മതബോധത്തിനകത്ത് നിര്‍ലീനമായി കിടക്കുന്ന അപരമത ശത്രുതയാണോ എല്ലായിടത്തും കുഴപ്പങ്ങളുണ്ടാക്കുന്നത്? അങ്ങനെയെങ്കില്‍ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നതിനെതിരായ പോരാട്ടങ്ങളില്‍ പങ്കുചേരുന്നതോടൊപ്പം മതങ്ങളുടെ ഹിംസാത്മകവും പ്രതിലോമകരവുമായ സ്വഭാവങ്ങള്‍ക്കെതിരെ പൊരുതേണ്ടതില്ലേ? മാര്‍ക്സിസത്തിന്റെ മത വിമര്‍ശനത്തിന്റെ കാതല്‍ അതല്ലേ?

ഇത്തരം ആകുലതകളിലേയ്ക്കു പ്രവേശിക്കാനേ ഉദ്ദേശിച്ചുള്ളു. എന്തിനെയും സിപിഎം വിമര്‍ശനമെന്ന് ചുരുക്കിക്കാണുന്നത് ഗുണകരമല്ല. ഉന്നയിക്കുന്ന വിഷയങ്ങളില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ മാര്‍ക്സിസ്റ്റുകാര്‍ ഭയപ്പെടില്ല. പരിഹാസവും ആക്ഷേപവും ഭീഷണിയും ആശയസമരത്തിന്റെ രീതിയുമല്ല.

ആസാദ്
20 ഏപ്രില്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )