ഉത്തര കൊറിയയെ ഒറ്റപ്പെടുത്തി വേട്ടയാടുന്നതിന്റെ കോലാഹലങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അമേരിക്കയെന്ന നായാട്ടു രാഷ്ട്രത്തിനു എന്തുമാവാമെന്ന നിലയാണല്ലോ. . തെക്കന്‍ കൊറിയയെ ആയുധപ്പുരയായും സൈനികതാവളമായും പരീക്ഷണശാലയായും ഉപയോഗിച്ചു തുടങ്ങിയിട്ട് അര നൂറ്റാണ്ടു പിന്നിട്ടു. കിം ഇല് സുങ്ങിന്റെ സോഷ്യലിസ്റ്റ് ആഭിമുഖ്യവും സോവിയറ്റ് യൂണിയന്റെ പിന്തുണയുമായിരുന്നു വടക്കന്‍ കൊറിയക്കു വിനയായത്. പ്യോങ് യാങ് ഒരു ചെകുത്താന് താവളമാണെന്ന് വെള്ളക്കൊട്ടാരം ഭയന്നുപോന്നിട്ടുണ്ട് ഏതുകാലത്തും. ഇപ്പോഴും ആ വീര്യത്തിന് ഉടവു തട്ടിയിട്ടില്ല. സൈനിക സാങ്കേതിക വിദ്യ ആരുടെയും കുത്തകയല്ലെന്നും ചുറ്റുമുള്ള സാമ്രാജ്യത്വ ആയുധസന്നാഹങ്ങള്ക്കു നടുവില്‍ അതിജീവനത്തിന് അവസാനത്തെ സാധ്യതയും അവലംബിക്കുമെന്നും കൊറിയന്‍ ജനാധിപത്യ റിപ്പബ്ലിക്ക് പ്രഖ്യാപിക്കുന്നു.
ശീതയുദ്ധത്തിന്റെ കൗശലങ്ങളെ നേരിട്ടു വളര്‍ന്ന ഒട്ടേറെ രാജ്യങ്ങളുണ്ട്. അതിലൊന്നാണ് ഉത്തര കൊറിയ. കഥകളേറെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. വിവരങ്ങളുടെ സ്വതന്ത്ര പ്രവാഹമെന്ന പേരില്‍ സാമ്രാജ്യത്വ വാര്‍ത്താ കോര്‍പറേഷനുകള്‍ ഒഴുക്കിവിട്ട കെട്ടുകഥകളായിരുന്നു അവയിലേറെയും. ഹോചിമിനോടും ഫിദെല്‍ കാസ്ട്രോയോടും മുതല്‍ അമ്പത്തിയേഴില്‍ ഇ എം എസിനോടുവരെ സ്വീകരിച്ച ശീതകൗശലങ്ങളില്പെട്ട അധമവൃത്തി. ആ കെട്ടുകഥകളോടും സാമ്പത്തിക ഉപരോധങ്ങളോടും കണക്കു തീര്‍ത്ത പോരാട്ടങ്ങളാണ് വളര്‍ന്നുവന്നത്. ബര്‍ലിന്‍ മതിലിടിഞ്ഞിട്ടും സോവിയറ്റ് ബ്ലോക്ക് തകര്‍ന്നു വീണിട്ടും സാമ്രാജ്യത്വ ഭീഷണിക്കു മുന്നില്‍ തലതാഴ്ത്തി വിനീതപ്പെട്ടില്ല കിമ്മിന്റെ ജനത. ഇപ്പോള്‍ ട്രംമ്പും പെന്‍സും കൊറിയന്‍ അതിര്‍ത്തിയില്‍ മുക്രയിട്ടു നില്‍ക്കുകയാണ്.
തന്ത്രപരമായ ക്ഷമയുടെ സമയം അവസാനിച്ചുവെന്ന് യു എസ് വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് പ്രഖ്യാപിച്ചപ്പോള്‍തന്നെ റഷ്യയുടെ പ്രതികരണവും വന്നു. യു എന്‍ നിര്‍ദ്ദേശത്തിനു വഴങ്ങാതെയുള്ള മിസൈല്‍ പരീക്ഷണം തെറ്റാണ്. അക്കാരണംകൊണ്ട് അന്താരാഷ്ട്ര നിയമം തെറ്റിച്ച് അമേരിക്ക അതിലിടപെടുകയാണെങ്കില് അതും തെറ്റായിരിക്കും. സിറിയയില്‍ ചെയ്തത് ഉത്തര കൊറിയയില്‍ ആവര്‍ത്തിക്കരുത്. തിങ്കളാഴ്ച്ച മോസ്ക്കോയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ റഷ്യന്‍ വിദേശമന്ത്രി സര്‍ജി ലവ്റോവ് അമേരിക്കന്‍ പടയോട്ടത്തിന്റെ അധാര്‍മ്മികതയാണ് ഓര്‍മ്മിപ്പിച്ചത്.
പ്രശ്നരാഷ്ട്രമാണ് കൊറിയന്‍ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കെന്നു ട്രംമ്പ് പ്രഖ്യാപിക്കുന്നു. ഭൂഖണ്ഡാന്തര മിസൈലുകളുടെ പരീക്ഷണം അമേരിക്കയുടെ സ്വാസ്ഥ്യം കളയാന്‍ പോന്നതാണെന്നു പരസ്യമായി സമ്മതിക്കുന്നു. ബുഷ് ഇറാഖിനെതിരെ വ്യാജ ആരോപണങ്ങളുയര്‍ത്തി ആരംഭിച്ച ഒരു യുദ്ധത്തിന്റെ ബാക്കിപത്രം ചരിത്രത്തെ നീറ്റുന്നുണ്ട്. അവിടെ ഒരു ആയുധശേഖരവും ഉണ്ടായിരുന്നില്ലെന്നും തെറ്റു പറ്റിയെന്നും കണ്ണീരൊഴുക്കി ശുദ്ധരാവാന്‍ ശ്രമിച്ചവരെയും നാം കണ്ടു. പക്ഷെ. സൈനിക സമ്പദ്ഘടനയിലും നയതന്ത്രത്തിലും ഊന്നിനില്ക്കുന്ന അമേരിക്കയെന്ന ഭീകര സ്വത്വത്തിന് രാജ്യങ്ങളുടെ ചോര കുടിക്കാതെ വയ്യ. അഫ്ഗാനിസ്ഥാനില്‍ ഒരു കൂട്ടക്കൊലയുടെ ചോരവറ്റിയിട്ടില്ല.
അമ്പതുകളുടെ ആദ്യം കൊറിയന്‍ ഏകീകരണത്തെ തടഞ്ഞ് തെക്കന്‍ കൊറിയയെ സൈനിക താവളമാക്കി ഉപയോഗിക്കുകയാണ് അമേരിക്ക. കൊറിയന്‍ മേഖലയാകെ വിമാന വാഹിനി പടക്കപ്പലുകളും സൈനിക വ്യൂഹവും വിന്യസിച്ച് യുദ്ധാന്തരീക്ഷം സജീവമാക്കി നിര്‍ത്തുന്നു. ഉത്തരകൊറിയയെ കീഴടക്കാനും കിഴക്കന്‍ താവളം ഭദ്രമാക്കാനുമാണ് ശ്രമം. ഈ സാഹചര്യത്തില്‍ എതിര്‍ക്കുകയോ കീഴടങ്ങുകയോ മാത്രമേ ചെയ്യാനാവൂ എന്നതാണ് അവര്‍ നേരിടുന്ന പ്രതിസന്ധി. ഭൂഖണ്ഡാന്തര മിസൈലുകള്‍ പരീക്ഷിച്ച് വിജയിക്കണമെന്ന നിശ്ചയത്തിലേക്ക് ഉത്തരകൊറിയയെ തള്ളിവിട്ടത് അമേരിക്കന്‍ യുദ്ധ ഭീഷണിയാണെന്നു വ്യക്തം. അവിടെ ആറാമത് ആണവ പരീക്ഷണം സൃഷ്ടിച്ച വേവലാതികളാണ് ഇപ്പോള്‍ ലോകപൊലീസിന്റെ ഉറക്കംകെടുത്തുന്നത്. സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി റഷ്യയുടെയും ചൈനയുടെയും സൈനിക കേന്ദ്രങ്ങള്‍ തയ്യാറെടുപ്പ് ആരംഭിച്ചതായും വാര്‍ത്തകളുണ്ട്.
അമേരിക്കക്ക് സ്വതന്ത്ര റിപ്പബ്ലിക്കുകളുടെമേല് എന്തധികാരം എന്നു ചോദിക്കാന്‍ ആരുമില്ലാതായിട്ടുണ്ട്. കെട്ടിച്ചമയ്ക്കുന്ന കാരണങ്ങളുടെ പിന്‍ബലത്തില്‍ എവിടെയും കടന്നാക്രമിക്കാം എന്നതാണ് സ്ഥിതി. മറ്റു രാഷ്ട്രങ്ങള്‍ക്കില്ലാത്ത എന്തവകാശമാണ് അമേരിക്കയ്ക്കുള്ളത്? അവരുടെ ഏകപക്ഷീയമായ നിര്‍ദ്ദേശങ്ങളും താക്കീതുകളും അനുസരിക്കാന്‍ ആരാണ് ബാധ്യതപ്പെട്ടിരിക്കുന്നത്? കിം ഇല് ഉന്‍ ആത്മാഭിമാനത്തോടെ ഒരു രാജ്യത്തിനുവേണ്ടി പറയുന്നത് ഞങ്ങള്‍ അമേരിക്കയെ നേരിടും . അതിനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട് എന്നാണ്. അതു ബോധ്യപ്പെടുത്താനാണ് ആയുധങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. കേരളത്തിന്റെ അത്രപോലും ജനസംഖ്യയില്ലാത്ത ഒരു രാഷ്ട്രം ഇച്ഛാശക്തിയോടെ പൊരുതുകയാണ്. ഇറാഖിന്റെ സമീപഭൂതകാല ചരിത്രം അവരെ നിരുത്സാഹപ്പെടുത്തുന്നില്ല. വിയത്നാമിന്റെ വീറുണ്ട് കിം ഇല് ഉന്നിന്റെ ജനതയ്ക്കും.
ഉത്തര കൊറിയയില്‍ എല്ലാം ഭദ്രമാണോ എന്നെനിക്കറിയില്ല. അങ്ങനെയൊരു വാദമുഖം തുറക്കുന്നുമില്ല. ഉത്തര കൊറിയയിലെ ജീവിതം ദുസ്സഹമാണെന്നും അക്രമവും അഴിമതിയും സ്വജനപക്ഷപാതവും അഴിഞ്ഞാടുകയാണെന്നും അവിടത്തെ ഭരണാധികാരികള്‍ ഏകാധിപതികളാണെന്നുമൊക്കെയുള്ള പ്രചാരണം ശരിയാണെന്നിരിക്കട്ടെ, എതിര്‍പ്പുകള്‍ ഉയര്‍ന്നുവരേണ്ടത് അവിടത്തെ ജനതയില്‍നിന്നാണ്. അമേരിക്കയല്ല കൊറിയയുടെ ഭാഗധേയം നിശ്ചയിക്കേണ്ടത്. ബുഷിന്റെ വഴിയില്‍ നാണംകെട്ടു നീങ്ങുന്ന റൊണാള്‍ഡ് ട്രംമ്പും മൈക്ക് പെന്‍സും എഴുപതുകളിലെ വിയത്നാം അനുഭവത്തെയാവും നേരിടുക. കൊറിയന്‍ മേഖലയിലെ സൈനിക വ്യൂഹങ്ങളെ പിന്‍വലിച്ച് പ്രശ്നപരിഹാരത്തിന് മുന്കയ്യെടുക്കാന് അമേരിക്ക തയ്യാറാവണം. സമാധാനം കാംഷിക്കുന്ന രാഷ്ട്രങ്ങളും സംഘടനകളും അമേരിക്കയെ അതിനു പ്രേരിപ്പിക്കണം. തങ്ങളുടെ താല്പ്പര്യങ്ങളെന്തെന്നു നിശ്ചയിക്കേണ്ടതും അവ നിലനിര്‍ത്തേണ്ടതും കൊറിയന്‍ ജനതയാണ്. അതിന് അവരെ അനുവദിക്കണം. മൂന്നാം ലോക യുദ്ധത്തിലേക്കോ ആണവായുധ പരീക്ഷണങ്ങളിലേക്കോ തള്ളിവിടാന്‍ ഇടയാക്കുന്ന സാമ്രാജ്യത്വാധികാര പ്രയോഗങ്ങളെ തിരിച്ചറിയണം. ഒറ്റപ്പെടുത്തണം.
ആസാദ്
18 ഏപ്രില്‍ 2017